രാഷ്ട്രീയത്തിൽ സ്ഥിരമായി ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നല്ലേ പറയാറുള്ളത്. അതത് രാഷ്ട്രീയ സാഹചര്യങ്ങൾ തീരുമാനിക്കും ശത്രുവാരെന്നും മിത്രമാരെന്നും. ഇൗ രീതിശാസ്ത്രത്തെ കൃത്യവും വ്യക്തവുമായി മനസ്സിലാക്കണമെങ്കിൽ പാർട്ടി അച്ചടക്കം, മുന്നണിമര്യാദ തുടങ്ങിയ രാഷ്ട്രീയ സംജ്ഞകൾകൂടി അറിഞ്ഞിരിക്കണമെന്നു മാത്രം. 'കോഴമാണി' പുണ്യാളനാവുന്നതിെൻറയും വിപ്ലവ സഖാവ് 'പരനാറി'യാകുന്നതിെൻറയും രസതന്ത്രവും ത്വരകപ്രക്രിയയുമെല്ലാം അപ്പോഴേ ശരാശരി സമ്മതിദായകന് പിടികിട്ടൂ. അൽപസ്വൽപം ജനാധിപത്യ-മതേതര ബോധമൊക്കെയുള്ള ഏതു രാഷ്ട്രീയ കക്ഷികൾക്കിടയിലും ഇതുപോലുള്ള രസതന്ത്രം പയറ്റുന്നതിൽ തെറ്റില്ല.
പത്തു വോട്ടുകിട്ടുന്ന കാര്യത്തിൽ ചെയ്യുന്ന ചില്ലറ വിട്ടുവീഴ്ചയും 'തന്ത്ര'വുമൊക്കെയായി അതിനെ കണ്ടാൽ മതി. അധികാരത്തിെൻറ അനാട്ടമി എന്നാണ് ഇൗ കലാപരിപാടിയെ ഫൂക്കോ വിശേഷിപ്പിച്ചിട്ടുള്ളത്. പേക്ഷ, രാഷ്ട്രീയത്തെ വിദ്വേഷ വർത്തമാനത്തിെൻറയും ഉന്മൂലനത്തിെൻറയും ഉപകരണമാക്കുന്നവരെ ഇൗ ആലയിൽകൊണ്ട് കെട്ടാമോ എന്നതാണ് ചോദ്യം. ഒരു സൗഹൃദ ഫേസ്ബുക്ക് പോസ്റ്റിനു കീഴിൽ നാട്ടുകാർ ഇൗ ചോദ്യം ആവർത്തിച്ചുന്നയിച്ചതോടെയാണ് നമ്മുടെ സഭാനാഥൻ എം.ബി. രാജേഷിൽ പുതിയ ചില രാഷ്ട്രീയ ബോധ്യങ്ങൾ മുളപൊട്ടിയത്. തൊട്ടടുത്ത പോസ്റ്റിലെ സ്വയംവിമർശനവും ഖേദപ്രകടനവുമെല്ലാം ആ ബോധ്യത്തിെൻറ പുറത്താണ്.
കാര്യം വളരെ ലളിതമാണ്. സ്പീക്കർമാരുടെ വാർഷിക സമ്മേളനത്തിൽ (പ്രിസൈഡിങ് ഒാഫിസേഴ്സ് കോൺഫറൻസ്) പെങ്കടുക്കാൻ ഷിംലയിലെത്തിയതായിരുന്നു സഖാവ്. കേന്ദ്ര വാർത്താവിതരണ-സ്പോർട്സ് മന്ത്രി അനുരാഗ് ഠാകുറും പരിപാടിയിൽ സംബന്ധിക്കാനെത്തിയിട്ടുണ്ട്. 10 വർഷത്തെ ഡൽഹിവാസ കാലത്ത് പാർലമെൻറിൽ ഒപ്പമുണ്ടായിരുന്ന ആളാണ് അനുരാഗ്. രണ്ടാം യു.പി.എ കാലത്ത് മൻമോഹനും സോണിയക്കുമെതിരെ പാർലമെൻറിൽ ഇരുവരും ഒന്നിച്ച് ശബ്ദമുണ്ടാക്കിയിട്ടുമുണ്ട്.
