ചെ ന്നൈയിലെ ട്രിപ്ലിക്കൻ ലിറ്റററി സൊസൈറ്റിയിൽ പ്രഭാഷണം നടത്തവെ, ഇന്ത്യൻ നവോത്ഥാനത്തിെൻറ പ്രതീകമായ സ്വാമി വിവേകാനന്ദൻ ഇങ്ങനെ പറഞ്ഞു: ‘‘ഞാൻ മലബാറിൽ കണ്ടതിനേക്കാൾ നീചമായ ഒരു കാര്യം ലോകത്തിെൻറ മറ്റ് ഏത് ഭാഗത്താണ് ഉണ്ടാവുക? ഉയർന്ന ജാതിക്കാർ പോകുന്ന വഴിയിലൂടെ നടക്കാൻ പാവം പറയനെ അനുവദിക്കുന്നില്ല. പക്ഷേ, അവൻ തേൻറത് ഒരു ഇംഗ്ലീഷ് പേരാക്കി മാറ്റിയാൽ എല്ലാം ശരിയായി. ഒരു മുഹമ്മദീയ നാമമാണെങ്കിലും എല്ലാം ശരിയായി. മലബാറികൾ മുഴുവൻ ഭ്രാന്തന്മാരാണ്. അവരുടെ വീടുകളെല്ലാം ഭ്രാന്താലയമാണ്...’’
ഇതു പറയാൻ വിവേകാനന്ദനെ േപ്രരിപ്പിച്ചത് 1892ലെ കേരള സന്ദർശനമാണ്. ബാംഗ്ളൂരിൽ ഡോ. പൽപുവിനെ കണ്ടതോടെയാണ് അദ്ദേഹം കേരള പര്യടനത്തിന് തയാറായത്. കേരളത്തിലെ ജാതികൃത ദുരവസ്ഥകളെക്കുറിച്ചും അയിത്താചരണത്തിെൻറ കഠിനതകളെക്കുറിച്ചും പൽപു വിവേകാനന്ദനെ ധരിപ്പിച്ചു. തനിക്കുണ്ടായ ദുരനുഭവവും അദ്ദേഹം സ്വാമിയോട് പറഞ്ഞു. ഉന്നത നിലയിൽ ഡോക്ടർ പരീക്ഷ പാസായ ഈഴവ ജാതിയിൽപെട്ട പൽപു തിരുവിതാംകൂർ രാജാവിനെ മുഖം കാണിച്ചപ്പോൾ കുലത്തൊഴിൽ തന്നെ ചെയ്യാനായിരുന്നുവെത്ര രാജകൽപന.
ഈ അറിവ് വിവേകാനന്ദനെ വല്ലാതെ ഞെട്ടിച്ചു. ഒരു സന്ന്യാസിയുടെ സഹായത്തോടെ തെൻറ സമുദായത്തെ സംഘടിപ്പിച്ച് മുന്നോട്ടുപോകാൻ അദ്ദേഹം ഡോക്ടർ പൽപുവിനെ ഉപദേശിച്ചു. 1892 നവംബർ 27ന് അദ്ദേഹം പാലക്കാട് വണ്ടിയിറങ്ങുകയും പിറ്റേന്ന് ഷൊർണൂരിൽനിന്ന് ഭാരതപ്പുഴ കടന്ന് ചെറുതുരുത്തിയിലെത്തുകയും കാളവണ്ടിയിൽ ചില യുവാക്കളോടൊത്ത് തൃശ്ശിവപേരൂരിലേക്ക് പോവുകയും ചെയ്തു.
