പൊലീസ് അതിക്രമങ്ങളിൽ പരിക്കേറ്റ യൂനിയൻ പ്രസിഡൻറ് സൽമാനൊപ്പമുണ്ടായിരുന്ന മലയാളി ഗേവഷകൻ ഇൗദ് മുഹമ്മദ് ഹനീഫ് അലീഗഢിൽ ഞായറാഴ്ച നടന്ന സംഭവങ്ങൾ പങ്കുവെക്കുന്നു
പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലീഗഢിൽ നടന്നുവന്നിരുന്ന പ്രതിഷേധങ്ങൾക്ക് ഏകോപനമുണ്ടായിരുന്നില്ല. ഈ പോരായ്മ മറികടക്കാനുള്ള വിദ്യാർഥി യൂനിയെൻറ പ്രധാന യോഗമായിരുന്നു ഞായറാഴ്ച രാത്രി 8.30ന്.
എന്നാൽ, ഈ സമയത്ത് ദുരൂഹമായ മറ്റൊരു നീക്കം സമാന്തരമായി നടക്കുന്നുണ്ടായിരുന്നു. ഒരു സംഘം ഹോസ്റ്റൽ മുറികളിൽ കയറിയിറങ്ങി കുട്ടികളെ പ്രക്ഷോഭത്തിലേക്ക് വിളിച്ചിറക്കിക്കൊണ്ടിരുന്നു. അത്രയും ധിറുതിയിൽ ഒരു ആളെക്കൂട്ടൽ അലീഗഢിൽ നടക്കാത്തതാണ്. അതിൽതന്നെ അസ്വാഭാവികതയുണ്ടായിരുന്നു.ഞാനും സൽമാനും ബാബെ സയ്യിദിന് സമീപമെത്തുേമ്പാൾ രാത്രി എട്ടരയായി. വിദ്യാർഥികളിൽ വലിയൊരു വിഭാഗത്തെ ആരൊെക്കയോ ചേർന്ന് ഗേറ്റിനു പുറത്തെത്തിച്ചിരുന്നു. സമരങ്ങളിൽ സംഘർഷസാധ്യത കണ്ടാൽ വിദ്യാർഥികളെ ഗേറ്റിനകത്താക്കി താഴിടാറാണ് പതിവ്. പൊലീസ് പെെട്ടന്ന് കാമ്പസിനകത്തു കടക്കാതിരിക്കാനാണിത്. ഞായറാഴ്ച ഗേറ്റിെൻറ ഭാഗം അടർത്തിവെച്ചതുപോലെ തുറന്നിട്ടുകൊടുത്തത് പൊലീസിന് കാമ്പസിലേക്ക് അതിക്രമത്തിന് വരാനുള്ള വഴിയെളുപ്പമാക്കി.
ദുരൂഹതകൾ അവിടെയും തീരുന്നില്ല. പൊലീസ് പതിവിന് വിപരീതമായി ദ്രുതകർമസേന കലാപമടിച്ചമർത്താൻ ഉപയോഗിക്കുന്ന ‘വജ്ര’ വാഹനം കാമ്പസിനകത്ത് ഒാടിച്ചുകയറ്റി അതിനുള്ളിൽനിന്ന് ഹോസ്റ്റലുകൾക്കും വിദ്യാർഥികൾക്കും നേരെ കണ്ണീർ വാതക ഷെൽ വലിച്ചെറിയുകയായിരുന്നു.
നുഴഞ്ഞു കയറിയത് ആരായിരിക്കും?