അതിനെല്ലാമപ്പുറമുള്ള ഒരു സൗഹൃദവും ഇവർക്കിടയിലുണ്ട്. പറഞ്ഞിെട്ടന്തുകാര്യം, ആ സൗഹൃദബന്ധം തിരിച്ചറിയാതെപോയ മലയാളി വോട്ടർമാർ രാജേഷിന് മൂന്നാമൂഴം നൽകിയില്ല. അങ്ങനെ, ഇന്ദ്രപ്രസ്ഥത്തിൽനിന്ന് കൂടുമാറാൻ നിർബന്ധിതമായി. അതോടെ സൗഹൃദത്തിന് അൽപം മങ്ങലേറ്റു. അതൊരു ഒാർമയായി മനസ്സിൽ തങ്ങിനിൽക്കവെയാണ് ഷിംലയിലെ ആ കൂടിക്കാഴ്ച. അതോടെ വികാരം അണപൊട്ടി; ഡൽഹിയിലെ സൗഹൃദനാളുകളെക്കുറിച്ചും അനുരാഗിെൻറ പ്രതിഭാവിലാസത്തെക്കുറിച്ചുമൊക്കെ നിർലോഭം വാക്കുകൾ സചിത്രം നിറഞ്ഞൊഴുകി.
രാഷ്ട്രീയത്തിനതീതമായ സൗഹൃദമെന്ന മുഖവുരയോടെയായിരുന്നു സഖാവിെൻറ 'സൗഹൃദസ്മരണ'യെങ്കിലും നെറ്റിസൺസിലെ പോരാളി ഷാജിമാർക്കുപോലും ആ മുൻകൂർ ജാമ്യാപേക്ഷയിലെ പോയൻറുകൾ മനസ്സിലായില്ല. ഇൗ 'സ്മരണ' അൽപം കടന്നുപോയില്ലേയെന്ന് സൈബർലോകത്തും അല്ലാത്തിടത്തുമായി ചോദിക്കാത്തവർ വിരളം. മതേതര ചേരിയിൽതന്നെ എതിർപാളയത്തുള്ളവർ ഇതിനെയൊരു രാഷ്ട്രീയായുധമായി എടുത്തതും അതിെൻറ തുടർച്ചയിലാണ്. ഇതൊക്കെ സ്വാഭാവികം മാത്രം. ഡൽഹിയിലെ ആ യുവതുർക്കിയോട് സഖാവിനുള്ള അനുരാഗത്തിെൻറയും ആത്മബന്ധത്തിെൻറയുമൊന്നും ആഴം ഇവർക്കറിയില്ലല്ലോ. അവർക്കറിയാവുന്ന അനുരാഗ് ഠാകുർ മറ്റൊരാളാണ്. രാജേഷ് വിശേഷിപ്പിച്ചതിനും അപ്പുറത്താണ് ആ മഹാെൻറ 'വ്യക്തിത്വം'. തോക്കിലും വാക്കിലും വിദ്വേഷത്തിെൻറ വെടിയുണ്ടകൾ നിറച്ച് തീ തുപ്പുന്നയാൾ എന്ന് അനുരാഗിനെ ഏറ്റവും ലളിതമായി വിശേഷിപ്പിക്കാം.
