പൗരത്വത്തില്‍ സംശയം പ്രകടിപ്പിച്ച് നോട്ടീസ് കിട്ടിയ മഹ്മൂദിനു വേണ്ടി ഫോറിനേഴ്സ് ട്രൈബ്യൂണലിനു മുമ്പാകെ ഹാജരാകാന്‍ യൂനിഫൈഡ് പീപ്ള്‍സ് മൂവ്മെൻറിെൻറ നിലിം ദത്ത രാവിലെ ഗുവാഹതിയില്‍നിന്ന് മൂന്നര മണിക്കൂര്‍ യാത്ര ചെയ്ത് ബാര്പെട്ടയിലെത്തിയപ്പോള് 10 മണി കഴിഞ്ഞു. കേസ് വിളിക്കുംമുേമ്പ ഓടിക്കിതച്ച് ട്രൈബ്യൂണലില്‍ കയറിയപ്പോള്‍ കേസ് കേള്‍ക്കാന്‍ ന്യായാധിപന് എത്തിയിട്ടില്ല. അര മണിക്കൂര്‍ കഴിഞ്ഞിട്ടും കാണാതെ വന്നപ്പോള്‍ കാര്യം തിരക്കി. അര മണിക്കൂര്‍ കാത്തിരിക്കൂ എന്ന് മറുപടി. 12 മണിയോടടുത്തിട്ടും ആളെത്തിയില്ല. രണ്ട് മണിക്കൂറായിട്ടും എന്തേ എന്ന് ചോദിച്ചപ്പോള്‍ ബാങ്കില്‍ പോയിട്ടേ എത്തൂ എന്ന് ഗുമസ്തന്. നിര്‍ണായകമായ കേസ് കേള്‍ക്കേണ്ടയാള്‍ ആ നേരത്താണോ ബാങ്കില്‍ പോകുകയെന്ന് ചോദിച്ചപ്പോള്‍ വല്ലാതെ പ്രശ്നമുണ്ടാക്കിയാല്‍ നിങ്ങളുടെ കക്ഷിയെ വിദേശിയായി പ്രഖ്യാപിക്കുമെന്നായിരുന്നു ഭീഷണി. അത് ഗൗനിക്കാതെ ട്രൈബ്യൂണലില്‍ ന്യായാധിപനില്ലാതെ കിടക്കുന്നതിെൻറ വിഡിയോയും ചിത്രങ്ങളും മൊബൈലില്‍ പകര്‍ത്തിയ നിലിം ദത്ത ന്യായാധിപന് വന്നപ്പോള്‍ താനിത് സുപ്രീംകോടതി മുമ്പാകെ സമര്‍പ്പിക്കുമെന്ന് പറഞ്ഞു. ഗുമസ്തെൻറ ഭീഷണി ആവര്‍ത്തിക്കുകയായിരുന്നു ട്രൈബ്യൂണലും.
അന്വേഷണ റിപ്പോര്‍ട്ടില്‍ പേരും വിലാസവും മാത്രം
ട്രൈബ്യൂണലില്‍ ഹാജരാകാനുള്ള നോട്ടീസിന് ആധാരമായ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും അതിന്മേല് ജില്ല പൊലീസിെൻറ അന്വേഷണ റിപ്പോര്‍ട്ടും ചോദിച്ചപ്പോള്‍ ഒന്നാം പേജിലെ ഏതാനും കോളങ്ങള്‍ മാത്രം പൂരിപ്പിച്ച ഒരു കടലാസ് കെട്ട് കൊടുത്തു. വോട്ടര്‍പട്ടിക നോക്കി ഒരാളുടെ പേരും പിതാവിെൻറ പേരും വയസ്സും വിലാസവും മാത്രമായിരുന്നു അതിൽ. പൗരത്വ സംശയങ്ങൾക്ക് ഉത്തരം നല്‍കാനുള്ള നൂറോളം കോളങ്ങള്‍ കാലിയായി. എങ്ങനെയാണ് ഇത്തരമൊരു നോട്ടീസ് അയച്ചതെന്ന് ചോദിച്ചപ്പോള്‍ ന്യായാധിപന് മിണ്ടാട്ടമില്ല. അതു കഴിഞ്ഞ് ജില്ല പൊലീസ് സൂപ്രണ്ടിെൻറ മേല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ മഹ്മൂദിന് പകരം പേരുതന്നെ മുഹമ്മദാണ്. ഒപ്പിട്ടത് സൂപ്രണ്ടിന് പകരം റൈറ്ററും. മുഹമ്മദിനെക്കുറിച്ചുള്ള ജില്ല പൊലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ മഹ്മൂദിന് നോട്ടീസ് അയച്ചത് സുപ്രീംകോടതിയില്‍ തന്നെ ബോധിപ്പിക്കുമെന്ന് പറഞ്ഞപ്പോള്‍ ട്രൈബ്യൂണല്‍ വിയര്‍ത്തു.
