ആ ദിവസങ്ങൾ ഒാർക്കുേമ്പാൾ ഇപ്പോഴും ഒരു നടുക്കം വന്ന് വിഴുങ്ങിക്കളയും. കടൽ ഇരച്ചുകയറി കരയറുത്ത് പിൻവാങ്ങുന്നതു പോലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ആരാധനാലയം ഒരുകൂട്ടം ആളുകൾ തച്ചുതകർത്തിട്ട് കാൽനൂറ്റാണ്ടാകുന്നു. ആ ദൃശ്യങ്ങൾക്ക് തൊട്ടരികിൽ നിന്ന് ദൃക്സാക്ഷിയായി പകർത്തുേമ്പാൾ ഒരു വാർത്താ ചിത്രം പകർത്തുന്നതിെൻറ ത്രിൽ ആയിരുന്നില്ല. എന്തും സംഭവിക്കാവുന്ന ഭ്രാന്തമായ ആ ആൾക്കുട്ടത്തിൽ നിന്ന് പകർത്തിയ ചിത്രങ്ങൾ എങ്ങനെ രക്ഷിക്കാമെന്ന, അതിലേറെ അവർക്ക് ഇഷ്ടമില്ലാത്ത ഒരു പേരുമായി ആ ഉന്മാദത്തിനിടയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്ന ആശങ്ക. അങ്ങനെ പേരിട്ടു വിളിക്കാനാവാത്ത കുറേയേറെ വികാരങ്ങളുടെ ഒരു നടുക്കടൽ. വർഷം 25 കഴിഞ്ഞിരിക്കുന്നു ബാബരി മസ്ജിദ് എെൻറ കൺമുന്നിൽ തകർക്കപ്പെട്ടിട്ട്. പക്ഷേ, അൽപം മുെമ്പന്ന പോലെ ആ കാഴ്ചകൾ ഇപ്പോഴുമുണ്ട് എെൻറ മുന്നിൽ.
1992 ഡിസംബർ നാലിന് ബാബരി മസ്ജിദിന് മുമ്പിൽ എത്തുേമ്പാൾ അതെെൻറ നാലാമത്തെ അയോധ്യ സന്ദർശനമായിരുന്നു. ‘മലയാള മനോരമ’ പത്രത്തിെൻറ ഫോേട്ടാഗ്രാഫറായിട്ടായിരുന്നു നാല് തവണയും അയോധ്യയിലെത്തിയത്. ആ കാലങ്ങളിൽ ഞാൻ ഡൽഹി ബ്യൂറോയിൽ ജോലി ചെയ്യുന്നു. 1990 െൻറ തുടക്കത്തിലാണ് ആദ്യമായി അവിടെയെത്തിയത്. മനോരമക്കുവേണ്ടി ഫീച്ചർ ചെയ്യാനായിരുന്നു േഗാപകുമാർ മേനോനൊപ്പം ആദ്യ സന്ദർശനം. അന്ന് അയോധ്യയെ കുറിച്ചോ അവിടുത്തെ ജനങ്ങെളക്കുറിച്ചോ ആധികാരികമായ അറിവൊന്നും എനിക്കില്ലായിരുന്നു. വലിയ പ്രശ്നങ്ങൾ ഒന്നും അലട്ടാത്ത ഒരിടമായിട്ടാണ് എനിക്കന്ന് അയോധ്യ അനുഭവപ്പെട്ടത്.
1990ൽ തന്നെ വീണ്ടും അയോധ്യയിൽ എത്തേണ്ടി വന്നു. ഒക്േടാബർ 30നായിരുന്നു അത്. അയോധ്യയിൽ പ്രതീകാത്മക കർേസവ നടത്താൻ സംഘ്പരിവാർ തീരുമാനിച്ച ആ സമയത്ത് അനിഷ്ട സംഭവങ്ങൾ ഉണ്ടായേക്കാമെന്നതിനാൽ മിക്ക പത്രങ്ങളുടെയും റിപ്പോർട്ടർമാരും ഫോേട്ടാഗ്രാഫർമാരും അവിടെ എത്തിയിരുന്നു. മനോരമ റിപ്പോർട്ടർ ആർ. ബാലശങ്കറിനൊപ്പമാണ് ഞാൻ അന്ന് അയോധ്യയിൽ വന്നത്. അയോധ്യയിൽ അന്ന് താമസ സൗകര്യങ്ങളൊന്നുമില്ല. 10 കിലോ മീറ്റർ അകലെ ഫൈസാബാദിലാണ് ഞങ്ങൾ താമസിച്ചത്. തലേന്നു തന്നെ ഞങ്ങൾ അവിടെ എത്തിയിരുന്നു.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് കർസേവകർ അയോധ്യയിൽ എത്തി. സംഭവദിവസം, തട്ടിയെടുത്ത ബസ്സിൽ ഒരുകൂട്ടർ പള്ളിക്കു തൊട്ടുമുന്നിലേക്കെത്താൻ ശ്രമിച്ചപ്പോൾ പൊലീസ് അവരെ തടഞ്ഞു. അദ്വാനിയുടെ രഥയാത്രക്കു ശേഷം യു.പി മുഖ്യമന്ത്രി മുലായം സിങ് യാദവ് കനത്ത സുരക്ഷയാണ് അയോധ്യയിൽ ഒരുക്കിയിരുന്നത്.
