ബിഹാർ ജാതി സർവേ ഫലം; കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ മുഖത്തേറ്റ പ്രഹരം

ഇടതുപക്ഷ പ്രസ്ഥാനമായ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിൽ 26.9 ശതമാനം  മുസ്‍ലിം ജനസംഖ്യയുള്ള കേരളത്തിൽ സർക്കാർ ഉദ്യോഗങ്ങളിലെ പ്രാതിനിധ്യം കേവലം 11.4 ശതമാനം മാത്രമാണ്. 27 ശതമാനം പ്രാതിനിധ്യമെങ്കിലും ലഭിക്കേണ്ടിടത്താണിത്. 22.2 ശതമാനം ജനസംഖ്യ പ്രാതിനിധ്യമുള്ള ഈഴവർക്ക് സർക്കാർ ജോലികളിൽ 22.7 ശതമാനത്തിന്‍റെ പ്രാതിനിധ്യമുണ്ട്. മുസ്‍ലിം സംവരണ വിഹിതം 12ൽ നിന്ന് 18 ശതമാനമാക്കിയും റോസ്റ്ററിൽ രണ്ടാമത്തെ തസ്തിക അനുവദിച്ചും സംവരണം പുനർനിർണയിക്കുകയും ചെയ്താൽ മാത്രമേ നിലവിലെ നഷ്ടം നികത്താനാവൂവെന്നതാണ് സ്ഥിതി

നൂറ്റാണ്ടുകളായി നീതി നിഷേധിക്കപ്പെട്ട, രാജ്യത്തെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളുടെ ചരിത്രത്തിൽ സ്വർണലിപികളാൽ രേഖപ്പെടുത്തേണ്ട ദിവസമാണ് 2023 സെപ്റ്റംബർ 22. പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ സംവരണം നിരന്തരം അട്ടിമറിക്കപ്പെടുന്നത് പരിഹരിക്കാൻ സുപ്രീംകോടതി കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ശക്തവും വ്യക്തവുമായ നിർദേശങ്ങൾ നൽകിയത് അന്നാണ്.

മണ്ഡൽ കമീഷൻ വിധി വന്ന് 31വർഷം കഴിഞ്ഞിട്ടും അത് ശരിയായ രീതിയിൽ നടപ്പാക്കാത്തതിന് സുപ്രീംകോടതി സർക്കാറുകളോട് വിശദീകരണം തേടി. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇക്കാര്യത്തിൽ പുലർത്തുന്ന കുറ്റകരമായ അനാസ്ഥയും നിഷ്ക്രിയത്വവും ബോധ്യപ്പെട്ട കോടതി കോടതിയലക്ഷ്യ നടപടികൾക്ക് തുടക്കം കുറിച്ചുകൊണ്ടാണ് കാരണം കാണിക്കൽ നോട്ടീസിന് ഉത്തരവിട്ടത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടന ബെഞ്ചാണ് 1992ലെ മണ്ഡൽ കമീഷൻ വിധി പുറപ്പെടുവിച്ചത്. ഓരോ പത്തുവർഷം കൂടുന്തോറും നിലവിലുള്ള പിന്നാക്ക സമുദായ സംവരണപട്ടിക പുനഃപരിശോധിച്ച് പുനർ നിർണയിക്കണമെന്നായിരുന്നു വിധിയിലെ പ്രധാന നിർദേശം.

സംവരണത്തിലൂടെ മതിയായ പ്രാതിനിധ്യം ലഭിച്ച വിഭാഗങ്ങളെ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നും, ഇതിന് മേൽനോട്ടം വഹിക്കാൻ കേന്ദ്ര-സംസ്ഥാന തലങ്ങളിൽ സ്വതന്ത്ര സംവിധാനമുണ്ടാക്കണമെന്നും അതിനായി കേന്ദ്രവും സംസ്ഥാനങ്ങളും നിയമം കൊണ്ടുവരണമെന്നും നിർദേശിച്ചിരുന്നു.

എന്നാൽ, 30 വർഷം പിന്നിട്ടിട്ടും നിർദേശങ്ങൾ നടപ്പാക്കാത്തത് വളരെ ഗുരുതരമായ കോടതിയലക്ഷ്യമായാണ് കോടതി കണ്ടത്. ഇതിനു പിന്നാലെയാണ് സാമ്പത്തിക, സാമൂഹിക സർവേക്ക് നേരെ മുഖം തിരിഞ്ഞു നിൽക്കുന്ന കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ മുഖത്തടിച്ച് ബിഹാർ സർക്കാർ സംസ്ഥാനത്തെ ജാതി സർവേ റിപ്പോർട്ട് പുറത്തുവിട്ടത്.

വരും ദിവസങ്ങളിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും ഈ സർവേ റിപ്പോർട്ട്. സംസ്ഥാനത്തെ 84.46 ശതമാനം പേരും ഒ.ബി.സിയും എസ്.സിയും എസ്.ടിയും ഉൾപ്പെടുന്ന പിന്നാക്ക വിഭാഗത്തിൽ വരുന്നവരാണെന്നാണ് ബിഹാറിലെ സർവേ വെളിപ്പെടുത്തുന്നത്. സംസ്ഥാനത്തെ മുഴുവൻ മുസ്‍ലിംകളും ഒ.ബി.സി വിഭാഗത്തിലാണ് വരുന്നത്.

