പ്രതിജ്ഞാബദ്ധമായ രാഷ്ട്രനിർമാണമോ ഭരണനിർവഹണമോ പഠിപ്പിക്കുന്നതിനുള്ള പ്രത്യയശാസ്ത്ര അടിത്തറ സംഭാവന ചെയ്യാതെ, വിദ്വേഷവും പരമതനിന്ദയും മാത്രം ഓതിക്കേൾപ്പിച്ച ‘രാജഗുരുക്ക’ന്മാരെ അനുധാവനം ചെയ്തതിെൻറ ദുരന്തഫലം അനുഭവിച്ചുതീർക്കുകയാണ് രാജ്യം ഭരിക്കുന്ന പാർട്ടി ഇന്ന്. ഭരണപരാജയത്തിെൻറ പടുകുഴിയിൽ ആപതിച്ച നരേന്ദ്ര മോദി സർക്കാറും വഴികാട്ടിയായ ആർ.എസ്.എസും മുന്നോട്ടുള്ള യാത്ര ദുഷ്കരമാണെന്ന് ബോധ്യമായതോടെ, മതവർഗീയതയുടെ ബീഭത്സ അജണ്ടകളിലേക്ക് തിരിച്ചുപോകാനുള്ള അണിയറ നീക്കങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണേല്ലാ. സംഘ്പരിവാർ കേന്ദ്രഭരണം പിടിച്ചടക്കിയത് ഹിമാചൽപ്രദേശിലെ പാലംപുരിൽനിന്ന് അയോധ്യ കേന്ദ്രീകരിച്ചുള്ള ഏറ്റവും മ്ലേച്ഛമായൊരു ഫാഷിസ്റ്റ് പദ്ധതി ആവിഷ്കരിച്ചായിരുന്നു. രാമജന്മഭൂമി പ്രക്ഷോഭത്തെ ചരിത്രം രേഖപ്പെടുത്തുന്നത് ആർ.എസ്.എസ് ആസൂത്രണം ചെയ്ത ഘോരമായ വർഗീയ വിസ്ഫോടന പരീക്ഷണമായാണ്. രാമഭഗവാനെ തെരുവിലിറക്കുന്നത് മതധ്രുവീകരണത്തിന് ഫലപ്രദമായ ആയുധമാണെന്നു കണ്ടെത്തിയതോടെയാണ് 1989ൽ ഹിമാചൽപ്രദേശിലെ പാലംപുരിൽ ചേർന്ന ബി.ജെ.പി ദേശീയ നേതൃയോഗം രാമക്ഷേത്രം മുഖ്യ അജണ്ടയായി ഉയർത്തിപ്പിടിക്കാൻ തീരുമാനിക്കുന്നത്. അയോധ്യ കാർഡ് വീണ്ടും പുറത്തെടുക്കാൻ ബി.ജെ.പി ശ്രമങ്ങളാരംഭിച്ചതിെൻറ ആേക്രാശങ്ങളാണ് ദേശീയാന്തരീക്ഷം ഇപ്പോൾ ശബ്ദായമാനമാക്കുന്നത്. അയോധ്യയിൽ സന്യാസിമാരെ സംഘടിപ്പിച്ച് വിശ്വഹിന്ദുപരിഷത്ത് ‘ധർമ സൻസദ്’ സംഘടിപ്പിച്ചതും വരുംദിവസങ്ങളിൽ ഡൽഹിയിലടക്കം അത്തരം പരിപാടികൾക്ക് ഒരുക്കം നടത്തുന്നതും വർഗീയത ആളിക്കത്തിക്കാനുള്ള ആർ.എസ്.എസിെൻറ ഗൂഢപദ്ധതിയുടെ ഭാഗമാണ്. പാലംപുരിൽ എടുത്ത തീരുമാനം പ്രയോഗവത്കരിക്കാൻ പാർട്ടി പ്രതിജ്ഞാബദ്ധമാണെന്ന് ബി.ജെ.പി വക്താവ് മാനിഷ് ശുക്ല കഴിഞ്ഞദിവസം മഥുരയിൽ തുറന്നുപറഞ്ഞു.
