ജ്ഞാനമേഖലയിലെ സർവകാര്യങ്ങളും യന്ത്രങ്ങൾക്ക് വിട്ടുകൊടുക്കരുത്. അങ്ങനെ ചെയ്യുന്നത് സാങ്കേതിക ആശ്രിതത്വം വർധിപ്പിക്കുമെന്ന് മാത്രമല്ല, മാനുഷിക അനുഭവത്തിെൻറ അനിവാര്യ വശങ്ങളെയും വിമർശനാത്മക ചിന്തയെയും ദുർബലപ്പെടുത്തുകയും ചെയ്യും. എങ്ങനെ ചിന്തിക്കണമെന്ന് കുട്ടികളെ പഠിപ്പിക്കുന്നത് നാം തുടരുകതന്നെ വേണം
അടുത്തിടെ ഗൂഗ്ളിെൻറ സംഭാഷണ ചാറ്റ്ബോട്ടായ ബാർഡിനോട് ഞാൻ ചോദിച്ചു, അധ്യാപകരുടെ സ്ഥാനം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൈയടക്കുമോ എന്ന്. സമീപഭാവിയിൽ അത്തരമൊരു സമ്പൂർണ മാറ്റത്തിന് സാധ്യത കുറവാണ് എന്നായിരുന്നു മറുപടി.
ഒരു ഹൃദയത്തെ പരിപോഷിപ്പിക്കാനും സുഖപ്പെടുത്താനും വേദനിക്കുന്ന മറ്റൊരു ഹൃദയത്തിെൻറ ആവശ്യമുണ്ടെന്ന് ഒരു കാവ്യസന്ധ്യയിൽവെച്ച് സുഹൃത്തിനോട് തമാശയായി പറഞ്ഞതോർക്കുന്നു. ഞാൻ ഇങ്ങനെ കൂടിപ്പറഞ്ഞു: നിർമിത ബുദ്ധിക്ക് അത്തരമൊരു ഹൃദയവേദന സംഭവിക്കുവോളം വരുംതലമുറയുടെ ചിന്തയും ബുദ്ധിയും പരിപോഷിപ്പിക്കാൻ മനുഷ്യ അധ്യാപകരിൽത്തന്നെ വിശ്വാസമർപ്പിക്കണം.
എന്നിരുന്നാലും നിർമിതബുദ്ധി തങ്ങളുടെ ജീവിതത്തെയും ക്ലാസ് മുറികളെയും ബാധിക്കുന്നതു സംബന്ധിച്ച് അധ്യാപക സമൂഹത്തിൽ വളർന്നുവരുന്ന ചോദ്യങ്ങളെയും ആകുലതകളെയും നമുക്ക് അവഗണിക്കാനാവില്ല. സാധാരണഗതിയിൽ മനുഷ്യർ ചെയ്തുപോരുന്ന ബുദ്ധിപരമായ പ്രവൃത്തികൾ നിർവഹിക്കാൻ കെൽപുള്ള നിർമിതബുദ്ധി സംവിധാനങ്ങൾ രൂപപ്പെടുത്തിയെടുക്കാനുള്ള ഗവേഷണ പഠനങ്ങൾക്കായി സർക്കാറുകളും സ്ഥാപനങ്ങളും വൻകിട വ്യവസായികളും ഭീമമായ തുകയാണ് ഇക്കുറഞ്ഞ വർഷങ്ങളിൽ മാത്രം ചെലവിട്ടിരിക്കുന്നത്. ഉദാഹരണത്തിന് ബാർഡും, ചാറ്റ് ജി.പി.ടിയും പോലുള്ള ചാറ്റ്ബോട്ടുകൾക്ക് ഉപന്യാസങ്ങളും കമ്പ്യൂട്ടർ കോഡുകളും മുതൽ അതിമനോഹരമായ കവിതകൾ വരെ എഴുതാൻ സാധിക്കും. ‘സിരി’ പോലുള്ള സഹായ സംവിധാനങ്ങൾക്കും ഇ-കോമേഴ്സ് സൈറ്റുകളിൽ ഉൽപന്നങ്ങൾ ശിപാർശ ചെയ്യുന്നതിനും രോഗ നിർണയത്തിനുംവരെ എ.ഐ ഉപയോഗിക്കപ്പെടുന്നു.