പെെട്ടന്നാണ് കർസേവകർ അക്രമാസക്തരായത്. അവർ പൊലീസ് വാഹനങ്ങൾ കത്തിച്ചു. ചിലർ പള്ളിക്കു മുകളിൽ വലിഞ്ഞുകയറി കാവി കൊടി കെട്ടി. എെൻറ പത്രപ്രവർത്തന ജീവിതത്തിൽ ഒരിക്കൽ മാത്രമേ എനിക്ക് ആക്രമണം നേരിടേണ്ടിവന്നിട്ടുള്ളു. ഫോേട്ടാ എടുക്കുന്നതിനിടയിൽ കലാപകാരികൾ പൊലീസിനെ എറിഞ്ഞ ഇഷ്ടിക കൊണ്ടുള്ള ഏറ് എെൻറ പുറത്താണ് പതിച്ചത്. ഞാനതാരോടും മിണ്ടാൻ പോയില്ല. രണ്ടാഴ്ചക്കാലം ആ വേദന കടിച്ചുപിടിച്ച് സഹിച്ചു.
കലാപം നിയന്ത്രണാതീതമായപ്പോൾ അക്രമകാരികൾക്കെതിരെ പൊലീസിന് വെടിെവക്കേണ്ടിവന്നു. അേയാധ്യയുടെ വിവിധ ഭാഗങ്ങളിൽ 28 പേർ അന്ന് വെടിവെപ്പിൽ കൊല്ലപ്പെട്ടു. ബാലശങ്കറിനെ അയോധ്യയിൽ തന്നെ നിർത്തി എടുത്ത പടങ്ങളുമായി ഞാൻ അന്നുതന്നെ ഡൽഹിക്ക് മടങ്ങാനായി ലക്നോ വിമാനത്താവളത്തിലേക്ക് തിരിച്ചു. വെടിവെപ്പ് വാർത്ത പരന്നതോടെ നാടെങ്ങും കലാപസമാനമായി. റോഡുനീളെ എരിയുന്ന ടയറുകൾ കൊണ്ട് തടസ്സം സൃഷ്ടിച്ചിരുന്നു. മിടുക്കനായ ഒരു ഒംമ്നി വാൻ ഡ്രൈവറെ എനിക്കു കിട്ടിയത് തുണയായി. വല്ല വിധേനയും ലക്നൗവിൽ എത്തുേമ്പാൾ ഫ്ലൈറ്റ് ക്യാൻസൽ ചെയ്തിരുന്നു. തൊട്ടുപിന്നാലെ ഒരു ചെറുവിമാനം ഡൽഹിക്കു പുറപ്പെടുന്നുണ്ടെങ്കിലും ടിക്കറ്റിന് എെൻറ പക്കൽ പണമില്ലായിരുന്നു. അന്ന് എന്നെ സഹായിച്ചത് ആർക്കിയോളജി വിഭാഗത്തിൽ േജാലിയുണ്ടായിരുന്ന ഒരു മലയാളിയായിരുന്നു. പിന്നീട് ഡൽഹിയിലെ ഒാഫീസിൽ നിന്ന് ടിക്കറ്റിെൻറ പണം അദ്ദേഹത്തിന് നൽകി.