ഇന്ത്യയിലാകമാനം അയോധ്യകൾ സൃഷ്ടിക്കാനുള്ള കുടിലതന്ത്രമാണ് അണിയറയിൽ പയറ്റുന്നത്. രാമക്ഷേത്രം പണിയാൻ കോടതിയും മുസ്ലിംകളും സമ്മതിച്ചില്ലെങ്കിൽ വാരാണസിയിലെ ഗ്യാൻവാപി മസ്ജിദും മഥുരയിലെ ഷാഹി ഈദ് ഗാഹും അടക്കം 40,000 പള്ളികൾ തകർത്ത് തൽസ്ഥാനത്ത് അമ്പലങ്ങൾ പണിയുമെന്ന വി.എച്ച്.പി നേതാക്കളുടെ ഭീഷണി യുദ്ധാന്തരീക്ഷം സൃഷ്ടിച്ച് ഭൂരിപക്ഷസമുദായത്തെ ഇളക്കിവിടാനും അതുവഴി വർഗീയധ്രുവീകരണം പൂർത്തിയാക്കാനുമാണ്. നാലര വർഷത്തെ ഭരണംകൊണ്ട് ഒന്നും നേടാനാവാത്ത, സർവവും നഷ്ടപ്പെട്ട ഒരു പാർട്ടിയുടെ നൈരാശ്യത്തിൽനിന്ന് ഉയരുന്ന ഭ്രാന്തൻ ജൽപനങ്ങളാണ് ഇതൊക്കെ. കാശി വിശ്വനാഥക്ഷേത്ര സമുച്ചയം മോടിപിടിപ്പിക്കാനും നവീകരിക്കാനുമെന്ന പേരിൽ ദ്രുതഗതിയിൽ നടത്തിവരുന്ന നശീകരണ, ധ്വംസന പ്രവർത്തനങ്ങളുടെ പിന്നിലെ ആത്യന്തിക ലക്ഷ്യം അക്ബറിെൻറ കാലംതൊട്ട് പരിലസിച്ചുനിൽക്കുന്ന ഗ്യാൻവാപി മസ്ജിദ് തകർത്തെറിഞ്ഞ്, മോദിയുടെ മണ്ഡലത്തിൽ ഹൃദയങ്ങൾ ഭിന്നിപ്പിക്കുന്ന മറ്റൊരു അയോധ്യ സൃഷ്ടിക്കുകയാണെന്ന് വെളിപ്പെടുത്തുന്നത് നിയുക്ത ദ്വാരകാപീഠം ശങ്കാരാചര്യർ ആണ്.
ശബരിമലയിൽ യുവതി പ്രവേശനത്തിെൻറ പേരിൽ അരാജകത്വം വിതക്കാനും വിഭാഗീയതയും വർഗീയതയും ഉൗതിക്കത്തിക്കാനും ബി.ജെ.പി നടത്തുന്ന വിഫല ശ്രമങ്ങൾ വിന്ധ്യക്കിപ്പുറം കാവിരാഷ്ട്രീയത്തിന് മണ്ണൊരുക്കാൻ അമിത് ഷാ ആസൂത്രണം ചെയ്ത പദ്ധതിയുടെ പ്രയോഗവത്കരണമാണ്. ആർ.എസ്.എസും അവർക്കു കീഴിലുള്ള സന്യാസിമാരും വി.എച്ച്.പിക്കാരും ഏറ്റെടുത്തു നടത്തുന്ന രാമക്ഷേത്ര പ്രക്ഷോഭം, തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ബി.ജെ.പിക്ക് കൈമാറാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി മുഖ്യൻ യോഗി ആദിത്യനാഥും അയോധ്യ ധ്വജവുമായി പടയോട്ടം നടത്താനും രഹസ്യപദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെത്ര.
