മെഡിറ്ററേനിയൻ കടൽ ചുവപ്പണിയുേമ്പാൾ മനഃസാക്ഷിയുള്ളവർക്ക് കരയാതിരിക്കാനാവില്ലെന്നാണ് പറയാറ്. ഉത്തരാഫ്രിക്കയിലെയും പശ ്ചിമേഷ്യയിലെയും നിണമൊഴുകുേമ്പാഴാണല്ലോ ആ ‘വെള്ളക്കടലി’െൻറ നിറ ം മാറുന്നത്. അവലംബമറ്റ പതിനായിരങ്ങൾ, കിട്ടിയ ബോട്ടിൽ നടത്തുന്ന യൂറോപ്യൻയാത്രകൾ ദുരന്തപര്യവസായിയാകുേമ്പാൾ അത് പിന്നെയും കടുംചുവപ്പാകും. എത്രപേരാണ് അങ്ങനെ മെഡിറ്ററേനിയനിൽ മരണത്തിന് കീഴടങ്ങിയത്. ഒാർമയില്ലേ, ഐലൻ കുർദിയെന്ന മൂന്നു വയസ്സുകാരെന? ഇപ്പോഴിതാ, മറ്റൊരു 150 പേർകൂടി. രണ്ടു കൊല്ലത്തിനിടെ 2000ലേറെ പേർ ഇങ്ങനെ മരണപ്പെട്ടുവെന്നാണ് കണക്ക്. പാതിജീവനുമായി ഏതെങ്കിലും യൂറോപ്യൻ രാജ്യത്തെത്തിയാലും രക്ഷയില്ല. അവരെ കരക്കടുപ്പിക്കരുത് എന്നാണ് പുതിയ തീട്ടൂരം. അവർ അഭയാർഥികളല്ല; യൂറോപ്പിൽ അശാന്തി വിതക്കാനെത്തുന്ന തീവ്രവാദികളാണ്. അവർക്ക് അഭയം നൽകുന്നതോടെ, യൂറോപ്യൻ വൻകര സാമ്പത്തികമായി തകരും, തൊഴിലില്ലായ്മ പെരുകും. ഇങ്ങനെ ചിന്തിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമാണ് ഇപ്പോൾ യൂറോപ്യൻ രാഷ്ട്രീയത്തിൽ മേൽക്കൈ. അത്തരക്കാരെ സൗകര്യത്തിന് നവനാസികൾ, തീവ്രവലതുപക്ഷവാദി എന്നൊക്കെ വിളിക്കാം. ആരെങ്കിലും ‘അഭയാർഥികളല്ലേ, പാവമല്ലേ’ എന്ന് പറഞ്ഞാൽ, അവരെ കാത്തിരിക്കുന്നത് ജോ കോക്സിെൻറ വിധിയായിരിക്കും. ബ്രിട്ടനിൽ ലേബർപാർട്ടി എം.പിയായിരുന്നു അവർ. ഈ വലതന്മാരുടെ വാക്കുകേട്ട് ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽനിന്ന് വിട്ടുപോകരുതെന്നും (ആ വിട്ടുപോക്കിനുള്ള നടപടികളാണ് ബ്രെക്സിറ്റ്) അഭയാർഥികളോട് അൽപം അനുകമ്പ വേണമെന്നും പ്രസംഗിച്ചു തീർന്നില്ല, കോക്സിെൻറ നെഞ്ചകത്തേക്ക് വെടിയുണ്ടകൾ പാഞ്ഞുകേറി. കോക്സിനെ തീർത്തുകളഞ്ഞത് കറകളഞ്ഞ ‘തീവ്രന്മാർ’ തന്നെ. അതിനിടയിൽ മിതവാദികളായ കൺസർവേറ്റീവുകളും ലേബർ പാർട്ടിക്കാരുമൊക്കെ കൂടെക്കൂടി ബ്രെക്സിറ്റ് നടപ്പാക്കി. അന്ന് അണിയറയിൽ പകർന്നാടിയ ആൾ നാലാം വർഷം പുറത്തെത്തിയിരിക്കുകയാണ്. പേര് ബോറിസ് ജോൺസൺ. ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിലിരുന്ന് രാജ്യത്തെ യൂറോപ്പിൽനിന്ന് വേർപെടുത്തുക എന്നതാണ് പ്രാഥമിക ദൗത്യം. ഒപ്പം, അഭയാർഥിമുക്ത രാഷ്ട്രമെന്ന സ്വപ്നവുമുണ്ട്.
