മുന്നിൽ പോയവരും പിന്നാലെ വന്നവരും

സ്വാതന്ത്ര്യലബ്ധിക്കു പിന്നാലെ ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് കൗൺസിൽ യോഗം മദിരാശിയിൽ ചേർന്നു പാർട്ടി രൂപവത്കരിച്ചതായി പ്രഖ്യാപിച്ചു. സ്വാതന്ത്ര്യസമര താരകം മൗലാനാ ഹസ്റത്ത് മൊഹാനി അധ്യക്ഷത വഹിച്ചു. പ്രസിഡന്റായി മുഹമ്മദ് ഇസ്മാഈൽ സാഹിബിനെ തെരഞ്ഞെടുത്തു. ഇസ്മയിൽ സാഹിബിന്റെ തട്ടകമാണല്ലോ മദിരാശി. തുടക്കം അത്ര സുഖകരമായിരുന്നില്ല. മദിരാശിയിൽ ലീഗ് രൂപവത്കരണം പ്രഖ്യാപിച്ചതിനു പിന്നാലെ ഹൈദരാബാദിൽ വെടിപൊട്ടി. ഇന്ത്യൻ യൂനിയനിൽ ലയിക്കാൻ മടിച്ച ഹൈദരാബാദിനെ ലയിപ്പിക്കാനുള്ള നടപടി. പട്ടാളത്തെക്കൊണ്ട് മൂന്നു നാളുകൾക്കകം നടപടി പൂർത്തിയാക്കി. ലയനം മുസ്‌ലിം ലീഗ് സ്വാഗതം ചെയ്തു. ‘‘ബോംബെയും മദിരാശിയും പോലെ ഹൈദരാബാദും ഇന്ത്യയുടെ ഭാഗമാണ്‌’’ എന്ന് ഇസ്മാഈൽ സാഹിബ് പ്രസ്താവിച്ചു. എന്നിട്ടും മദിരാശി ഗവൺമെന്റ് മുസ്‌ലിം ലീഗ് നേതാക്കളെ തിരഞ്ഞുപിടിച്ച് കരുതൽ തടങ്കലിലാക്കി. മുസ്‌ലിം ലീഗിൽനിന്ന് രാജിവെച്ചതായി പരസ്യം ചെയ്യാൻ ആളുകൾ പത്രമാപ്പീസുകൾക്കുമുന്നിൽ വരിനിന്ന കാലമായിരുന്നു അത്.

ഇതിനിടയിൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് തെരഞ്ഞെടുപ്പ്. പാകിസ്താനിലേക്കുപോയ സത്താർ സേട്ടിനുപകരം ബാഫഖിതങ്ങളെ മലബാർ ജില്ല ലീഗ് കമ്മിറ്റിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കുന്നുണ്ട്. ഡിസ്ട്രിക് ബോർഡ് തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടിയുമായി നീക്കുപോക്കുണ്ടാക്കി ലീഗ് രംഗത്തിറങ്ങി. ഭരണം കോൺഗ്രസ് പിടിച്ചു. സോഷ്യലിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ ലീഗ് പ്രതിപക്ഷനേതാവിന്റെ സ്ഥാനം നേടി. പിന്നെ മലപ്പുറം മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ്. പിന്നാലെ 1951-52 ലെ ആദ്യത്തെ പൊതു തെരഞ്ഞെടുപ്പ്, ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ച്. മദിരാശി നിയമസഭയിലേക്ക് മലബാറിൽനിന്ന് അഞ്ച് എം.എൽ.എമാരെ അയക്കാൻ ലീഗിനു കഴിഞ്ഞു.

