രാമനവമിയോടനുബന്ധിച്ച് കലാപങ്ങൾ അരങ്ങേറിയ ബിഹാറിലെ വിവിധ സ്ഥലങ്ങളിലെ വസ്തുതാന്വേഷണം പൂർത്തിയാക്കിയശേഷം സർക്കാറിനും രാഷ്ട്രീയപാർട്ടി നേതാക്കൾക്കും എന്തു പറയാനുണ്ടെന്ന് കേൾക്കാനാണ് ബിഹാർ തലസ്ഥാനമായ പട്നയിലേക്ക് തിരിച്ചത്. വൈകുന്നേരങ്ങളിൽ മാധ്യമപ്രവർത്തകരും അവരുടെ സുഹൃദ്വലയത്തിലുള്ളവരും എത്താറുള്ള പട്ന നഗരമധ്യത്തിലെ ഒരു കോണായ ‘പട്ന റിപ്പബ്ലിക്കി’ൽ സംഘം എത്തി. പട്നയിലെ മാധ്യമപ്രവർത്തകരുമായി വളരെ അടുത്ത ബന്ധമുള്ള രഹസ്യാേന്വഷണ വിഭാഗത്തിലെ മുതിർന്ന ഉേദ്യാഗസ്ഥനും അവിടെയുണ്ടായിരുന്നു. ഇത്രയും സന്നാഹങ്ങളും ആസൂത്രണവുമായി പത്തോളം ജില്ലകളിൽ അരങ്ങേറിയ ഇൗ കലാപം എന്തുകൊണ്ട് മുൻകൂട്ടി അറിയാനും തടയാനും പൊലീസിന് കഴിഞ്ഞില്ലെന്ന് പട്നയിലെ മാധ്യമപ്രവർത്തകർ, പരിചയപ്പെടുത്തിയപ്പോൾ തന്നെ അദ്ദേഹത്തോടു ചോദിച്ചു; ആറു മാസം മുേമ്പ നടത്തിയ പഴുതില്ലാത്ത ആസൂത്രണത്തെക്കുറിച്ച് ഒരു വിവരവും സർക്കാറിനില്ലാതെപോയെന്ന് പറയാനാകില്ലല്ലോ എന്നും. പത്തോളം ജില്ലകളിലായി നടന്ന കലാപങ്ങൾക്ക് നേതൃത്വം നൽകിയത് അതത് പ്രദേശങ്ങളിലെ ഹിന്ദുത്വ നേതാക്കളായിരുന്നുവെങ്കിലും അവരെല്ലാമുപയോഗിച്ച ആയുധങ്ങളുടെയും പയറ്റിയ തന്ത്രങ്ങളുടെയും അമ്പരപ്പിക്കുന്ന സാമ്യതകളും ഉന്നത രഹസ്യാേന്വഷണ ഉദ്യോഗസ്ഥന് മുമ്പാകെ നിരത്തി.
രണ്ടു ലക്ഷത്തോളം വാളുകളാണ് രാമനവമിയുടെ ഘോഷയാത്രക്കായി ഹിന്ദുത്വസംഘടനകൾ പുറത്തുനിന്ന് ബിഹാറിലേക്ക് ഇറക്കുമതി ചെയ്ത് വിവിധ ജില്ലകളിലെത്തിച്ചത്. കലാപമരങ്ങേറിയ ഭഗൽപൂർ, ഒൗറംഗാബാദ്, നവാഡ, കൈമൂർ മുംഗേർ, സമസ്തിപൂർ, ഗയ, സിവാൻ തുടങ്ങിയ ജില്ലകളിൽ ഘോഷയാത്രകളിൽ പ്രകോപനത്തോടെ പ്രദർശിപ്പിച്ച മൂർച്ചയേറിയ പുതിയ വാളുകളെല്ലാം ഒരു ഫാക്ടറിയിൽ ഒരേ അച്ചിൽ നിർമിച്ചതാണെന്ന് തോന്നിക്കുന്നതായിരുന്നു. വാളുകളുടെ ഇൗ സാമ്യം കലാപമേഖലയിൽ രാമനവമിക്കു മുേമ്പ വിതരണംചെയ്ത സീഡികളിലുമുണ്ടായിരുന്നു. ഘോഷയാത്രയിൽ ഡീജെ ഉപയോഗിച്ച് കേൾപ്പിക്കാനുള്ള പാട്ടുകളും മുദ്രാവാക്യങ്ങളുമായിരുന്നു ഇൗ സീഡികളിൽ. മുസ്ലിം സമുദായത്തിെൻറ മതവികാരം