നിലവിൽ മിക്കവാറും കാര്യങ്ങളിലും എ.ഐ മനുഷ്യരെക്കാൾ പിന്നിലാണ്, പ്രത്യേകിച്ച് സാങ്കേതിക മികവിെൻറയും സാമൂഹിക-വൈകാരിക വൈദഗ്ധ്യങ്ങളുടെയും സമന്വയം ആവശ്യമുള്ള സങ്കീർണ ജോലികളിൽ. എന്നാൽ, സമീപഭാവിയിൽ അതു മനുഷ്യർക്ക് പൂരകമായി മാറുമെന്ന് പല വിദഗ്ധരും സമ്മതിക്കുന്നു. എ.ഐ ഇത്തരമൊരു പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണെങ്കിൽപ്പോലും ജ്ഞാനമേഖലയിലെ സർവകാര്യങ്ങളും യന്ത്രങ്ങൾക്ക് വിട്ടുകൊടുക്കരുത്. അങ്ങനെ ചെയ്യുന്നത് സാങ്കേതിക ആശ്രിതത്വം വർധിപ്പിക്കുമെന്ന് മാത്രമല്ല, മാനുഷിക അനുഭവത്തിെൻറ അനിവാര്യ വശങ്ങളെയും വിമർശനാത്മക ചിന്തയെയും ദുർബലപ്പെടുത്തുകയും ചെയ്യും. എങ്ങനെ ചിന്തിക്കണമെന്ന് കുട്ടികളെ പഠിപ്പിക്കുന്നത് നാം തുടരുകതന്നെ വേണം.
ചിന്തയും അറിവും ജനാധിപത്യവത്കരിക്കുന്നതിനുള്ള ഉപാധിയായി വിദ്യാഭ്യാസത്തെ പുനർവിചിന്തനം ചെയ്യാൻ എ.ഐ നമ്മെ നിർബന്ധിതമാക്കുന്നു എന്നത് നിഷേധിക്കാനാവില്ല. ലോകജനസംഖ്യയുടെ ഏകദേശം 40 ശതമാനം പേരും 24 വയസ്സിന് താഴെയുള്ളവരാണ്. ഈ യുവതലമുറയെ യന്ത്രങ്ങളുടെ പുതുയുഗത്തിലേക്ക് സജ്ജരാക്കുന്നതിൽ സ്കൂളുകൾ പരാജയപ്പെട്ടാൽ, സാമൂഹിക- സാമ്പത്തികവുമായ അനന്തരഫലങ്ങൾ ഭയാനകമായേക്കാം. വിദ്യാഭ്യാസ മേഖലയിലെ ഗുണകരമായ മാറ്റങ്ങൾക്ക് അടിവരയിടാനുള്ള ശേഷി എ.ഐക്കുണ്ട്. ഉദാഹരണത്തിന് എ.ഐ അധിഷ്ഠിതമായ ആപ്പുകൾ കാഴ്ച-കേൾവി പരിമിതികളുള്ള പഠിതാക്കളുടെ സ്കൂൾ പ്രവേശനക്ഷമത ഗണ്യമായി വർധിപ്പിക്കും. ആൾശേഷിയും എണ്ണവും കുറവുള്ള സാഹചര്യത്തിൽ അധ്യാപകരുടെ ജോലിഭാരം ലഘൂകരിക്കാനും സാധിക്കും. എന്നിരുന്നാലും പഠനത്തിെൻറ മുഖ്യ കേന്ദ്രമായി മനുഷ്യ അധ്യാപകർ തുടരണം.