പൗരത്വസമരകാലത്താണ് അനുരാഗിെൻറ തനിനിറം ലോകം നേരിൽ കണ്ടത്. ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും പലകുറി പൗരത്വപ്രക്ഷോഭകരെ ഒഴിപ്പിക്കാൻ മോദിയും അമിത് ഷായും ശ്രമിച്ചിട്ടും പരാജയപ്പെട്ടേപ്പാഴാണ് അയാൾ ആ വെടി പൊട്ടിച്ചത്: ''ദേശ് കി ഗദ്ദാറോം കോ ഗോലി മാരോ''; 'രാജ്യവഞ്ചകർക്കെതിരെ വെടിയുതിർക്കൂ' എന്ന്. നേതാവിെൻറ ആഹ്വാനം ശിരസ്സാവഹിച്ച് മൂന്നാം നാൾ ഒരു ചെറുപ്പക്കാരൻ സമരക്കാർക്കുനേരെ വെടിയുതിർക്കുകയും ചെയ്തു. ഉമാഭാരതിയെയും പ്രജ്ഞ സിങ് ഠാകുറിനെയുംപോലുള്ളവർക്ക് ആരോഗ്യം അനുവദിക്കാത്തതിനാൽ പഴയപോലെ വിഷം ചീറ്റാനാവുന്നില്ലെന്ന് തിരിച്ചറിഞ്ഞനിമിഷം, സംഘ് നേതൃത്വം കണ്ടുവെച്ച പകരക്കാരനാണ് അനുരാഗ് ഠാകുർ. പൗരത്വസമരകാലത്ത് അയാളിലെ 'പ്രതിഭ' പാർട്ടി കണ്ടറിയുകയും ചെയ്തു. അക്കാലത്ത് ഡൽഹിയിലില്ലാത്തതിനാലാകാം, സഖാവിന് ആ പ്രതിഭാവിലാസത്തെക്കുറിച്ച് മനസ്സിലായിക്കാണില്ല. പേക്ഷ, മതത്തിെൻറ പേരിൽ രാജ്യത്തെതന്നെ വിഭജിക്കാൻപോന്നൊരു നിയമത്തിനായി ഫാഷിസ്റ്റുകൾ കോപ്പുകൂട്ടുേമ്പാൾ അതിെൻറ മുന്നണിയിലും പിന്നണിയിലുമുള്ളവരെ ജനസാമാന്യം എേപ്പാഴേ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് ആ 'സ്നേഹഗാഥ'യിൽ അവർ നെറ്റിചുളിച്ചത്.
തെറ്റ് മനസ്സിലാക്കാൻ സഖാവിന് 48 മണിക്കൂർപോലും വേണ്ടിവന്നില്ല. അതിനാൽ ഉടനൊരു വിശദീകരണക്കുറിപ്പെഴുതി. ഏതാനും ആഴ്ചകൾക്കു മുമ്പ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരെ പി.വി. അൻവർ എം.എൽ.എ നിയമസഭയിൽ അരുതാത്തത് പറഞ്ഞപ്പോൾ, സഭാരേഖകളിൽനിന്ന് അക്കാര്യം നീക്കംചെയ്യാൻ മാത്രം നീതിബോധം കാണിച്ചയാളാണ് എം.ബി. രാജേഷ് എന്ന കമ്യൂണിസ്റ്റുകാരൻ. ഇവിടെയും ആ രാഷ്ട്രീയമൂല്യത്തിെൻറ അനുരണനങ്ങൾ ദർശിക്കാം. രാഷ്ട്രീയബോധ്യങ്ങളാണ്, അല്ലാതെ താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന ദുരഭിമാനബോധമല്ല തന്നെ നയിക്കുന്നതെന്ന് തുറന്നെഴുതി എഫ്.ബി രേഖകളിൽനിന്നും ആ 'സൗഹൃദസ്മരണ' അദ്ദേഹം നീക്കംചെയ്തു.
