ബഫര്‍സോണ്‍; കര്‍ഷക സംരക്ഷണം ഉറപ്പാക്കണം

ഭൂമിശാസ്ത്രപരമായപ്രത്യേകതകള്‍കൊണ്ട് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍നിന്ന്​ വേറിട്ടുനില്‍ക്കുന്ന പ്രദേശമാണ് കേരളം. മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ കൃത്യമായും വേര്‍തിരിക്കാവുന്ന കേരളത്തിന്റെ മൊത്തം ഭൂവിസ്തൃതി 38863 ചതുര കിലോമീറ്റര്‍ ആണ്. ഇതില്‍ 30.6 ശതമാനം ഭൂമി മാത്രമാണ് മനുഷ്യന്റെ ആവാസത്തിനും കൃഷിക്കും ഗൃഹനിർമാണം, നിലവിലുള്ളതും ഭാവി വികസന നിര്‍മ്മിതികള്‍ക്കുമായി സംസ്ഥാനത്ത് ലഭ്യയിയിട്ടുള്ളത്. പശ്ചിമഘട്ട പരിസ്ഥിതിലോല സംരക്ഷണ പ്രദേശ സംരക്ഷണവുമായി ബന്ധപ്പെട്ട ബഫര്‍സോണ്‍ നിർണയവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതിയുടെ 2011ലെ വിധി നടപ്പാക്കേണ്ടത് സംബന്ധിച്ച തീരുമാനമുണ്ടാകേണ്ടതും ഈ ഭൂവിസ്തൃതിയിലാണ്.

ഈ പശ്ചാത്തലത്തില്‍ പരിശോധിക്കപ്പെടേണ്ട പരമപ്രധാനമായ വിഷയമാണ് ബഫര്‍സോണ്‍ നിർണയവുമായി ബന്ധപ്പെട്ട കേരളത്തിലെ കുടിയേറ്റ കര്‍ഷകരുടെ ജീവിതവും നിലനിൽപും അവരുടെ അതിജീവനത്തിനായുള്ള ആശങ്കകളും. കേരളത്തിന്റെ വനവിസ്തൃതി 2021ലെ ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം 9679 ച.കി.മീ ആണ്. ഇതുമായി ചേര്‍ന്നുകിടക്കുന്ന സ്വകാര്യ റവന്യൂ ഭൂമികളെയാണ് ബഫര്‍ സോണ്‍ നിർണയം പ്രത്യക്ഷമായും ബാധിക്കുന്നത്.

കേരളത്തിന്റെ സമ്പദ്ഘടന കാര്‍ഷിക മേഖലയുടെ അടിത്തറയിലാണ് പടുത്തുയര്‍ത്തിയിരിക്കുന്നത്. പുരോഗതിയിലേക്കുള്ള കുതിപ്പിനിടയില്‍ ജനങ്ങള്‍ക്കാവശ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ ഉൽപാദിപ്പിക്കുന്നതിനായി ആഭ്യന്തര കാര്‍ഷികോൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമായിരുന്നു തുടക്കകാലം മുതല്‍ കേരളത്തിലെ ഭരണാധികാരികള്‍ പിന്തുടര്‍ന്നത്. ഇതുമൂലം രാജഭരണകാലം മുതല്‍ മാറിമാറി വന്ന സര്‍ക്കാറുകളുടെ പരിപൂര്‍ണമായ പ്രോത്സാഹനത്തോടെയും പിന്തുണയോടെയും ധാരാളം കര്‍ഷക കുടിയേറ്റങ്ങള്‍ ഫലഭൂയിഷ്ഠമായ പ്രദേശങ്ങളിലേക്ക് നടന്നു. കേരളത്തിലെ വനമേഖലകളുമായി ചേര്‍ന്നുകിടക്കുന്ന ഭൂവിടങ്ങളിലേക്കാണ് അത്തരം കുടിയേറ്റങ്ങള്‍ ഏറെയുമുണ്ടായത്. ഇത്തരം പ്രദേശങ്ങളില്‍ കൃഷി ചെയ്ത് കുടുംബത്തോടൊപ്പം ജീവിക്കാന്‍ ഭരണകൂടങ്ങള്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുകയും പ്രേരിപ്പിക്കുകയും നിര്‍ബന്ധിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷിക മേഖലകളായി രൂപാന്തരപ്പെട്ട ഭൂമിയില്‍ കൃഷിയിറക്കി ജീവിച്ചവര്‍ക്ക് ആ ഭൂമിയുടെ നിയമപരമായ ഉടമസ്ഥാവകാശവും സര്‍ക്കാര്‍ നല്‍കി.

