ഏഴു വര്‍ഷം മുമ്പ് ഒരു ജൂണില്‍ ബി.ജെ.പിയുടെ ദേശീയ നിര്‍വാഹക സമിതി ബിഹാര്‍ തലസ്ഥാനമായ പട്നയില്‍ നടക്കുകയാണ്. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി തുടങ്ങുന്ന ദിവസം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിെൻറയും ചിത്രങ്ങളോടെ മുഴുപ്പേജ് പരസ്യം ബിഹാറിലെ മുഴുവന്‍ പ്രാദേശിക പത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു. പ്രളയദുരിതത്തിലമര്ന്ന ബിഹാറിന് ദുരിതാശ്വാസ സഹായമായി രണ്ടു വര്‍ഷം മുമ്പ് അഞ്ചു കോടി നല്കിയ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ ബിഹാറിെൻറ മണ്ണിലേക്ക് മുഖ്യമന്ത്രി നിതീഷ് കുമാര്‍ കരംഗ്രഹിച്ച് സ്വാഗതംചെയ്യുന്ന സചിത്ര പരസ്യമായിരുന്നു അത്. ഡല്‍ഹിയില്‍നിന്ന് പട്നയിലെത്തിയ മാധ്യമപ്രവര്‍ത്തകരെ വരവേറ്റത് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയായിരുന്നില്ല. ഈ ചിത്രവും അതേ ചൊല്ലിയുണ്ടായ വിവാദങ്ങളുമായിരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദി അന്ന് പ്രധാനമന്ത്രിയോ പ്രധാനമന്ത്രി സ്ഥാനാര്ഥിപോലുമോ ആയിട്ടില്ല. ആ വഴിക്ക് ആർ.എസ്.എസ് ബി.ജെ.പിക്കുമേല്‍ സമ്മര്ദമുയര്ത്തിത്തുടങ്ങിയിട്ടേ ഉള്ളൂ. ബിഹാര്‍പോലുള്ള ചില സംസ്ഥാന കമ്മിറ്റികള്‍ മോദിക്കായി വാദിച്ചുതുടങ്ങിയിരുന്നു. ബിഹാറില്‍ സഖ്യകക്ഷിയായ ബി.ജെ.പിയുടെ നിലപാടിനെ തുടക്കം മുതല്‍ എതിര്‍ത്ത നിതീഷ് കുമാര്‍ ഗുജറാത്ത് കലാപത്തിലെ രക്തക്കറ പുരണ്ട മോദിയെ പ്രധാനമന്ത്രിയാക്കുന്നതിനെ അംഗീകരിക്കില്ല എന്ന് പരസ്യമായ നിലപാടെടുത്തിരുന്നു.
ബിഹാറില്‍ തെൻറ അപ്രമാദിത്വം മതിയെന്നും മോദിക്ക് ഒരു റോളും വേണ്ടെന്നും നിശ്ചയിച്ച നിതീഷ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിഹാറിലിറങ്ങാന് മോദിയെ സമ്മതിച്ചതുമില്ല. മോദിയെ പ്രചാരണത്തിനിറക്കാതെ ജനതാദള്‍-യു-ബി.ജെ.പി സഖ്യത്തെ ബിഹാറില്‍ അധികാരത്തിലെത്തിച്ച് ജയത്തിന് മോദി അനിവാര്യമല്ല എന്ന് സ്ഥാപിച്ചെടുക്കാന്‍ നിതീഷിന് കഴിഞ്ഞു. മോദി പ്രധാനമന്ത്രിയാകുന്നതില്‍ നിതീഷിന് എതിര്‍പ്പുണ്ടെങ്കില്‍ അതൊന്ന് കാണട്ടെ എന്ന വെല്ലുവിളിയായിരുന്നു ബി.ജെ.പി ബിഹാര്‍ ഘടകവും സാക്ഷാല്‍ മോദിയും ചേര്‍ന്ന് നടത്തിയ ഈ പരസ്യയുദ്ധം.