അപ്പോഴും ചില സംശയങ്ങൾ ബാക്കിയാണ്. വിശദീകരണക്കുറിപ്പിൽ അനുരാഗ് ഠാകുറിനെക്കുറിച്ച് കാര്യമായൊന്നുമില്ല എന്നത് പോെട്ട. രാഹുൽ ഗാന്ധിയുമായുള്ള സൗഹൃദത്തിെൻറയൊക്കെ കഥ വിവരിച്ചിട്ടുവേണമായിരുന്നോ ഇൗ ഖേദപ്രകടനം? രാഹുൽ ഗാന്ധിയെപ്പോലെയാണോ അനുരാഗ് ഠാകുർ? പണ്ട് മോദിയെ രാഹുൽ ആലിംഗനം ചെയ്തപ്പോൾ അതിനെ ന്യായീകരിച്ച കോൺഗ്രസുകാരെയും ഇതിലേക്ക് വലിച്ചിഴക്കണമായിരുന്നോ? 'പാപിയെ അല്ല, പാപത്തെ വെറുക്കൂ'വെന്ന് ഗാന്ധിയെ ഉദ്ധരിച്ചതിലുമില്ലേ അനൗചിത്യം? ഗാന്ധിയുടെ കാലത്ത് ഗോദ്സെ ഒന്നേയുണ്ടായിരുന്നുള്ളൂ. ഇന്നിപ്പോൾ ഒരായിരം ഗോദ്സെമാരും യഥാർഥ ഗോദ്സെക്ക് ക്ഷേത്രങ്ങളുമൊക്കെയുള്ള നാടാണിത്. അത്തരമൊരു ദേശത്തിെൻറ വക്താവിനെ ആലിംഗനം ചെയ്തതിനാണീ ഖേദപ്രകടനമെന്ന് സഖാവ് മറന്നുപോയോ?
മറ്റു സ്പീക്കർമാരിൽനിന്ന് ഭിന്നമായി സഭക്കു പുറത്ത് രാഷ്ട്രീയം പറയുമെന്ന് പ്രഖ്യാപിച്ചയാളാണ് രാജേഷ്. അതുകേട്ട്, ആദ്യം വി.ഡി. സതീശൻ അടക്കമുള്ളവർ ഞെട്ടി. കക്ഷിരാഷ്ട്രീയത്തിനപ്പുറം സ്പീക്കർക്കും ഒരു 'പൊളിറ്റിക്കൽ അനിമൽ' ആയി തുടരാനുള്ള അവകാശമുണ്ടെന്ന് സഖാവ് വ്യക്തമാക്കിയതോടെ ഉന്നയിച്ച ക്രമപ്രശ്നം പ്രതിപക്ഷനേതാവ് സ്വയം പിൻവലിച്ചു. സഖാവ് വാക്കുപാലിച്ചു. മലബാർ വിപ്ലവ നായകൻ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത് സിങ്ങിനോട് ഉപമിച്ചതും ജാലിയൻ വാലാബാഗ് സ്മാരകത്തെ ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള മോദി സർക്കാറിെൻറ നീക്കത്തെ വിമർശിച്ചതുമെല്ലാം രാഷ്ട്രീയപ്രസംഗങ്ങൾക്കിടെയായിരുന്നു. സംഘ്പരിവാറിെൻറ വർഗീയതക്കും കോർപറേറ്റിസത്തിനുമെതിരായ വിമർശനമാണ് ഇതിലെല്ലാം പൊതുവായി അടങ്ങിയിട്ടുള്ളത്. ഹിന്ദുത്വയുടെ ഇൗ അജണ്ടകളെ ഇങ്ങനെ തുറന്നുകാണിച്ചുകൊണ്ടിരിക്കുന്നൊരാൾ, തൊട്ടടുത്തദിവസം അതേ അജണ്ടയുടെ വക്താവിനെ കെട്ടിപ്പുണർന്നാൽ പാർട്ടി അനുയായികൾ എങ്ങനെ ഞെട്ടാതിരിക്കും?
ഒരു പതിറ്റാണ്ട് ലോക്സഭയിൽ കരുത്തുറ്റ സാന്നിധ്യമറിയിച്ചശേഷമാണ് നിയമസഭയിലെത്തിയത്, അതും അമ്പതാം വയസ്സിൽ. എസ്.എഫ്.ഐ ജില്ല സെക്രട്ടറി തൊട്ട് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് വരെ ആയിട്ടുണ്ട്. ഭാര്യ: ഡോ. നിനിത കണിച്ചേരി അധ്യാപികയാണ്. മക്കൾ: നിരഞ്ജന, പ്രിയദത്ത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.