മദിരാശി നിയമസഭയിൽ കോൺഗ്രസ് പരുങ്ങലിലായിരുന്നു. സുഖകരമായി ഭരിക്കാനുള്ള ഭൂരിപക്ഷമില്ല. ഗവർണർ ജനറലും ഗവർണറുമെല്ലാമായി തിരിച്ചെത്തിയ രാജാജിയെ ഒരുവിധം മുഖ്യമന്ത്രിയാക്കി. ഭൂരിപക്ഷത്തിനായി രാജാജി ഇസ്മാഈൽ സാഹിബിനോട് പിന്തുണ അഭ്യർഥിച്ചു. മലബാറിൽനിന്ന് കോൺഗ്രസിനോട് മത്സരിച്ച് നിയമസഭയിലെത്തിയ ഉപ്പി സാഹിബാണ് ലീഗിന്റെ നിയമസഭാകക്ഷി നേതാവ്. രാജാജിക്ക് പിന്തുണ കൊടുക്കാനായിരുന്നു ലീഗിന്റെ തീരുമാനം. അതിന് ഗുണമുണ്ടായി. മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിലയുള്ള മുതലായി മാറി. ഇസ്മാഈൽ സാഹിബിനെ രാജ്യസഭയിലെത്തിച്ചു. കാലാവധി പൂർത്തിയാക്കാതെ രാജാജി രാജിവെച്ചപ്പോൾ കാമരാജ് മുഖ്യമന്ത്രിയായി. അദ്ദേഹത്തിനും വേണ്ടിവന്നു, ലീഗിന്റെ പിന്തുണ. അതൊക്കെ മദിരാശി സംസ്ഥാനത്താണ്, മലബാർ അന്ന് മദിരാശിയുടെ ഭാഗവും.

1954ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് തെരഞ്ഞെടുപ്പ് വീണ്ടും. ഇക്കുറി ലീഗിന് എട്ട് അംഗങ്ങളുണ്ടായി. കെ. മൊയ്തീൻകുട്ടി എന്ന ബാവഹാജിയാണ് ബോർഡിൽ ലീഗ് നേതാവ്. കമ്യൂണിസ്റ്റുകൾക്കാണ് ഭരണം. പി.ടി. ഭാസ്കരപ്പണിക്കർ പ്രസിഡന്‍റ്. കോൺഗ്രസും കമ്യൂണിസ്റ്റുകളും തമ്മിൽ പൊരിഞ്ഞ പോരാണ്. ലീഗ് കക്ഷി ചേർന്നില്ല. അവർ കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഭരണസമിതിയുമായി സമാധാനപരമായ സഹവർത്തിത്വത്തിന്റെ നയം സ്വീകരിച്ചു.

ജി.എം. ബനാത്ത് വാലയും ഇബ്രാഹിം സുലൈമാൻ സേട്ടും

ഇതേക്കുറിച്ച് ഇ.എം.എസ്. എഴുതുന്നു: ‘‘മുസ്‌ലിം ലീഗുകാർ ഈ ബോർഡിൽ അംഗീകരിച്ച സമീപനം ഭാവി കേരളരാഷ്ട്രീയത്തിലേക്ക് വെളിച്ചം വീശുന്ന ഒരു സംഭവമാണ്. യാഥാസ്ഥിതിക മുസ്ലിം പ്രമാണിമാരുടെ പ്രാതിനിധ്യം വഹിക്കുന്ന ലീഗ് നേതാക്കൾക്ക് കമ്യൂണിസ്റ്റുകളോട് ഒരു അനുഭാവവും ഇല്ലായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. എങ്കിലും ബോർഡിനകത്തെ പ്രവർത്തനത്തിൽ കമ്യൂണിസ്റ്റുകളുമായി തികച്ചും സഹകരിച്ചുകൊണ്ടുള്ള സമീപനമാണ് അവർ അംഗീകരിച്ചത്. യാഥാർഥ്യം പറയുകയാണെങ്കിൽ, ലീഗ് -കമ്യൂണിസ്റ്റ് ബന്ധം സഹകരണാത്മകമായിത്തീർന്ന ആദ്യത്തെ ഉദാഹരണമായിരുന്നു അത്’’ ( കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ). ഇതൊക്കെയും സംഭവിക്കുന്നത് 1956 നവംബറിന് മുമ്പാണ്; കേരള സംസ്ഥാനം വരുംമുമ്പ്. ലീഗ് കോൺഗ്രസിനോടും കമ്യൂണിസ്റ്റ് പാർട്ടിയോടും കൊള്ളക്കൊടുക്കകൾ അന്നേ തുടങ്ങി. ഐക്യകേരളം വന്നു. 1956 നവംബർ 18 ന് എറണാകുളത്ത് ചേർന്ന സമ്മേളനത്തിൽ കേരള സംസ്ഥാന മുസ്‌ലിം ലീഗ് കമ്മിറ്റിക്ക് രൂപം നൽകി. അബ്ദുറഹ്മാൻ ബാഫഖിതങ്ങൾ പ്രസിഡന്റ്. കെ.എം. സീതി സാഹിബ് സെക്രട്ടറി. പിന്നീടിങ്ങോട്ട് ഇടതടവില്ലാത്ത ലീഗ് ചരിത്രം കേരളത്തിൽ മാത്രമാണ്. ഇസ്മാഈൽ സാഹിബിന്റെ തട്ടകമായിരുന്ന മദിരാശിയിൽ ഇപ്പോൾ ലീഗ് ഡി.എം.കെയുടെ അനുബന്ധകക്ഷി മാത്രമാണ്. ബിഹാർ, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, കർണാടക തുടങ്ങി ലീഗിന് എം.പിമാരും എം.എൽ.എമാരുമുണ്ടായിരുന്ന പല സംസ്ഥാനങ്ങളിലും ലീഗ് ഇന്ന് ഒരു അപരിചിത കക്ഷിയാണ്.