1991ൽ വീണ്ടും അയോധ്യയിലെത്തിയത് എൻ. വിജയമോഹനെനാപ്പം അവിടുത്തെ മുസ്ലിങ്ങളുടെ ജീവിതത്തെക്കുറിച്ച് ഫീച്ചർ ചെയ്യാനായിരുന്നു. പുറത്ത് ബാബരി മസ്ജിദ് ^രാമജന്മഭൂമി പ്രശ്നം കത്തിപ്പിടിക്കുേമ്പാഴും അയോധ്യ ശാന്തമായിരുന്നു. ആ നാടിെൻറ മനസ്സിൽ ആരും പറഞ്ഞുപഠിപ്പിക്കാതെ തന്നെ സ്നേഹവും സൗഹൃദവും നിറഞ്ഞുനിന്ന കാഴ്ച അവിടെ കാണാനായി. ഭക്തരായ ഹിന്ദുക്കൾ പുതയ്ക്കുന്ന ‘രാം രാം’ എന്ന് ഹിന്ദിയിൽ എഴുതിയ ഷാളുകൾ അവിടത്തെ കടകളിൽ വാങ്ങാൻ കിട്ടും. ആ ശീലയിൽ രാമ നാമം ചാപ്പ കുത്തിയിരുന്നത് അയോധ്യയിലെ മുസ്ലിങ്ങൾ ആയിരുന്നു. സന്യാസിമാർ ധരിക്കുന്ന മെതിയടി നിർമിച്ചിരുന്നതാകെട്ട മുസ്ലിങ്ങളായ ആശാരിമാരായിരുന്നു. മെതിയടികൾ വിൽക്കാൻ നിരത്തിവെച്ച പീടികയുടെ ചുമരിൽ ഖുർആൻ വരികൾ ആലേഖനം ചെയ്ത ചിത്രം അവിടെ നിന്ന് പകർത്താൻ കഴിഞ്ഞു. ഹിന്ദുവും മുസ്ലിമും പങ്കാളികളായി പൂകൃഷി ചെയ്യുന്ന, കസറ്റ് കട നടത്തുന്ന നാടായിരുന്നു അപ്പോൾ പോലും അയോധ്യ. പക്ഷേ, 1992ൽ കഥ അതല്ലാതായി.
ഡിസംബർ നാലിനു തന്നെ മനോരമയുടെ റിപ്പോർട്ടർ ആർ. പ്രസന്നനൊപ്പം ഞങ്ങൾ ഫൈസാബാദിൽ എത്തി. മാതൃഭൂമിയിൽനിന്ന് കെ. അജിത്ത് കുമാർ, ദേശാഭിമാനിക്കു വേണ്ടി േജാൺ ബ്രിട്ടാസ്, മാധ്യമത്തിനായി ഇ.എസ്. സുഭാഷ്, ‘ഫ്രണ്ട്ലൈനി’ലെ വെങ്കിടേശ് രാമകൃഷ്ണൻ, ആന്ധ്രയിൽനിന്നുള്ള ‘ന്യൂസ് ടൈംസ്’ റിപ്പോർട്ടർ പി.വി. തോമസ് എന്നീ മലയാളികളും അന്ന് ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. സാധാരണ ഫൈസാബാദിൽ വരുേമ്പാൾ ഞങ്ങൾ താമസിച്ചിരുന്നത് ‘ഷാൻ ^എ^അവധ്’, ‘തിരുപ്പതി’ എന്നീ ഹോട്ടലുകളിലാണ്. എന്തോ ഗൗരവമായി സംഭവിക്കാൻ പോകുന്നുവെന്ന് പ്രതീതി പരന്നിരുന്നതിനാൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് മാധ്യമ പ്രവർത്തകർ നേരത്തെ തന്നെ ഫൈസാബാദിൽ തമ്പടിച്ചിരുന്നു. പതിവു ഹോട്ടലിനു പകരം ചെറിയൊരു ലോഡ്ജിലാണ് ഞങ്ങൾ താമസിച്ചത്.
മുസ്തഫ എന്ന പേര് പ്രശ്നമുണ്ടാക്കിയേക്കാം എന്നതിനാൽ എെൻറ പേര് ‘മുത്തു’ എന്നാണെന്നായിരുന്നു പ്രസന്നൻ ലോഡ്ജിൽ നൽകിയത്. ലോഡ്ജുടമയാകെട്ട കർസേവകർക്ക് വെള്ളവും മറ്റും കൊടുക്കുന്ന ഒരു സഹായിയുമാണ്. അന്നുതന്നെ ഞങ്ങൾ അയോധ്യയിലെത്തി. മാധ്യമ പ്രവർത്തകർക്ക് പാസ് നൽകിയിരുന്നത് വി.എച്.പിക്കാരാണ്. ‘മുസ്തഫ’ എന്നു േപരു പറഞ്ഞപ്പോൾ പാസ് വിതരണം ചെയ്യുന്നയാൾ ചുട്ട നോട്ടം കൊണ്ടാണ് എന്നെ എതിരേറ്റത്. വില്ലു കുലച്ച ശ്രീരാമെൻറ ചിത്രമുള്ള പാസിൽ ‘ജയ് ശ്രീറാം’ എന്നും വിശ്വ ഹിന്ദു പരിഷത്ത് എന്നും എഴുതിയിട്ടുണ്ടായിരുന്നു.
