വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിനെതിരെ നിലകൊണ്ടതിന്റെ പേരിലാണ് രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി കൊല്ലപ്പെട്ടത്. നാഥുറാം ഗോദ്സേ എന്ന കൊലയാളിയാണ് തോക്കിന്റെ കാഞ്ചി വലിച്ചതെങ്കിലും അതിനയാളെയും കൂട്ടുകാരെയും പ്രേരിപ്പിച്ചതും ആസൂത്രണം ചെയ്ത് നടപ്പാക്കിയതും ഹിന്ദുത്വ ഫാഷിസ്റ്റ് സംഘടനകളായിരുന്നു.
മുസ്ലിംകൾ വെറുക്കപ്പെടേണ്ടവരും കൊല്ലപ്പെടേണ്ടവരുമല്ലെന്ന് പറഞ്ഞു നടക്കുന്ന ഉറച്ച ഹിന്ദുമത വിശ്വാസിയായ ഗാന്ധി അവർക്ക് കൊടിയ ശത്രുവായിരുന്നു. ഗാന്ധിയുടെ കൊലപാതകം നടന്ന് ഏഴ് പതിറ്റാണ്ടിന് ശേഷം 2017 സപ്തംബർ അഞ്ചിന് പ്രമുഖ മാധ്യമ പ്രവർത്തകയും ലങ്കേഷ് പത്രിക എഡിറ്ററുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതും ഗോദ്സെയെ പ്രചോദിപ്പിച്ച വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിനെതിരെ നിലകൊണ്ടതിനായിരുന്നു.
രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെ തകർക്കാനുള്ള ശ്രമങ്ങളെ വിമർശിച്ചതിനായിരുന്നു നരേന്ദ്ര ദാഭോൽകർ, ഗോവിന്ദ് പൻസാരെ, എം.എം കൽബുർഗി എന്നിവരെയും കൊലപ്പെടുത്തിയത്.
നരേന്ദ്ര മോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നശേഷം ഈ രീതിയിൽ കൊലചെയ്യപ്പെട്ടവർക്കുള്ള സമാനത അവർ മതനിരപേക്ഷതക്കും ബഹുസ്വരതക്കുമായി നിലകൊണ്ടവരും ഹിന്ദുത്വവർഗീയ ശക്തികളെ നിശിതമായി വിമർശിച്ചവരുമായിരുന്നു എന്നതാണ്.
ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും ജാതിയുടെയും മതത്തിന്റെയും പേരിൽ ആളുകളെ കൊല്ലരുതെന്നും എല്ലാ ഇന്ത്യാക്കാർക്കും തുല്യ അവകാശങ്ങളോടെ ഇവിടെ ജീവിക്കാൻ അർഹതയുണ്ടെന്നും വിളിച്ചുപറഞ്ഞവർ. ഈ കൊലപാതകങ്ങളെ ഹിന്ദുത്വ വിചാരധാര നടപ്പാക്കിയ വധശിക്ഷകളായി വേണം മനസ്സിലാക്കാൻ.
ആർ.എസ്.എസ് താത്വികാചാര്യൻ എം.എസ് ഗോൾവാൾക്കർ, നാം അഥവാ നമ്മുടെ ദേശീയത നിർവചിക്കപ്പെടുന്നു (we or our nationhood defined) എന്ന പുസ്തകത്തിലൂടെ വ്യക്തമാക്കിയതുപോലുള്ള രാജ്യത്തെ അംഗീകരിക്കാത്തവർക്ക് ഇവിടെ ജീവിക്കാൻ അവകാശമില്ലെന്ന പ്രഖ്യാപനത്തിന്റെ കൃത്യമായ പ്രായോഗികവത്കരണം.
ഗോദ്സെ കോടതിയിൽ പറഞ്ഞത് ‘‘ഗാന്ധി സ്വാഭാവിക മരണം വരിക്കരുതെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നു. എങ്കിൽ മാത്രമേ ദേശവിരുദ്ധ ചിന്തകൾ വെച്ചുപുലർത്തുന്നവർക്കുള്ള ശിക്ഷയെന്തെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാൻ കഴിയുകയുള്ളു’’ എന്നാണ്. ഇതേ ശിക്ഷയാണ് മതനിരപേക്ഷ ചിന്തകരുടെയും ന്യൂനപക്ഷ സമൂഹങ്ങളിലെ പണ്ഡിതരുടെയും സാധാരണക്കാരുടെയും കൊലപാതകത്തിലൂടെ ഗോദ്സെയുടെ പിൻമുറക്കാർ തുടർന്നുപോരുന്നത്.
കൊല്ലാനും ബലാത്സംഗം ചെയ്യാനും ചുട്ടെരിക്കാനും മാത്രം അറിയുന്ന ഫാഷിസ്റ്റുകൾക്ക് സംവാദത്തിന്റെയോ വിമർശനത്തിന്റെയൊ ഭാഷ വശമില്ല. അവർക്കെതിരെ ഭരണഘടനയും മാനവികതയും ഉയർത്തിപ്പിടിച്ച് സാധാരണക്കാരായ മനുഷ്യർ നടത്തുന്ന പോരാട്ടമാണ് വർത്തമാനകാല ഇന്ത്യൻ ജീവിതം.
രക്തസാക്ഷികൾ വെടിഞ്ഞ ജീവൻ വ്യർഥമായില്ലെന്ന് ഉറപ്പുവരുത്താൻ, സംഹാരമല്ല സഹിഷ്ണുതയാണ് ഇന്ത്യയുടെ ശക്തിയെന്ന് ലോകത്തോട് പറയാൻ ഫാഷിസത്തിനെതിരായ സന്ധിയില്ലാത്ത പോരാട്ടങ്ങൾ ഓരോ ഇന്ത്യക്കാരും തുടർന്നേ മതിയാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.