ബാബരി മസ്ജിദ് നിലകൊള്ളുന്ന സ്ഥലത്ത് രാമെൻറ പേരിൽ ബൃഹത്തായ ക്ഷേത്രം നിർമിക്കേണ്ടത് ‘ഹൈന്ദവ ദേശീയ സംസ്കാരം ഉയർത്തിപ്പിടിക്കുന്നതിന്’ അനിവാര്യമാണെന്നായിരുന്നു ബി.ജെ.പി പാലംപുരിൽ അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞത്. രാമക്ഷേത്ര പ്രക്ഷോഭത്തിന് 1984ൽ തുടക്കം കുറിക്കുമ്പോൾ എ.ബി. വാജ്പേയിയും എൽ.കെ. അദ്വാനിയും നയിക്കുന്ന ബി.ജെ.പി പരിസരത്തൊന്നും ഉണ്ടായിരുന്നില്ല എന്നോർക്കണം. മറക്കുപിന്നിലിരുന്ന് ചരടുവലിച്ചത് ആർ.എസ്.എസായിരുന്നു. ഇന്നത്തെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ ഗുരുവായ അവൈദ്യനാഥായിരുന്നു രാമജന്മഭൂമി പ്രക്ഷോഭത്തിെൻറ മുന്നിലുണ്ടായിരുന്നത്. അവൈദ്യനാഥിെൻറ ഗുരു മഹന്ത് ദിഗ്വിജയ് നാഥാണ് 1949ൽ ബാബരി മസ്ജിദിനുള്ളിൽ രാമവിഗ്രഹം കൊണ്ടിടുന്നതും അയോധ്യ തർക്കത്തെ സ്വതന്ത്ര ഇന്ത്യയുടെ തലവേദനയായി വളർത്തിയെടുക്കുന്നതും. മലയാളിയായ അന്നത്തെ ഫൈസാബാദ് കലക്ടർ കെ.കെ. നായരുടെ അനുഗ്രഹാശിസ്സുകളോടെ തുടങ്ങിവെച്ച വർഗീയ ധ്രുവീകരണ യജ്ഞം പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഇടപെട്ടിട്ടും പരാജയപ്പെടുത്താൻ സാധിച്ചില്ല എന്നിടത്തുനിന്ന് തുടങ്ങുന്നു ആധുനിക ഇന്ത്യയുടെ ചരിത്രംതന്നെ മാറ്റിയെഴുതിയ ഒരു ദേവാലയത്തിെൻറ പേരിലുള്ള ദുരന്ത അധ്യായം.
1984ലെ തെരഞ്ഞെടുപ്പിൽ കേവലം രണ്ടുസീറ്റ് നേടി ദേശീയ രാഷ്ട്രീയത്തിെൻറ പുറമ്പോക്കിൽ വലിച്ചെറിയപ്പെട്ട ഒരു പാർട്ടി 1989 ആയപ്പോഴേക്കും 85 സീറ്റുമായി ഗണ്യ ശക്തിയായി മാറുന്നത് രാമെൻറ പേരിൽ ഭൂരിപക്ഷവർഗീയത ആളിക്കത്തിച്ച് അവരുടെ വോട്ട് തട്ടിയെടുത്താണ്. 1992ൽ പള്ളി തകർത്ത് ‘ചരിത്രത്തോട് പ്രതികാരം’ ചെയ്തിട്ടും കേവലഭൂരിപക്ഷം നേടാനായില്ല. 161 സീറ്റുമായി ഏറ്റവും വലിയ കക്ഷിയായി വന്നെങ്കിലും ഒരു കക്ഷിയുടെയും കൈത്താങ്ങ് കിട്ടാത്തതിനാൽ 13 ദിവസം ഭരിച്ച് എ.ബി. വാജ്പേയിക്ക് നാണംകെട്ട് സ്ഥലംവിടേണ്ടിവന്നു. ഒരേയൊരു വർഗീയ കാർഡുകൊണ്ട് കാലാകാലം അധികാരമോഹം ശമിപ്പിക്കാൻ സാധിക്കില്ലെന്ന തിരിച്ചറിവിെൻറ അടിസ്ഥാനത്തിലാണ് 1998 ആയപ്പോഴേക്കും, രാമക്ഷേത്രത്തെ അട്ടത്ത് കയറ്റിവെച്ച് അതുവരെ മതേതര കക്ഷികളായി വേഷമിട്ട പാർട്ടികളുമായി ചേർന്ന് കൂട്ടുകക്ഷി ഭരണത്തെക്കുറിച്ച് ചിന്തിക്കുന്നത്. അങ്ങനെയാണ് 2004 വരെ ആറുവർഷം വാജ്പേയി രാജ്യം ഭരിക്കുന്നത്.
പിന്നീടുള്ള തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ രാമക്ഷേത്ര നിർമാണം വാഗ്ദാനമായി ഉൾപ്പെടുത്താറുണ്ടെങ്കിലും മുഖ്യ കാമ്പയിൻ വിഷയമായി പൊക്കിപ്പിടിക്കാറില്ല. 2009ലെയും 2014ലെയും പൊതുതെരഞ്ഞെടുപ്പിൽ ക്ഷേത്ര അജണ്ട കോൾഡ് സ്റ്റോറേജിൽ വെച്ചത് അത് മാറിക്കഴിഞ്ഞ രാഷ്ട്രീയ ചെക്കാണെന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ്. ഭൂരിപക്ഷ സമൂഹത്തെ എക്കാലവും വിഡ്ഢികളാക്കാൻ കഴിയില്ലെന്ന് അമരത്തിരിക്കുന്നവർക്ക് അറിയാമായിരുന്നു. അതോടെയാണ് വികസനം എന്ന ഇമ്പമാർന്ന ആശയം മുദ്രാവാക്യമായി മെനഞ്ഞെടുക്കുന്നത്.
