മധ്യകാല ഇംഗ്ലണ്ടിൽ സാധാരണ കോടതികൾക്ക് 'അനുബന്ധമായി' സ്റ്റാർ ചേംബർ എന്ന പേരിൽ ഒരു പ്രത്യേക ജുഡീഷ്യൽ കോടതി സംവിധാനിച്ചിരുന്നു. പോകപ്പോകെ, പ്രതിശബ്ദങ്ങളെ തല്ലിയൊതുക്കാനും ചക്രവർത്തി തിരുമനസ്സിന്‍റെ ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപിക്കാനുമുള്ള 'രാജാവിന്‍റെ നീതിന്യായ ആയുധം' ആയി സ്റ്റാർ ചേംബർ മാറി. രഹസ്യവിചാരണകൾ, ഗൂഢമായ തെളിവുനിരത്തൽ, ഏകപക്ഷീയമായ തടവുശിക്ഷ, സ്റ്റേറ്റിനെതിരുനിൽക്കുന്ന ന്യായാധിപർക്ക് ശിക്ഷ എന്നിങ്ങനെയായി ആ 'പ്രത്യേക കോടതി'യുടെ നടപടിക്രമങ്ങൾ. അതിന്‍റെ കുപ്രസിദ്ധി കാരണം ആധുനികകാലത്ത് ഒരു ജുഡീഷ്യൽ/എക്സിക്യൂട്ടിവ് ബോഡി നടത്തുന്ന രഹസ്യമോ അടച്ചിട്ടതോ ആയ യോഗത്തിനോ, ഒരാൾക്കു ശിക്ഷ വിധിക്കാൻ തീരുമാനിച്ച് ന്യായരഹിതമായി നടക്കുന്ന കോടതിനടപടിക്രമങ്ങൾക്കോ ഒക്കെ 'സ്റ്റാർ ചേംബർ' എന്ന വിളിപ്പേരു വന്നു.

സമീപകാലത്തെ നമ്മുടെ ചില കോടതികളുടെ വിധിന്യായങ്ങൾ പഴയ സ്റ്റാർ ചേംബറിനെ ഓർമിപ്പിക്കുന്നു. കേരള ഹൈകോടതിയുടെ മുന്നിലെത്തിയ മീഡിയവൺ ടി.വി ചാനൽ വിലക്കിന്‍റെ വിഷയം പഴയ സ്റ്റാർ ചേംബർ കഥയുടെ സ്മരണയുണർത്തുകയും ഇന്ത്യൻ നിയമശാസ്ത്രത്തെ നേർക്കുനേർ സ്റ്റാർ ചേംബറിൽ കൊണ്ടെത്തിക്കുകയും ചെയ്തിരിക്കുന്നു.

മീഡിയവൺ വിലക്ക് ശരിവെക്കുകയും 'മുദ്രവെച്ച കവറിൽ സെൻസർഷിപ്' അടിച്ചേൽപിക്കുകയും ചെയ്ത ഹൈകോടതി സിംഗ്ൾ ബെഞ്ച് 'വിധി' ഞാൻ നേരത്തേ വിശകലനം ചെയ്തിരുന്നു. ഇന്ന് അതേ ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ചിന്‍റെ 'വിധി' ആദ്യത്തേതിലും കഷ്ടമായിരിക്കുന്നു. 42 പേജ് വിധിന്യായത്തിൽ ഡിവിഷൻ ബെഞ്ച് നേരത്തേയുള്ള സിംഗ്ൾ ബെഞ്ച് വിധി ശരിവെച്ചിരിക്കുന്നു. ഈ 42 പേജുകളിൽ 55ാമത്തെ ഖണ്ഡികയിലാണ് യഥാർഥ 'വിശകലനം' വരുന്നത്. അതിങ്ങനെ:

''മീഡിയവൺ ടി.വിയുടെ അപ്ലിങ്കിങ്, ഡൗൺലിങ്കിങ് പുതുക്കുന്നതിനുള്ള അനുമതിക്കായി സമർപ്പിച്ച അപേക്ഷ 2021ൽ പരിഗണിച്ചതിൽ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിനും അതിന്‍റെ എം.ഡിക്കുമെതിരെ ഇന്‍റലിജൻസ് ബ്യൂറോയുടെ ഗുരുതരമായ പ്രതികൂല റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടു. വിഷയത്തിന്‍റെ സ്വഭാവം, ആഘാതം, ഗൗരവം, ആഴം എന്നിവ ഫയലുകളിൽനിന്നു വേർതിരിച്ചറിയാനാവില്ലെങ്കിലും പൊതുസമാധാനത്തെയും രാജ്യസുരക്ഷയെയും ബാധിക്കുന്ന വ്യക്തവും സുപ്രധാനവുമായ സൂചനകൾ അതിലുണ്ട്. ഇന്ത്യൻ യൂനിയന്‍റെ ആഭ്യന്തരവകുപ്പിന്‍റെ സെൻസിറ്റിവായ അതീവരഹസ്യരേഖ ആയതിനാൽ, രാജ്യസുരക്ഷയും പൊതുസമാധാനവും രാജ്യഭരണത്തിന്‍റെ മറ്റു വശങ്ങളും പരിഗണിച്ച് ഞങ്ങൾ കൂടുതലൊന്നും വെളിപ്പെടുത്തുന്നില്ല.''




 

ഈ ഖണ്ഡികയുടെ വിസ്മയകരമായ സ്വഭാവം അതു സ്വയം വെളിപ്പെടുത്തുന്നുണ്ട്. അതിങ്ങനെ സംക്ഷേപിക്കാം:

1. മീഡിയവൺ ചാനൽ സർക്കാറിനാൽ നിരോധിക്കപ്പെട്ടു. 'ദേശസുരക്ഷ' കാരണം നിരോധിക്കപ്പെട്ട കക്ഷിക്ക് നിരോധനത്തിന്‍റെ വ്യക്തമായ കാരണങ്ങൾ നൽകിയിട്ടില്ല.

2. നിരോധിക്കപ്പെട്ട കക്ഷി, തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെട്ടിരിക്കുന്നു എന്നു കാണിച്ച് കോടതിക്കു മുന്നിൽ നിരോധനത്തെ എതിർത്തു. കോടതിക്കു മുന്നിൽ നിരോധനത്തിന്‍റെ വ്യക്തമായ കാരണങ്ങൾ 'ദേശസുരക്ഷ' കാരണം സ്റ്റേറ്റ് ന്യായീകരിക്കുകയോ അതിനാൽ അത് ചോദ്യംചെയ്യപ്പെടുകയോ ഉണ്ടായില്ല. പകരം അത് ഒരു മുദ്രവെച്ച കവറിൽ കോടതിക്കു സമർപ്പിച്ചു.

3. മുദ്രവെച്ച കവറിലുള്ളതു വായിച്ച കോടതി വിഷയത്തിന്‍റെ സ്വഭാവം, ആഘാതം, ഗൗരവം, ആഴം എന്നിവ ഫയലുകളിൽനിന്നു വേർതിരിച്ചറിയാനാവില്ലെങ്കിലും ദേശസുരക്ഷ കാരണമായി നിരോധനം സാധുവാണെന്നു സമ്മതിക്കാൻ നിർബന്ധിതമായി.

4. കേസിന്‍റെ വസ്തുനിഷ്ഠമോ നിയമാനുസൃതമോ ഭരണഘടനാപരമോ ആയ വിശകലനത്തിനു മുതിരുകയെന്ന വഹിയാഭാരത്തിൽനിന്നു കോടതി ചുമലൊഴിഞ്ഞു.