സാങ്കേതികവിദ്യ ദോഷംചെയ്യാനുള്ള ഉയർന്ന സാധ്യതയും മറുവശത്തുണ്ട്. ഉദാഹരണമായി പറഞ്ഞാൽ, എ.ഐ വിദ്യ വിദ്യാർഥികളെ പരീക്ഷകളിൽ കോപ്പിയടിക്കാൻ സഹായിക്കും. കൂടാതെ, എ.ഐ ചാറ്റ്ബോട്ടുകൾ പലപ്പോഴും നൽകുന്ന മറുപടികളിൽ ലൈംഗികത, വംശീയത, വസ്തുതാപരമായി തെറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്.
അങ്ങനെ വരുേമ്പാൾ അധ്യാപകർ എന്തുചെയ്യണം? കൂടുതൽ മികച്ച ചോദ്യങ്ങൾ ചോദിക്കാൻ കുട്ടികളെ സജ്ജരാക്കണം. കാമറൂണിലെ ഒരു സർവകലാശാല ഉദ്യോഗസ്ഥൻ ഈയിടെ എന്നോടു പറഞ്ഞത് എ.ഐക്കും സാങ്കേതിക വിദ്യകൾക്കുംവേണ്ടി വിദ്യാർഥികളെ നമ്മുടെ ക്ലാസ് റൂമുകൾ എപ്രകാരമാണ് ഒരുക്കുന്നത് എന്ന അന്വേഷണത്തിലാണ് താനും സഹപ്രവർത്തകരുമെന്നാണ്. കൂടുതൽ കൂടുതൽ അധ്യാപകരും വിദ്യാഭ്യാസ ഉദ്യോഗസ്ഥരും ഇമ്മട്ടിൽ ചിന്തിക്കേണ്ടതുണ്ട്.
അതിനായി, പാഠ്യപദ്ധതികളും സിലബസും അധ്യാപക നൈപുണ്യവികസന പരിപാടികളും പുനരവലോകനം ചെയ്യണം, എ.ഐ സാക്ഷരത, അതിെൻറ കഴിവുകൾ, അപകടസാധ്യത, നൈതികത തുടങ്ങിയ വിഷയങ്ങളും ഇതിനൊപ്പം ചേർക്കണം. ഉത്തരം നൽകുന്നതിൽ യന്ത്രങ്ങൾക്ക് മികവ് വർധിക്കുന്നതിനാൽ കൂടുതൽ മികച്ച ചോദ്യങ്ങൾ ചോദിക്കാൻ അധ്യാപകർ വിദ്യാർഥികളെ പ്രാപ്തരാക്കണം. സ്കൂളുകൾ വിദ്യാർഥികളെ ജിജ്ഞാസുക്കളാക്കാൻ പ്രേരിപ്പിക്കണം, അത് പ്രാഥമിക ഗവേഷണത്തിന് അത്യന്താപേക്ഷിതമാണ്.
അതിനൊപ്പം, തൊഴിൽ വിപണിയിലെ ദ്രുതപരിവർത്തനത്തിന് എ.ഐ ഇടയാക്കുന്നതിനാൽ, അതുമായി പൊരുത്തപ്പെടാനുള്ള സാമൂഹിക-വൈകാരിക കഴിവുകൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. വിദ്യാർഥികളെ പഠിക്കാൻ സഹായിക്കുക മാത്രമല്ല, ആജീവനാന്ത പഠനത്തെ സ്നേഹിക്കാൻ അവരെ പ്രചോദിപ്പിക്കുകയും വേണം.
തെറ്റായ വിവരങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ എ.ഐ കൂടുതൽ വഷളാക്കുമെന്ന കാര്യം ഉറപ്പാണ്. ഇന്റർനെറ്റ് കണക്ഷനുള്ള ആർക്കും ഒരു എ.ഐ പ്ലാറ്റ്ഫോമിലേക്ക് പ്രോംപ്റ്റ് നൽകിക്കൊണ്ട് ഏതു വിഷയത്തിലും വാദങ്ങൾ നിർമിച്ചെടുക്കാൻ സാധിക്കുന്ന അവസ്ഥ സംജാതമാകും.
