'ആം ആദ്മി കാ അധികാർ സിർഫ് ആധാർ' എന്നതിെന, ആം ആദ്മി പാർട്ടിയുടെ അധികാരം കേവലം ആധാർ കാർഡ് നൽകലാണെന്ന് ആരെങ്കിലും വിവർത്തനം ചെയ്താൽ അതിൽ കേസെടുക്കാൻ വകുപ്പുണ്ടോ? സാേങ്കതികമായി 'ആപ്പി'ന് മാനനഷ്ടത്തിനുതന്നെ കോടതിയിൽ പോകാം. പക്ഷേ, ഇക്കാലത്തെ കെജ്രിവാൾ സർക്കാറിെന ആക്ഷേപിച്ചാണ് അത്തരമൊരു പ്രയോഗെമങ്കിൽ അതിനെ മികച്ചൊരു രാഷ്ട്രീയ വിമർശനമായി കാണുന്നതാണ് മര്യാദ. ആ മര്യാദ നമ്മുടെ ജുഡീഷ്യറിക്കില്ലാതെ പോയി എന്നതാണ് പ്രശാന്ത് ഭൂഷണിെൻറ ദുര്യോഗം. 'നിയമത്തെ താഴെ വീഴാതെ, ഉടയാതെ, കളങ്കപ്പെടുത്താതെ മുറുകെ പിടിക്കുന്ന സംവിധാനം' എന്നാണല്ലോ ജുഡീഷ്യറിയെ നിർവചിച്ചിരിക്കുന്നത്. ഇൗ വിശുദ്ധ സങ്കൽപത്തിെൻറ ബലത്തിൽ, ആ സംവിധാനത്തിെൻറ കുഴപ്പങ്ങൾ ട്വിറ്ററിലൂടെ ചൂണ്ടിക്കാട്ടാൻ ശ്രമിച്ചതാണ് പ്രശ്നമായത്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഏതോ ബി.ജെ.പി നേതാവിെൻറ ആഡംബര ബൈക്കിൽ ഇരിക്കുന്നതിെൻറ ചിത്രമായിരുന്നു ഒരു ട്വീറ്റ്. മറ്റൊന്ന്, ഭരണകൂട സേവയിലൂടെ ജനാധിപത്യത്തെ ജുഡീഷ്യറി ഞെരുക്കിക്കളയുന്നതിനെക്കുറിച്ച്.
പ്രത്യക്ഷത്തിൽ രണ്ടും പ്രശ്നമാണ്. അതുകൊണ്ടാണ് പരമോന്നത നീതിപീഠം കോടതിയലക്ഷ്യത്തിന് കേസെടുത്തത്. കുറ്റം 'അസന്ദിഗ്ധ'മായി തെളിയിക്കപ്പെട്ടു; എങ്കിലും അവസാന നിമിഷത്തിൽ കുറ്റവാളിയോട് കോടതിക്ക് ഒരൽപം അലിവ് തോന്നി. കാലങ്ങളായി സുപ്രീംകോടതിയെ ഉപജീവിച്ചു കഴിയുന്ന പാവമല്ലെ, അതുകൊണ്ടാവും. അതിനാൽ, മാപ്പുപറയാനൊരു അവസരം നൽകി. ആ അവസരം അദ്ദേഹം ഗാന്ധിക്കായി വിട്ടുനൽകി; 1922ൽ, ഇതുപോലൊരു സാഹചര്യത്തിൽ പ്രതിക്കൂട്ടിൽ നിൽക്കവേ ഗാന്ധിജി അധികാരികളോട് മൊഴിഞ്ഞത് ഒരിക്കൽകൂടി ആവർത്തിക്കപ്പെട്ടു: ''ഞാൻ ദയ ചോദിക്കുന്നില്ല, നിയമപരമായി എനിക്ക് നൽകാവുന്ന ഏതുശിക്ഷയും ഏറ്റുവാങ്ങാൻ ഞാൻ തയാറാണ്.''
