'ജെല്ലിക്കെട്ട്' സിനിമയിൽ കയറുപൊട്ടിച്ചോടുന്ന പോത്തിനെപ്പോലെയാണ് നമ്മുടെ ആഭ്യന്തരവകുപ്പ് എന്നറിയാത്ത ആളാണോ സഖാവ് തോമസ് െഎസക്? മുക്രയിട്ട്, ഭൂമികുലുക്കിയോടുന്ന പോത്തിന് ഒരൊറ്റ ലക്ഷ്യമേ കാണൂ: മുന്നിൽ കാണുന്ന എല്ലാത്തിനെയും കുത്തിമറിച്ചിടുക. നാല് വർഷമായി ആഭ്യന്തര വകുപ്പിെൻറ മേൽനോട്ടത്തിൽ നടന്നുകൊണ്ടിരിക്കുന്ന ജെല്ലിക്കെട്ടിലും ഇതൊക്കെതന്നെയാണ് സംഭവിക്കുന്നത്. മുന്നിൽ വന്നുപെട്ടിരിക്കുന്നത് സ്വന്തം പാർട്ടിക്കാരനായാലും ശരി, ചുരുങ്ങിയതൊരു യു.എ.പി.എ എങ്കിലും സമ്മാനിച്ച് അകത്തിടുകയാണ് നാട്ടാചാരം. ഇൗ കലാപരിപാടി മതിയാവോളം പ്രോത്സാഹിപ്പിക്കാൻ പാർട്ടിതന്നെ മുന്നിലുണ്ടായിരിക്കെ, െഎസക് സഖാവിന് അൽപമൊന്നു ശ്രദ്ധിക്കാമായിരുന്നു. കെ.എസ്.എഫ്.ഇയുടെ കുറച്ചു ശാഖകളിൽ വിജിലൻസ് നടത്തിയ സന്ദർശനത്തെ സിൻഡിക്കേറ്റ് മാധ്യമങ്ങൾ 'റെയ്ഡ്' എന്ന് അലമുറയിട്ടപ്പോൾ െഎസക് അതിൽ വീണുപോകരുതായിരുന്നു; ഒന്നുമില്ലെങ്കിലും മാധ്യമ നുണകൾ പൊളിച്ചടുക്കിയ 'പൊതുസമ്മതികളുടെ നിർമിതി'യുടെ കർത്താവല്ലേ; ചെറിയൊരു പരിശോധനയെ 'റെയ്ഡ്' എന്നൊക്കെ പറഞ്ഞ് വിജിലൻസിനെതിരെ അവധിയില്ലാതെ ഇങ്ങനെ തെറിപറയേണ്ടിയിരുന്നോ? ഇൗ സന്ദർഭത്തിൽ ആഭ്യന്തര വകുപ്പിനെ കുറ്റപ്പെടുത്തുേമ്പാൾ ഇതേ സിൻഡിക്കേറ്റുകാർ അതിനെ മുഖ്യനെതിരായ ഒളിയമ്പ് എന്ന് വിശേഷിപ്പിക്കില്ലേ? അത്യന്തം ഗുരുതരമായ അശ്രദ്ധയായി ഇത്. അതിെൻറ പേരിൽ നാക്കിൽ വന്നുപെട്ട ഗുളികനെയോർത്ത് കുമ്പസാരിക്കാനാണ് വിധി. സെക്രേട്ടറിയറ്റിൽ മുഖ്യന് മുന്നിൽ കൈകൂപ്പി നിൽക്കാനാണ് യോഗം.