പഠനശേഷം മാധ്യമപ്രവർത്തകനായിരുന്നു. ‘ദി ടൈംസ്’ പത്രത്തിൽ ട്രെയിനിയായിരിക്കുന്ന കാലം. 14ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിെൻറ അധിപനായിരുന്ന എഡ്വേഡ് രണ്ടാമെൻറ കൊട്ടാരാവശിഷ്ടങ്ങൾ ആർക്കിയോളജിസ്റ്റുകൾ കണ്ടെത്തിയപ്പോൾ, അക്കാര്യം റിപ്പോർട്ട് ചെയ്യാൻ എഡിറ്റർ ചുമതലപ്പെടുത്തിയത് ബോറിസ് ജോൺസനെ. റിപ്പോർട്ട് അൽപം കളർഫുൾ ആക്കാനുള്ള ശ്രമത്തിൽ പണിപാളി. പ്രമുഖനായ ഒരു ചരിത്രകാരനെ ഉദ്ധരിച്ചതടക്കം ഗുരുതര പിഴവ്. ബോറിസിനെ ചെവിക്കുപിടിച്ച് പുറത്താക്കി പത്രാധിപർ. അടുത്ത തട്ടകം ‘ദി ഡെയ്ലി ടെലിഗ്രാഫ്’. ഇംഗ്ലണ്ടിലെ മധ്യവർത്തികളുടെ സ്വന്തം പത്രം. അക്കൂട്ടർക്ക് ആവശ്യമുള്ള എഴുത്ത് വിഭവങ്ങളൊരുക്കുകയായിരുന്നു പ്രധാന ജോലി. മേൽസൂചിപ്പിച്ച ‘കുടിയേറ്റ പ്രശ്ന’മൊക്കെ അന്നേയുണ്ട് ഇംഗ്ലണ്ടിൽ. കുടിയേറ്റക്കാർ പെരുകിയാൽ തങ്ങളുടെ ജോലി തെറിക്കുമോ, കറുത്ത വർഗക്കാരുടെ ആധിപത്യത്തിന് വെള്ളക്കാർ കീഴ്പ്പെടുമോ തുടങ്ങിയ ഭയങ്ങൾ ഉള്ളിലേറ്റിയ വലിയൊരു വിഭാഗം ജനങ്ങൾ അവിടെയുണ്ടായിരുന്നു. അത്തരക്കാരെ എഴുത്തിലൂടെ പ്രോത്സാഹിപ്പിച്ചു ബോറിസ്. കൺസർവേറ്റീവ് പാർട്ടിയിൽ സജീവമാകുന്നതിനു മുേമ്പ, നിലപാട് ഇതായിരുന്നുവെന്നർഥം. യൂറോപ്യൻ യൂനിയനുമായുള്ള ബ്രിട്ടെൻറ ബന്ധം അത്ര ശരിയല്ലെന്ന് അന്നേ പലതവണ എഴുതിയിട്ടുണ്ട്. അതിെൻറ പേരിൽ വിമർശനങ്ങൾ കേട്ടപ്പോഴൊന്നും കുലുങ്ങിയില്ല. തീക്ഷ്ണമായ ഭാഷയിൽ അവ ആവർത്തിച്ചുകൊണ്ടിരുന്നു. അതിനിടയിലാണ് തീവ്രവലതുപക്ഷവാദികൾ ഈ ‘യൂറോസെപ്റ്റിക്’ വാദം ഏറ്റെടുത്തത്. പിന്നെ അവർതന്നെ ഒരു പ്രസ്ഥാനമായി മാറി. ഈ സമയത്ത് ബോറിസ് മറ്റൊരു വഴിയിൽ ടോറി പാർട്ടിയുടെ നേതാവായി മാറി. അവിടെയും ഇതേ ആശയം കുത്തിനിറച്ചു. അതിെൻറ ഫലമായിരുന്നു ബ്രെക്സിറ്റ്. ഔദ്യോഗികമായി കൺസർവേറ്റീവ് പാർട്ടി ബ്രെക്സിറ്റിന് എതിരായിരുന്നിട്ടും, ബോറിസ് ജോൺസെൻറ നേതൃത്വത്തിലുള്ള ഒരു വിഭാഗം നവനാസികൾക്കൊപ്പം നിൽക്കുകയായിരുന്നല്ലോ.
