ലോകചരിത്രത്തെ മൈത്രിയിലും സാഹോദര്യത്തിലുമൂന്നിയ സമാധാനപരമായ മധ്യമാർഗത്തിലൂടെ മാറ്റിയെഴുതിയ ജനായത്ത ചിന്തകനും ഉൾച്ചേർക്കലിന്റെയും ബഹുജന പ്രാതിനിധ്യ ചിന്തയുടെയും സാമൂഹിക പ്രയോക്താവായിരുന്ന ഗോതമബുദ്ധ (ബി.സി.ഇ 563-483)ന്റെ ജനനവും ബോധോദയവും മഹാപരിനിബാണവും ഒന്നിച്ചുവരുന്ന വൈശാഖത്തിലെ പൗർണമിയാണ് ബുദ്ധപൂർണിമ.
മാതാവ് മഹാമായ പ്രസവത്തെത്തുടർന്ന് മരിച്ചുപോയതിനാൽ അമ്മയുടെ ഇളയസഹോദരി ഗോതമിയാണദ്ദേഹത്തെ വളർത്തിയത്. അങ്ങനെയാണ് ഗോതമ എന്ന പേരുകിട്ടിയത്. ബഹുജനഭാഷയായ പാലിയിൽ നിന്നാണ് ഗോതമ എന്ന പദം വരുന്നത്. ഇത് ദഖിനി-പാലിയെന്ന തെക്കൻ തമിഴകപാലി വഴക്കങ്ങളിൽ കോതമ എന്നും ചുരുക്കി കോത എന്നും അറിയപ്പെടുന്നു. കോതപറമ്പും കോതാടും കോതായവും കോത്താഴവുമായിരുന്ന കോതമപുരയെന്ന കോട്ടയവും കോതകുളങ്ങരയും കോതനല്ലൂരും കോതമംഗലവും തിരുക്കോതമംഗലവും കോക്കോതമംഗലവുമെല്ലാം കേരളത്തിലും തമിഴകത്തുമെല്ലാം ഉണ്ടാകുന്നതിങ്ങനെയാണ്.
പിൽക്കാലത്ത് ബൗദ്ധപുരാവസ്തുക്കളും ചരിത്രയിടങ്ങളുമെല്ലാം ജാതിഹിന്ദുക്കൾ കൈയേറി പേരുമാറ്റുകയും ബ്രാഹ്മണിക ഹിന്ദുക്ഷേത്രങ്ങളാക്കി മാറ്റുകയും ചെയ്തു. കരുമാടിക്കുട്ടനടക്കമുള്ള ബൗദ്ധപുരാവസ്തുക്കളും ശിൽപ, വാസ്തുശിൽപ തിരുശേഷിപ്പുകളും അടയാളപ്പെടുത്തുന്നത് കൊടിയ ഹിംസയും വംശഹത്യാത്മകമായ ആക്രമണങ്ങളുമാണ്.
2024 ഏപ്രിലിൽ ഈ ലേഖകൻ യൂട്യൂബ് വിഡിയോയിലൂടെ റിപ്പോർട്ടുചെയ്ത കുമളി കമ്പം താഴ്വരയിലെ ചുരുളിയാറ്റിൽ കാണപ്പെടുന്ന എല്ലപ്പട്ടിയിലെ ബുദ്ധശിൽപം തലവെട്ടിയ നിലയിലാണ്. തലവെട്ടിത്തേവരയ്യം എന്ന സ്ഥലം അടൂരിനടുത്തുണ്ട്. തലയും ഉടലും തകർക്കപ്പെട്ട ഒരു ബുദ്ധശിൽപത്തിൻ പാദങ്ങൾ മാത്രം ഇന്നവിടത്തെ കോവിലിനടുത്തുള്ള ബോധിമരത്തിനു പടിഞ്ഞാറു താഴെയായിക്കാണാം. അടൂർ പള്ളിക്കലിലെ പാടത്തിനടുത്തുള്ള പൊട്ടക്കിണറ്റിൽ നിന്ന് വീണ്ടെടുത്ത ബുദ്ധനും തലതകർക്കപ്പെട്ട നിലയിലായിരുന്നു. നേപിയർ മ്യൂസിയത്തിലേക്കു കൊണ്ടുപോയ ആ തലവെട്ടിമുനിയപ്പന് തലവെച്ചുപിടിപ്പിക്കപ്പെട്ടു. ചരിത്രഹിംസയെ മായ്ക്കലാണിത്. കരുമാടിക്കുട്ടനും തകർക്കപ്പെട്ട കൈവച്ചു പിടിപ്പിക്കാനുള്ള ശ്രമം 2016-17 കാലത്ത് ബഹുജനങ്ങളിടപെട്ട് തടയുകയായിരുന്നു.