അല്ലെങ്കിലും സഖാവിനിപ്പോൾ കണ്ടകശ്ശനിയാണെന്നു പറയണം. കർമമണ്ഡലത്തിൽ തുടർച്ചയായി വിഘ്നങ്ങളാണ്. കുറച്ചുദിവസം മുമ്പ് കിഫ്ബിക്കെതിരെ ചില്ലറ വിമർശനങ്ങൾ കുറിച്ചിട്ട സി.എ.ജിക്കെതിരെയും ഇതുപോലെ ചില വർത്തമാനങ്ങൾ പറഞ്ഞിരുന്നു. കിഫ്ബിയുടെ പ്രവർത്തനങ്ങളിൽ കാര്യമായ ഭരണഘടന പ്രശ്നങ്ങളുണ്ടെന്നാണ് സി.എ.ജി പറയുന്നത്. ഇതേക്കുറിച്ച് വിശദമായൊരു റിപ്പോർട്ടും ടി സംഘം തയാറാക്കിയിട്ടുണ്ട്. സാധാരണ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ സഭയുടെ മേശപ്പുറത്തുവെക്കുേമ്പാഴാണ് ജനമറിയുക. പക്ഷേ, അതിനൊന്നും കാത്തുനിൽക്കാൻ സമയമില്ല. വിമർശനവും മറുപടിയുമെല്ലാം രണ്ടുമൂന്ന് വാർത്തസമ്മേളനങ്ങളിലൂടെ വെച്ചുവിളമ്പി. കുറ്റം പറയാൻ പറ്റില്ല. കിഫ്ബിയുടെ ആചാര്യനാണ്. നേർച്ചപ്പെട്ടി എന്നൊക്കെ പ്രതിപക്ഷം കളിയാക്കിയാലും കേരളവികസനത്തിനുള്ള അവസാന ബസാണ് കിഫ്ബി എന്ന് അടിയുറച്ച് വിശ്വസിക്കുന്നയാളാണ്. ആ വിശ്വാസം ഉൗട്ടിയുറപ്പിക്കാൻ വിദേശവായ്പയോടും മറ്റുമുള്ള പാർട്ടി നയങ്ങളിൽ വെള്ളം ചേർക്കാൻവരെ തയാറായ കമ്യൂണിസ്റ്റാണ്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽനടന്ന 'മണിയടി' ആർക്കെങ്കിലും മറക്കാനാകുമോ? ഇൗ ആവേശത്തിെൻറയൊക്കെ പുറത്താണ് സി.എ.ജിക്കെതിരെ ഉറഞ്ഞുതുള്ളിയത്. കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ മുഖ്യനും പാർട്ടിയും ആഞ്ഞടിക്കുേമ്പാൾ, മെറ്റാരു കേന്ദ്ര ഏജൻസിയെ താനും കുറ്റം പറഞ്ഞുകളയാം എന്നും കരുതിയതാകാം. ഏതായാലും ജനാധിപത്യക്രമത്തിൽ ഇൗ പാർട്ടി പ്രവർത്തനത്തിന് പറയുന്ന പേര് അവകാശലംഘനം എന്നാണ്. കേസിപ്പോൾ എത്തിക്സ് കമ്മിറ്റിക്കുമുമ്പിലാണ്. കമ്മിറ്റിയിൽ സ്വന്തക്കാരുടെ പിന്തുണയുണ്ടാകുമെങ്കിലും അവിടെയും കുമ്പസാരം വേണ്ടിവരും.
ശനിദശ മാത്രമല്ല, ബുദ്ധി കൂടിപ്പോയതിെൻറ കൂടി പ്രശ്നമാണ് ഇതൊക്കെയെന്നാണ് രാഷ്ട്രീയ ജ്യോതിഷികളുടെ നിരീക്ഷണം. ഇതാദ്യമൊന്നുമല്ല അബദ്ധം. പത്ത് വർഷം മുമ്പും ഇതുപോലൊന്ന് സംസ്ഥാന സെക്രേട്ടറിയറ്റിൽ കുമ്പസരിച്ചിരുന്നു. അന്നും കേന്ദ്രകമ്മിറ്റി അംഗവും മന്ത്രിയുമായിരുന്നു. ഭാഗ്യവിധാതാക്കളായ ലോട്ടറി രാജാക്കന്മാർക്ക് ചുവപ്പുപരവതാനി വിരിച്ച് ജനങ്ങളെ മൂന്നുമണി നേരത്ത് കൈരളി ചാനലിെൻറ മുന്നിൽ പിടിച്ചിരുത്തിയതിനായിരുന്നു അത്. മുൻകൂർ നികുതി കൂട്ടി സിക്കിം, ഭൂട്ടാൻ പക്കാ ലോട്ടറിക്കാർക്ക് ഭാഗ്യവിൽപന തുടരാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഒരു ഒാർഡിനൻസ് എഴുതി മുഖ്യമന്ത്രി വി.എസിന് നൽകി. വി.എസ് ചില ഭേദഗതികൾ നിർദേശിച്ചതോടെ കാര്യങ്ങൾ കലങ്ങിമറിഞ്ഞു. സംഗതി വിവാദമായി. വിഷയം ന്യായീകരിച്ച് എവിടെവരെ എത്തിയെന്ന് ചോദിച്ചാൽ, സിക്കിം-ഭൂട്ടാൻ ബാധയൊഴിപ്പിക്കാൻ സംസ്ഥാന സർക്കാർ ലോട്ടറി നിരോധിക്കാമെന്നുവരെ തട്ടിവിട്ടു. ലോട്ടറി രാജാക്കന്മാർക്ക് ചുവപ്പുപരവതാനി വിരിച്ചപ്പോൾ കൂടെയുണ്ടായിരുന്ന കണ്ണൂർ ലോബിയെയൊന്നും കളിമാറിയപ്പോൾ കണ്ടില്ല. സകല ഭാരവും സഖാവിെൻറ തലയിൽ മാത്രമായി.