ഇത് ഒരു കഥയല്ല എന്നു പറഞ്ഞ് സമാനമായ നിരവധി നോട്ടീസുകള്‍ നിലിം കേസ് കെട്ടുകള്ക്കിടയില്നിന്ന് എടുത്തുതന്നു. എല്ലാം വാജ്പേയി സര്‍ക്കാര്‍ അധികാരത്തിലുള്ള 1998ല്‍ പൊലീസുണ്ടാക്കിയ ഫയലുകളാണ്. ഇപ്പോള്‍ മോദി അധികാരത്തില്‍ വന്ന ശേഷം അതെല്ലാം പൊടിതട്ടിയെടുത്ത് തിരക്കിട്ട് ഇന്ത്യന്‍ പൗരന്മാരെ വിദേശികളായി പ്രഖ്യാപിക്കാനുള്ള പണിയിലാണ് ട്രൈബ്യൂണലുകള്‍.
ഇത് നോട്ടീസ് കൈപ്പറ്റിയവരുടെ കഥ. നോട്ടീസ് എത്തിച്ചുകൊടുക്കാതെ ട്രൈബ്യൂണല്‍ മുമ്പാകെ കക്ഷികള്‍ക്ക് ഒരിക്കല്‍പോലും അവസരം നല്‍കാതെ വിദേശികളായി പ്രഖ്യാപിച്ചത് പതിനായിരങ്ങളെയാണ്. 1985നും 2019നുമിടയില്‍ അസമിലെ ഫോറിന് ട്രൈബ്യൂണലുകള്‍ വിദേശികളെന്ന് പ്രഖ്യാപിച്ച 1,17,164 പേരില്‍ 63,959 പേരും ഒരിക്കല്‍പോലും ട്രൈബ്യൂണലിന് മുമ്പാകെ എത്തിയിട്ടില്ല. നോട്ടീസ് അയച്ചിട്ടും വന്നില്ലെന്ന് അസം അതിര്‍ത്തി പൊലീസ് പറയുന്നത് അടിസ്ഥാനമാക്കിയായിരുന്നു ഇവരുടെ പൗരത്വ പ്രഖ്യാപനം. അത്തരം കേസുകള്‍ പലതും ഗുവാഹതി ൈഹേകാടതിയിലും സുപ്രീംകോടതിയിലും നടന്നുവരുന്നു.
പൗരത്വ നിര്‍ണയവും ഒരു കരാര്‍ തൊഴില്‍
ട്രൈബ്യൂണല്‍ എന്നു പറയാന്‍ കോടതിപോലെ ഒരു സംവിധാനമൊന്നുമില്ല എന്ന് നിലിമിെൻറ സംഘത്തിലുള്ള സ്മിത ദത്ത പറഞ്ഞു. കക്ഷിയും അഭിഭാഷകനും ട്രൈബ്യൂണല്‍ അംഗവും ഒരു മേശക്ക് ചുറ്റും കൂടിയിരിക്കും. വാദിഭാഗത്ത് പ്രോസിക്യൂഷന് വക്കീല്‍ പോലുമില്ല. സര്‍ക്കാര്‍ വക്കീലിെൻറ പണിയും തീര്പ്പുകല്പിക്കുന്ന പണിയും ട്രൈബ്യൂണലിനുതന്നെ. ട്രൈബ്യൂണലിനു തോന്നുന്നതും മുകളില്‍നിന്നുള്ള നിര്‍ദേശവും എല്ലാം പൗരത്വ തര്‍ക്കത്തില്‍ തീര്‍പ്പായി വരും. 80,000ത്തിലേറെ ശമ്പളം നല്കുന്ന കരാര്‍ പണിയില്‍ സര്‍ക്കാറിനെ പിണക്കി അടുത്ത വര്‍ഷത്തെ കരാര്‍ കളയാന്‍ ആരും തയാറാകില്ല.