കൊടുങ്ങല്ലൂരിലെ പ്രശസ്ത ദേവീക്ഷേത്രത്തിൽ മൂന്നു ദിവസം കാത്തുനിന്നിട്ടും അദ്ദേഹത്തിന് പ്രവേശനം ലഭിച്ചില്ല. ഇതര നാട്ടുകാരനായതിനാൽ ജാതി തിരിച്ചറിയാൻ പറ്റാത്തതായിരുന്നുവെത്ര കാരണം. എറണാകുളത്ത് ചട്ടമ്പിസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹത്തിന് തിരുവനന്തപുരത്ത് രാജകുടുംബം തന്നെ ആതിഥ്യമരുളി. ഡിസംബർ 22 ന് വിവേകാനന്ദൻ കന്യാകുമാരിയിലേക്ക് യാത്രയായി. ഈ സന്ദർശനത്തിെൻറ ഓർമപുതുക്കാൻ നവംബർ 27 മുതൽ ഡിസംബർ 22 വരെ കേരള സർക്കാർ സാംസ്കാരിക വകുപ്പ് വിവിധ പരിപാടികളോടെ ‘വിവേകാനന്ദ സ്പർശം’ എന്ന പേരിൽ എല്ലാ ജില്ലകളിലും സാംസ്കാരിക മേളകൾ സംഘടിപ്പിക്കുകയാണ്.
ഇന്ത്യൻ നവോത്ഥാനം പതിനെട്ടാം നൂറ്റാണ്ടിലാണ് പിറവി കൊള്ളുന്നത്. ബംഗാളിൽ രാജാറാം മോഹൻറോയിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട ബ്രഹ്മസമാജവും വിവേകാനന്ദെൻറ രാമകൃഷ്ണ മിഷനും ദയാനന്ദ സരസ്വതിയുടെ ആര്യസമാജവും ആനിബസൻറിെൻറ ബ്രഹ്മവിദ്യാസംഘവും മഹാരാഷ്ട്രയിലെ മഹാദേവഗോവിന്ദറാനഡെയുടെ പ്രാർഥന സമാജവും അംബേദ്കറുടെ ഗുരുവെന്ന് വിശേഷിപ്പിക്കാവുന്ന ജ്യോതിറാവു ഫൂലെയുടെ സത്യശോധക് സമാജവും താരാസിങ്ങിെൻറയും മറ്റും നേതൃത്വത്തിലുള്ള അകാലി പ്രസ്ഥാനവും തമിഴ്നാട്ടിലെ ഇ.വി. രാമസ്വാമി നായ്ക്കരുടെ ദ്രാവിഡ മുന്നേറ്റ കഴകവും ഇന്ത്യൻ നവോത്ഥാനത്തിെൻറ ബഹുമുഖശാഖകളായിരുന്നു.
തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ദൃഷ്ടിയിൽപെട്ടാൽ പീഡിപ്പിക്കപ്പെടുന്നവരുമായ ഒട്ടേറെ അവശവിഭാഗങ്ങൾക്ക് പ്രത്യാശ പകർന്ന പ്രസ്ഥാനമായിരുന്നു കേരളീയ നവോത്ഥാനം. അതിെൻറ ജനകീയ മുഖമായ നാരായണഗുരുവും വിപ്ലവാത്മക മുഖമായ ബ്രാഹ്മാനന്ദ ശിവയോഗിയും പ്രതിരോധമുഖമായ അയ്യങ്കാളിയും മറ്റു മഹാ മനീഷികളും ഒന്നുചേർന്ന് നടത്തിയ ബൗദ്ധികവും പ്രായോഗികവുമായ പോരാട്ടങ്ങളാണ് അന്ധവിശ്വാസത്തിെൻറയും അറിവില്ലായ്മയുടെയും അടിമത്തത്തിെൻറയും അന്ധകാരത്തിൽനിന്ന് കേരളീയ ജനതയെ മോചിപ്പിച്ചത്. അതിെൻറ ഫലമായി കേരളീയ സംസ്കാരത്തിെൻറ നിലവാരം അനുക്രമമായി വികസിക്കുകയും ഇന്ന് ഇന്ത്യയിൽതന്നെ ഒന്നാമതായെത്തി പ്രശസ്തി നേടുകയും ചെയ്തു.
വ്യത്യസ്ത നയപരിപാടികളിലൂടെ ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങിയ നാരായണ ഗുരുവിെൻറയും ബ്രാഹ്മാനന്ദ ശിവയോഗിയുടെയും സവിശേഷതകൾ വിവേകാനന്ദനിൽ സമന്വയിക്കുന്നത് നമുക്കുകാണാം. അഥവാ, വിവേകാനന്ദെൻറ രണ്ടു മുഖങ്ങളായി നാരായണഗുരുവും ബ്രഹ്മാനന്ദ ശിവയോഗിയും കേരളനവോത്ഥാനത്തിെൻറ െനടുനായകത്വം വഹിച്ചു എന്നും പറയാം.