രാമക്ഷേത്ര നിർമാണത്തിന് ഇതുവരെ തടസ്സം മുസ്ലിംകളായിരുന്നെങ്കിൽ ഇപ്പോൾ കോടതിയാണെന്ന് വരുത്തിത്തീർക്കാനുള്ള വൃത്തികെട്ട പ്രചാരണങ്ങളാണ് വ്യാപകമായി നടത്തുന്നത്. ദീപക് മിശ്ര ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് വിരമിക്കുന്നതിനു മുമ്പ് അയോധ്യ ഭൂമി ഉടമസ്ഥാവകാശ കേസിൽ വിധി വരുമെന്നും അത് തങ്ങൾക്ക് അനുകൂലമായി ഭവിക്കുമെന്നും ഹിന്ദുത്വവാദികൾ കണക്കുകൂട്ടിയിരുന്നു. ആ സ്വപ്നം പൊലിഞ്ഞതോടെ സുപ്രീംകോടതിയെ ഭീഷണിപ്പെടുത്തിയും ജഡ്ജിമാരെ അധിക്ഷേപിച്ചും കാര്യങ്ങൾ നേടിയെടുക്കാമെന്ന വ്യാമോഹം കൊണ്ടാണ് മുഷ്കിെൻറ ഭാഷയിൽ ഇപ്പോൾ സംസാരിക്കുന്നത്.
‘സമൂഹത്തെ ഭരിക്കുന്നത് നിയമംകൊണ്ട് മാത്രമല്ല’ എന്ന് ഓർമപ്പെടുത്തുന്നത് സർസംഘ്ചാലക് മോഹൻ ഭാഗവതാണ്. തർക്കസ്ഥലത്ത് ക്ഷേത്രം നിർമിക്കാൻ ഓർഡിനൻസ് കൊണ്ടുവരാനോ നിയമനിർമാണം നടത്താനോ കേന്ദ്രസർക്കാർ തയാറാവണമെന്ന ആവശ്യമുയർത്തുന്നവർക്കറിയാം അതിനുള്ള അണിയറ നീക്കങ്ങൾ പ്രധാനമന്ത്രിയുടെ അനുഗ്രഹാശിസ്സുകളോടെ അണിയറയിൽ പുരോഗമിക്കുന്നുണ്ടെന്ന്. ഇത്തരമൊരു ആശയം ആർ.എസ്.എസിനെ വെള്ളപൂശിക്കൊണ്ട് അടുത്തകാലത്ത് പുറത്തിറങ്ങിയ വാൾട്ടർ കെ. ആൻഡേഴ്സെൻറ പുതിയ പുസ്തകത്തിൽ (The RSS: A view to the Inside–Walter K. Andersen & Shridhar D. Damle) ഉൾക്കൊള്ളിച്ചിട്ടുണ്ട്.
രാമക്ഷേത്രം വിട്ട് വികസനം അജണ്ടയായി എടുത്താലേ ഇനി പാർട്ടിക്ക് പിടിച്ചുനിൽക്കാൻ കഴിയൂവെന്ന് തൊണ്ണൂറുകളുടെ അന്ത്യത്തിൽ ബി.ജെ.പിയെ ഓർമപ്പെടുത്തിയ പോർചുഗീസ്ഇൻഡോളസ്റ്റ് സ്വയം പരാജയം സമ്മതിക്കുന്നുണ്ടാവണം. ബാബരി മസ്ജിദ് നിലനിന്ന സ്ഥാനത്ത് രാമക്ഷേത്രം ഉയരുന്നതോടെ മതേതര ജനാധിപത്യ ഇന്ത്യ, ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കപ്പെടും എന്ന് വിശ്വസിക്കുന്ന ഫാഷിസ്റ്റ് ശക്തികളെ പിടിച്ചുകെട്ടാൻ രാജ്യത്തിന് സാധിക്കുമോ എന്നതായിരിക്കും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഉയർത്തുന്ന ഏക ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.