ഇങ്ങനെ രൂപംകൊണ്ട കര്‍ഷക കൂടിയേറ്റ മേഖലകളില്‍ കാലാന്തരത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തെ തുടര്‍ന്ന് സ്ഥാപനങ്ങളും നിർമിതികളും ഭവനങ്ങളും അടക്കമുള്ള നിയമാനുസൃത നിര്‍മിതികളുണ്ടായി. ഇവിടങ്ങളില്‍ ആരാധനാലയങ്ങളും വിവിധതരം ചെറുകിട സംരംഭങ്ങളും റോഡുകളും പാലങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടക്കം മനുഷ്യജീവിതത്തിന് അനുയോജ്യമായ സൗകര്യങ്ങളുണ്ടായി. ഇതോടെ ഇത്തരം പ്രദേശങ്ങള്‍ ജനവാസമേഖലകളായി രൂപപ്പെട്ടു. കൃഷിയെയും കൃഷി അനുബന്ധ വരുമാന സ്രോതസ്സുകളെയും പൂര്‍ണമായും ആശ്രയിച്ചാണ് ഇത്തരം മേഖലകളിലെ ജനങ്ങള്‍ പതിറ്റാണ്ടുകളായി ജീവിക്കുന്നത്.

മണ്ണിനെയും മനുഷ്യനെയും ബന്ധിപ്പിച്ചെടുത്ത് കുടിയേറ്റ കര്‍ഷകജനത കേരളത്തിലെ വനാതിര്‍ത്തികളോട് ചേര്‍ന്നുള്ള കാര്‍ഷിക മേഖലകളില്‍ അത്യധ്വാനം കൊണ്ട് പടുത്തുയര്‍ത്തിയതെല്ലാം സംരക്ഷിച്ചുകൊണ്ടും അവരുടെ ആശങ്കകള്‍ക്ക് പരിപൂര്‍ണമായ വിരാമമിട്ടുകൊണ്ടും മാത്രമേ കേരളത്തെ ബാധിക്കുന്ന ഏതു വിഷയത്തിലും അന്തിമ തീരുമാനവുമെടുക്കാന്‍ ആര്‍ക്കും സാധിക്കുകയുള്ളൂ.

ഇതിന് ആധാരമായ വസ്തുതകള്‍ ആഴത്തില്‍ ഗ്രഹിക്കാതെ ആര്‍ക്കും ബഫര്‍സോണ്‍ വിഷയത്തെ സമീപിക്കാന്‍ ആവില്ല.

ഒരു നൂറ്റാണ്ടായി കേരളത്തിലെ ഗ്രാമീണ ജനസംഖ്യയിൽ നാലും നഗര ജനസംഖ്യ 18 ഉം ഇരട്ടി വർധനവ് രേഖപ്പെടുത്തുന്നുണ്ട്. ഒരു കിലോമീറ്റര്‍ പ്രദേശത്തിനുള്ളിലെ ജനസാന്ദ്രത എട്ട് ഇരട്ടിയിലേറെയും വർധനവ് രേഖപ്പെടുത്തി. ഇതിന്റെ ഫലമായി ആളോഹരി ഭൂമി ലഭ്യതയില്‍ വലിയ കുറവാണ് സംഭവിച്ചത്. വാസസ്ഥലത്തിനും നഗരവത്കരണത്തിനും മനുഷ്യവാസത്തിനും അത്യന്താപേക്ഷിതമായ ഇതര വികസന പ്രവര്‍ത്തനങ്ങള്‍ക്കും ലഭ്യമാകേണ്ട ഭൂമിയുടെ ആവശ്യകത അനേക ഇരട്ടിയായി വർധിച്ചിട്ടുണ്ട്. ഇത് ഏറെ ബാധിച്ചത് കാര്‍ഷിക മേഖലയെയാണ്. കൃഷിയിടങ്ങള്‍ ഇല്ലാതാവുകയോ ഉള്ളവയില്‍ വന്‍ കുറവുണ്ടാവുകയോ ചെയ്തു. ഇന്ത്യയിലെ പത്തുശതമാനം തൊഴിലില്ലാത്തവരും കേരളത്തിലാണ് ജീവിക്കുന്നത്. ഈ സാഹചര്യങ്ങളൊക്കെ സംസ്ഥാനത്തിന്റെ ഇതര പ്രദേശങ്ങളില്‍നിന്ന്​ വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന ഫലഭൂയിഷ്ഠവുമായ പ്രദേശങ്ങളിലേക്ക് കര്‍ഷക കുടിയേറ്റങ്ങളുണ്ടാകാന്‍ കാരണമായി.

