ഇന്ത്യയുടെ നൈതികാധാരമായ ഭരണഘടനയേയും സാമൂഹിക ജനായത്തത്തേയും ആധുനിക ജനായത്ത മൂല്യങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയേയും താൻ വികസിപ്പിക്കുന്നത് ബുദ്ധനിൽനിന്നാണെന്നാണ് ഡോ. ബി.ആർ. അംബേദ്കർ പറഞ്ഞത്. ആധുനികകേരളം സാധ്യമാക്കിയ ശ്രീനാരായണ ഗുരുവിനെയും ശിഷ്യനായ സഹോദരൻ അയ്യപ്പനേയും പ്രചോദിപ്പിച്ചതും ബുദ്ധന്റെ ജനായത്തചിന്തയും ജാതിവിരുദ്ധ ജീവിതപ്രയോഗവും പോരാട്ടവുമാണ്.
കേരളത്തേയും ഇന്ത്യയേയും ലോകത്തേയും ഇത്രമാത്രം സ്വാധീനിച്ച ശ്രീബുദ്ധന്റെ പിറവിദിനംപോലും നാം അറിയുന്നില്ല. നമ്മുടെ ചരിത്ര ഓർമകളെ മായിച്ചുകൊണ്ടാണല്ലോ അധീശത്വം മേൽക്കൈ നേടുന്നത്.
2023 മേയ് അഞ്ചിന് കേരളത്തിലും ബുദ്ധന്റെ ജന്മദിനം ബുദ്ധപൂർണിമയായി കൊണ്ടാടുകയാണ്. ആലപ്പുഴ അമ്പലപ്പുഴയിലെ കരുമാടിക്കുട്ടൻ എന്ന പ്രാചീന ബുദ്ധശില്പമിരിക്കുന്ന കരുമാടിയിൽ ബഹുജനങ്ങളുടെ ആഘോഷപരിപാടികൾ നടക്കും.
സഹോദരൻ പാടിയപോലെ വാമനാദർശത്തിൻ ചവിട്ടടിയിൽ കാലടിയിലും കീഴടിയിലും അമർത്തപ്പെട്ട ജനത ചരിത്രത്തേയും ഓർമയേയും രാഷ്ട്രീയത്തേയും തിരിച്ചുപിടിക്കുകയാണ്. സന്തുലിതമായ ബഹുജന പ്രാതിനിധ്യത്തിനായുള്ള സമരങ്ങളുടെ കാലത്ത് നൈതികവും കാരുണികവുമായ ബുദ്ധചിന്തയും നവബുദ്ധയാനങ്ങളും ഏറെ നിർണായകമാകുന്നു.
ബി.സി മൂന്നാം നൂറ്റാണ്ടിൽ മഹാനായ മൗര്യചക്രവർത്തി അശോകനയച്ച ബുദ്ധിസ്റ്റ് മിഷനറിമാരുടെ കാലത്ത് വികസിച്ചുവന്നതാണ് ബുദ്ധസംസ്കാരവും കേരളവും തമ്മിലെ ചരിത്രബന്ധം. അവരാണ് ധമ്മലിപിയെന്ന അശോകൻ ബ്രാഹ്മിലിപിയും നീതിചിന്തയും കേരളമക്കളെ പഠിപ്പിച്ചത്.
ഏഴാം നൂറ്റോണ്ടോടെ വട്ടെഴുത്ത് തമിഴകത്ത് വികസിക്കുന്നതും അശോകൻ ധമ്മലിപിയായ ബ്രാഹ്മിയിൽനിന്നുമാണ്. പോതിയും പുത്തനും പുത്തകവും പുത്തിയും പോതവുമെല്ലാം മലയാളഭാഷയുടെ അടിത്തട്ടിലുള്ള തമിഴ് നാട്ടുവഴക്കങ്ങളിൽ ഇന്നും മൂകമായി പുഞ്ചിരിക്കുന്നു. അയ്യോ... പൊത്തോ എന്നുള്ള നിലവിളി, പൊത്തോ... എന്ന വീഴ്ച, എല്ലാം പുത്തരെ (ബുദ്ധനെ)വിളിച്ചുകൊണ്ടാണ്. പുത്തർ എന്നാൽ അയ്യർ തന്നെ. അയ്യാ... അയ്യോ... എന്നിങ്ങനെ വിളിക്കുന്നതും പുത്തരായ അയ്യാവിനെ തന്നെ.