മേൽ അനുക്രമത്തിൽനിന്ന്, കോടതി-അത്യപൂർവമായ അതിന്‍റെ നിഷ്കളങ്കനിമിഷത്തിൽ- അതിന്‍റെ മുന്നിലെത്തിയ ഫയലുകളിൽ വിഷയത്തിന്‍റെ സ്വഭാവം, ആഘാതം, ഗൗരവം, ആഴം എന്നിവ വെളിപ്പെടുന്നില്ല എന്നു സമ്മതിച്ചിരിക്കുന്നു. അങ്ങനെയെങ്കിൽ തീർത്തും വിരുദ്ധമായ ഒരു നിലപാടിലേക്കായിരുന്നു നിയമസംവിധാനം എത്തേണ്ടിയിരുന്നത്. ഇന്ത്യൻനിയമത്തിൽ കുറ്റത്തിനു തക്ക ശിക്ഷ എന്ന ആനുപാതിക മാനദണ്ഡമനുസരിച്ച് ഭരണഘടനാപരമായ അവകാശങ്ങൾ ചോദ്യംചെയ്യപ്പെടുമ്പോൾ ഒരു വിഷയത്തിന്‍റെ 'സ്വഭാവം, ആഘാതം, ഗൗരവം, ആഴം' എന്നിവ കോടതി പ്രത്യേകം പരിഗണിക്കണമെന്നുണ്ട്. സ്റ്റേറ്റിന്‍റെ നിയന്ത്രണം വേണ്ടത്ര യുക്തിപൂർവകമാണോ എന്നാണ് നിയമം നോക്കുന്ന യുക്തിവശം. നിയമത്തിന്‍റെ അനിവാര്യവശം അനുസരിച്ച് നിയന്ത്രണം (ഈ കേസിൽ, ഒരു സമ്പൂർണ വിലക്ക്) എന്നത് 'കുറഞ്ഞ നിയന്ത്രിത നടപടി'യായിരുന്നോ എന്നാണ് നോക്കേണ്ടത്. ആവിഷ്കാര സ്വാതന്ത്ര്യം എന്ന അവകാശത്തിന്‍റെ അനുപേക്ഷ്യതയേക്കാൾ മുൻതൂക്കം നൽകാൻ മാത്രം ആത്യന്തികമായ നിയന്ത്രണത്തിന് വകുപ്പുണ്ടോ എന്നാണ് കണിശമായ ആനുപാതികതത്ത്വം ചോദിക്കുന്നത്.

അതുകൊണ്ട് ഇതിനെ സ്റ്റാർ ചേംബർ എന്നു വിളിക്കുന്നതു തന്നെ അത്യുക്തിയാവും (സ്റ്റാർ ചേംബറും ഇതിനേക്കാൾ നീതിന്യായസംവിധാനത്തിന്‍റെ അടിസ്ഥാനോപാധികൾ മാനിച്ചിരുന്നു). അമേരിക്കയിൽ പറയുമ്പോലെ കോടതിയുടെ ചതിയായിപ്പോയി ഇത്. അഥവാ, ജുഡീഷ്യൽ സ്ഥാപനംപോലെ പ്രവർത്തിക്കുന്നുവെന്നു ഭാവിക്കാൻപോലുമാകാത്തവിധം കോടതി നിസ്സങ്കോചം പിൻവലിഞ്ഞിരിക്കുന്നു. നിയമം? പ്രശ്നമല്ല. കീഴ്വഴക്കം? നോക്കാനില്ല. വസ്തുത നിർധാരണം? വിഷയമല്ല. വിധിയെഴുത്തിനുള്ള ന്യായങ്ങൾ? പറയാനില്ല. തുറന്ന സുതാര്യമായ നീതി? വേണമെന്നില്ല. നടപടി സംബന്ധിച്ച നിയമപരിപരക്ഷ? ആവശ്യമെന്നില്ല. എന്‍റെ ഭരണഘടനാപരമായ സ്വാതന്ത്ര്യങ്ങൾ നിയന്ത്രിക്കുന്നതിനെ ചോദ്യംചെയ്യാനുള്ള അവകാശം? പരിഗണനീയമല്ല.

നിയമവാഴ്ചയും മൗലികാവകാശ പരിരക്ഷയും എന്നേ കോടതിക്ക് വിഷയമല്ലാതായിത്തീർന്നിരിക്കുന്നു.

(ഭരണഘടന നിയമവിദഗ്ധനും ഗ്രന്ഥകാരനുമായ ലേഖകൻ Indian Constitutional Law and Philosophyയിൽ എഴുതിയത്)

Tags:    
News Summary - Because of 'national security'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.