സര്‍ക്കാര്‍ നിയമാനുസൃതം കൈവശാവകാശം നല്‍കിയ കാര്‍ഷിക ഭൂമിയില്‍ കൃഷി ചെയ്ത് ജീവിക്കുന്ന പതിനായിരക്കണക്കിന് കുടുംബങ്ങള്‍ പശ്ചിമഘട്ട പർവതനിരകളോട് ചേര്‍ന്ന് വനമേഖല അതിരിടുന്ന ജനവാസ മേഖലകളില്‍ ഇന്ന് ജീവിക്കുന്നുണ്ട്. അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന നിയന്ത്രണങ്ങള്‍ അന്തിമ നിയമം ആകാതിരിക്കാനുള്ള ജാഗ്രത കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും ബഫര്‍സോണ്‍ നിർണയവുമായി ബന്ധപ്പെട്ട നാഷനല്‍ എംപവേഡ് കമ്മിറ്റിയും സുപ്രീംകോടതിയുടെ മുമ്പാകെ എത്തിക്കണം എന്നതാണ് കേരളത്തിലെ ജനങ്ങളുടെ പ്രധാന ആവശ്യം. പശ്ചിമഘട്ട താഴ്‌വാരങ്ങളോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ ജീവിക്കുന്നവരുടെ കൈവശഭൂമിയില്‍ നിയമപരമായി അവര്‍ക്കുള്ള അവകാശം ഇല്ലാതാക്കുന്ന ഏതു നടപടിയോടും ആര്‍ക്കും സന്ധി ചെയ്യാനാവില്ല. വാസസ്ഥലത്തെ കൈവശ ഭൂമിയും സ്വത്തുവകകളും ഒരു സുപ്രഭാതത്തില്‍ കൈവിട്ടുപോകുന്നവരുടെ വേദന കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടുപോകാന്‍ ആവില്ല.

ബഫര്‍ സോണ്‍ നിർണയിക്കുമ്പോള്‍ കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ശാസ്ത്രീയവും പ്രായോഗികവുമായ സമീപനത്തിനാവണം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും ഇതര നിയമാനുസൃത സംവിധാനങ്ങളും തയാറാകേണ്ടത്.

ഇതിനായി ജനങ്ങള്‍ക്ക് വിശ്വാസമുള്ള സമീപനങ്ങള്‍ സ്വീകരിക്കണം. അതിനായി ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സാറ്റലൈറ്റ് സര്‍വേയുടെ റിപ്പോര്‍ട്ട് ജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കുകയാണ് ആദ്യ പടിയായി ചെയ്യേണ്ടത്. ബഫര്‍സോണുകളില്‍പ്പെട്ട വില്ലേജുകളില്‍ പൊതുജനങ്ങള്‍ക്ക് സര്‍വേ റിപ്പോര്‍ട്ട് പരിശോധിക്കുന്നതിനായി ലഭ്യമാക്കണം. ഇക്കാര്യം പ്രധാനപ്പെട്ട ആവശ്യമായി ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയിട്ടുണ്ട്.

കേരളത്തിലെ വന്യജീവി സങ്കേതങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍ എന്നിവക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വീതിയില്‍ ബഫര്‍സോണ്‍ ഉണ്ടായിരിക്കണമെന്ന 2022 ജൂണ്‍ മൂന്നിനുള്ള സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ ബഫര്‍സോണുകളിലെ നിർമിതികളെയും ജനവാസകേന്ദ്രങ്ങളെയും സംബന്ധിച്ച കണക്കെടുപ്പ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരുന്നു. ആ റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കാനും കൃത്യമായ വിവരങ്ങള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്നതിനും ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി ഒരു സമിതിയേയും സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചിരുന്നു.

സമാനമായ രീതിയില്‍ പരിസ്ഥിതിലോല മേഖലകളിലും ബഫര്‍ സോണുകളിലും പശ്ചിമഘട്ടത്തില്‍ നേരത്തേ നടത്തിയ സാറ്റലൈറ്റ് സർവേയില്‍ ഏറെ അപാകതകള്‍ കടന്നുകൂടിയിരുന്നു. അതൊഴിവാക്കാനായാണ് വിദഗ്ദസമിതി സ്ഥലസന്ദര്‍ശം നടത്തുന്നതിന് മുമ്പുതന്നെ ബഫര്‍സോണ്‍ സാറ്റലൈറ്റ് സർവേ പ്രസിദ്ധീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുള്ളത്. കര്‍ഷകരെയും കാര്‍ഷിക മേഖലയെയും ചേര്‍ത്തുനിര്‍ത്താതെ കേരളത്തിന് നിലനില്‍ക്കാനാവില്ല. അവര്‍ക്ക് ജീവിതപ്രതിസന്ധി സൃഷ്ടിക്കുന്ന ഒരു നടപടിയോടും നമുക്ക്​ യോജിക്കാനുമാവില്ല.

Tags:    
News Summary - buffer zone; Farmers should be protected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.