മൂന്നാറിൽ മൂലക്കടക്കടുത്ത് മുതിരപ്പുഴയുടെ വടക്കുകിഴക്കേക്കരയിലുള്ള ലോഡ്ജ് ഹീതർ എന്ന 1902ലെ ബ്രിട്ടീഷ് കെട്ടിടമിരിക്കുന്ന സ്ഥലത്തിന് തലവെട്ടിക്കോവിൽ, മണ്ടവെട്ടിക്കോവിൽ എന്നെല്ലാം പേരുകളുണ്ട്. അവിടെയെല്ലാം ബൗദ്ധ ബഹുജനങ്ങൾക്കെതിരെ വംശഹത്യാപരമായ ഹിംസകൾ ഉണ്ടായിട്ടുണ്ട് എന്നാണീ സ്ഥലനാമങ്ങളും ആഖ്യാനങ്ങളും സൂചിപ്പിക്കുന്നത്. ചൊക്കനാടിന്റെ (അശോകന്റെ നാട്) കൊടുമുടിയായ ചൊക്കമുടിയെ ക്രമേണ പേരുമാറ്റി ചൊക്രമുടിയെന്നാക്കി ജാതിഹിന്ദുത്വം. അതേതോ ഒരാദിവാസിയുടെ പേരാണെന്ന പുരാവൃത്തവും ചമച്ചു. ഉയരത്തിലാണ് ചക്ക(ക്ര)മുടിയെന്ന കൊടുമുടി. പള്ളിവാസലിനടുത്തുള്ള മേടിനെ ഇന്ന് പോതമേടെന്നാണ് പറയുന്നത്. യഥാർഥത്തിൽ ബോധമേടാണിത്.
ചക്രമുടിയുടെ കിഴക്കൻ മലനിരകളാണ് ബോധിമലനിരകൾ. ബോധിമേടിനെ ബോഡിമെട്ടാക്കി. തൊട്ടുതാഴെ കിഴക്കായി തമിഴകത്ത് ബോധിനായകനൂരുമുണ്ട്. അതിനെ ജാതിഹിന്ദുത്തം ബോഡിനായ്ക്കൻ എന്ന ഇല്ലാത്തൊരു നായ്ക്കന്റെ പേരിലേക്ക് ചേർത്തുകെട്ടി. യഥാർഥത്തിൽ ആനമലൈ, നാഗമലൈ, തിപാദമലൈ, മീസപ്പുലിമലൈ, അൻപരസൻമുടി, രാജപ്പാറമേട് എന്നിങ്ങനെ ബുദ്ധരേയും അശോകരേയും മൂന്നാറ്റിലെ മണ്ണിലും മനസ്സിലും നല്ലതണ്ണിയിലും ആഴത്തിലടയാളപ്പെടുത്തിയ തികച്ചും ബൗദ്ധമായ ഊരുപേരുകളാണിവയെല്ലാം. ഇതിലെല്ലാം ചെറിയ അക്ഷരോച്ചാരണ മാറ്റങ്ങളുണ്ടാക്കി മാധ്യമങ്ങളെയും അക്കാദമികളെയും അമിതപ്രാതിനിധ്യത്തിലൂടെ സ്വാധീനിച്ചുകൊണ്ട് ചരിത്രത്തെ മറയ്ക്കുകയും മാറ്റിമറിക്കുകയും ചെയ്യുകയാണ് മലയാളി സവർണത.
2018-20 കാലത്ത് ജീവൻപോലും പണയപ്പെടുത്തിയാണ് ജാതിഹിന്ദുത്വ സവർണാധീശത്തത്തിൽനിന്ന് കരുമാടിയും മാവേലിക്കരയുമടക്കമുള്ള പ്രാചീന ബൗദ്ധയിടങ്ങളും ചരിത്രപുരാവസ്തു ഭൂമികകളും ബഹുജനങ്ങൾ വീണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.