വ്രണെപ്പടുത്തുന്നതരത്തിൽ അത്യന്തം പ്രേകാപനപരമായിരുന്നു പാട്ടുകളും മുദ്രാവാക്യങ്ങളും. കലാപത്തിന് കാരണമുണ്ടാക്കിേയടത്തുപോലുമുണ്ട് ഇൗ പൊരുത്തം. ഹിന്ദുവിഭാഗത്തിൽപ്പെട്ടവരുടെ കടകൾക്ക് തീവെച്ച് അതൊരു കാരണമാക്കി അവതരിപ്പിക്കുകയാണ് ഒൗറംഗാബാദിൽ ചെയ്തതെങ്കിൽ നവാഡയിൽ രണ്ട് ജാതിക്കാർക്കിടയിൽ തർക്കമുള്ള ഭൂമിയിൽ സ്ഥാപിച്ച വിഗ്രഹം തകർക്കപ്പെട്ട നിലയിൽ കാണപ്പെട്ടതിന് തിരിച്ചടിക്കുകയാണെന്നുപറഞ്ഞാണ് കലാപകാരികളിറങ്ങിയത്. ഏതൊരു പ്രവർത്തനത്തിനും പ്രതിപ്രവർത്തനമുണ്ടാകുമെന്ന് പറഞ്ഞ് കലാപകാരികൾക്ക് ആവേശം നൽകിയത് ഒൗറംഗാബാദ് എം.പി സുശീൽ കുമാർ സിങ്ങാണ്.
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഇത്തവണത്തെ കലാപം അവിചാരിതമായിരുന്നില്ലെന്നും മാസങ്ങളെടുത്ത ആസൂത്രണത്തിെൻറ ബാക്കിപത്രമാണെന്നുമായിരുന്നു ഉദ്യോഗസ്ഥെൻറ മറുപടി. രണ്ടുതവണ രഹസ്യാന്വേഷണ വിഭാഗം കലാപത്തിനായുള്ള ഒരുക്കങ്ങൾ സംബന്ധിച്ച് സർക്കാറിന് വിവരം നൽകിയിരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം റിപ്പോർട്ടുകളിൽ കലാപസാധ്യതകളുള്ള മേഖലകളെ പൊതുവായി പറയുകയാണ് ചെയ്യാറെങ്കിൽ ഇത്തവണ പതിവുതെറ്റിച്ച് ജില്ല തിരിച്ച് കലാപസാധ്യത സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നു. രാമനവമിയോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അത്. എന്നാൽ, കൃത്യമായ നടപടി സംസ്ഥാന സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടായില്ലെന്നു മാത്രമല്ല, തങ്ങൾ ചൂണ്ടിക്കാട്ടിയ ജില്ലകളിെലല്ലാം കലാപമുണ്ടാകുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
രാമനവമി ഘോഷയാത്രയിൽ ഉപയോഗിച്ച വാളുകളെക്കുറിച്ച് പറഞ്ഞത് സത്യമാണെന്നും അതിനുപുറമെ പലയിടങ്ങളിലും തോക്കുകളുമിറക്കിയിട്ടുണ്ടെന്നും പറഞ്ഞ് പട്നയിൽ നടന്ന ഘോഷയാത്രയുടെ ഒരു വിഡിയോ ക്ലിപ് അദ്ദേഹം കാണിച്ചുതന്നു. നൂറുകണക്കിന് വാളുകൾ വീശി പട്ന നഗരത്തിലൂടെ കടന്നുപോയ ആ രാമനവമി യാത്രയിൽ ആകാശത്തേക്കുയർത്തിക്കാണിക്കുന്ന തോക്കുകളും വ്യക്തമായി കാണുന്നുണ്ടായിരുന്നു.