കേരളത്തിലാവട്ടെ എം.പി മാർ, എം.എൽ.എമാർ, പഞ്ചായത്തു പ്രസിഡന്റുമാർ അങ്ങനെ ഒന്നാംനിര രാഷ്ട്രീയ പാർട്ടിക്കുള്ള എല്ലാ പത്രാസുമുണ്ട്. പക്ഷേ, കേരളപ്പിറവിക്ക് മുമ്പ് കോൺഗ്രസിനെയും കമ്യൂണിസ്റ്റ് പാർട്ടിയേയും മോഹിപ്പിച്ചിരുന്ന മുസ്ലിം ലീഗ് ഇപ്പോൾ ആ രണ്ട് കക്ഷികൾക്കുമിടയിൽ മുട്ടുകുത്തി നിൽക്കുകയാണ്. നിയമസഭയിലാണോ ലോക്സഭയിലാണോ പോകേണ്ടത് എന്ന് അറിയാതെ വലയുന്ന നേതാക്കളും കോൺഗ്രസ് മുന്നണിയിലാണോ കമ്യൂണിസ്റ്റ് മുന്നണിയിലാണോ നിൽക്കേണ്ടത് എന്നറിയാത്ത പാർട്ടിയുമാണ് ഒടുവിലത്തെ ബാക്കിപത്രം.ഐക്യകേരളത്തിന്റെ ആദ്യത്തെ പത്തുവർഷംകൊണ്ട് കോൺഗ്രസ് മുന്നണിയിലും കമ്യൂണിസ്റ്റ് മുന്നണിയിലും കടന്നുചെന്ന് നേടാവുന്നതെല്ലാം നേടിയ രാഷ്ട്രീയപാർട്ടിയാണ് ബ്രേക്ക് ഡൗണായ ബസിലിരുന്ന് ഓവർടേക്ക് ചെയ്തുപോകുന്ന ബസിലേക്ക് കൊതിയോടെ നോക്കുന്നത്! നോക്കാനേ കഴിയുന്നുള്ളൂ. ഇറങ്ങി മാറിക്കയറാൻ ധൈര്യമില്ലതാനും. എങ്ങനെ ഈ ഗതിയിലെത്തി?