അയോധ്യയിൽ എന്തെങ്കിലും അനിഷ്ട സംഭവം നടക്കുമെന്ന േതാന്നൽ ഡിസംബർ അഞ്ചിന് പോലുമുണ്ടായിരുന്നില്ല. പക്ഷേ, പ്രതീകാത്മക കർസേവയിൽ കാര്യങ്ങൾ ഒതുങ്ങില്ലെന്ന് വ്യക്തമാക്കുന്ന ചില ദൃശ്യങ്ങളുണ്ടായിരുന്നു. ചില കർസേവ ഗ്രൂപ്പുകൾ പിക്കാസും കൈക്കോട്ടുമൊക്കെ ഏന്തിയാണ് അയോധ്യയിൽ എത്തിക്കൊണ്ടിരുന്നത്. ആ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ഇന്ത്യൻ എക്സ്പ്രസ് ഫോേട്ടാഗ്രാഫർക്ക് കർസേവകരുടെ മർദനമേറ്റു. ഞാൻ തന്ത്രപൂർവം പിക്കാസേന്തിയ കർസേവകരുടെ ചിത്രങ്ങൾ എടുത്തു. കേരളത്തിൽ നിന്നുള്ള കർസേവകരുമുണ്ടായിരുന്നു. അവരുമായി ഞങ്ങൾ സംസാരിക്കുകയുമുണ്ടായി.
ആറിന് അതിരാവിലെ ഞങ്ങൾ പത്രക്കാർ ബാബരി മസ്ജിദിന് അകത്തു കയറി. പള്ളിക്ക് വൻ സുരക്ഷയൊന്നും ഏർപ്പെടുത്തിയിരുന്നില്ല. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ബാബരി മസ്ജിദിെൻറ അകം ഒടുവിൽ കണ്ട അപൂർവം മാധ്യമ പ്രവർത്തകർ ഞങ്ങളായിരിക്കണം. മസ്ജിദിെൻറ നേരേ മുന്നിലായി എല്ലാം വ്യക്തമായി കാണാൻ കഴിയുന്ന രണ്ടുനിലയുള്ള ‘മാനസ് ഭവൻ’ എന്ന കെട്ടിടം തലേദിവസം തന്നെ ഞങ്ങൾ നോക്കിവെച്ചിരുന്നു. അതിെൻറ തുറസ്സായ ടെറസിലാണ് ഞങ്ങൾ നിലയുറപ്പിച്ചത്. വീഡിയോ കാമറകളുമായി മാധ്യമ പ്രവർത്തകരും ഞങ്ങൾക്കൊപ്പം അവിടെ ഇടം പിടിച്ചു.
കർസേവകർ വിവിധ വഴികളിലൂടെ ചെറു ചെറു ജാഥകളായി ബാബരി മസ്ജിദിനു മുന്നിലേക്ക് എത്തിക്കൊണ്ടിരുന്നു. പെെട്ടന്ന് എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, അശോക് സിംഗാൾ, വിനയ് കത്യാർ, പ്രമോദ് മഹാജൻ തുടങ്ങിയ നേതാക്കൾ എത്തി കർസേവകരെ അഭിസംബോധന ചെയ്തു. നേതാക്കന്മാർ പള്ളിക്കകത്തേക്ക് കയറി പോയി. അവിടെ സ്ഥാപിച്ച രാമവിഗ്രഹത്തിൽ തൊഴുത ശേഷമായിരിക്കാം അവർ പുറത്തുവന്നു. നേതാക്കന്മാർക്ക് പിന്നാലെ സന്ന്യാസിമാരും മസ്ജിദിൽ പ്രവേശിച്ചു. നേതാക്കന്മാർ രംഗം വിട്ടതോടെ കർസേവകർക്ക് ഭ്രാന്ത് പിടിച്ചപോലെയായി.പിന്നെ നടന്നതെല്ലാം നേരത്തേകൂട്ടി തീരുമാനിച്ചുറപ്പിച്ച പോലെയായിരുന്നു. മസ്ജിദിദ് ചുറ്റും വളഞ്ഞ രണ്ടു ലക്ഷത്തോളം വരുന്ന കർസേവകരെ ചെറുക്കാൻ ആവശ്യമായ പൊലീസുകാരെയോ സുരക്ഷാ സേനയെയോ കല്യാൺസിങ് സർക്കാർ അയോധ്യയിൽ വിന്യസിച്ചിരുന്നില്ല. കർസേവകർ കടലുപോലെ മസ്ജിദിനു നേരെ ഇരച്ചുകയറി. പൊലീസുകാെര അടിച്ചോടിച്ചു. നേരത്തെ പ്ലാൻ ചെയ്ത പോലെ മസ്ജിദിനുള്ളിൽ സ്ഥാപിച്ചിരുന്ന രാമവിഗ്രസം സുരക്ഷിതമായി എടുത്തുമാറ്റി.
