ബേബി ജോണും ലേഖകനും

ബേബി ജോൺ: കേരള രാഷ്​ട്രീയത്തിലെ അതികായൻ

കയറി​െൻറയും കരിമണലി​െൻറയും നാടായ ചവറയിൽ തൊഴിലാളികൾ നെഞ്ചേറ്റിയ 'ബേബിസാർ' എന്ന ബേബി ജോൺ ഓർമയായിട്ട് ഇന്നേക്ക് പതിമൂന്നാണ്ടു പിന്നിടുന്നു. കപ്പടാ മീശയുമായി കൈകൾ അൽപം തെറുത്ത​ുവെച്ച ജൂബാധാരിയായി ഏത് ആൾക്കൂട്ടത്തിലും ഉയർന്നുകാണുന്ന തലയെടുപ്പോടെ നിന്ന അദ്ദേഹം കേരള രാഷ്​ട്രീയത്തിലെ അതികായകനായിരുന്നു.

പന്ത്രണ്ടു വയസ്സുമുതൽ ബേബി ജോണി​െൻറ രാഷ്​ട്രീയപ്രവർത്തനങ്ങളിൽ ആകൃഷ്​ടനായി ഞാനുണ്ട്​. പിന്നീട് 1957-58 കാലത്ത്​ സജീവ സഹചാരിയായി മാറി. ബേബി ജോണിനെ പോലെ, തൊഴിലാളികളുടെ ക്ഷേമത്തിനായി അവരുടെ ഓരോ പ്രശ്നത്തിലും ഇടപെട്ടു പ്രവർത്തിച്ച മറ്റൊരു ജനപ്രിയ നേതാവ് ചവറയിൽ ഉണ്ടായിട്ടില്ല. നാലു പതിറ്റാണ്ടോളം നിയമസഭാംഗമായ അദ്ദേഹം സി. അച്യുതമേനോൻ, പി.കെ. വാസുദേവൻ നായർ, കെ.കരുണാകരൻ, സി.എച്ച്​​. മുഹമ്മദ് കോയ, എ.കെ. ആൻറണി, ഇ.കെ. നായനാർ തുടങ്ങിയ മന്ത്രിസഭകളിലായി മൂന്നു പതിറ്റാണ്ടോളം മന്ത്രിയുമായിരുന്നു.

തൊഴിലാളികളുടെ അവകാശങ്ങൾക്കുനേരെ ചവറയിൽ ആദ്യ വെടിപൊട്ടിയ 1124 ഇടവം 12 െൻറ സമരത്തിനു നെടുനായകത്വം വഹിച്ചു ബേബി ജോണുണ്ടായിരുന്നു. കൊല്ലം കോട്ടൺ മിൽ തൊഴിലാളികൾക്ക് അവകാശങ്ങൾ നിഷേധിച്ചപ്പോൾ അവരുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ചു പൊലീസ് നിരോധനം ലംഘിച്ചു ബേബി ജോണി​െൻറ നേതൃത്വത്തിൽ കോട്ടൺ മില്ലിലേക്ക് കരിമണൽ തൊഴിലാളികളെ സംഘടിപ്പിച്ച് ആർ.എസ്​.പി നടത്തിയ സമരജാഥ വഴിക്കു​െവച്ച്​ പൊലീസ് തടഞ്ഞു.

സമരഭടന്മാർ ലാത്തിയും തോക്കും അവഗണിച്ചു വീറോടെ മുദ്രാവാക്യം മുഴക്കി തള്ളിക്കയറിയത്​ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. സമരക്കാരെ പൊലീസ് ക്രൂരമായി മർദിച്ചു. തൊഴിലാളികൾ മൃതപ്രായരായി താഴെ വീണു.സമരവീര്യം ചോരാതെ പോരാളികൾ സമരമുഖത്ത് നിലകൊണ്ടു. തൊഴിലാളി വർഗസംരക്ഷണ ചരിത്രത്തി​െൻറ ഭാഗമായ ഇടവം 12െൻറ ഊർജം ​േബബി ജോൺ​ ആയിരുന്നു.