എല്ലാ നിയമ പോരാട്ടത്തിനും അടിസ്ഥാന രേഖ ട്രൈബ്യൂണലുകളുടെ ഉത്തരവുകളാണ്. അസമിലെ ഇന്ത്യന്‍ പൗരന്മാരെയും വിദേശികളാക്കുന്ന വില്ലന്മാരെയും പുറത്തുകൊണ്ടുവരാനുള്ള രേഖകള്‍ സമാഹരിക്കുകയാണെന്നും ട്രൈബ്യൂണലുകളുടെ നിയമലംഘനം സുപ്രീംകോടതിക്ക് മുമ്പാകെ കൊണ്ടുവരുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും നിലിം പറഞ്ഞു. പൗരത്വപട്ടികയില്‍നിന്ന് ഇപ്പോള്‍ പുറത്തായവര്‍ എത്തുംമുമ്പ് വിദേശി ട്രൈബ്യൂണലുകളുടെ അടിസ്ഥാനപ്രശ്നം പരമോന്നത കോടതിയിലെത്തിക്കേണ്ടതുണ്ട്. ട്രൈബ്യൂണല്‍ നീതിപൂർവമായാൽ ഇപ്പോള്‍ പുറത്തായ ഇന്ത്യന്‍ പൗരന്മാരെല്ലാം പട്ടികക്ക് അകത്താകും. പട്ടികയില്‍ പൗരന്മാരുടെ പേര് ചേര്ക്കാനിറങ്ങിയ സന്നദ്ധ സംഘടനകളും വ്യക്തികളും ട്രൈബ്യൂണലിനകത്ത് നടക്കുന്നത് എന്താണെന്ന് ഗൗരവത്തിലെടുക്കണം. അതിനുള്ള നിയമയുദ്ധമാണ് അടുത്ത പ്രക്രിയക്ക് മുേമ്പ നടക്കേണ്ടത്. അസമിലെ അന്തിമ പൗരത്വ പട്ടികയില്‍നിന്ന് പുറത്തായ 19 ലക്ഷത്തിലേറെ മനുഷ്യരുടെ ഭാവി ഇനി ‘വിദേശി ട്രൈബ്യൂണലു’കളുടെ കൈകളില്‍ ആണെന്ന് എന്‍.ആര്.സി കോഓഡിനേറ്റര്‍ പ്രതിക് ഹജേല വ്യക്തമാക്കിയതിന് തൊട്ടുപിറകെ അവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആംനസ്റ്റി ഇൻറർനാഷനല്‍ മുന്നറിയിപ്പുമായി വന്നത് വെറുതെയല്ല.
പട്ടികക്ക് പുറത്തായവരും പുറത്തുള്ള ഹിന്ദുക്കളും
ട്രൈബ്യൂണലിെൻറ കളികൊണ്ട് പല തരത്തില്‍ ആളുകള്‍ പുറത്തായെന്ന് സ്മിത വിശദീകരിക്കുന്നു. ട്രൈബ്യൂണല്‍ വിദേശികളായി പ്രഖ്യാപിച്ചവര്‍ ആദ്യമേ പുറത്തായി. തെരഞ്ഞെടുപ്പ്് കമീഷന് സംശയാസ്പദ വോട്ടര്‍മാര്‍ (ഡി വോട്ടര്‍മാര്‍) ആക്കിയതിനാലും അതിര്‍ത്തി പൊലീസ് നോട്ടീസ് അയച്ചതിനാലും ട്രൈബ്യൂണലില്‍ വിചാരണ നേരിടുന്നവരും സുപ്രീംകോടതി നിര്‍ദേശംമൂലം പുറത്തായി. അതുകൂടാതെ ഇതിനകം ‘വിദേശി’കളായവരോ വിചാരണ നേരിടുന്നവരോ കുടുംബ നാഥനാണെങ്കില്‍ ആ കുടുംബത്തിലെ മക്കളും പേരമക്കളുമടങ്ങുന്ന വംശപരമ്പരയിലെ ഒരാളെ പോലും പൗരത്വ പട്ടികയില്‍ ഉള്‍പ്പെടുത്തരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഇപ്പോള്‍ പുറത്തായവരില്‍ രേഖകള്‍ സമര്‍പ്പിക്കാത്ത നാലു ലക്ഷം പേര് കഴിച്ചാല്‍ ബാക്കി 15ല്‍ ബഹുഭൂരിഭാഗവും ട്രൈബ്യൂണല്‍ വിദേശികളാക്കിയവരോ വിചാരണ നടത്തുന്നവരോ ആയ കുടുംബനാഥന്മാരുടെ പരമ്പരയിലുള്ളവരാകാം എന്ന് സ്മിത പറയുന്നു. അതിനാല്‍, 19,06,657 പേരില്‍ 13 ലക്ഷവും ഹിന്ദുക്കളാണെന്ന സമൂഹ മാധ്യമങ്ങളിലെ വാദം നിലിമും സ്മിതയും അംഗീകരിക്കുന്നില്ല. ട്രൈബ്യൂണലിെൻറ രേഖകളില്‍ ഏത് മതവിഭാഗക്കാരാണോ അവരായിരിക്കും കൂടുതലെന്നും ഇരുവരും പറയുന്നു.