യുവതലമുറയെ പൊതുവായ ഇടംകണ്ടെത്താനും തങ്ങൾ അംഗീകരിക്കാത്ത ആളുകളുമായി സമാധാനപരമായ സംഭാഷണങ്ങൾ നടത്താനും നാം പരിശീലിപ്പിച്ചില്ലെങ്കിൽ സ്വന്തം വാദഗതിയിലും ചിന്തയിലും മാത്രം ശഠിച്ചുനീങ്ങുന്ന സാഹചര്യം (എക്കോ ചേംബറുകൾ) ഗണ്യമായി വളരും. തീവ്രവാദത്തിെൻറയും ധ്രുവീകരണത്തിെൻറയും തീനാമ്പുകളെ ആളിക്കത്തിക്കാനും എ.ഐ ഉപയോഗിക്കപ്പെട്ടേക്കും.
അധ്യാപകരിൽനിന്ന് വ്യക്തിഗത ശ്രദ്ധ ലഭിക്കുേമ്പാഴാണ് കുട്ടികൾക്ക് കൂടുതൽ നന്നായി പഠിക്കാനാവുകയെന്ന് കാലങ്ങളായി നാം മനസ്സിലാക്കിപ്പോന്നതാണ്. എന്നാൽ, അധ്യാപക ക്ഷാമവും വിദ്യാർഥികളുടെ എണ്ണപ്പെരുക്കവും ഇത് അസാധ്യമാക്കുന്നു, പ്രത്യേകിച്ച് കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ. ഇത്തരം സാഹചര്യങ്ങളിൽ മാറ്റമുണ്ടാക്കാൻ എ.ഐക്ക് കഴിഞ്ഞേക്കും.
എ.ഐ അധിഷ്ഠിത പഠന സാങ്കേതികവിദ്യകൾ അക്ഷരങ്ങളും സംഖ്യകളും പഠിപ്പിക്കുന്നതിൽ ഇതിനകം തന്നെ നല്ല ഫലങ്ങൾ കാണിക്കുന്നു. ഇവ വിദ്യാർഥികളുടെ അറിവും കഴിവുകളും വിലയിരുത്തുകയും പോരായ്മകൾ തിരിച്ചറിയുകയും ചെയ്യുന്നു. പഠന ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഫീഡ്ബാക്കും നൽകുന്നു. ലോകബാങ്ക് നടത്തിയ അവലോകനത്തിൽ ലോകമൊട്ടുക്കും ഇതു സംബന്ധിച്ച് ശുഭകരമായ ഫലങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. അധ്യാപകരുടെ പ്രയത്നങ്ങൾ പൂർത്തീകരിക്കാനും വിദ്യാഭ്യാസ ഫലങ്ങളിൽ കാര്യമായ പുരോഗതി കൈവരിക്കാനും ഇതുവഴി സാധിക്കും.
കൂടുതൽ വ്യക്തമായി പറഞ്ഞാൽ, വിദ്യാഭ്യാസ മേഖലയിൽ മനുഷ്യ അധ്യാപകരുടെ സ്ഥാനം നിർണായകമായി തുടരും. ലൈബ്രറികളും സെർച്ച് എൻജിനുകളും അധ്യാപകരിൽനിന്ന് ബോധന ഉത്തരവാദിത്തം ഏറ്റെടുക്കാഞ്ഞതുപോലെ, എ.ഐ വിദ്യാഭ്യാസ യുഗവും മനുഷ്യ അധ്യാപക കേന്ദ്രീകൃതമായി തുടരണം.