പിന്നെ കണ്ടത് ഏതാനും കർസേവകർ മസ്ജിദിെൻറ താഴികക്കുടങ്ങളിലേക്ക് വലിഞ്ഞുകയറുന്നതാണ്. പിക്കാസും വലിയ ചുറ്റികയും ഉളിയും കമ്പിയും കൊണ്ട് അവർ താഴികക്കുടങ്ങൾ തകർക്കാൻ തുടങ്ങി. ബാബരി മസ്ജിദ് ചരിത്രത്തിൽനിന്ന് ഇല്ലാതാവുന്ന നിമിഷങ്ങളായിരുന്നു പിന്നെ കൺമുന്നിൽ അരങ്ങേറിയത്. നൂറ്റാണ്ട് പഴക്കമുള്ള ആ ആരാധനാലയം കൺമുന്നിൽ തകർന്നു തുടങ്ങി. കർസേവകരിൽ ചിലർ ഫോേട്ടാഗ്രാഫർമാർക്കു നേരേ തിരിഞ്ഞു. പിന്നെ തെരഞ്ഞുപിടിച്ച ആക്രമണമായിരുന്നു. നിരവധി ഫോേട്ടാഗ്രാഫർമാരുടെ ക്യാമറകൾ തകർക്കപ്പെട്ടു. ഫിലിം റോളുകൾ മാല കണക്കെ കഴുത്തിലിട്ട് നടക്കുന്ന സന്യാസിമാരെ ആ ആൾത്തിരക്കിൽ കാണാമായിരുന്നു. എന്തും സംഭവിക്കാമെന്ന ഭയം ഞങ്ങളെയും പിടികൂടി. ഞങ്ങൾ നിന്ന കെട്ടിടത്തിെൻറ മുകളിലേക്ക് ഒരു സംഘം കർസേവകർ കയറിവന്നു. അവിടെതന്നെ നിൽക്കുന്നത് സുരക്ഷിതമല്ലായിരുന്നതിനാൽ ഞങ്ങൾ താഴേക്ക് ഇറങ്ങി. എന്നെ ഏതുവിധേനയും സംരക്ഷിക്കാനായിരുന്നു സഹപ്രവർത്തകരുടെ ശ്രമം.
രണ്ട് ക്യാമറകളാണ് എെൻറ കൈയിലുണ്ടായിരുന്നത്. ഞാൻ ഉടൻ തന്നെ ഫിലിം റോളുകൾ ക്യാമറയിൽനിന്ന് എടുത്ത് െഎ.ഡി കാർഡിനൊപ്പം സോക്സിനുള്ളിൽ ഒളിപ്പിച്ചു. തൊട്ടടുത്തുള്ള ചില കടകളിലും വീടുകളിലും ക്യാമറ ഒളിപ്പിച്ചു വെക്കാൻ നോക്കിയെങ്കിലും ആരും അനുവദിച്ചില്ല. വലിയ വിലയുള്ള ക്യമറകളാണ്. ഒടുവിൽ രണ്ടും കൽപ്പിച്ച് ക്യാമറകൾ ഒരു കടക്കുള്ളിലേക്കിട്ടു. അതിനിടയിൽ പ്രസന്നനെയും തോമസിനെയും ആൾക്കൂട്ടത്തിനിടയിൽ കൈവിട്ടുപോയി.