ബിഹാറില്‍ തൊട്ടുമുമ്പ് നടന്ന നിയമസഭ െതരഞ്ഞെടുപ്പില്‍ മോദിയെ പ്രചാരണത്തിനിറക്കരുതെന്ന പിടിവാശി നടപ്പാക്കിയ നിതീഷിനോടുള്ള പ്രതികാരം ദേശീയ നിര്‍വാഹക സമിതിക്ക് പട്ന നഗരത്തിലുടനീളം മോദിയുടെ കട്ടൗട്ടുകളും ഉയര്‍ത്തി ബിഹാര്‍ ബി.ജെ.പി തീര്‍ത്തതിന് പുറമെയായിരുന്നു പ്രളയദുരിതാശ്വാസമായി ഗുജറാത്ത് സര്‍ക്കാര്‍ രണ്ടു വര്‍ഷം മുമ്പ് നല്കിയ അഞ്ചു കോടി എടുത്തുപറഞ്ഞുള്ള പരസ്യം. മുഖത്തടിയേറ്റപോലെ മോദി മുമ്പെങ്ങോ തന്ന കാശിെൻറ കണക്കുപറഞ്ഞ് വന്ന പരസ്യത്തില്‍ പ്രകോപിതനായ നിതീഷ് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിക്ക് എത്തുന്നവര്‍ക്ക് ഒരുക്കിയ അത്താഴം ഉപേക്ഷിച്ചു. തെൻറ ചിത്രം പരസ്യത്തിലുപയോഗിച്ചതിന് നിയമനടപടിയെടുക്കുമെന്ന് ബി.ജെ.പിയെയും മോദിയെയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
അവിടംകൊണ്ടും കലിയടങ്ങാതെ മോദി തന്ന അഞ്ചു കോടിയുടെ ചെക്ക് പലിശസഹിതം ഗുജറാത്തിലേക്ക് മടക്കി അയക്കുമെന്നും പ്രഖ്യാപിച്ചു. അന്ന് തുടങ്ങിയ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മതേതരനെ മാത്രമേ സ്വീകരിക്കൂ എന്ന് നിതീഷ് പ്രഖ്യാപിച്ചതും ഒടുവില്‍ ബി.ജെ.പിയുമായി ബന്ധം വേര്‍പെടുത്തിയതും. തെൻറ പ്രതിച്ഛായക്കൊപ്പം വെക്കാന്‍ മറ്റൊരാളുടെയും പ്രതിബിംബം വേണ്ടെന്ന് കരുതുന്ന ധിക്കാരിയായ ഈ ബിഹാരിയെ വീണ്ടും പ്രകോപിപ്പിച്ചതും തന്നെ മറികടന്ന് മറ്റൊരു നേതാവ് ബിഹാറില്‍ സ്വാധീനം നേടുമോ എന്ന ഭീതിയാണ്. പട്നയിലെ ഭരണചക്രം വീണ്ടും മകന് വഴി ലാലുവിെൻറ കൈകളിലേക്ക് തിരിച്ചെത്തുമോ എന്നതായി മഹാസഖ്യം രണ്ടു വര്‍ഷമായപ്പോഴേക്കും നിതീഷിെൻറ പേടി. അഴിമതിക്കേസിനെ തുടര്‍ന്ന് പാര്‍ലമെൻററി രാഷ്ട്രീയത്തില്‍നിന്ന് ഇടക്കാലത്ത് വനവാസം വിധിക്കപ്പെട്ട ലാലുവിെൻറ മകന് തേജസ്വി യാദവ് ബിഹാറിലെ മതേതര രാഷ്ട്രീയത്തിെൻറ ഭാവിപ്രതീക്ഷയാകുന്നത് നിതീഷിന് സഹിക്കാന്‍ കഴിയുന്നതല്ല.
പുത്തൻ അടവുകൾ
അതുകൊണ്ടാണ് പ്രായപൂര്‍ത്തിയാകാത്ത ഒരു മകന് ഒരച്ഛന് എഴുതിക്കൊടുത്തുവെന്ന് പറയുന്ന ഭൂമിയുമായി ബന്ധപ്പെട്ട കേസില്‍ മകന് രാജിവെക്കണമെന്ന കേട്ടുകേള്‍വിയില്ലാത്ത ആവശ്യം നിതീഷ് ഉന്നയിക്കുന്നത്. ശത്രുനിഗ്രഹത്തില്‍ നിതീഷിന് തത്ത്വദീക്ഷയൊന്നുമില്ല. അതിനാല്‍ ഉന്നയിച്ച ആവശ്യത്തിലെ യുക്തിയൊന്നും തേജസ്വിവിരോധം തലക്കുപിടിച്ച നിതീഷിനോട് ചോദിക്കരുത്. വിഷയം ഭൂമിയും അഴിമതിയുമൊന്നുമല്ല. ഒരു കാലത്ത് മോദിയോടൊപ്പം സമാസമം ചേര്‍ത്തുവെക്കപ്പെട്ട ബിഹാറിലെ ഈ രാഷ്ട്രീയ അതികായന് 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ദേശീയ രാഷ്ട്രീയത്തില്‍ ഇനി കാര്യമായ റോളൊന്നുമില്ല.
