രാംവിലാസ് പാസ്വാൻ ഒരു സംഭവമാണ്. തെരഞ്ഞെടുപ്പു കാലത്ത് കാറ്റിെൻറ ഗതി അളക്കാൻ ഇത്ര ത്തോളം വിരുത് മറ്റാർക്കുമില്ല. പാസ്വാനെ നിരീക്ഷിക്കുന്ന രാഷ്ട്രീയക്കാർ തന്നെയാണ് അക്കാര്യം തലകുലുക്കി സമ്മതിക്കുന്നത്. കാറ്റ് എങ്ങോട്ട് വീശുന്നുവെന്ന് മനസ്സിലാക്ക ാൻ മാത്രമല്ല, അതിനൊത്ത് നിറം മാറാനും പാസ്വാന് അറിയാം. മന്ത്രിക്കസേര ഉന്നംവെച്ച് മറു കണ്ടം ചാടുന്ന പാസ്വാന് അടുത്ത കാലത്തെങ്ങും തെറ്റിയിട്ടില്ല. ഇക്കുറി പാസ്വാൻ അൽപമൊന് ന് ആടി. അതിെൻറ ആപത്ത് ബി.ജെ.പി മണത്തു. ചോദിച്ച ആറു സീറ്റും കൊടുത്തു. അതിനൊടുവിൽ ബി.ജെ. പിക്കൊപ്പം തന്നെ നിൽക്കാമെന്നുവെച്ചു. പാസ്വാെൻറ ഞാണിന്മേൽ കളി വെച്ചാണെങ്കിൽ, എൻ.ഡി.എ സഖ്യം ബിഹാറിൽ ജയിക്കുകയും കേന്ദ്രത്തിൽ അധികാരം നിലനിർത്തുകയും വേണം. പക്ഷേ, ഒരു പാസ്വാനെ വെച്ച് ഗണിക്കാവുന്നത്ര ലളിതമല്ല ഇക്കുറി ദേശീയ രാഷ്ട്രീയം. ബിഹാറിലെ സാഹചര്യങ്ങളും വ്യത്യസ്തം.
ബിഹാറിൽ പല മലക്കംമറിച്ചിലുകൾ നടന്നുകഴിഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് ബി.ജെ.പിയോട് സലാം പറഞ്ഞ നിതീഷ്കുമാറും ജനതാദൾ-യുവും മോദിഭക്തിയോടെ എൻ.ഡി.എയിൽ തിരിച്ചുകയറി. ബിഹാറിലെ പ്രബലരായ നിതീഷും ലാലുപ്രസാദ് യാദവിെൻറ ആർ.ജെ.ഡിയും മുൻകൈയെടുത്ത് ചരിത്രം സൃഷ്ടിച്ച് രൂപപ്പെടുത്തിയ മഹാസഖ്യം പൊളിഞ്ഞുവീണു. ബി.ജെ.പി പാളയം വിട്ട് എതിർചേരിയിൽ ചേക്കേറിയവർ വേറെയും. സംഭവബഹുലമായ അഞ്ചു വർഷങ്ങൾ ലോക്സഭ തെരഞ്ഞെടുപ്പിെൻറ ഗണിതം എങ്ങനെയൊക്കെ മാറ്റിയെഴുതുമെന്ന് ഇനിയും വ്യക്തമല്ല.
‘വിശാല’ നിതീഷും
തിരിച്ചു ചാടിയ നിതീഷും
ബിഹാറിൽ ആകെ സീറ്റ് 40. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ മോദിക്കാറ്റിൽ ബി.ജെ.പി വാരിയെടുത്തത് 22 സീറ്റാണ്. സഖ്യകക്ഷികളായ രാംവിലാസ് പാസ്വാെൻറ ലോക്ജനശക്തി പാർട്ടി ആറും ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക്സമത പാർട്ടി മൂന്നും സീറ്റു പിടിച്ചു. ബിഹാറിെൻറ മണ്ണിൽ ഇടറിവീണ നിതീഷ്കുമാറിന് കിട്ടിയത് രണ്ടു സീറ്റു മാത്രം. ലാലുവിെൻറ ആർ.ജെ.ഡി നാലിൽ ഒതുങ്ങി. കോൺഗ്രസിന് കിട്ടിയത് രണ്ടു സീറ്റ്. താരിഖ് അൻവറിെൻറ കരുത്തിൽ എൻ.സി.പിക്ക് ഒരു സീറ്റും കിട്ടി. മോദി പ്രധാനമന്ത്രിയാവുന്നത് അമർഷത്തോടെ കണ്ട നിതീഷ്കുമാർ, സംസ്ഥാനത്തെ എതിരാളിയായ ലാലുവിെൻറ തോളത്തു കൈയിടാൻ മുന്നിട്ടിറങ്ങിയതിെൻറ ഫലമായിരുന്നു വിശാല മതേതര സഖ്യം. ആ സഖ്യം രൂപപ്പെടുത്തുന്നതിൽ കോൺഗ്രസ് നിർണായക പങ്ക് വഹിച്ചു. ബി.ജെ.പിക്കെതിരായ പ്രതിപക്ഷ കൂട്ടായ്മയുടെ മാതൃകയായി ആ സഖ്യം മാറി.