അധ്യാപകർ അഭിലഷണീയമായ പഠന ലക്ഷ്യങ്ങൾ മുന്നോട്ടുവെക്കുകയും നിർദേശങ്ങൾ നൽകി നയിക്കുകയും മറ്റ് പ്രധാന ജോലികൾക്കിടയിൽ പഠിതാക്കളെ പ്രചോദിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കും.
വിദ്യാഭ്യാസ രംഗത്ത് എ.ഐ ഉപയോഗപ്പെടുത്തുേമ്പാൾ സ്വകാര്യത, ഉൾക്കൊള്ളൽ, പക്ഷപാതം, കൃത്യത തുടങ്ങിയ പ്രശ്നങ്ങൾ കണക്കിലെടുക്കേണ്ടതുണ്ട്. നിലവിൽ, പലപ്പോഴും കൃത്യമല്ലാത്തതും പക്ഷപാതപരവും വംശീയവും ലിംഗവിവേചനപരവുമായ പ്രതികരണങ്ങൾ എ.ഐ മുഖേനെ സൃഷ്ടിക്കപ്പെടുന്നുണ്ട്.
ഇതു പരിഹരിക്കാൻ അക്കാദമിക് സ്ഥാപനങ്ങൾക്ക് കഴിയും. എ.ഐയെ കൂടുതൽ സുരക്ഷിതവും ഉൾക്കൊള്ളുന്നതും കൃത്യവുമാക്കാൻ ലക്ഷ്യമിടുന്ന സംവാദത്തിനും ഗവേഷണത്തിനും പരീക്ഷണത്തിനുമുള്ള ഇടങ്ങളായി അവ പ്രവർത്തിക്കും. യാഥാർഥ്യത്തിൽനിന്ന് ഹൈപ്പിനെ വേർതിരിക്കുന്നതിനും, പങ്കിട്ട മനുഷ്യവികസനത്തിന് ദോഷകരമാവുന്നതിനുപകരം സാങ്കേതികവിദ്യ ഉപകാരപ്രദമാകുന്നുവെന്ന് ഉറപ്പാക്കുന്നതിനും സർവകലാശാലകളുടെ കർശനമായ ഗവേഷണ നിരീക്ഷണങ്ങൾക്ക് സാധിക്കും. നൂതനാശയങ്ങൾ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നതിനപ്പുറമുള്ള വഴികളിലൂടെയാണ് മുന്നേറുക. എ.ഐക്കാലം എന്തൊക്കെയാണ് കരുതിവെച്ചിരിക്കുന്നതെന്ന് നമുക്കാർക്കുമറിഞ്ഞുകൂടാ.
എന്നിരുന്നാലും, അത് മാറ്റത്തിെൻറ വേഗത ത്വരിതപ്പെടുത്തുമെന്ന് നമുക്കറിയാം. വിദ്യാഭ്യാസം വികസിക്കേണ്ടതുണ്ട്. അതിനാൽ, യന്ത്രങ്ങൾ ചിന്തിക്കുന്ന ഒരു ലോകവുമായി പൊരുത്തപ്പെടുന്ന വിധത്തിൽ നമ്മുടെ പാഠ്യപദ്ധതികളും അധ്യാപന സാങ്കേതികതകളും ക്രമീകരിക്കാൻ നമുക്കാവും.
ഈ യാത്ര ദൈർഘ്യമേറിയതാണ്, കാലിടറാനും വീണുപോകാനും സാധ്യതയുണ്ട്, പക്ഷേ നമുക്ക് വീണ്ടും എഴുന്ന് നിന്നേ മതിയാവൂ, അറിവ് ജനാധിപത്യവത്കരിക്കപ്പെടുകയും പൊതുനന്മയ്ക്കായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന ലോക നിർമിതിക്കായി നിർമിതബുദ്ധിയുടെ സംഭാവന ഉറപ്പാക്കാൻ നമുക്ക് യാത്ര തുടരുക തന്നെ വേണം.
(ലോകബാങ്കിൽ വിദ്യാഭ്യാസ
വിദഗ്ധനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.