ജാതികൃതമായ എല്ലാ ഉച്ചനീചത്വങ്ങളെയും വിവേകാനന്ദൻ എതിർത്തുപോന്നിരുന്നു. കീഴ്ജാതിക്കാരെ ഉയർന്നജാതിക്കാർ പീഡിപ്പിക്കുന്നതിൽ അദ്ദേഹം ദുഃഖപൂർവം പ്രതിഷേധം രേഖപ്പെടുത്തി: ‘‘ഇതിനൊക്കെയുള്ള പരിഹാരം മേൽജാതിക്കാരനെ അടിച്ചുശരിപ്പെടുത്തുകയല്ല, മറിച്ച് കീഴ്ജാതിക്കാരനെ കൂടുതൽ ഉയരങ്ങളിലേക്ക് പിടിച്ചുയർത്തുകയാണ്’’ എന്നതായിരുന്നു അദ്ദേഹത്തിെൻറ മതം. എന്തൊക്കെ ചെയ്താലും ഇനിയുള്ള കാലം സവർണർക്ക് അവർണരെ അടക്കി നിർത്താനാകില്ല എന്ന് വിവേകാനന്ദൻ പ്രവചിക്കുകയുണ്ടായി.
സ്ത്രീകൾക്ക് യഥായോഗ്യം ആദരവ് നൽകിക്കൊണ്ടാണ് എല്ലാ രാഷ്ട്രങ്ങളും മഹത്ത്വം നേടിയത് എന്നും സ്ത്രീകളെ ആദരിക്കാത്ത രാജ്യമോ രാഷ്ട്രമോ ഒരിക്കലും മഹത്തായി തീരുകയില്ല എന്നും വിവേകാനന്ദൻ വിശ്വസിച്ചു. ഭാരതത്തിെൻറ സർവതോമുഖമായ അഭിവൃദ്ധിക്കായി ചിന്തിക്കുകയും യത്നിക്കുകയും ചെയ്ത ഋഷിവര്യനാണ് വിവേകാനന്ദൻ. ലോകത്തെ സേവിക്കുക, സത്യത്തെ കണ്ടെത്തുക എന്നിവയായിരിക്കണം ഒരു സന്ന്യാസിയുടെ രണ്ട് പ്രതികളെന്ന് അദ്ദേഹം വിശ്വസിച്ചു.
ദരിദ്രരുടെ ഉന്നമനത്തിനുവേണ്ടി യത്നിച്ച വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്: ‘‘ചിലപ്പോൾ ഞാൻ വിചാരിക്കും, ആശ്രമങ്ങളും മറ്റും കെട്ടുന്നതുകൊണ്ട് എന്ത് ഗുണം? ഇവയെല്ലാം വിറ്റുകിട്ടുന്ന പണം പാവങ്ങൾക്ക് കൊടുത്താലോ? ആരാധനയുടെ നിയമങ്ങളെല്ലാം വലിച്ചെറിയാം, സാധുജന സേവനത്തിനായി ജീവിതം സമർപ്പിക്കാം.’’ നവഭാരത നിർമാണത്തിൽ തൊഴിലാളി വർഗത്തിനുള്ള പങ്ക് അംഗീകരിച്ച ആദ്യത്തെ ഇന്ത്യൻ നേതാവ് സ്വാമി വിവേകാനന്ദനാണ്. േപ്രാലിറ്റേറിയറ്റ് (തൊഴിലാളിവർഗം) എന്ന വാക്കുതന്നെ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. തൊഴിലാളിവർഗത്തിെൻറ സാർവദേശീയതയെക്കുറിച്ചും അദ്ദേഹം ചിന്തിച്ചിരുന്നു.
