ജീവിതത്തെക്കാൾ പ്രധാനപ്പെട്ടതാണോ ചലച്ചിത്രം? ഫ്രഞ്ച് നവതരംഗത്തിെൻറ വക്താക്കളിലൊരാളായ ത്രൂഫോയുടേതാണ് ചോദ്യം. പത്തറുപത് വർഷങ്ങൾക്കു മുമ്പ്, പുതിയൊരു ചലച്ചിത്ര സംസ്കാരത്തിന് തുടക്കമായപ്പോൾ അദ്ദേഹം തെൻറ സിനിമ പ്രത്യയശാസ്ത്രം വ്യക്തമാക്കിയത് ഇൗ ചോദ്യത്തിലൂടെയാണ്. ചിട്ടപ്പെടുത്തിയ സ്റ്റുഡിയോ റൂമുകളിൽനിന്ന് കാമറയുമായി തെരുവിലേക്കിറങ്ങൂ എന്നാഹ്വാനം ചെയ്യുകയായിരുന്നു അദ്ദേഹം. ആ കാമറക്കണ്ണുകൾക്കേ ചലച്ചിത്രത്തെയും ജീവിതത്തെയും ഒരുപോലെ പ്രധാനപ്പെട്ടതായി കാണാനാവൂ. ജീവിതത്തിെൻറ ആനന്ദങ്ങളും കെട്ടുകാഴ്ചകളും ദുരന്തങ്ങളുമെല്ലാം പതിയിരിക്കുന്ന തെരുവുകൾ ചലനച്ചിത്രമായി പരിണമിക്കുേമ്പാഴാണ് അഭ്രപാളിയിൽ പുതുചരിത്രങ്ങൾ രചിക്കപ്പെടുന്നത്. കഴിഞ്ഞയാഴ്ച ഒാസ്കർ വേദി സാക്ഷ്യംവഹിച്ചതും അത്തരമൊരു ചരിത്ര മുഹൂർത്തത്തിനായിരുന്നു. 93ാമത് അക്കാദമി അവാർഡ് നിശ വൈവിധ്യങ്ങളുടെ പ്രഖ്യാപനം കൂടിയായിരുന്നു. വിദേശികളും കുടിയേറ്റക്കാരും സ്ത്രീകളുമെല്ലാം നിറഞ്ഞുകവിഞ്ഞ സദസ്സിൽ, ജേതാക്കളായും അവർ നിറഞ്ഞാടി. അക്കൂട്ടത്തിൽ ഒരു ചൈനക്കാരിയും. ഇതാദ്യമായി ഒരു ഏഷ്യക്കാരി മികച്ച ചലച്ചിത്ര സാക്ഷാത്കാരത്തിനുള്ള അവാർഡ് സ്വന്തമാക്കിയിരിക്കുന്നു. പേര് ക്ലോയ് ഷാവോ. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട 'നോമാഡ്ലാൻഡി'െൻറ സംവിധായികയും നിർമാതാവും.