അവശേഷിക്കുന്നത് 2020ലെ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പാണ്. തേജസ്വി യാദവ് ഇതേ പ്രകടനം തുടര്‍ന്ന് ശക്തനാകുകയും 2015ലേതുപോലെ ലാലുവിെൻറ ആര്.ജെ.ഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും ചെയ്താല്‍ വീണ്ടുമൊരിക്കല്‍കൂടി മുഖ്യമന്ത്രിപദം ചോദിക്കാന്‍ കഴിയാതെ നിതീഷ് നിസ്സഹായനാകും. പ്രധാനമന്ത്രിയാകാന്‍ കൊതിച്ച മഹാനേതാവ് ഒടുവില്‍ മുഖ്യമന്ത്രിപദം പോലുമില്ലാതെ രാഷ്ട്രീയ വനവാസത്തിന് പോകേണ്ട സാഹചര്യം സംജാതമാകും. ഇത് മറികടക്കണമെങ്കില്‍ തനിക്കു കീഴില്‍ രണ്ടാം കക്ഷിയായി നിന്ന ബി.ജെ.പിയുമായുള്ള സഖ്യത്തിലേക്കുള്ള തിരിച്ചുപോക്ക് മാത്രമായിരുന്നു മുന്നിലുള്ള വഴി. ബി.ജെ.പി എന്നത് മോദി-അമിത് ഷാ ദ്വന്ദ്വത്തിലേക്കു മാത്രമായി ചുരുങ്ങിപ്പോയതിനാല്‍ ഇത്രയും കാലം തന്നാലാവുംവിധം കുപ്രസിദ്ധിയുണ്ടാക്കിക്കൊടുത്ത അതേ നരേന്ദ്ര മോദിയെ ഏതുവിധേനയും പ്രസാദിപ്പിക്കുകയല്ലാതെ രക്ഷയില്ലാതെ വന്നു. പ്രതിപക്ഷം ഒന്നടങ്കം എതിര്‍ത്തപ്പോള്‍ കറന്‍സി നിരോധനത്തിെൻറ നേട്ടങ്ങള്‍ ഉരുവിട്ടതും പ്രതിപക്ഷം പോരായ്മകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ചരക്കുസേവന നികുതിയെ മഹത്ത്വപ്പെടുത്തിയതുമെല്ലാം മോദിയെ പ്രസാദിപ്പിക്കാനായിരുന്നു.
കുറെ ചീത്തവിളിച്ചത് പൊറുത്തുകൊടുത്താല്‍ ബിഹാറിലെ ഭരണത്തോടൊപ്പം പ്രതിപക്ഷത്തിന് മേല്‍ക്കൈയുള്ള രാജ്യസഭയിലെ ഒമ്പതു
സീറ്റുകളാണ് മെയ്യനങ്ങാതെ മോദിയുടെ കൈയിലേക്ക് വരുക. ബാക്കിയെല്ലാം കേന്ദ്ര ഏജന്സികളേറ്റെടുക്കുകയായിരുന്നു. ബിഹാറിലെ ബി.ജെ.പി ഘടകം അയച്ച കടലാസുകളൊന്നും വിടാതെ കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറി ലാലുവിനെ കുരുക്കുന്ന പണി അമിത് ഷാ നേരിട്ട് ഏറ്റെടുത്തു. നിതീഷ് തെൻറ തീരുമാനം പരസ്യമാക്കുന്നതിനും എത്രയോ ദിവസങ്ങള്‍ക്കുമുമ്പ് ഇപ്പോള്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിഹാര്‍ ബി.ജെ.പി നേതാവ് സുശീല്‍ കുമാര്‍ മോദിയുടെ വായില്‍നിന്നുതന്നെ ഇക്കാര്യം അറിയാതെ വീണുപോയി. ലാലുവിനും മകനുമെതിരെ നടക്കുന്ന കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളില്‍ വിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെ അറിയിച്ചിട്ടുണ്ടെന്നായിരുന്നു അന്ന് പ്രതിപക്ഷത്തുള്ള സുശീല്‍ മോദിയുടെ വെളിപ്പെടുത്തൽ.
പ്രതിപക്ഷമുക്ത ഭാരതം
ആദ്യം കോണ്‍ഗ്രസ് മുക്ത ഭാരതത്തിനും ഇപ്പോള്‍ പ്രതിപക്ഷമുക്ത ഭാരതത്തിനും ഏതറ്റവുംവരെ പോകാൻ തയാറെടുക്കുന്ന മോദിയും അമിത് ഷായും അതിനുവേണ്ടി നിതീഷിന് പുതുതായി എഴുതിക്കൊടുത്ത ബ്ലാങ്ക് ചെക്കാണ് ബിഹാറിലെ സഖ്യം. അഭിമാനക്ഷതത്താല്‍ പലിശസഹിതം ഏഴുവര്‍ഷം മുമ്പ് തിരിച്ചയച്ച മോദിയുടെ ചെക്ക് ഒട്ടും നാണമില്ലാതെ വീണ്ടും തിരിച്ചെടുത്തിരിക്കുന്നു നിതീഷ്. ആർ.എസ്.എസിലും ബി.ജെ.പിയിലും തങ്ങളെ കൈപിടിച്ചുയര്ത്തിയവരെപ്പോലും കറിവേപ്പിലകണക്കെ ഉപയോഗിച്ച് വലിച്ചെറിഞ്ഞ മോദിക്കും അമിത് ഷാക്കും പിമ്പേ ഗമിക്കുകയല്ലാതെ ഇനി നിതീഷിന് ഒന്നും ചെയ്യാനില്ല.