ജിതാറാം മഞ്ചി പറഞ്ഞത്
രണ്ടു മാസം മുമ്പ് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് ബിഹാറിൽ വന്നതിെൻറ പ്രതിഫലനമാണ് ഇൗ വർഷം രാമനവമിയിൽ കണ്ടതെന്നാണ് മുൻ മുഖ്യമന്ത്രി ജിതാറാം മഞ്ചി വസ്തുതാന്വേഷണ സംഘത്തോട് പറഞ്ഞത്. സംഘ്പരിവാറുമായി ബന്ധപ്പെട്ടവർ മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് ഇൗ കലാപമെന്ന നിലപാടിനെ ബലപ്പെടുത്തുന്നതിന് കൃത്യമായ തെളിവുകൾ അദ്ദേഹം നിരത്തി. കലാപം രൂക്ഷമായ ഒൗറംഗാബാദും നവാഡയും തുടക്കമിട്ട ഭഗൽപൂരും നോക്കൂ. ബി.ജെ.പിക്ക് എം.പിമാരുള്ളതോ അവരുടെ നിയന്ത്രണത്തിലുള്ളതോ ആയ മേഖലകളിലാണ് രാമനവമിക്ക് കലാപങ്ങൾ അരങ്ങേറിയത്. അശ്വിനികുമാർ ശർമയുടെ മകനാണ് ഭഗൽപൂരിൽനിന്ന് പ്രശ്നങ്ങളുണ്ടാക്കിയത്. രാമനവമിയുടെ സമയത്ത് കലാപമുണ്ടാക്കാൻ ഇവർ ശ്രമിക്കാറുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിലെ അക്രമങ്ങളിൽ അത് കലാശിക്കാറാണ് പതിവ്. എന്നാൽ ഇത്തവണ അതിന് വിരുദ്ധമായിരുന്നു കാര്യങ്ങൾ.
കബളിപ്പിക്കാൻ വിളിച്ച സമാധാനയോഗങ്ങൾ
കലാപം നടന്നിടങ്ങളിലെല്ലാം രാമനവമി ഘോഷയാത്ര നടത്താൻ സമാധാന കമ്മിറ്റി ചേർന്നിരുന്നു. എന്നാൽ കലാപം തടയുന്നതിന് പൊലീസിെൻറ ഭാഗത്തുനിന്ന് മുന്നൊരുക്കങ്ങളുണ്ടായില്ല എന്ന് പിന്നീട് കുറ്റപ്പെടുത്തലുണ്ടാകാതിരിക്കാൻ കണ്ട മുൻകൂർ ജാമ്യമായിരുന്നു അതെന്ന് കലാപബാധിതരൊന്നടങ്കം പറയുന്നു. സാധാരണഗതിയിൽ കലാപശേഷമാണ് സർവകക്ഷി സമാധാന യോഗം വിളിച്ചുേചർക്കാറുള്ളതെങ്കിൽ ബിഹാറിൽ കലാപത്തിനു മുേമ്പ നടത്തി. എന്നാൽ അവയെല്ലാം വൃഥാവിലായി. സമാധാന യോഗത്തിൽ മുസ്ലിം താമസമേഖലയിലൂടെ പോകരുതെന്ന് തീരുമാനമായ ഘോഷയാത്രകളെല്ലാം അതുവഴി തന്നെയാണ് പോയത്. വാളുകൾ വരുത്തിയതും സീഡികൾ എത്തിച്ചതും ബോധപൂർവം മറച്ചുവെച്ചാണ് നല്ല ഭക്തിഗാനങ്ങൾ കേൾപ്പിച്ച് സമാധാനപരമായ ഘോഷയാത്ര നടത്തുമെന്ന് എല്ലാ ജില്ലകളിലും പൊലീസ് സ്റ്റേഷനുകളിൽതന്നെ നടത്തിയ സമാധാന യോഗങ്ങളിൽ ഉറപ്പുനൽകിയത്.