ബ്രെക്സിറ്റ് ഹിതപരിശോധന ഫലം വരുേമ്പാൾ ഡേവിഡ് കാമറൺ ആണ് പ്രധാനമന്ത്രി. യൂറോപ്പിെൻറ ഭാഗമല്ലാത്ത ബ്രിട്ടെൻറ പ്രധാനമന്ത്രിക്കസേരയിലിരിക്കാൻ താൽപര്യമില്ലെന്ന് അദ്ദേഹം അറിയിച്ചതോടെ എല്ലാ കണ്ണുകളും ബോറിസിനു നേരെ തിരിഞ്ഞു. ബന്ധം വിച്ഛേദിക്കുേമ്പാൾ, യൂനിയനിൽനിന്ന് കാര്യങ്ങൾ കണക്കു പറഞ്ഞുവാങ്ങാൻ ബോറിസ് തെന്ന യോഗ്യൻ എന്ന് എല്ലാവരും കരുതി. പക്ഷേ, സാമാന്യ യുക്തിക്കും മീതെയാണ് അദ്ദേഹത്തിെൻറ കുബുദ്ധിയെന്നോർക്കണം. അതിനാൽ പ്രധാനമന്ത്രിയാകാനില്ലെന്ന് തീർത്തുപറഞ്ഞു; വേണമെങ്കിൽ ഹോം സെക്രട്ടറിയാകാമെന്നായി. അങ്ങനെയാണ് തെരേസ മേയ് പകരം വരുന്നത്. മൃദു ബ്രെക്സിറ്റിെൻറ വക്താവായിരുന്നു തെരേസ മേയ്. അഥവാ, യൂറോപ്യൻ യൂനിയനുമായി മുഴുവൻ ബന്ധവും വേർപെടുത്താത്ത ഒരു പദ്ധതി. എന്നാൽ, ബന്ധം പൂർണമായും വിച്ഛേദിക്കണമെന്നായി ബോറിസും കൂട്ടരും. ആ പേരിൽ മന്ത്രിസഭയിൽനിന്ന് രാജിവെച്ചു. പാർട്ടിക്കുള്ളിൽ പുതിയ നവനാസികൾ രൂപപ്പെട്ടുവെന്ന് മാധ്യമങ്ങൾ എഴുതി. ഭരണം ഈ നിലയിൽ മുന്നോട്ടുപോകാനാവില്ലെന്ന് ബോധ്യമായ തെരേസ രാജിവെച്ചു. ഇപ്പോൾ രാജ്യവും പാർട്ടിയുമെല്ലാം ബോറിസിെൻറ വഴിയിലാണ്. ബോറിസാകട്ടെ, സാക്ഷാൽ ട്രംപിെൻറ വഴിയിലും. അദ്ദേഹമാണ് മാതൃകാ പുരുഷൻ. ട്രംപിനെപ്പോലെ വംശീയതയുടെയും വിദ്വേഷത്തിെൻറയും വാക്കുകൾ ഇടക്കിടെ പുറത്തുവരും. ബ്രെക്സിറ്റിനെ അനുകൂലിക്കരുത് എന്ന് ബറാക് ഒബാമ അഭിപ്രായപ്പെട്ടപ്പോൾ, അദ്ദേഹത്തെ ‘കെനിയക്കാരൻ’ എന്നു വിളിച്ചിട്ടുണ്ട്. ബുർഖ ധരിച്ച സ്ത്രീകളെ തപാൽപെട്ടിയോടാണ് ഉപമിച്ചത്; അവർ ബാങ്കുകൊള്ളക്കാരെപ്പോലെയാണെന്ന് മറ്റൊരിക്കൽ പറഞ്ഞിട്ടുണ്ട്. ഉർദുഗാനെ അധിക്ഷേപിച്ച് ഒരു അശ്ലീല കവിതതന്നെ എഴുതിയിട്ടുണ്ട്. ആഫ്രിക്കക്കാരുടെ വിമോചനത്തിന് വെള്ളക്കാർതന്നെ വേണമെന്നാണ് മറ്റൊരു തീസിസ്.