തൊണ്ടുതല്ലിയും ചകിരി പിരിച്ചും റാട്ടുകളുടെ സംഗീതവും വായ്​പാട്ടുകളുടെ നിഷ്​കളങ്കതയും നിലനിന്ന ആ പഴയ ഗ്രാമത്തിലെ കടൽതീരത്തെ കരിമണൽ കടലിനക്കരെ എത്തിയത്​ വലിയ ഒരു വ്യവസായത്തി​െൻറ നാന്ദിയായി. കരിമണലിനെക്കുറിച്ചും അതി​െൻറ മഹത്വത്തെക്കുറിച്ചും ചവറയിലെ ജനങ്ങൾക്ക് അജ്ഞാതമായിരുന്ന ഒരു കാലമുണ്ടായിരുന്നു.

തമിഴ്‌നാട്ടുകാരനായ മസില മണി മുറം ഉപയോഗിച്ച് മൺതരികൾ പാറ്റിപ്പെറുക്കി തിരിച്ചെടുത്തതും കരിമണ്ണ് കടൽ കടന്ന് അപ്പുറത്ത് പോയതും ലാഭക്കൊതി മൂത്ത വിദേശ കമ്പനികൾ ലോഹമണൽ വ്യവസായത്തിന് ചവറയിലെത്തിയതും ചരിത്രം. വിദേശ കമ്പനികൾ വളർച്ചയെത്തിയപ്പോൾ തൊഴിലാളികളെ ചൂഷണം ചെയ്യാൻ തുടങ്ങി.

സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി വിദേശാധിപത്യത്തിനെതിരെ ചവറയുടെ രക്തവും തിളച്ചുമറിഞ്ഞു. അങ്ങനെ ചവറയും ദേശീയ വിമോചന സംരക്ഷണ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചു. സമരത്തിന് നേതൃത്വം കൊടുക്കാൻ കെ.എസ്.പി ചവറയിൽ രൂപമെടുത്തു. കരിമണൽ തൊഴിലാളികളും കയർ തൊഴിലാളികളും കർഷകരും അതിൽ അംഗങ്ങളായി. 1940ൽ രൂപകൊണ്ട കെ.എസ്.പി പിൽക്കാലത്ത് ആർ.എസ്.പിയായി. തൊഴിലാളിസ്നേഹം കൈമുതലായുള്ള ഈ പാർട്ടിക്ക് ശ്രീകണ്ഠൻ നായർ, ടി.കെ. ദിവാകരൻ, ബേബി ജോൺ, കെ. പങ്കജാക്ഷൻ, കെ. ബാലകൃഷ്ണൻ എന്നീ നേതാക്കൾ ​മുന്നിൽനിന്നു.

സ്വകാര്യ കമ്പനികൾ കുത്തകയാക്കി ​െവച്ച കരിമണൽ ധാതുസമ്പത്ത് നമ്മുടെ നാട്ടിൽതന്നെ വേർതിരിച്ച് വിവിധ ഉൽപന്നങ്ങളാക്കി മാറ്റാം എന്ന ബേബി ജോണി​െൻറ മികച്ച ആശയം രാജ്യത്തി​െൻറ വ്യവസായ ഭൂപടത്തിൽ കേരളത്തിന്​ മുൻനിരയിൽ ഇടം നേടിക്കൊടുത്തു.1200 കോടി രൂപ ചെലവിൽ ചവറയിൽ സ്ഥാപിച്ച ടൈറ്റാനിയം അഥവാ കേരള മിനറൽസ് ആൻഡ് മെറ്റൽസ് എന്ന പൊതുമേഖല സ്ഥാപനം അദ്ദേഹത്തി​െൻറ ആശയസമ്മാനമായിരുന്നു. പിന്നീട്​ ട്രാവൻകൂർ മിനറൽസ് ആൻഡ് മെറ്റൽസ് വർക്കേഴ്‌സ് യൂനിയൻ രൂപവത്​കരിച്ചപ്പോൾ എൻ. ശ്രീകണ്ഠൻ നായർ, ബേബി ജോൺ എന്നിവരാണ്​ നേതൃത്വം നൽകിയത്​. ചവറയിലെ കരിമണൽ തൊഴിലാളികൾ ഇന്നും അവരെ നെഞ്ചോട് ചേർത്തുപിടിക്കുന്നു.