മറിച്ചുള്ളത് സംഘ്പരിവാറിെൻറ വ്യാജ പ്രചാരണമാണ് എന്ന് പറയുന്നതിന് നിലിമിന് ന്യായവുമുണ്ട്. ബംഗ്ലാദേശില്‍നിന്ന് കുടിയേറിയ ഹിന്ദുക്കള്‍ അസമില്‍ ലക്ഷങ്ങളുണ്ടെങ്കിലും അവരില്‍ മഹാഭൂരിഭാഗത്തിനും എന്‍.ആര്.സിക്ക് അപേക്ഷിക്കാന്‍ കഴിഞ്ഞില്ല. ശരിയായ ബംഗ്ലാദേശികളായതിനാല്‍ ഇന്ത്യന്‍ പൗരത്വ പട്ടികക്ക് തെളിവായി സമര്‍പ്പിക്കാന്‍ ഒരു കടലാസ് പോലുമില്ല. ഹിന്ദുക്കളില്‍ ഇത്രയും വലിയൊരു വിഭാഗം എന്‍.ആര്.സിക്ക് അപേക്ഷിച്ചവരുടെയും അതിന് പുറത്തായവരുടെയും പട്ടികക്ക് പുറത്തുനില്‍ക്കുകയാണ്. അവര്‍ക്കു വേണ്ടിയാണ് ബി.ജെ.പി പൗരത്വ ബില്‍ കൊണ്ടുവരുന്നത്. നിലവില്‍ പുറത്തായവരില്‍ ഹിന്ദുക്കള്‍ കൂടുതലായതല്ല, പൗരത്വമില്ലാതായ മുസ്ലിംകളുടെ എണ്ണം തങ്ങള്‍ പ്രചരിപ്പിച്ച ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ എണ്ണത്തിെൻറ നാലയലത്ത് വരാതിരുന്നതാണ് അവര്‍ക്ക് തിരിച്ചടിയായി മാറിയത്. അസമിലെ ബംഗാളികള്‍ക്കെതിരായ വംശീയ പ്രക്ഷോഭത്തെ വര്‍ഗീയമാക്കി മുസ്ലിംകള്ക്കെതിരെ തിരിച്ച് അസമിലെ മുസ്ലിംകളില് 70 -80 ലക്ഷത്തെയെങ്കിലും ബംഗ്ലാദേശികളെന്ന് മുദ്രകുത്തി വേട്ടയാടാമെന്നായിരുന്നു ബി.ജെ.പി കണക്കുകൂട്ടല്‍ എന്ന് സ്മിത പറഞ്ഞു. എല്‍.കെ. അദ്വാനി മുതല്‍ കിരണ്‍ റിജിജു വരെയുള്ള നേതാക്കള്‍ ഈ തരത്തില്‍ പെരുപ്പിച്ച കണക്ക് പറഞ്ഞിട്ടുണ്ട്. ഇത്രയും മുന്നൊരുക്കത്തോടെ ഇതെല്ലാം നടത്തിയിട്ടും പൗരത്വ പട്ടികയില്‍ സുപ്രീംകോടതി മേല്‍നോട്ടം വന്നതോടെ മുസ്ലിംകളെ മാത്രം ബംഗ്ലാദേശികളാക്കി പുറന്തള്ളാനുള്ള പദ്ധതി പൊളിയുകയും പൗരത്വത്തിന് അപേക്ഷിച്ചിട്ടും കിട്ടാതെ പോയവരുടെ ആകെ എണ്ണം 20 ലക്ഷത്തിന് താഴേക്ക് വരുകയും ചെയ്തു.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.