രാഷ്ട്രീയക്കാരൻ എന്ന നിലയിൽ നിയമസഭക്കകത്തും പുറത്തും വേറിട്ട ശബ്ദമാണ്. വാക്കിലും പ്രവൃത്തിയിലും എപ്പോഴും ഒരു 'െഎസക് ടച്ച്' കാണാം. അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞൻകൂടിയാണല്ലോ. ആദ്യമായി ബജറ്റ് അവതരിപ്പിക്കാനിരുന്നപ്പോൾ, ജനങ്ങളും പാർട്ടിയുമൊക്കെ പ്രതീക്ഷിച്ചത് സമ്പൂർണ മാർക്സിയൻ പരിസരത്തുനിന്നുള്ള ഒരു സമീപനമാണ്. ചുരുങ്ങിയപക്ഷം, തോമസ് പിക്കറ്റിയെങ്കിലും ബജറ്റ് പ്രസംഗത്തിൽ ഉദ്ധരിക്കപ്പെടുമെന്ന് കരുതി. അപ്പോഴാണ് 'പാത്തുമ്മായുടെ ആടു'മായി സഖാവ് സഭാഹാളിൽ പ്രവേശിച്ചത്. മാർക്സും മാൽത്തുസും സ്മിത്തും കാണാത്ത സാമ്പത്തികസിദ്ധാന്തങ്ങൾ ബഷീറിയൻ സാഹിത്യത്തിലുണ്ടെങ്കിൽ പിന്നെയതങ്ങ് ലളിതമായി പറഞ്ഞാൽ പോരേ? സംഗതി ജനപ്രിയമാക്കാൻ ഇതിനപ്പുറമെന്തുവേണം. ബജറ്റ് ജനപ്രിയമാക്കുക എന്നാൽ, മാന്ദ്യകാലത്തും മിച്ചബജറ്റ് തട്ടിക്കൂട്ടുക എന്നാണർഥം. കുട്ടനാട്ടിൽ ക്ലാസിപ്പേർ കൊച്ചുപിള്ള വന്നു കണ്ടെഴുത്ത് നടത്തിയ കഥ തകഴി 'കയറി'ൽ വിവരിച്ചിട്ടുണ്ട്. പട്ടന്മാരിൽനിന്ന് കടംവാങ്ങി കൃഷി നടത്തിയവരൊക്കെ കുത്തുപാളയെടുത്തപ്പോഴും തിരുവിതാംകൂറിൽ മിച്ചബജറ്റായിരുന്നു. 'കയർ വ്യവസായത്തിെൻറ ഘടനയും വർഗസമരവും' എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ െഎസക്കിനും ഇതേ നയമാണ്. ഏത് വഴിയിൽ കടംവാങ്ങിയാലും 'വികസനം' നടക്കണം. അതാണിപ്പോൾ സി.എ.ജിയും വിജിലൻസുമൊക്കെ മുടക്കാൻ ശ്രമിക്കുന്നത്.
അമ്പലപ്പുഴ ചിറക്കോട് ടി.പി. മാത്യു-സാറാമ്മ ദമ്പതികളുടെ പത്ത് മക്കളിൽ രണ്ടാമൻ. ഇപ്പോൾ 68 വയസ്സ്. പഠിക്കുന്ന കാലം മുതലേ എസ്.എഫ്.െഎയിൽ സജീവം. 1974ൽ ജില്ല പ്രസിഡൻറായി. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചു. 1979ൽ സംഘടനയുടെ സംസ്ഥാന പ്രസിഡൻറായി. ഇതിനിടെ, എറണാകുളം മഹാരാജാസിൽനിന്ന് ബിരുദാനന്തരബിരുദം നേടി. '91 മുതൽ സി.പി.എം നേതൃത്വത്തിലുണ്ട്. പരിഷത്തുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചു; അമ്പതോളം പുസ്തകങ്ങളെഴുതി. രണ്ട് സംഘടനേയാടൊപ്പം ചേർന്ന് ജനകീയാസൂത്രണം അടക്കമുള്ള പുത്തൻ വികസനപദ്ധതികൾക്ക് രൂപം നൽകി. അതിെൻറ പേരിൽ സി.െഎ.എ ചാരൻ എന്ന ആക്ഷേപവും കേട്ടു. റിച്ചാർഡ് ഫ്രാങ്കി, എം.എൻ. വിജയൻ, പ്രഫ. സുധീഷ് തുടങ്ങിയ പേരുകൾ കേൾക്കുേമ്പാൾ ഇപ്പോഴും ചെറിയ പേടിയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവം. വരട്ടാർ നദിയെ പുനരുജ്ജീവിപ്പിച്ചതടക്കമുള്ള ഹരിതവികസനങ്ങൾക്ക് കാരണമായത് ആ ഇടപെടലുകളാണ്. 2001 മുതൽ നിയമസഭയിലുണ്ട്. മൂന്നുവർഷം മുമ്പ്, ശൃംഗേരി സ്വാമിയെ വണങ്ങിയതൊഴിച്ചാൽ ആരുടെ മുന്നിലും തലകുനിച്ചിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.