2015ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആ സഖ്യം അധികാരത്തിലേക്ക് ചുവടുവെച്ചപ്പോൾ, ബിഹാറിലെ മൂന്നാം കക്ഷിയായി ബി.ജെ.പി മാറി. 243 അംഗ നിയമസഭയിൽ ജെ.ഡി.യു 71 സീറ്റു പിടിച്ചപ്പോൾ, അതിനേക്കാൾ മികച്ച പ്രകടനമാണ് ആർ.ജെ.ഡി കാഴ്ചവെച്ചത്-80 സീറ്റ്. ബി.ജെ.പിക്ക് 53 സീറ്റ്; കോൺഗ്രസിന് 27. ഏറ്റവും വലിയ കക്ഷിയായിട്ടും നിതീഷിനെ മുഖ്യമന്ത്രിയാക്കുക എന്ന മുൻധാരണ പൊളിക്കാനൊന്നും ലാലുപ്രസാദ് മുതിർന്നില്ല. ലാലുവിെൻറ മകൻ തേജസ്വിയെ ഉപമുഖ്യമന്ത്രിയാക്കി നിതീഷ് ഉപകാരസ്മരണ പങ്കുവെച്ചു. മോദിക്കെതിരായ ഭാവിപ്രധാനമന്ത്രി സ്ഥാനാർഥി എന്ന പ്രതീതിയാണ് അക്കാലത്ത് നിതീഷ് സമ്മാനിച്ചത്. എന്നാൽ, മാസങ്ങൾ മുന്നോട്ടുപോയപ്പോൾ, രാജ്യത്ത് നരേന്ദ്ര മോദിയെ വെല്ലാൻ ആർക്കും കഴിയില്ലെന്ന തോന്നലിൽ, തെൻറ മുഖ്യമന്ത്രിപദം ഭദ്രമാക്കുന്ന രാഷ്ട്രീയ നീക്കത്തിൽ നിതീഷ് കളം മാറ്റി ചവിട്ടി. മോദിയുടെ തോളിൽ കൈയിട്ടു; മഹാസഖ്യം പൊളിഞ്ഞു. അതുകൊണ്ട് ഇൗ തെരഞ്ഞെടുപ്പിൽ മോദിയും നിതീഷും ഒന്നിച്ചുനിൽക്കുന്ന സഖ്യമാണ് ആർ.ജെ.ഡിയെയും കോൺഗ്രസിനെയും നേരിടുന്നത്.
പാസ്വാനെ കൂട്ടിപ്പിടിച്ചു;
ചെറുമീനുകൾ വഴുതി
പിന്നാക്ക വോട്ടിൽ നിർണായക സ്വാധീനമുള്ള പാസ്വാനു മാത്രം വഴങ്ങിക്കൊണ്ട്, മറ്റു ഘടകകക്ഷികളെ എൻ.ഡി.എ തഴഞ്ഞു. മൂന്ന് എം.പിമാരുള്ള ഉപേന്ദ്ര കുശ്വാഹയുടെ ആർ.എൽ.എസ്.പി പ്രതിഷേധിച്ച് എതിർചേരിയിലേക്ക് പോയി. അതിനും മുേമ്പ, മുൻ മുഖ്യമന്ത്രി ജിതൻറാം മാഞ്ചിയുടെ എച്ച്.എ.എം.എസ് സഖ്യം മതിയാക്കി പുറത്തുചാടിയിരുന്നു. ബി.ജെ.പിയിൽനിന്ന് കീർത്തി ആസാദ് കോൺഗ്രസിലെത്തി. ശത്രുഘ്നൻ സിൻഹയും ‘നല്ല നമസ്കാരം’ പറഞ്ഞു നിൽക്കുന്നു. ഇതിനെല്ലാമിടയിൽ, പാസ്വാനെ സന്തോഷിപ്പിച്ച് സീറ്റു പങ്കിടൽ എൻ.ഡി.എ സഖ്യം പൂർത്തിയാക്കി. ബി.ജെ.പിയും ജെ.ഡി.യുവും 17 വീതം സീറ്റിൽ; ബാക്കിയുള്ള ആറ് എൽ.ജെ.പിക്ക്.