പഴയതുപോലെ ഏകശിലാത്മകമായൊരു ചലച്ചിത്ര സംസ്കാരത്തിെൻറ ആഘോഷമായിരുന്നില്ല ഇക്കുറി േലാസ് ആഞ്ജലസിലെ ഡോൾബി തിയറ്ററിൽ അരങ്ങേറിയത്. വംശീയവും വർഗീയവും ലിംഗപരവുമായ വേർതിരിവുകളില്ലാതെ മനുഷ്യൻ എന്ന ഏകസ്വത്വത്തിലേക്ക് അവാർഡ് മാനദണ്ഡങ്ങൾ വളർന്നിരിക്കുന്നു. 76 നോമിനേഷനുകളിലായി 70 വനിതകളാണ് ഇക്കുറി മത്സര രംഗത്തുണ്ടായിരുന്നത്. അതിൽ 17 പേരും പുരസ്കാരം സ്വന്തമാക്കി. അക്കൂട്ടത്തിൽ ആദ്യം പറയേണ്ട പേര് ക്ലോയ് ഷാവോയുടേതുതന്നെ. കാതറിൻ ബിഗലോക്കുശേഷം (2010) മറ്റൊരു പുരസ്കാര ജേത്രികൂടി. ചൈനയിൽനിന്ന് കുടിയേറിയ ഷാവോയെ മികച്ച സംവിധായികയാക്കിയത് മറ്റൊരു ദേശാടനവും. അമേരിക്കയിലെ ആഭ്യന്തര ദേശാടനത്തിെൻറ കഥപറയുന്ന ചിത്രമാണ് 'നോമാഡ്ലാൻഡ്'. ഒരു വ്യാഴവട്ടക്കാലം മുമ്പ് ലോകം മുഴുക്കെ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടപ്പോൾ, അതിജീവനത്തിനായി പുതിയ തുരുത്തുകൾ തേടിപ്പോയ അമേരിക്കൻ നാടോടികളെയാണ് ഷാവോ പകർത്തിയത്. ജസീക്ക ബ്രൂഡർ എന്ന മാധ്യമപ്രവർത്തക രചിച്ച 'നോമാഡ്ലാൻഡ്: സർവൈവിങ് അമേരിക്ക ഇൻ ട്വൻറിഫസ്റ്റ് െസഞ്ച്വറി' എന്ന പുസ്തകമാണ് ഷാവോക്ക് പ്രചോദനമായത്. ദുരന്തകാലത്ത് സ്വന്തം വാഹനങ്ങളെ വീടുകളാക്കി മാറ്റി നാടോടി ജീവിതത്തിലേക്ക് കുടിയിറക്കപ്പെട്ട സമൂഹങ്ങൾക്കൊപ്പം മാസങ്ങൾ ചെലവഴിച്ചാണ് ജസീക്ക പുസ്തക രചന പൂർത്തിയാക്കിയത്. ഇതിനായി യാത്ര ചെയ്തത് 24,000 കിലോമീറ്റർ! 2017ൽ പുറത്തിറങ്ങിയ പുസ്തകം വായിക്കുേമ്പാേഴ ഷാവോ അതിെൻറ ഫ്രെയിമുകൾ ഒാരോന്നായി മനസ്സിൽ കണ്ടുതുടങ്ങിയിരുന്നു. ജസീക്കയുടെ യാത്രയിൽ കണ്ടുമുട്ടിയ നാടോടികളായ ലിൻഡയും ബോബും പീറ്ററുമെല്ലാം യഥാർഥ കഥാപാത്രങ്ങളായി വെള്ളിത്തിരയിൽ നിറഞ്ഞതോടെ 'നോമാഡ്ലാൻഡ്' ശരിക്കുമൊരു ചരിത്രമായി. നാടോടികൾക്കൊപ്പം നാലു മാസം തുടർച്ചയായി സഞ്ചരിച്ചാണ് ചിത്രത്തിെൻറ ഷൂട്ടിങ് പൂർത്തിയാക്കിയത്. മാന്ദ്യകാലത്തെ അമേരിക്കൻ ജീവിതത്തിെൻറ നേർച്ചിത്രങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചതിലൂടെ ഗോൾഡൻ ഗ്ലോബും ബാഫ്റ്റയുമെല്ലാം തേടിയെത്തി. സ്വാഭാവികമായും ഒാസ്കറും പ്രതീക്ഷിച്ചതുതന്നെയായിരുന്നു. ആറു നോമിനേഷനുകളിൽ മൂന്നും നേടി. മികച്ച ചിത്രത്തിനും സംവിധായികക്കും പുറമെ, ഫേൺ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ഫ്രാൻസെ മക്ഡോർമെൻഡ് നല്ല നടിക്കുള്ള അവാർഡും സ്വന്തമാക്കി.