അറിയാമോ, ജനനം (1964 ജൂൺ 19) അമേരിക്കയിലായിരുന്നു. പൂർവികരാകട്ടെ, തുർക്കിയിൽനിന്നുള്ളവരും. ഇതുവെച്ചു നോക്കിയാൽ ബ്രിട്ടനിൽനിന്ന് ആദ്യം പുറത്തുപോകേണ്ടത് ബോറിസ് തന്നെയായിരിക്കും. പക്ഷേ, ബോറിസിെൻറ ജനനവിവരം അന്നേരം തന്നെ പിതാവ് സ്റ്റാൻലി ജോൺസൺ കോൺസുലേറ്റിൽ അറിയിച്ചതിനാൽ ബ്രിട്ടീഷ് പൗരത്വം കിട്ടി. ആറാം മാസം മാതാവ് ഷാർലെറ്റിനൊപ്പം ബ്രിട്ടനിലേക്ക് തിരിച്ചു. വിൻസ്ഫോർഡിലും ലണ്ടനിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഇറ്റൺ കോളജിലും ഓക്സ്ഫഡിലുമായി തുടർപഠനങ്ങൾ പൂർത്തിയാക്കി. പിന്നെയാണ് മാധ്യമപ്രവർത്തനം; അത് രാഷ്ട്രീയത്തിേലക്ക് വഴിതെളിച്ചു. 2001-08 കാലത്ത് ഹെൻലിയുടെ പാർലമെൻറ് അംഗമായി. അതിനുശേഷം, എട്ടു വർഷം ലണ്ടൻ മേയർ. ഇക്കാലത്താണ് ഭരണാധികാരി എന്ന നിലയിൽ ശ്രദ്ധയാകർഷിച്ചത്. ലണ്ടെൻറ കാഴ്ചകളെ പല അർഥത്തിൽ ബോറിസ് മാറ്റിമറിച്ചുവെന്ന് ശത്രുക്കൾപോലും സമ്മതിക്കും. അതിനിടയിലെപ്പോഴോ ആണ് തീവ്രവലതുപക്ഷക്കാരുെട നാവായി മാറിയതും കാര്യങ്ങൾ ബ്രെക്സിറ്റിലേക്കെത്തിയതുമെല്ലാം. ഏതായാലും, യൂറോപ്പിെൻറ നന്മകളില്ലാത്ത തീവ്രദേശീയതയുടെയും ഇസ്ലാമോഫോബിയയുടെയും ഈറ്റില്ലമായിക്കൊണ്ടിരിക്കുന്ന ഒരു ദേശത്തെ നയിക്കാനാണ് നിയോഗം. സ്വയം വരുത്തിവെച്ച വിനയെന്നുകൂടി ഈ നിയോഗത്തിന് അർഥമുണ്ടത്രെ!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.