ബുദ്ധബോധിനിമാർ ഭിക്കുനികൾ അഥവാ കന്യകാവുകൾ ആണ് കാവുസംസ്കാരത്തിന് തുടക്കമിട്ടത്. കലിംഗത്തുനിന്നാണ് കപ്പലിൽ പാലി ഭാഷയും ബ്രാഹ്മി ലിപിയുമായി പുത്തപോതകർ അഥവാ ബുദ്ധബോധകർ ചേരനാട്ടിലേക്കുവന്നത്. കേര പുത്തോ അഥവാ കേരളമക്കളേ എന്ന പരാമർശം അശോക ശിലാശാസനത്തിലുണ്ട്.
സ്ഥലപ്പേരുകളിലെ പള്ളികളെ പിള്ളിവത്കരിച്ചുകൊണ്ടാണ് അധീശസംസ്കാരം പ്രാദേശികചരിത്രത്തെ മായിക്കുന്നത്. പുത്തരുടെ അഥവാ ബുദ്ധരുടെ ഊരാണ് പുത്തൂർ. കേരളത്തിലും തമിഴകത്തും നിരവധി പുത്തൂരുകളുണ്ട്. തമിഴിൽ ഈഴം അഥവാ ഈളം ഇഴചേർന്ന സംഘടിതമായ ബുദ്ധസംഘത്തെ സൂചിപ്പിക്കുന്നു.
ഈഴവരെന്നാൽ സംഘക്കാരും. അശോകകാലമായ ബി.സി മൂന്നാം നൂറ്റാണ്ടുമുതൽ സംഘത്തിൻ അഥവാ ഈളത്തിൻ നാടായതുകൊണ്ടാണ് ശ്രീലങ്ക ഈളം എന്നറിയപ്പെട്ടത്. ഈളത്തെ അനുരാധപുരം ശൈലിയിലുള്ളതാണ് തെന്നിന്ത്യൻ ബുദ്ധശില്പങ്ങളെല്ലാം.
അനുരാധപുരത്തേക്ക് ഗയയിൽനിന്നുള്ള ബോധിവൃക്ഷത്തിന്റെ ശാഖ ബി.സി മൂന്നാം നൂറ്റാണ്ടിൽ കപ്പലിൽ കൊണ്ടുപോയതും നട്ടുവളർത്തിയതും അശോകപുത്രി സംഘമിത്രയാണ്. ഗയയിൽ മധ്യകാലത്ത് ബ്രാഹ്മണിക ശക്തികൾ ബോധിവൃക്ഷത്തെ കരിക്കുകയും ഗയയിലെ ബുദ്ധവിഹാരത്തിന്റെ സിംഹഭാഗവും കൈയേറി ശൈവമാക്കുകയും ചെയ്തിരുന്നു.
അനഗാരിക ധമ്മപാലയെന്ന ശ്രീലങ്കൻ ബുദ്ധഭിക്കുവാണത് വീണ്ടെടുക്കാനുള്ള നിയമപോരാട്ടങ്ങൾക്ക് 19ാം നൂറ്റാണ്ടിനന്ത്യത്തിൽ തുടക്കംകുറിച്ചതും മഹാബോധി സൊസൈറ്റി ഇന്ത്യയിൽ സ്ഥാപിച്ചതും. കേരള നവോത്ഥാനത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന സഹോദരൻ പത്രത്തിന്റെ ലോഗോ ആലിലയായിരുന്നു. പാലിയിൽ പട്ട എന്നുപറയുന്ന ആലിലയിൽ നിന്നാണ് പട്ടവും പട്ടരും പട്ടത്താനവും പട്ടാരകരും പട്ടക്കാരനും പട്ടംകിട്ടലും പട്ടാമ്പിയും പട്ടംകെട്ടലുമെല്ലാം കേരളഭാഷയിൽ പിറവിയെടുത്തത്.
കുട്ടന്റെ (ബാലബുദ്ധൻ) നാടായ കുട്ടനാട്ടിൽനിന്നാണ് ഏറ്റവുമധികം പുരാവസ്തുക്കൾ പുത്തരുടേതായി കിട്ടിയിട്ടുള്ളത്. കരുമാടിയിലെ കുട്ടനും മാവേലിക്കരയിലെ ബുദ്ധനും പള്ളിക്കലെ പുത്തരച്ചനും മയ്യനാട്ടു പ്രദേശത്തെ തയ്യിലയ്യാരും എല്ലാം പുത്തരുടേയും വിവിധ മായാന, വജ്രയാന ബോധിസത്വാരുടേയും പ്രാദേശിക രൂപങ്ങളാണ്.