കർസേവകർ തലയിൽ കെട്ടിയിരുന്ന തുണി കൈയിൽ കരുതിയിരുന്നത് ഉപകാരമായി. ആ തുണി തലയിൽ കെട്ടി ഞങ്ങളും കർസേവകരെ പോലെ നടിച്ചുകൊണ്ട് ‘ജയ് ശ്രീം റാം’ വിളികളുമായി സംഭവ സ്ഥലത്തുനിന്ന് കുറേ ദൂരെ നിർത്തിയിട്ടിരുന്ന കാറിനടുത്തേക്ക് ഒാടി. വല്ല വിധേനയും കാറിൽ കയറി ഫൈസാബാദിലേക്ക് പുറപ്പെട്ടു. വഴിയിൽ പലയിടത്തും പരിക്കേറ്റ കർസേവകരെയും കൊണ്ട് ആശുപത്രിയിൽ പോകുന്നവരായി നടിക്കേണ്ടിയും വന്നു. അപ്പോഴേക്കും എങ്ങും കർഫ്യു പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. ക്യാമറ കൈയിൽ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ ആ യാത്ര ഒടുവിലത്തേതായേനെ.
ഫൈസാബാദിൽ ഒരു സ്റ്റുഡിയോക്കാരന് നേരത്തേ തന്നെ പറഞ്ഞ പൈസ കൊടുത്ത് പ്രിൻറ് ഇടാൻ സംവിധാനമൊരുക്കിയിരുന്നു. രാമനാമം എഴുതിയ തുണിയിൽ പൊതിഞ്ഞ് ഫോേട്ടാ ട്രാൻസ്മിറ്റർ കൊണ്ടുപോന്നിരുന്നു. അതിലൂടെ പടം അന്നുതന്നെ കോട്ടയത്തിന് അയച്ചു.
അപ്പോഴേക്കും കോട്ടയത്തുനിന്ന് എഡിറ്റർ മാമ്മൻ മാത്യുവിെൻറ ഫോൺ കോൾ വന്നിരുന്നു. ഒരു പരിക്കുമില്ലാതെ മുസ്തഫയെ ഡൽഹിയിൽ എത്തിക്കണം എന്നായിരുന്നു എഡിറ്റർ പ്രസന്നന് നൽകിയ നിർദേശം. ക്യാമറ പോയാലും സാരമില്ല, ഞാൻ സുരക്ഷിതമായി ഡൽഹിയിൽ എത്തണമെന്നായിരുന്നു അദ്ദേഹം എന്നോടും പറഞ്ഞത്. ഡൽഹിയിലേക്ക് മടങ്ങുേമ്പാൾ മനസ്സിൽ വലിയ വേദനയായിരുന്നു. ഏതൊരു വിഭാഗത്തിെൻറതായാലും ഒരു ആരാധനാലയം തകർക്കപ്പെടുന്നതിന് സാക്ഷിയാവുന്നതിനെക്കാൾ സങ്കടകരമായ മറ്റെന്താണുള്ളത്.
പിന്നീട് ബ്രിട്ടാസും കൂട്ടരും കൂടി ആ കട കണ്ടുപിടിച്ച് ക്യാമറ തിരിച്ചെടുത്ത് ഡൽഹിയിൽ എത്തിച്ചു. സ്വന്തം ജീവൻ േപാലും പണയം വെച്ചെടുത്ത ആ ഫോേട്ടാകൾ പക്ഷേ, പിറ്റേ ദിവസത്തെ പത്രത്തിൽ വന്നില്ല. ആ ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ചാൽ കേരളത്തിൽ ചിലപ്പോൾ കലാപം ആളിപ്പടരുമെന്ന് കരുതിയാണ് പ്രസിദ്ധീകരിക്കാതിരുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ ന്യൂസ് ഫോേട്ടാ കിട്ടിയിട്ടും അത് വെളിച്ചം കാണാതെ പോകുക. ഒരു ഫോേട്ടാഗ്രാഫറുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണത്. പക്ഷേ, അന്ന് ചീഫ് എഡിറ്റർ കെ.എം. മാത്യു എടുത്ത ആ തീരുമാനം ശരിയായിരുന്നുെവന്ന് പിന്നീട് ബോധ്യമായി. കേരളത്തിൽ കലാപമുണ്ടാകാതിരുന്നതിന് ആ തീരുമാനം സഹായിച്ചുവെന്നേതാർക്കുേമ്പാൾ ആ നഷ്ടത്തേക്കാൾ എത്രയോ വലിയ നേട്ടമാണുണ്ടായതെന്ന് ഇപ്പോൾ ബോധ്യമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.