പ്രശാന്ത് ഭൂഷൺ കേസിൽ തോറ്റെങ്കിലും അദ്ദേഹത്തിെൻറ വാദം ജയിച്ചുവെന്നാണ് നിരീക്ഷകപക്ഷം. അല്ലെങ്കിലും കോടതിക്ക് ഇങ്ങനെ ചാടിപ്പുറപ്പെടേണ്ട കാര്യമുണ്ടായിരുന്നോ? ഇതാദ്യമായൊന്നുമല്ല കോടതിക്കും ജഡ്ജിമാർക്കുംമേൽ ഇത്തരം ആരോപണങ്ങൾ ഉയരുന്നത്. രണ്ടുവർഷം മുമ്പ് ജസ്റ്റിസ് ചെലമേശ്വറും സംഘവും അന്നത്തെ ചീഫ് ജസ്റ്റിസിനെതിരെ വാർത്തസമ്മേളനം വിളിച്ചത് ഒാർമയില്ലെ? പരമോന്നത നീതിപീഠത്തിെൻറ പ്രവർത്തനം അഴിമതിയാലും സ്വജനപക്ഷപാതത്താലും രാഷ്ട്രീയ ചായ്വിനാലുെമാക്കെ ആകെ കുത്തഴിഞ്ഞിരിക്കുന്നുവെന്നാണ് അവർ വിളിച്ചുപറഞ്ഞത്. പത്തുവർഷം മുമ്പ് പ്രശാന്ത് ഭൂഷൺതന്നെ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. വിരമിച്ച 16 ചീഫ് ജസ്റ്റിസുമാരിൽ പകുതി പേരെങ്കിലും വലിയ അഴിമതിക്കാരായിരുന്നു എന്നാണ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഇതുകേട്ട ഹരീഷ് സാൽവേ ഉടൻ കോടതിയെ സമീപിച്ചു. സംഗതി കേസായി; വകുപ്പ് കോടതിയലക്ഷ്യവും. ഖേദം പ്രകടിപ്പിക്കാനുള്ള കോടതി നിർദേശം തള്ളിയ പ്രശാന്ത് ഭൂഷൺ, തെൻറ വാദങ്ങൾ തെളിയിക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കോടതിക്കു മുമ്പാകെ അറിയിച്ചു. തെളിയിച്ചു പറഞ്ഞാൽ, ജഡ്ജിമാർക്കെതിരെ കേസെടുത്ത് എഫ്.െഎ.ആർ തയാറാക്കുന്നതിന് പോലും ചീഫ് ജസ്റ്റിസിെൻറ അനുമതി വേണം. ഇൗ സാഹചര്യത്തിൽ എങ്ങനെ ഇവർക്കെതിരായ ആരോപണങ്ങൾ തെളിയിക്കും? ഇക്കാര്യത്തിൽ പ്രശാന്ത് ഭൂഷണിെൻറ ന്യായം ബോധിച്ചവരിൽ ഒരാൾ ജസ്റ്റിസ് കൃഷ്ണയ്യരായിരുന്നു. ''ഒന്നുകിൽ അയാളെ ശിക്ഷിക്കുക, അല്ലെങ്കിൽ അയാൾക്ക് ആരോപണങ്ങൾ തെളിയിക്കാനുള്ള അവസരമൊരുക്കുക.'' മറ്റൊരുതരത്തിൽ പറഞ്ഞാൽ, കോടതിയലക്ഷ്യം എന്ന പരിചയുടെ പിൻബലത്തിൽ നടക്കുന്ന 'ജുഡീഷ്യൽ ഇടപാടുകൾ'ക്കെതിരായ സമരമായിരുന്നു ആ നിയമപോരാട്ടം.
90കളിൽതന്നെ തുടങ്ങിയിട്ടുണ്ട് ഇൗ പോരാട്ടം. പിതാവും മുൻനിയമമന്ത്രിയുമായ ശാന്തി ഭൂഷണിനൊപ്പം കമ്മിറ്റി ഒാൺ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി (സി.ജെ.എ) രൂപവത്കരിച്ചായിരുന്നു തുടക്കം. ജുഡീഷ്യറിയിലെ അഴിമതി തുറന്നുകാണിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പ്രസ്ഥാനം നടത്തിയ ഇടപെടലുകൾക്ക് കണക്കില്ല. ഒന്നര പതിറ്റാണ്ടിനുശേഷം, കാമ്പയിൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോം (സി.ജെ.എ.ആർ) എന്ന പേരിൽ സംഘടനയെ കൂടുതൽ ജനകീയമാക്കാനായി. ഹൈകോടതി, സുപ്രീംകോടതി ജഡ്ജിമാരെയും വിവരാവകാശത്തിെൻറ പരിധിയിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കോടതികയറിയതും ഒടുവിൽ നീതിപീഠത്തിന് വഴങ്ങേണ്ടിവന്നതുമൊക്കെ അതിനുശേഷമായിരുന്നു. ഇക്കാലത്തുതന്നെ, സെൻറർ ഫോർ പബ്ലിക് ഇൻററസ്റ്റ് ലിറ്റിഗേഷൻ (സി.പി.െഎ.എൽ), പി.യു.സി.എൽ, ട്രാൻസ്പരൻസി ഇൻറർനാഷനൽ ഇന്ത്യ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ ഭാഗമായും പ്രവർത്തിച്ചു.