ഷാവോയുടെ മൂന്നാമത്തെ ചിത്രമാണ് 'നോമാഡ്ലാൻഡ്'. വെറും മൂന്നു ചിത്രത്തിലൂടെ ഷാവോ ഒാസ്കറിലേക്കുയർന്നുവെന്നും വേണമെങ്കിൽ പറയാം. 'സോങ്സ് മൈ ബ്രദേഴ്സ് ടോട്ട് മി' (2015) ആയിരുന്നു ആദ്യ ചിത്രം. അമേരിക്കയിലെ ലാക്കോട്ട ഗോത്രവർഗത്തിൽനിന്നുള്ള രണ്ടു സഹോദരങ്ങളുടെ ബന്ധത്തിെൻറ കഥപറയുന്ന ചിത്രത്തിൽതന്നെ ഷാവോയുടെ സിനിമാഭിരുചികൾ വ്യക്തമാണ്. കെട്ടുകാഴ്ചകൾക്കപ്പുറം യഥാർഥ ജീവിതത്തെ അഭ്രപാളിയിൽ പ്രതിഫലിപ്പിക്കാനുള്ള ഷാവോയുടെ ശ്രമങ്ങൾ ആദ്യ ശ്രമത്തിൽതന്നെ ശ്ലാഘിക്കപ്പെട്ടതാണ്. ആഭ്യന്തര ചലച്ചിത്രമേളകളിൽ നല്ല സ്വീകാര്യത നേടിയ ഇൗ സിനിമ കാൻ ഫെസ്റ്റിലുമെത്തിയതോടെയാണ് ഷാവോയുടെ പേര് ലോകം ശ്രദ്ധിച്ചത്. രണ്ടു വർഷത്തിനുശേഷം, 'ദ റൈഡർ' വന്നു. ഷാവോയുടെ പിതാവ് യൂജിയാണ് ചിത്രത്തിനായി പണം മുടക്കിയത്. നാടോടികളുടെയും ഗോത്രവർഗക്കാരുടെയും ജീവിതം തന്നെയാണ് 'ദ റൈഡറും' കൈകാര്യം ചെയ്തത്. 2018ലാണ് 'നോമാഡ്ലാൻഡ്' പുറത്തിറങ്ങിയത്. കാൻ, വെനീസ്, ടൊറേൻറാ ചലച്ചിത്രമേളകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതോടെയാണ് ചിത്രത്തിന് ഗോൾഡൻ ഗ്ലോബ് അടക്കമുള്ള പുരസ്കാരങ്ങൾ ലഭിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ചിത്രം ഒൗദ്യോഗികമായി റിലീസ് ചെയ്തപ്പോഴേക്കും ഒാസ്കർ നോമിനേഷൻ ലഭിച്ചിരുന്നു.
ചലച്ചിത്രലോകത്ത് പ്രതിഭാവിലാസത്താൽ ചരിത്രം കുറിച്ചിട്ടും ഷാവോ സ്വന്തം നാട്ടിൽ തിരസ്കൃതയാണ്. ഷാവോയുടെ പുരസ്കാര വാർത്തകൾ ചൈനീസ് മാധ്യമങ്ങൾ തഴഞ്ഞു. ഗോൾഡൻ ഗ്ലോബ് കിട്ടിയപ്പോൾ സാമാന്യം നന്നായി ആഘോഷിച്ച ചൈനയിലെ സ്റ്റേറ്റ് മാധ്യമങ്ങൾ പേക്ഷ, ഇക്കുറി കാര്യങ്ങൾ നേരെ തിരിച്ചിട്ടു. സോഷ്യൽ മീഡിയയും ഷാവോയുെട പേരിലുള്ള ഹാഷ്ടാഗ് സെലിബ്രേഷനുകളെല്ലാം വിലക്കി മൂലയിലിട്ടു. നോക്കൂ, നൊബേൽ ജേതാവ് ലിയൂ സിയാബോയെപ്പോലെ ഒരു ചൈനീസ് വിമതയായിരുന്നില്ല ഷാവോ. രാഷ്ട്രീയ വിയോജിപ്പുകളുടെ പേരിൽ വന്മതിൽ കടന്നവരുടെ കൂട്ടത്തിലും ഷാവോയുടെ പേരില്ല. എന്നിട്ടും എന്തിനായിരിക്കും ഇൗ അവഗണന? നാലഞ്ചു വർഷം മുമ്പ്, ഷാവോ ഒരു മാസികക്ക് അനുവദിച്ച അഭിമുഖത്തിൽ ചില്ലറ ചൈനാവിരുദ്ധ പരാമർശങ്ങൾ നടത്തിയിരുന്നത്രെ. 