നിഴലുകൾ നയിക്കുമ്പോൾ

സ്വാതന്ത്ര്യത്തിനുശേഷമുള്ള പത്തുവർഷം, 1947 മുതൽ 1957 വരെ, മുസ് ലിം ലീഗിന് ഏറ്റവും ശക്തിയുള്ള മലബാർ മദിരാശി സംസ്ഥാനത്തായിരുന്നു. അവിടെ കോൺഗ്രസിന് പിന്തുണ കൊടുത്തിട്ടുണ്ട്. ആ നിയമസഭയിൽനിന്ന് ഇസ്മാഈൽ സാഹിബ് രാജ്യസഭയിലെത്തിയിട്ടുണ്ട്. സാക്ഷാൽ വല്ലഭ് ഭായ് പട്ടേലിന്റെ സംശയങ്ങൾ തീർത്തുകൊടുത്തിട്ടുണ്ട്. രാജ്യം യുദ്ധമുഖത്തേക്ക് നീങ്ങിയപ്പോൾ സ്വന്തം മകനെ പട്ടാളത്തിൽ എടുക്കാൻ പറഞ്ഞ ഇസ്മാഈൽ സാഹിബിനു മുന്നിൽ ജവഹർലാൽ നെഹ്റു നടുങ്ങിനിന്നിട്ടുണ്ട്. അതേയവസരം തന്നെ, മലബാറിൽ ലീഗുകാർ സഹകരിക്കാൻ കൊള്ളാവുന്ന പാർട്ടിക്കാരാണ് എന്ന് കമ്യൂണിസ്റ്റ് പാർട്ടിക്കാർക്ക് മനസ്സിലാക്കിക്കൊടുത്തിട്ടുണ്ട്. കോൺഗ്രസിനും കമ്യൂണിസ്റ്റ് പാർട്ടിക്കും ഇടയിൽ സോഷ്യലിസ്റ്റ് പാർട്ടി എന്ന നിതാന്തസഖ്യകക്ഷിയെ കണ്ടെത്തിയിട്ടുണ്ട്.

അങ്ങനെയങ്ങനെ ഐക്യകേരളത്തിലെത്തി. 1957 ൽ ആദ്യത്തെ തെരഞ്ഞെടുപ്പിൽ ആത്മാർഥ സഖ്യകക്ഷിയായ പി.എസ്.പിയുമായി ചേർന്ന് മത്സരിച്ചു. 1960 ൽ ലീഗും പി.എസ്.പിയും കോൺഗ്രസും ചേർന്ന് മത്സരിച്ചു. 1965 ൽ ആരും ആരോടും സഖ്യമുണ്ടാക്കിയില്ല എന്നൊക്കെയാണ് പറഞ്ഞതെങ്കിലും ലീഗ് സി.പി.എമ്മിനെയും സി.പി.എം ലീഗിനേയും സഹായിച്ചു. 1965ൽ പക്ഷേ, നിയമസഭ ചേരാതെ പോയി. 1967ൽ ലീഗ് സി.പി.എമ്മും സി.പി.ഐയുമുള്ള മുന്നണിയിൽ. ആദ്യമായി ലീഗിന് മന്ത്രിസ്ഥാനം കിട്ടുന്നത് ആ മുന്നണിയിലാണ്. 1970 കളിലേക്ക് കടക്കുമ്പോൾ ലീഗിനെ കാണുന്നത് മുന്നണിയുടെ ഘടനയും മുഖ്യമന്ത്രിയേയുമൊക്കെ തീരുമാനിക്കാൻ കഴിവുള്ള പാർട്ടിയായാണ്. 1969 ലെ അച്യുതമേനോൻ സർക്കാറിന്റെചരിത്രം അതാണ്. ആ മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പ് ലീഗിനായിരുന്നു. സി.എച്ച്. മുഹമ്മദ് കോയ ആഭ്യന്തര മന്ത്രി. 1970 മുതൽ ’77 വരെ നീണ്ടുനിന്ന അച്യുതമേനോൻ മന്ത്രിസഭയിലും ലീഗ് തുടർന്നു. കോൺഗ്രസ്, സി.പി.ഐ, ലീഗ് സഖ്യം. ലീഗിന്റെ നേതാക്കൾ മുന്നണിയുടെ അനിഷേധ്യ നേതാക്കളായി.