താനൊരു സോഷ്യലിസ്റ്റാണ് എന്ന് സ്വയംപ്രഖ്യാപിച്ച മഹാനാണ് വിവേകാനന്ദൻ. അവസാനം ശൂദ്ര (തൊഴിലാളി) ഭരണം വരുമെന്നും അതിെൻറ മേന്മ ഭൗതിക സുഖങ്ങളുടെ വിതരണമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളി സമരത്തിെൻറ പ്രാധാന്യത്തെക്കുറിച്ചും ക്രാന്തദർശിയായ വിവേകാനന്ദൻ പ്രസ്താവിച്ചിട്ടുണ്ട് ഗോവധത്തെക്കുറിച്ചും ഗോസംരക്ഷണത്തെക്കുറിച്ചും ഇതരയോഗികളിൽനിന്നും വ്യത്യസ്തമായ സമീപനമാണ് വിവേകാനന്ദനുണ്ടായിരുന്നത്.
ഗോക്കൾ നമ്മുടെ മാതാക്കളാണെന്ന് ശാസ്ത്രങ്ങൾ പറയുന്നുണ്ടല്ലോ എന്ന് ചോദിച്ച വ്യക്തിയെ കളിയാക്കി സ്വാമി പറഞ്ഞു: ‘‘നേരാണ്, മാട് നമ്മുടെ മാതാവാണെന്ന് ഞാൻ നന്നായി മനസ്സിലാക്കുന്നു. അതല്ലാതെ, ഇത്രയും കേമന്മാരായ മക്കളെ മറ്റാര് പ്രസവിക്കും?’’ തിരുവനന്തപുരത്ത് എത്തിയപ്പോൾ തെൻറ സുഹൃത്തായ പ്രഫ. സുന്ദര രാമയ്യരുടെ കൂടെയായിരുന്നു വിവേകാനന്ദൻ മിക്ക ദിവസങ്ങളിലും താമസിച്ചിരുന്നത്. സ്വാമിയുടെ ഭക്ഷണശീലത്തെക്കുറിച്ച് സുന്ദരരാമയ്യർ പറയുന്നത് നോക്കുക: ‘‘...ഞാനുടനെ മത്സ്യമാംസം കഴിക്കുന്നതിൽ എനിക്കുള്ള വെറുപ്പ് പ്രകടിപ്പിച്ചു. പുരാതന ഭാരതത്തിലെ ബ്രാഹ്മണർ ഗോമാംസംപോലും കഴിച്ചിരുന്നുവെന്നും അതിഥികൾക്ക് മധുപർക്കം കൊടുക്കുന്നതിനും പശുക്കളെയും മറ്റ് മൃഗങ്ങളെയും കൊല്ലാൻ വിധിയുണ്ടെന്നും സ്വാമി അതിന് മറുപടി നൽകി.
ബുദ്ധമതത്തിെൻറ ആവിർഭാവത്തിനും പ്രചാരത്തിനും ശേഷമാണ് മെല്ലെ മാംസഭക്ഷണം വർജ്യമായതെന്നും ഹിന്ദു ജനതയുടെയും രാഷ്ട്രങ്ങളുടെയും പരാധീനതക്കും ദേശീയ ദൗർബല്യത്തിനും വഴിതെളിയിച്ച മുഖ്യകാരണങ്ങളിലൊന്ന് ഈ മാംസവർജനമാണെന്നും ആയിരുന്നു സ്വാമിയുടെ അഭിപ്രായം.’’ ശ്രീനാരായണഗുരുവിെൻറ നമുക്ക് ജാതിയില്ലാ വിളംബരം, സഹോദരൻ അയ്യപ്പെൻറ പന്തിഭോജനം എന്നിവയുടെ ശതാബ്ദി ഈ സർക്കാർ സമുചിതമായി ആചരിച്ചതുപോലെ നവോത്ഥാനത്തിെൻറ പ്രകാശം പരത്തിയ സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചതിെൻറ 125ാം വാർഷികം ആഘോഷിക്കുന്നത് നവോത്ഥാനത്തിെൻറ നല്ലകാലങ്ങളെ അനുസ്മരിക്കുന്നതിനും അതിെൻറ മൂല്യങ്ങളെ തിരിച്ചുപിടിക്കുന്നതിനും വേണ്ടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.