ഏറ്റവുമൊടുവിൽ സെൻസസ് നടത്തിയ 2011ലെ കണക്ക് പ്രകാരം ബിഹാറിൽ 16.86 ശതമാനം മുസ്‍ലിംകളാണ് ഉണ്ടായിരുന്നത്. 12 വർഷത്തിനുശേഷം പ്രസിദ്ധീകരിച്ച സർവേ പ്രകാരം മുസ്‍ലിം ജനസംഖ്യ 17.9 ശതമാനമാണ്. ആകെ വർധിച്ചത് ഒരു ശതമാനം മാത്രം. ബിഹാറിലേക്ക് ബംഗ്ലാദേശിൽ നിന്ന് മുസ്‍ലിംകൾ വൻതോതിൽ കുടിയേറുന്നുവെന്ന് പ്രചരിപ്പിച്ച സംഘ്പരിവാറിന്റെ നുണകളാണ് ഇവിടെ പൊളിഞ്ഞുവീണത്.

ഈ വർഷം ജനുവരിയിൽ തുടക്കം കുറിച്ച ജാതി സർവേ നടപടികളെ തടസ്സപ്പെടുത്താൻ സംഘ്പരിവാർ എല്ലാവിധത്തിലും ശ്രമങ്ങൾ നടത്തിയിരുന്നു. സുപ്രീം കോടതിയിലടക്കം ഹരജികളുമായെത്തി. ഹൈകോടതി തന്നെ വിഷയം പരിഗണിക്കാൻ നിർദേശിച്ച് സുപ്രീംകോടതി വിഷയം തിരിച്ചയച്ചു. ഹൈകോടതി സർവേ നടപടി സ്റ്റേ ചെയ്തെങ്കിലും പിന്നീട് സുപ്രീംകോടതി റദ്ദാക്കി. പിന്നീട് സർവേ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് തടയാനായി ശ്രമം.

എന്നാൽ, കോടതികൾ ഈ നീക്കവും അനുവദിച്ചില്ല. ഈ മാസം തന്നെ ഈ ഹരജി സുപ്രീംകോടതിയുടെ പരിഗണനക്കെത്തുന്നുണ്ട്. എന്നാൽ, സെൻസസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും അത് ചർച്ചയാവുകയും ചെയ്ത സാഹചര്യത്തിൽ കേസിന്‍റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നതാണ് യാഥാർഥ്യം.

ബിഹാർ ജാതി സർവേ റിപ്പോർട്ടിന് പിന്നാലെ കർണാടകയിൽനിന്നും സമാനവാർത്ത വരുന്നുണ്ട്. 2017ൽ കർണാടകയിൽ പൂർത്തിയായ ജാതി സർവേയുടെ റിപ്പോർട്ട് പ്രസിദ്ധീകരിക്കാനുള്ള നീക്കത്തിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇത് കൂടി പ്രസിദ്ധീകരിക്കുന്നതോടെ പിന്നാക്ക വിഭാഗക്കാരുടെ പ്രതീക്ഷയും ഊർജവും ഇരട്ടിയാവും. ഈ സംസ്ഥാനങ്ങളിൽ സംവരണം പുനർനിർണയിക്കുമ്പോൾ വലിയ അവസരങ്ങളാവും പിന്നാക്കക്കാരെ തേടിയെത്തുക.

ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ കണ്ടെത്തലുകൾ

ഇടതുപക്ഷ പ്രസ്ഥാനമായ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിൽ 26.9 ശതമാനം മുസ്‍ലിം ജനസംഖ്യയുള്ള കേരളത്തിൽ സർക്കാർ ഉദ്യോഗങ്ങളിലെ പ്രാതിനിധ്യം കേവലം 11.4 ശതമാനം മാത്രമാണ്. 27 ശതമാനം പ്രാതിനിധ്യമെങ്കിലും ലഭിക്കേണ്ടിടത്താണിത്. 22.2 ശതമാനം ജനസംഖ്യ പ്രാതിനിധ്യമുള്ള ഈഴവർക്ക് സർക്കാർ ജോലികളിൽ 22.7 ശതമാനത്തിന്‍റെ പ്രാതിനിധ്യമുണ്ട്.

മുസ്‍ലിം സംവരണ വിഹിതം 12ൽ നിന്ന് 18 ശതമാനമാക്കിയും റോസ്റ്ററിൽ രണ്ടാമത്തെ തസ്തിക അനുവദിച്ചും സംവരണം പുനർ നിർണയിക്കുകയും ചെയ്താൽ മാത്രമെ നിലവിലെ നഷ്ടം നികത്താനാവൂവെന്നതാണ് സ്ഥിതി. നിലവിലെ സംവരണം കൊണ്ട് മുസ്‍ലിം സമുദായത്തിന് ഗുണമൊന്നുമുണ്ടായില്ലെന്ന് മാത്രമല്ല, സംവരണം ഇല്ലാതിരുന്നെങ്കിൽ സ്ഥിതി ഇതിനേക്കാൾ മെച്ചപ്പെട്ടതായിരുന്നേനെ എന്നുവേണം കരുതാൻ.