കാലംമാറുകയാണ്. ബാഫഖി തങ്ങൾ മറഞ്ഞ് പാണക്കാട് പൂക്കോയ തങ്ങളും സീതിസാഹിബ് അസ്തമിച്ച് സി.എച്ച്. മുഹമ്മദ് കോയയും ഉദിച്ചുകഴിഞ്ഞിരുന്നു. എന്നിട്ടും ലീഗിന്റെ നേതൃനിര ഉജ്ജ്വലമായി തിളങ്ങി. ഇസ്മാഈൽ സാഹിബും മൺമറഞ്ഞു. ആ പാരമ്പര്യം ഇബ്രാഹിം സുലൈമാൻ സേട്ടും ബനാത്ത് വാലയും പാർലമെന്റിൽ തുടർന്നു. അതിനായി അവരെ മലബാറിൽനിന്ന് പാർലമെന്റിൽ എത്തിച്ചു. ന്യൂനപക്ഷ അവകാശ സംരക്ഷണത്തിന് നിയമം നിർമിക്കാൻവരെ അവർക്കായി. ഇന്ത്യയുടെ ഏതു ഭാഗത്ത് ന്യൂനപക്ഷം പീഡിപ്പിക്കപ്പെട്ടാലും ലീഗ് എം.പി മാർ ഓടിയെത്തിയിരുന്ന കാലം.

1979 ഒക്ടോബർ 12 ന് സി.എച്ച്. മുഹമ്മദ് കോയ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കുറഞ്ഞ കാലമായിരിക്കാം, സ്വതന്ത്ര ഇന്ത്യയിൽ ഒരു മുസ് ലിം ലീഗുകാരൻ മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നു. സി.എച്ച് രാജിവെച്ചതോടെ തെരഞ്ഞെടുപ്പാണ്. 1980 ജനുവരിയിൽ. 1980കളിൽ മുസ് ലിം ലീഗിനെ കാണുന്നത് കോൺഗ്രസിന്റെ മുഖ്യ സഖ്യകക്ഷിയായാണ്. നേതൃത്വം പിന്നെയും മാറി. 1983ൽ സി.എച്ചും കണ്ണടച്ചു. ആ ഒഴിവ് നികത്തിയത് ഇ. അഹമ്മദ്. നേതൃനിര ആകെ മാറി. യു.എ. ബീരാൻ, കൊരമ്പയിൽ അഹമ്മദ് ഹാജി, സീതി ഹാജി അങ്ങനെയൊരു നിര. എൺപതുകളിൽ ഇ.എം.എസ് ശരീഅത്ത് വിവാദം ഉയർത്തിയതും ന്യൂനപക്ഷ രാഷ്ട്രീയത്തെ വർഗീയ രാഷ്ട്രീയമായി ചാപ്പകുത്തിയതും കോൺഗ്രസിന് ലാഭമായി. ലീഗിന് പഴയതുപോലെ കമ്യൂണിസ്റ്റ് പക്ഷത്തേക്കുപോകാൻ എളുപ്പമല്ല എന്ന് കോൺഗ്രസ് മനസ്സിലാക്കി. എങ്കിലും ശരീഅത്ത് വിവാദം ലീഗിന് വോട്ട്ലാഭം ഉണ്ടാക്കിക്കൊടുത്തു. ഏറ്റവും വലിയ വോട്ട് വിഹിതം കിട്ടിയത് 1987ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ്.