ഒരുകാലത്ത് ചവറയെന്നാൽ ബേബി ജോൺ അഥവാ ബേബിസാർ എന്നായിരുന്നു. ആർ.എസ്​.പിയുടെ സ്ഥാപക നേതാക്കളിൽ ഉന്നതസ്ഥാനീയനായിരുന്ന അദ്ദേഹം കർമകുശലതകൊണ്ട് ചവറക്ക് പുതു ശോഭ പകർന്നു. ചവറയിൽ ഇന്ന് കാണുന്ന എല്ലാ വികസനങ്ങളുടെ പിന്നിലും ബേബി ജോണായിരുന്നു.

കെ.എം.എം.എൽ, ചവറ കോളജ്, അംഗൻവാടികൾ, കരുനാഗപ്പള്ളി സിവിൽസ്​റ്റേഷൻ, നിരവധി ഹൈസ്‌കൂളുകളുൾ​െപ്പടെയുള്ള സ്‌കൂളുകൾ, പാലങ്ങൾ എന്നിവ അവയിൽ ചിലതുമാത്രം. ഒരു ജനതയുടെ സംസ്കാരത്തെയും മനോഭാവത്തെയും സ്വാധീനിക്കാനും നിയന്ത്രിക്കാനും ഒരു ജനകീയ നേതാവെന്ന നിലയിൽ ബേബി ജോണിന് കഴിഞ്ഞിട്ടുണ്ട്. അങ്ങനെ കയറി​െൻറയും കരിമണലി​െൻറയും നാടായ ചവറയെ ഒന്നാകെ അടയാളപ്പെടുത്തിയ കേരള രാഷ്​ട്രീയത്തിലെ എക്കാലത്തെയും തലപ്പൊക്കമുള്ള ആ തൊഴിലാളി നേതാവിനെ വരുംതലമുറകൾക്കും മറക്കാൻ കഴിയില്ല.

അറബിക്കടൽ തീരത്തെ നീണ്ടകര ഗ്രാമത്തിൽ ധീരതമാത്രം കൈമുതലാക്കി ജീവിച്ച മനുഷ്യർക്കിടയിൽ, ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ബേബി ജോണിന്, നിയമസഭാ ചരിത്രത്തിൽ 33 വർഷത്തെ സേവനത്തിനു ലഭിച്ച അംഗീകാരം ജനസേവനത്തി​െൻറ അഗ്നിപരീക്ഷണം അതിജീവിച്ചതിനുള്ള സമ്മതപത്രം കൂടിയായിരുന്നു. സംഭവബഹുലമായ രാഷ്​ട്രീയ പൊതുജീവിതത്തിനൊടുവിൽ 1997ൽ രോഗബാധിതനാകുകയും പത്തു വർഷം കഴിഞ്ഞ 2008 ജനുവരി 29ന് കേരളത്തി​െൻറ തലപൊക്കമുള്ള ആ തൊഴിലാളി നേതാവ് ചവറയുടെ ജനമനസ്സുകളിൽ ഇടം നേടി ഓർമയാകുകയും ചെയ്തു.

(ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗമാണ്​ ലേഖകൻ) തയാറാക്കിയത്​: തേവലക്കര ബാദുഷ

Tags:    
News Summary - baby john, hero in kerala politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.