ഇത്രയും വിപുലമായ ഒരുക്കങ്ങളുണ്ടായിട്ടും ഇത്തവണത്തെ രാമനവമി ഘോഷയാത്രക്ക് പൊതുജനങ്ങളിൽനിന്ന് ധനസമാഹരണം നടത്താതിരുന്നത് ബിഹാറിലെ മാധ്യമപ്രവർത്തകരെ പോലും അത്ഭുതപ്പെടുത്തിയിരുന്നു. സാധാരണഗതിയിൽ ഘോഷയാത്രക്കായി നടത്തുന്ന പിരിവും ഇക്കുറിയുണ്ടായില്ല. ആയുധങ്ങൾപോലെ തന്നെ അതിനുള്ള ഫണ്ടും പുറത്തുനിന്ന് എത്തിയതുകൊണ്ടാണിതെന്ന് അവർ പറയുന്നു. 10 ജില്ലകളിൽ കലാപമൊരുക്കുന്നതിൽ വിജയിച്ചെങ്കിലും പ്രതീക്ഷിച്ച പ്രകോപനവും തിരിച്ചടിയും മുസ്ലിം സമുദായത്തിൽനിന്ന് ഉണ്ടാകാതിരുന്നതുകൊണ്ടാണ് മരണവും പരിക്കും കുറഞ്ഞതെന്നും പട്നയിലെ മാധ്യമപ്രവർത്തകർപറയുന്നു. ഒരാൾ കൊല്ലപ്പെടുകയും 65 പേർക്ക് പരിക്കേൽക്കുകയുംചെയ്ത കലാപം അതേസമയം സാമ്പത്തികമായി ന്യൂനപക്ഷ സമുദായത്തെ തകർക്കുകയെന്ന അജണ്ടയിൽ ലക്ഷ്യം കൈവരിക്കുകയും ചെയ്തു. ഗുജറാത്ത് വംശഹത്യയോടെ അവസാനിച്ചുവെന്ന് കരുതിയ സംസ്ഥാന വ്യാപകമായ കലാപങ്ങൾ അന്യംനിന്നിട്ടില്ലെന്നും അവ തിരിച്ചുവരുകയാണെന്നുമാണ് ബിഹാറിലെ രാമനവമി കലാപങ്ങൾ പറയുന്നത്.
കലാപത്തിനിറങ്ങിയ കോൺഗ്രസ് എം.എൽ.എ
ബജ്റംഗ്ദൾ നേതൃത്വത്തിൽ ഒൗറംഗാബാദിൽ നടത്തുന്ന ഘോഷയാത്രയിൽ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടാകില്ലെന്ന് സമാധാന കമ്മിറ്റി യോഗത്തിൽ ഉറപ്പുനൽകിയത് ഏതെങ്കിലും ബി.ജെ.പി നേതാവായിരുന്നില്ല, ആനന്ദ് ശങ്കർസിങ് എന്ന കോൺഗ്രസ് എം.എൽ.എ ആയിരുന്നു. വസ്തുതാന്വേഷണ സമിതി ഇൗ വിഷയത്തിൽ കോൺഗ്രസിെൻറ ദേശീയ വക്താവിനോട് വിശദീകരണം ചോദിച്ചപ്പോൾ ഇക്കാര്യത്തിൽ അന്വേഷണം നടത്തി ഉചിതമായ നടപടി എം.എൽ.എക്കെതിരെ സ്വീകരിക്കുമെന്നായിരുന്നു ആദ്യ പ്രതികരണം. ഒടുവിൽ ബിഹാറിൽനിന്ന് മടങ്ങുംമുേമ്പ വസ്തുതാന്വേഷണ സംഘത്തിന് ഡൽഹിയിലെ എ.െഎ.സി.സി ഒാഫിസിൽനിന്നുള്ള വിശദീകരണത്തിൽ കോൺഗ്രസ് നിലപാട് മാറ്റി. നടത്തുന്നത് ബജ്റങ്ദൾ ആണെങ്കിലും സ്ഥലം എം.എൽ.എ എന്നനിലയിൽ ക്ഷണിച്ചാൽ തനിക്ക് പരിപാടിയിൽ പോകാതിരിക്കാനാവില്ലെന്നും അതല്ലാതെ കലാപത്തിൽ അദ്ദേഹത്തിനൊരു ബന്ധവുമില്ലെന്നുമായിരുന്നു മറുപടി. എന്നാൽ ഒൗറംഗാബാദിലുള്ളവർ പറയുന്നത് സംഘ്പരിവാർ നേതാക്കളോട് തോളുരുമ്മി കോൺഗ്രസ് എം.എൽ.എ നീങ്ങുന്ന ഘോഷയാത്രയിൽ നിന്നാണ് ആക്രമണമുണ്ടായതെന്നാണ്. അതിെൻറ വിഡിയോയും അവർ കാണിച്ചുതന്നു.