ബി.ജെ.പി വരുംമുേമ്പ ആള്‍ക്കൂട്ട കൊലവെറിയുടെ വര്‍ത്തമാനങ്ങള്‍ കേള്‍ക്കുന്ന സംസ്ഥാനമാണ് ബിഹാറും. ജയ് ശ്രീറാം വിളിച്ചില്ലെങ്കില്‍ കാറിന് തീവെക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി എൻ.ഡി.ടി.വിയിലെ മുസ്ലിം ലേഖകനെയും കുടുംബത്തെയും തടഞ്ഞുനിര്‍ത്തി ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഹൈവേ സ്തംഭിപ്പിച്ചത് ഏതാനും ദിവസം മുമ്പാണ്. ബലംപ്രയോഗിച്ച് അവരെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചശേഷമാണ് ബജ്റംഗ്ദളുകാര്‍ ഗതാഗതത്തിന് അനുമതി നല്‍കിയത്. പട്നയില്‍ പ്രത്യേക വാര്‍ത്തസമ്മേളനം വിളിച്ച് തെൻറ ഭരണത്തില്‍ ഇത് അനുവദിക്കില്ല എന്നു പറഞ്ഞ നിതീഷ് കുമാറാണ് ദിവസങ്ങള്‍ കഴിയുംമുേമ്പ ഈ ആള്‍ക്കൂട്ടങ്ങളെ നിയന്ത്രിക്കുന്നവരെ വിളിച്ചുവരുത്തി ഭരണചക്രം ഏല്പിച്ച് മതേതരത്വംകൊണ്ട് അഴിമതി മറച്ചുവെക്കാനാവില്ല എന്ന് തിരിച്ചു പറഞ്ഞിരിക്കുന്നത്.
മോദിയും അമിത് ഷായും ബിഹാറില്‍ ഇനി വിതയ്ക്കുന്ന വിദ്വേഷത്തിെൻറ വിത്തുകള്‍ക്ക് വളമിട്ടുകൊടുക്കാനാകും നിതീഷിെൻറ യോഗം. അങ്ങനെയെങ്കില്‍ ആദ്യം ബഹുമാനിച്ചിരുത്തുകയും പിന്നീട് സ്വന്തം വരുതിയിലാക്കി വകഞ്ഞുമാറ്റുകയും ചെയ്ത ശിവസേനയോട് മഹാരാഷ്ട്രയിൽ ചെയ്തതെന്താണോ അതായിരിക്കും ബിഹാറിലും നിതീഷിനെ കാത്തിരിക്കുന്നത്. ആ തിരിച്ചറിവില്‍നിന്നാണ് അലി അന്‍വര്‍ അന്‍സാരിയെപ്പോലെ സ്വന്തം പാര്‍ട്ടിയിലുള്ളവര്‍തന്നെ നിതീഷിെൻറ രാഷ്ട്രീയ ആത്മഹത്യയാണിതെന്ന മുന്നറിയിപ്പ് നല്‍കുന്നതും. ഈ തിരിച്ചറിവ് നിതീഷിനോെടാപ്പം നില്ക്കുന്ന അണികളില്‍ എത്ര പേര്‍ക്കുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കുന്നു ബിഹാറിലെ മതേതരസാധ്യതകളുടെ ഭാവി. ഇതൊന്നുമറിയാതെയാണ്, തേജസ്വി യാദവ് രാജിവെച്ചിരുന്നുവെങ്കില്‍ ബിഹാറില്‍ ബി.ജെ.പിയെ അകറ്റിനിര്‍ത്താന്‍ കഴിയുമായിരുന്നു എന്ന് പലരും ഉരുവിട്ടുകൊണ്ടിരിക്കുന്നത്. മീര കുമാറിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കി നേരേത്ത പ്രഖ്യാപിച്ചിരുന്നുവെങ്കില്‍ നിതീഷ്കുമാറിെൻറ വോട്ടുകൂടി കിട്ടുമായിരുന്നില്ലേയെന്ന് മുമ്പ് കോണ്‍ഗ്രസിനോട് ചോദിച്ചതും ഇത്തരം ശുദ്ധഗതിക്കാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.