തൊണ്ണൂറുകളിൽ പിന്നെയും തലമുറമാറ്റം. ഇ. അഹമ്മദിന് ദേശീയ രാഷ്ട്രീയത്തിലേക്ക് കയറ്റം കിട്ടി. എം.പിയാക്കി ഡൽഹിയിലേക്ക് കയറ്റിവിട്ടു എന്നും പറയാം. പക്ഷേ, അദ്ദേഹം അത് സാധ്യതയായി ഉപയോഗിച്ചു. പാർലമെന്റിലും അന്താരാഷ്ട്ര വേദികളിലും തിളങ്ങി. പക്ഷേ, ഇസ്മാഈൽ സാഹിബിന്റെയും സേട്ടു-ബനാത്ത് വാലമാരുടെയും അത്ര ലീഗുവീര്യം ഇ. അഹമ്മദിൽ കണ്ടില്ല. അദ്ദേഹം പലപ്പോഴും പഴയ ‘ദേശീയമുസ് ലിം’ നേതാക്കളെ അനുകരിച്ചു. പലപ്പോഴും കോൺഗ്രസിന്റെ പ്രതിനിധിയായി തോന്നിച്ചു. 1985 ൽ ശരീഅത്ത് വിവാദം ലീഗിനെ ശക്തിപ്പെടുത്തി. പിളർന്നുപോയ അഖിലേന്ത്യാ ലീഗിനെ ലയിപ്പിക്കാൻ അന്ന് കഴിഞ്ഞു. എന്നാൽ, 1992 ൽ ബാബരി മസ്ജിദ് വിവാദം വന്നപ്പോൾ ലീഗ് പിളരുകയാണ് ചെയ്തത്. ഇബ്രാഹിം സുലൈമാൻ സേട്ട് പുറത്തായി. 1990കൾ പുതുതലമുറയുടേതാണ്. സുലൈമാൻ സേട്ട് ഒഴിഞ്ഞിടത്തേക്ക് ബനാത്ത് വാലയെയും ആ ഒഴിവിലേക്ക്‌ ഇ. അഹമ്മദിനേയും നീക്കി നിർത്തി. നേതൃത്വം പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കൈകളിലായി. സംസ്ഥാന ജനറൽ സെക്രട്ടറി പാർട്ടിയിലെ ഏറ്റവും പ്രബലനായി. സംസ്ഥാന പ്രസിഡന്റ് സ്ഥാനം പാണക്കാട് സ്ഥിരം നിക്ഷേപമായി.

ലീഗിന്റെ ശക്തിവർധിച്ചെങ്കിലും പ്രഹരശേഷി കുറയുന്നതാണ് 1990 കളിൽ കണ്ടത്. ’90ന്റെ അവസാനം യു.ഡി.എഫ് വിട്ട സന്ദർഭം ഓർക്കുക. സാധാരണഗതിയിൽ ലീഗ് ഒരു മുന്നണി വിട്ടാൽ മറുപക്ഷം സ്വാഗതം ചെയ്യലാണ് പതിവ്. എന്നാൽ, ’90ൽ ഇ.എം.എസ് ഞെട്ടിച്ചു. ‘എൽ.ഡി.എഫിൽ ചേ​േക്കറാം എന്നു കരുതി മുന്നണി വിടേണ്ട എന്നു തുറന്നു പറഞ്ഞു’ -മാസങ്ങൾക്കകം ലീഗിന് തിരിച്ച് യു.ഡി.എഫിൽ കയറേണ്ടി വന്നു.

രണ്ടായിരങ്ങൾ ആ തളർച്ച ഗുരുതരമാക്കുകയാണ് ചെയ്തത്. യു.ഡി.എഫ് അവസാനമായി ഭരിച്ചപ്പോഴുണ്ടായ അഞ്ചാം മന്ത്രി വിവാദം നോക്കുക. യു.ഡി.എഫ് കുറഞ്ഞ ഭൂരിപക്ഷത്തിന് ഭരണം നേടിയ കാലമാണ്. കഷ്ടിച്ച് 71 സീറ്റ്. അതിൽ തന്നെ കോൺഗ്രസിന് 38 മാത്രം. അതിന്റെ പകുതിയിലധികം എം.എൽ.എ മാർ ലീഗിനുണ്ട്. സ്വാഭാവികമായും ഉപമുഖ്യമന്ത്രിസ്ഥാനമോ, കൂടുതലൊരു മന്ത്രിസ്ഥാനമോ അത്രയും പ്രബലമായ പാർട്ടിക്ക് കിട്ടേണ്ടതാണ്. ലീഗ് അത് ചോദിച്ചതോടെ ആകെ തകർന്നു. ചരിത്രത്തിൽ ആദ്യമായി മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് പാണക്കാട്ട് നിന്നിറങ്ങി കോട്ടയത്തേക്ക് പോകേണ്ടിവന്നു, മുഖ്യമന്ത്രിയുമായി ചർച്ച നടത്താൻ! എന്നിട്ടും ലീഗ് അവിഹിതമായി എന്തോ ചോദിച്ചു എന്ന പ്രതീതിമാത്രം ബാക്കിയായി. പ്രതിസന്ധികളെ സാധ്യതകളാക്കി മാറ്റാനുള്ള പോരാട്ടവീര്യം ലീഗിന് നഷ്ടമായി. തലമുറ മാറുംതോറും വീറ് കുറഞ്ഞുവന്നു. നയിക്കാൻ വന്ന ചെറുപ്പക്കാർ മുൻഗാമികളേക്കാൾ വൃദ്ധരായിരുന്നു.