ജുഡീഷ്യറിയിലെ മാത്രമല്ല, സ്റ്റേറ്റിെൻറ സർവ തൂണുകളിലും പറ്റിപ്പിടിച്ചുകഴിഞ്ഞ അഴിമതിയെന്ന ദുർഭൂതത്തിനെതിരെയായിരുന്നു പോരാട്ടം. 2ജി, കൽക്കരി, വ്യാപം തുടങ്ങി കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ രാജ്യം കണ്ട മിക്ക അഴിമതി കേസുകളിലും കക്ഷിചേർന്ന് നിയമപോരാട്ടം നടത്തിയിട്ടുണ്ട്. അഴിമതിക്കും കോർപറേറ്റ് സേവക്കും വഴിതുറക്കുമായിരുന്ന ഭരണകൂടത്തിെൻറ പല ശ്രമങ്ങളെയും മുളയിലേ നുള്ളിക്കളയാനും ഇൗ ഇടപെടലിലൂടെ സാധിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാൻ പെട്രോളിയവും ഭാരത് പെട്രോളിയവും സ്വകാര്യവത്കരിക്കാനുള്ള വാജ്പേയി സർക്കാറിെൻറ നീക്കം പൊളിച്ചത് മറ്റാരുമായിരുന്നില്ല. അരികുവത്കരിക്കപ്പെട്ടവരുടെ ശബ്ദമായും ആ പേര് പലതവണ ഉയർന്നുവന്നിട്ടുണ്ട്. ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിനെതിരെ നടക്കുന്ന നർമദ ബച്ചാവോ ആന്ദോളൻ പ്രസ്ഥാനത്തിനൊപ്പം നിലയുറപ്പിച്ചു; കൂടങ്കുളം ആണവ നിലയത്തിനെതിരായ സമരത്തിൽ എസ്.പി. ഉദയകുമാറിനൊപ്പം മുന്നിൽനിന്നു; കശ്മീരിലെ സവിശേഷ സൈനികാധികാര നിയമത്തിനെതിരെ തുറന്നടിച്ചു. മകൻ ഉമർ മുഖ്താറിെൻറ വിവാഹത്തിൽ പെങ്കടുക്കാൻ അനുമതി ആവശ്യപ്പെട്ട മഅ്ദനിയോട് അകമ്പടി പൊലീസിെൻറ ചെലവ് വഹിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടപ്പോൾ അവിടെയും ശബ്ദമുയർത്തി. ഒരു തവണ നിരപരാധിത്വം തെളിയിച്ച മനുഷ്യനെ വീണ്ടും വിചാരണത്തടവിലിട്ട ശേഷം നൽകുന്ന പൊലീസ് സുരക്ഷയുടെ ചെലവ് വഹിക്കണമെന്നു പറയുന്നതിലെ നിയമവശം എന്താണെന്ന അദ്ദേഹത്തിെൻറ ചോദ്യത്തിനു മുന്നിൽ ബെഞ്ചിലുണ്ടായിരുന്ന എസ്.എ. ബോബ്ഡെക്ക് ഉത്തരം മുട്ടി. മഅ്ദനി അനുഭവിച്ച പീഡനങ്ങൾ വിവരിച്ച് ജസ്റ്റിസ് കൃഷ്ണയ്യർ സ്വന്തം കൈപ്പടയിൽ ഒരു കത്ത് തനിക്ക് എഴുതിയതുകൊണ്ടാണ് ഇവിടെ ഹാജരായതെന്ന വെളിപ്പെടുത്തൽകൂടിയായതോടെ കോടതിമുറി തീർത്തും നിശ്ശബ്ദമായി.
ഇപ്പോൾ 63 വയസ്സായി. ഇക്കാലത്തിനിടയിൽ, സ്വന്തം പ്രവൃത്തിയിൽ രണ്ടു തവണയേ ഖേദിച്ചിട്ടുള്ളൂ. 'പൂവാലന്മാ'രെ പിടിക്കാൻ യോഗി ആദിത്യനാഥ് സർക്കാർ ആൻറി റോമിയോ സ്ക്വാഡ് തുടങ്ങിയപ്പോൾ അതിനെതിരെ ട്വീറ്റ് ചെയ്തപ്പോഴായിരുന്നു അതിലൊന്ന്. റോമിയോ അല്ല, ഭഗവാൻ കൃഷ്ണനാണ് യഥാർഥ കാമുകൻ എന്ന പ്രയോഗം അൽപം കടന്നുപോയി; താമസംവിനാ ഖേദപ്രകടനവും നടത്തി. അണ്ണാ ഹസാരെയോട് ൈകകോർത്തതും അബദ്ധമായെന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. ഹസാരെയുമായുള്ള സൗഹൃദം വിച്ഛേദിച്ചെങ്കിലും കെജ്രിവാളിനെ കുറച്ചുകാലംകൂടി വിശ്വസിച്ചു. അതും അവസാനിപ്പിച്ചാണ് ഒടുവിൽ സ്വരാജ് പാർട്ടി രൂപവത്കരിച്ചത്. ഇതിനിടയിലും ഫാഷിസ്റ്റ് വിരുദ്ധ വികാരത്തിന് കോട്ടം തട്ടിയിട്ടില്ല. അതുകൊണ്ടാണ് ഒരിക്കൽ മോദിയെ, റിലയൻസിെൻറ പാവയെന്ന് വിശേഷിപ്പിച്ചത്. രണ്ടു പുസ്തകം രചിച്ചിട്ടുണ്ട്. ദീപ ഭൂഷണാണ് ഭാര്യ. മൂന്നു മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.