2014 ഡിസംബറിൽ തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടക്കടുത്തുള്ള അവിട്ടത്തൂരിൽനിന്ന് ഒരു ബോധിസത്വ ശില്പം കിട്ടുകയുണ്ടായി. പഴയ അയ്യൻ ചിരുകണ്ടന്റെ പേരിലുള്ള അയ്യൻചിറയിൽനിന്നാണത്. എറണാകുളം ജില്ലയിലെ ആലുവാതാലൂക്കിലുള്ള പോഞ്ഞാശ്ശേരി പൂക്കുളം അമ്പലത്തിന് താഴെയുള്ള കുളത്തിൽനിന്ന് 2015ൽ ഒരു ബോധിസത്വശില്പം ലഭിച്ചു.
2019 മാർച്ചിൽ ഒരു ബുദ്ധശിരസ്സ് കോട്ടയം ജില്ലയിലെ വെള്ളിലാപ്പള്ളിയിൽനിന്ന് വീണ്ടെടുക്കപ്പെട്ടു. ഇവയൊന്നും കൃത്യമായി ബുദ്ധപുരാവസ്തുക്കളായി പ്രദർശനത്തിലെത്തുന്നില്ല. കരപ്പുറം എന്ന ചേർത്തലയിൽനിന്ന് വീണ്ടെടുക്കപ്പെട്ട ബോധി സത്വവിഗ്രഹത്തെ ഹൈന്ദവശൈലിയിൽ ശാസ്താവ് എന്ന പേരിലാണ് ഇപ്പോൾ കൃഷ്ണപുരം കൊട്ടാര മ്യൂസിയത്തിൽ വെച്ചിരിക്കുന്നത്.
ബൗദ്ധശില്പത്തെ അതേപടി അടയാളപ്പെടുത്തുകയും സംരക്ഷിക്കുകയും വേണം. പട്ടണം പര്യവേക്ഷണം നടന്ന നീലീശ്വരം അമ്പലത്തിന്റെ കുളക്കരയിലും പാതിതകർന്ന ഒരു ബുദ്ധശില്പത്തിന്റെ അരക്ക് കീഴ്പോട്ടുള്ള ഭാഗം വെച്ചിരുന്നു. അത് അടുത്തകാലത്ത് നിമജ്ജനം ചെയ്യപ്പെട്ടു എന്നു പറയുന്നു.
അവിട്ടത്തൂരേയും പോഞ്ഞാശ്ശേരിയിലേയും പോലെ ഇവിടെയും അമ്പലക്കുളത്തിൽനിന്നാണ് ഈ വിഗ്രഹാവശിഷ്ടം കിട്ടിയിട്ടുള്ളത്. മാവേലിക്കരയിലും കരുമാടിയിലും കരിനിലങ്ങളിൽ നിന്നാണ് ബുദ്ധശില്പങ്ങൾ വീണ്ടെടുക്കപ്പെട്ടത്. ഭരണിക്കാവു പള്ളിക്കലും മരുതൂർക്കുളങ്ങരയിലും അമ്പലക്കുളങ്ങളിൽ നിന്നാണവ വീണ്ടെടുക്കപ്പെട്ടത്.
കേരള പുരാവസ്തുവകുപ്പിന്റെ മ്യൂസിയങ്ങളിൽ ഇരിക്കുന്ന ഗന്ധർവന്മാരും ശാസ്താക്കളും യക്ഷികളും മഹായാന, വിജയാന ബോധിസത്വരൂപങ്ങളാണ്. ചെങ്ങന്നൂർ മംഗലം ഇടപ്പള്ളിയിലെ വരട്ടാറിൻ കരയിൽ ഇടനാട്ടിലെ പഴയ മൂലൂർ ഭവനത്തിനടുത്തുള്ള ബുദ്ധശില്പങ്ങളും പുരാവസ്തുക്കളും അവിടെത്തന്നെ സംരക്ഷിക്കപ്പെടണം.
ഹിംസയും ചതിയും അമിത പ്രാതിനിധ്യ കുത്തകയും കുലീനതയും ജനായത്തത്തേയും ഭരണഘടനയേയും അട്ടിമറിക്കുന്ന കാലത്ത് പുത്തരുടെ സുവിശേഷത്തിന്റെ കാലിക പ്രസക്തിയേറ്റുകയാണ്. ജനായത്ത പ്രാതിനിധ്യത്തിനുവേണ്ടിയുള്ള സമരങ്ങളുടെ അവസാനിക്കാത്ത പ്രചോദനവും ഊർജവുമാണ് കോതയെന്നു കേരളമക്കൾ വിളിച്ച ഗോതമബുദ്ധൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.