ഒരു തസ്തികയിൽ ആറ് ഒഴിവുണ്ടെങ്കിൽ മാത്രമേ മുസ്‍ലിം സമുദായാംഗത്തിന് നിയമനം ഉറപ്പാകൂ. രണ്ടും നാലും ഒഴിവുകൾ സംവരണ വിഭാഗക്കാരായ ഈഴവർക്കും പട്ടിക ജാതിക്കാർക്കുമാണ് ലഭിക്കുക. ഒന്ന്, മൂന്ന്, അഞ്ച് ഒഴിവുകളിൽ മെറിറ്റുകാർക്കായിരിക്കും നിയമനം. അഞ്ച് ഒഴിവ് മാത്രമുള്ള റാങ്ക് ലിസ്റ്റിൽ നാലാം റാങ്കുകാരനായി ഉൾപ്പെട്ടാൽ പോലും മുസ്‍ലിം ഉദ്യോഗാർഥിക്ക് നിലവിലെ രീതി പ്രകാരം നിയമനം ലഭിക്കില്ലെന്ന് സാരം.

കേരളത്തിനും കേന്ദ്രത്തിനും ഒഴിഞ്ഞു മാറാനാവില്ല

കേരളത്തിൽ സാമൂഹിക, സാമ്പത്തിക സർവേക്ക് നിർദേശിച്ച് 2021 സെപ്റ്റംബർ എട്ടിന് ഹൈകോടതി സുപ്രധാന വിധി പുറപ്പെടുവിച്ചിട്ടും ചെറുവിരൽ അനക്കാൻ പോലും ഇതുവരെ സർക്കാർ തയാറായിട്ടില്ലെന്നിരിക്കെയാണ് ബിഹാറിലെ ജാതി സെൻസസ് ഇവിടെ പ്രസക്തമാകുന്നത്.

സംവരണ ആനുകൂല്യം പിന്നാക്ക വിഭാഗങ്ങളിലെ അര്‍ഹരായവര്‍ക്ക് ലഭിക്കുംവിധം സംവരണ പട്ടിക കാലോചിതമായി പുതുക്കുന്നതിന്‍റെ ഭാഗമായി സാമൂഹിക, സാമ്പത്തിക സർവേ നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തരമായി പൂർത്തിയാക്കണമെന്നായിരുന്നു ഉത്തരവ്.

ഇതിനെതിരെ കോടതിയലക്ഷ്യ ഹരജിയും ഹൈകോടതിയിൽ വന്നു. 2011ലെ സെൻസസ് വിവരങ്ങൾ കേന്ദ്രം പ്രസിദ്ധീകരിക്കാത്ത സാഹചര്യത്തിൽ പുതിയ സർവേ ഇവിടെ സാധ്യമല്ലെന്നാണ് ലേഖകൻ അയച്ച കത്തിന് പിന്നാക്ക ക്ഷേമ വകുപ്പിൽനിന്ന് ലഭിച്ച മറുപടി.

സർവേയുമായി ബന്ധപ്പെട്ട് പോസിറ്റിവായ എന്തെങ്കിലും നടപടികൾ സംസ്ഥാന സർക്കാറിൽ നിന്നുണ്ടായില്ലെങ്കിൽ പ്രത്യേകിച്ച് ലോക്സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ അത് വലിയ നഷ്ടമുണ്ടാക്കുമെന്ന തിരിച്ചറിവുണ്ടാകാൻ സർക്കാറിനെ സഹായിക്കുന്നതാണ് ഇക്കാര്യത്തിലെ ബിഹാർ മാതൃക.

മറ്റു പിന്നാക്ക സമുദായങ്ങളിലെ (ഒ.ബി.സി) ഉപ‌വിഭാഗങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജി. രോഹിണി കമീഷന്‍റെ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ കേന്ദ്ര സർക്കാർ മുതിർന്നിട്ടില്ല. ബിഹാർ ജാതി സർവേ റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ സംവരണ കാര്യത്തിൽ അൽപം ആശങ്കയോടെയല്ലാതെ ഇത്തരം നിലപാടുകൾ ഇനി കേന്ദ്ര സർക്കാറിന് തുടരാൻ കഴിയില്ല.

2024ലെ പൊതുതെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ കഴിയുന്ന സംവരണ വിഷയമായി ബിഹാർ ചർച്ച ചെയ്യപ്പെടും. സംവരണത്തെ ചൊല്ലി ബി.ജെ.പിയിലും എൻ.ഡി.എ ഘടകകക്ഷികളിലുമുള്ള അഭിപ്രായ വ്യത്യാസങ്ങൾ പൊട്ടിത്തെറിയായി പുറത്തുവന്നാലും അത്ഭുതപ്പെടേണ്ടതില്ല.

(മുൻ അഡീ. അഡ്വക്കറ്റ് ജനറലാണ് ലേഖകൻ)  

Tags:    
News Summary - Bihar Caste Survey Result-A blow to the face of the central and state governments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.