ഇപ്പോൾ, നേതാക്കൾ കോൺഗ്രസുമായി ചർച്ചക്ക് പോവുന്നതുതന്നെ ‘ലീഗ് വിട്ടുവീഴ്ച ചെയ്യുന്ന പാർട്ടിയാണ്’ എന്ന മുൻകൂർ പ്രസ്താവനയും കൊണ്ടാണ്. അതോടെ വിലപേശൽ ശേഷി തകരുന്നു. അത് പുതിയ ലീഗ് നേതാക്കൾക്ക് അറിയാഞ്ഞിട്ടാണോ അതോ വിലകുറഞ്ഞതുകൊണ്ടാണോ എന്തോ! ഇ. എം.എസിന്റെ വാശിയിലല്ല ഇപ്പോഴത്തെ സി.പി.എം നേതാക്കൾ. എൽ.ഡി.എഫിൽ ചേക്കേറാൻ വരേണ്ടെന്ന് അവർ പറയുന്നില്ല. ലീഗ് വർഗീയശക്തിയാണെന്ന് തറപ്പിച്ച് പറയുന്നില്ല. ഇടക്കിടെ അങ്ങനെയല്ലെന്ന സർട്ടിഫിക്കറ്റ് പുതുക്കി കൊടുക്കുന്നുണ്ട്. പച്ചക്കൊടി വീശിനോക്കുന്നുണ്ട്. ധൈര്യമായി യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിലേക്കുപോകാൻ കേരള കോൺഗ്രസ് -എം കാണിച്ച ധൈര്യം ലീഗ് കാണിക്കുന്നില്ല. അതുകൊണ്ട്, രണ്ടാംടേമും പ്രതിപക്ഷത്തിരിക്കുന്നു.

കേരളത്തിന്റെ മുന്നണിരാഷ്ട്രീയത്തിൽ ലീഗിനെപോലെ ഏതു മുന്നണിക്കും സ്വീകാര്യമായിരുന്ന രാഷ്ട്രീയ പാർട്ടിക്ക് ഇതൊരു കുറവുതന്നെയാണ്. വിലപേശൽ ശേഷിയുടെ കുറവ്. ആത്മവിശ്വാസത്തിന്റെ കുറവ്. ഉള്ളടക്കത്തിൽ രാഷ്ട്രീയം കുറയുമ്പോഴാണ് ഒരു രാഷ്ട്രീയ പാർട്ടിക്ക് ഉള്ളുറപ്പ് കുറയുന്നത്. നേതാക്കൾക്കു പകരം അവരുടെ നിഴലുകൾ നയിക്കുമ്പോഴാണ് പ്രസ്ഥാനങ്ങൾക്ക് പക്ഷാഘാതം വരുന്നത്. അതാണിപ്പോൾ, എഴുപത്തഞ്ചാം വയസ്സിൽ ലീഗിന് വന്നത്. നിയമസഭയിലോ ലോക്സഭയിലോ പോകേണ്ടത് എന്നറിയാതെ അങ്കലാപ്പിലായ നേതാവ് ഇന്നത്തെ ലീഗിന്റെ പ്രതീകംകൂടിയാണ്. യു.ഡി.എഫിലോ എൽ.ഡി.എഫിലോ നിൽക്കേണ്ടത് എന്നറിയാത്ത ലീഗിന്റെ !

(അവസാനിച്ചു)

Tags:    
News Summary - article on old kerala politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.