ആഭ്യന്തര സെക്രട്ടറിയും ഹിന്ദുത്വ െപാലീസും
രഹസ്യാന്വേഷണ വിഭാഗം സർക്കാറിന് കൈമാറിയെന്ന് പറയുന്ന ഇൗ വിവരങ്ങളുംകൂടി ചേർത്താണ് നിതീഷ് കുമാറിെൻറ വിശ്വസ്തനും ബിഹാർ െപാലീസിെൻറ ചുമതലയുള്ള ആഭ്യന്തര സെക്രട്ടറി ആമിർ സുബ്ഹാനിയെ കാണാനായി സെക്രേട്ടറിയറ്റിലെത്തിയത്. നിതീഷ് കുമാറിെൻറ മുഖം രക്ഷിക്കാൻ ഇരകളായ മുസ്ലിംകളെ പ്രതിക്കൂട്ടിലാക്കി പ്രമാദമായ േഫാർബിസ്ഗഞ്ച് വെടിവെപ്പ് അേന്വഷണം അട്ടിമറിച്ചുവെന്ന ആരോപണവിധേയനായ ആഭ്യന്തര സെക്രട്ടറിയാണ് ആമിർ സുബ്ഹാനി. വസ്തുതാന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾക്കുപുറമെ ഇത്തവണത്തെ രാമനവമി ഘോഷയാത്രയിലും തുടർന്നുണ്ടായ കലാപത്തിലും ബിഹാർ െപാലീസിലെ ഹിന്ദുത്വർ നേർക്കുനേർ പങ്കാളികളായതിെൻറ തെളിവുകളായി ശേഖരിച്ച വീഡിയോകളും അദ്ദേഹത്തിെൻറ ശ്രദ്ധയിൽപ്പെടുത്തി. നളന്ദ ജില്ലയിലെ സിലാവ് െപാലീസ് സ്റ്റേഷനിലേക്ക് ചെന്നപ്പോൾ െപാലീസ് സ്റ്റേഷനൊന്നാകെ ബജ്റംഗ്ദൾ കൊടി നാട്ടി അലങ്കരിച്ചിരിക്കുന്നത് ഇപ്പോഴും അഴിച്ചുമാറ്റിയിട്ടില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. കലാപമഴിച്ചുവിട്ട ഘോഷയാത്രയിൽ അണിനിരന്നവർക്കൊപ്പം െപാലീസുകാരനും യൂനിഫോമിൽ ആർത്തുവിളിക്കുന്നതിെൻറ വിഡിയോയുമുണ്ടായിരുന്നു.
പൊലീസിലൊരു വിഭാഗം വർഗീയവൽക്കരിക്കെപ്പട്ടുവെന്ന് സമ്മതിച്ചേ മതിയാകൂ എന്നായിരുന്നു ആഭ്യന്തര സെക്രട്ടറിയുടെ നിലപാട്. പൊലീസുകാരും കലാപകാരികൾക്കൊപ്പംകൂടിയത് അതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ കലാപം തടയാൻ നടപടി കൈക്കൊണ്ടതാണ് നാശനഷ്ടങ്ങളുടെ തോത് ഇത്രയും കുറച്ചതെന്ന അവകാശവാദവും നിതീഷ് കുമാറിെൻറ മുഖം രക്ഷിക്കാൻ അദ്ദേഹം നടത്തി. പ്രധാന പ്രതിരോധ നടപടിയായി അദ്ദേഹം പറഞ്ഞത് സമാധാന യോഗവും ആ യോഗത്തിലുണ്ടാക്കിയ സമാധാന കമ്മിറ്റിയുമാണ്. എന്നാൽ അവയുണ്ടാക്കിയ സ്ഥലങ്ങളിലെല്ലാം കലാപങ്ങൾ അരങ്ങേറിയതോടെ അവ അർഥശൂന്യമായില്ലേ എന്ന ചോദ്യത്തിന് ആഭ്യന്തര സെക്രട്ടറിക്ക് മറുപടിയുണ്ടായിരുന്നില്ല. രാമനവമി ഘോഷയാത്രക്കായി ഇറക്കിയ ആയുധങ്ങൾ സംബന്ധിച്ച് അദ്ദേഹം നൽകിയ വിശദീകരണം ഞെട്ടിക്കുന്നതായിരുന്നു. ഒാരോ ജില്ലയിൽനിന്നും ഒാൺലൈൻ വഴി അപേക്ഷകൾ സ്വീകരിച്ച് ഒരേ ഏജൻസിയാണ് ഇത്രയും വാളുകൾ ബിഹാറിലെ വിവിധ ജില്ലകളിലെത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇറക്കിയ ആയുധങ്ങളെല്ലാം ബിഹാറിലുെണ്ടന്നു സമ്മതിച്ച അദ്ദേഹം ഇപ്പോഴും സ്ഫോടനാത്മകമാണ് അന്തരീക്ഷമെന്ന് കൂട്ടിേച്ചർക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.