'കള്ളങ്ങളുടെ പടുകുഴികളാണ് ചൈനയിലെങ്ങും' എന്നു തുടങ്ങുന്ന വാചകങ്ങൾ അന്ന് അത്രയൊന്നും ചർച്ചയായില്ലെങ്കിലും പിന്നീടെപ്പോഴോ മാധ്യമങ്ങൾ കുത്തിപ്പൊക്കി അധികാരികൾക്കു മുന്നിലെത്തിച്ചു. അതോടെയാണ് വിമതയായി മുദ്രകുത്തപ്പെട്ടത്. ഷാവോയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. 15ാം വയസ്സിൽ െചെനയിൽനിന്ന് പഠനത്തിനായി ബ്രിട്ടനിലും പിന്നീട് അമേരിക്കയിലും എത്തിയതോടെയാണ് അവർ തുറന്ന ലോകം കാണുന്നത്. അവിടെനിന്ന് പഠിച്ചതാകെട്ട, രാഷ്ട്രമീമാംസയും. ജനാധിപത്യം, സ്വാതന്ത്ര്യം തുടങ്ങിയ പദങ്ങളുടെ അർഥം ശരിക്കും മനസ്സിലാക്കുന്നത് ഇവിടെനിന്നൊക്കെയാണ്. അതോടെയാണ് ചൈനയിലെ 'പടുകുഴികൾ' കണ്ടുതുടങ്ങിയത്. പേക്ഷ, അന്നൊന്നും അത് പറയാനുള്ള വേദിയില്ലായിരുന്നു.
1982ൽ ബെയ്ജിങ്ങിലായിരുന്നു ജനനം. പിതാവ് ഒരു സ്റ്റീൽ കമ്പനി തൊഴിലാളിയായിരുന്നു. മാതാവ് സൈനികാശുപത്രിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ചെറുപ്പത്തിലേ ചൈനയിലെ ചിട്ടവട്ടങ്ങളോട് ഷാവോക്ക് താൽപര്യമില്ലായിരുന്നു. പഠനെമാക്കെ കാര്യമായി മുേന്നാട്ടുപോകണമെങ്കിൽ മകളെ മറ്റെവിടെയെങ്കിലും പറഞ്ഞയക്കണമെന്ന് യൂജിക്ക് തോന്നി. അങ്ങനെയാണ് ഷാവോ ലണ്ടനിലെത്തുന്നത്. 2000 മുതൽ അമേരിക്കയിലുണ്ട്. ന്യൂയോർക് യൂനിവേഴ്സിറ്റിയിലെ കാൻബർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന കാലത്തൊക്കെ രാജ്യം മാന്ദ്യത്തിെൻറ പിടിയിലാണ്. അന്നേ മനസ്സിലുണ്ടായിരിക്കണം 'േനാമാഡ്ലാൻഡ്' പോലൊരു പടം. ആ സ്വപ്നം സാക്ഷാത്കരിക്കാൻ ജീവിതസുഹൃത്ത് ജോഷ്വ ജെയിംസ് റിച്ചാർഡ്സും കൂടെയുണ്ടായിരുന്നു. റിച്ചാർഡ്സ് ആയിരുന്നു ചിത്രത്തിെൻറ കാമറ ചലിപ്പിച്ചത്. അടുത്ത സംരംഭമായ 'ഇറ്റേണൽസി'നായി കാത്തിരിക്കുകയാണ് ചലച്ചിത്രലോകം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.