വളർന്നെന്ന് കോൺഗ്രസ്;
അത്രക്കില്ലെന്ന് ആർ.ജെ.ഡി
മോദിക്കും നിതീഷിനും സോഷ്യലിസ്റ്റ് തട്ടകത്തിൽനിന്ന് തക്ക പ്രഹരം കൊടുക്കണമെന്ന ചിന്ത പ്രതിപക്ഷ നിരയിൽ ശക്തം. മോദിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ട് എന്നു പറയുന്നുണ്ടെങ്കിലും, കൊണ്ടും കൊടുത്തും നീങ്ങുന്നതിൽ ആ വികാരം കാണാത്തതുകൊണ്ട് ബിഹാറിലെ പ്രതിപക്ഷ സഖ്യചർച്ചകൾ മുടന്തിനിൽക്കുന്നു. കഴിഞ്ഞ തവണ 12 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ഇക്കുറി 11ൽ കൂടുതൽ കൊടുക്കാൻ പറ്റില്ലെന്നാണ് ആർ.ജെ.ഡിയുടെ നിലപാട്. കീർത്തി ആസാദ്, താരിഖ് അൻവർ എന്നിവർ കോൺഗ്രസിലെത്തുക വഴി ബിഹാറിൽ കൂടുതൽ വളർന്ന തങ്ങൾക്ക് 14 സീറ്റു വേണമെന്ന് കോൺഗ്രസ് വാദിക്കുന്നു. 27 സീറ്റിൽ മത്സരിക്കാൻ ഒരുങ്ങിനിൽക്കുകയാണ് ആർ.ജെ.ഡി.
കാലിത്തീറ്റ കേസിൽ തടവുശിക്ഷ നേരിടുന്ന ലാലുപ്രസാദ് റാഞ്ചിയിൽനിന്ന് കാര്യങ്ങൾ നിയന്ത്രിക്കുകയും മകൻ തേജസ്വി യാദവ് സീറ്റു പങ്കിടൽ ചർച്ച നടത്തുകയും ചെയ്യുന്നതിനിടയിൽ വേറെയുമുണ്ട് പ്രശ്നങ്ങൾ. സി.പി.െഎ, സി.പി.എം, സി.പി.െഎ-എം.എൽ എന്നീ കക്ഷികളെ മുന്നണിയുടെ ഭാഗമാക്കുന്നതിന് സീറ്റു കൊടുക്കണം. ഇൗ മൂന്നു പാർട്ടികളിൽ ബിഹാറിലെ വല്യേട്ടൻ, നിയമസഭയിൽ മൂന്നു സീറ്റുള്ള സി.പി.െഎ-എം.എൽ ആണ്. അതുകൊണ്ട് അവരെ പരിഗണിക്കാമെന്ന് ആർ.ജെ.ഡി. വിദ്യാർഥി നേതാവ് കനയ്യകുമാറിനെ ബേഗുസരായി മണ്ഡലത്തിൽ മത്സരിപ്പിക്കാൻ സി.പി.െഎ ശ്രമിക്കുേമ്പാൾ, അവിടം എം.എല്ലിെൻറ സ്വാധീന മേഖലയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പി വിട്ടു വന്ന ആർ.എൽ.എസ്.പി, എച്ച്.എ.എം.എസ് എന്നിവരെയും പരിഗണിക്കണം. സീറ്റു വിഷയം ചർച്ച ചെയ്യുന്ന കോൺഗ്രസിെൻറ പ്രവർത്തക സമിതി 12ന് യോഗം ചേരാനിരിക്കുന്നു. മായാവതിയാകെട്ട, എല്ലാ മണ്ഡലങ്ങളിലും ബി.എസ്.പി സ്ഥാനാർഥികളെ നിർത്താനുള്ള പുറപ്പാടിലാണ്. ഇതിനെല്ലാമിടയിലും, അവകാശവാദങ്ങൾ സ്വാഭാവികമെന്നും, ഒന്നിച്ചു നിൽക്കേണ്ടത് അനിവാര്യമെന്നുമുള്ള ബോധ്യംതന്നെയാണ് പ്രതിപക്ഷ പാർട്ടികളെ ഭരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.