ആരൊക്കെയോ പുറത്തുനിന്ന് കാമ്പസിലേക്ക് നുഴഞ്ഞുകയറിയിരുന്നു. സെക്യൂരിറ്റി ഗാർഡ് നിൽക്കാറുള്ള ഭാഗത്തുനിന്ന് കല്ലെറിയുകയായിരുന്ന അത്തരമൊരാളെ കണ്ടുപിടിച്ച് ഞാനും സൽമാനും ചോദ്യം ചെയ്തു. ആ സമയത്താണ് ഷെൽ വീണതും സൽമാന് പരിക്കേറ്റതും. പുകനിറഞ്ഞ് കണ്ണ് കലങ്ങിയതോടെ ചിതറിയോടി വഴിപിരിഞ്ഞ ഞങ്ങൾ വീണ്ടും ആശുപത്രിയിലാണ് തമ്മിൽ കാണുന്നത്. നെഞ്ചത്ത് ഷെൽ വീണ ഒരു വിദ്യാർഥിക്ക് പുലർച്ചെ ഒന്നരമണിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. മറ്റൊരു വിദ്യാർഥിയുടെ കൈ പൂർണമായും തകർന്നു. എന്നിട്ടും തിങ്കളാഴ്ചത്തെ ഹിന്ദി പത്രങ്ങളിലെല്ലാം ജനവികാരം എതിരാകുന്ന തരത്തിൽ അലീഗഢ് വിദ്യാർഥികളെ മോശമാക്കുന്ന വാർത്തകളാണ് വന്നിരിക്കുന്നത്.
ഞായറാഴ്ച പ്രക്ഷോഭം തുടങ്ങിയപ്പോൾ 500ഒാളം കുട്ടികൾ പൊളിച്ചുവെച്ച ഗേറ്റ് കടക്കുന്നത് പൊലീസ് തടഞ്ഞിരുന്നില്ല. അവർ അൽപം മുന്നോട്ടുപോയശേഷമാണ് കണ്ണീർവാതകം പ്രയോഗിച്ച് ലാത്തിച്ചാർജ് തുടങ്ങിയത്. അത് കഴിഞ്ഞ് കാമ്പസിലേക്ക് കയറിയ പൊലീസ് ഹോസ്റ്റലുകൾ കയറിയിറങ്ങി കുട്ടികളെ പിടിച്ചുകൊണ്ടുപോകാനും തുടങ്ങി. നിരവധി വാഹനങ്ങൾ ലാത്തികൊണ്ട് അടിച്ച് തകർത്തു. െഗസ്റ്റ് ഹൗസിലും പള്ളിയിലും കുടുങ്ങിയവർക്ക് പുറത്തിറങ്ങാൻ പറ്റിയില്ല. വിദ്യാർഥികളെ പുറത്തിറക്കിയാണ് ഒരു ഹോസ്റ്റൽ മുറിക്ക് പൊലീസ് തീയിട്ടത്.
മുൻകൂട്ടി ആസൂത്രണം ചെയ്തതുതന്നെ
ദ്രുതകർമസേനയുടെ നിയന്ത്രണത്തിലായ സർവകലാശാലയിലേക്ക് പോകാൻ കഴിയാത്ത സാഹചര്യമാണിന്ന്. പരിക്കുപറ്റി കിടക്കുന്ന സ്വന്തം സുഹൃത്തുക്കളെയും സഹപാഠികളെയും സന്ദർശിക്കാൻപോലും ദ്രുതകർമസേന വിദ്യാർഥികളെ അനുവദിക്കുന്നില്ല. പ്രക്ഷോഭം അടിച്ചമർത്താൻ വന്ന സേനക്ക് കാമ്പസിനുള്ളിൽ ക്യാമ്പ് ചെയ്യാനും അവസരം കൊടുത്തിരിക്കുകയാണ് രജിസ്ട്രാർ.
സംഘർഷം അവസാനിപ്പിക്കാനെന്നു പറഞ്ഞ് സേനയെ വിളിച്ചുവരുത്തിയതും രജിസ്ട്രാർ ആയിരുന്നു. രജിസ്ട്രാറും ഭരണകൂടവും ഒരുമിച്ചാണ് സേനയെ കൊണ്ടുവന്നതെന്ന് തെളിയിക്കുന്ന ഫോേട്ടാ തിങ്കളാഴ്ച ‘ദൈനിക് ജാഗരൺ’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുൻ െഎ.പി.എസ് ഒാഫിസറായ അബ്ദുൾ ഹാമിദിനെ രജിസ്ട്രാർ ആക്കി കൊണ്ടുവന്ന നാൾ മുതൽ വിദ്യാർഥികൾക്കിടയിലുണ്ടായ ആശങ്ക അസ്ഥാനത്തല്ലെന്ന് തെളിഞ്ഞ ദിവസമായിരുന്നു ഞായറാഴ്ച.
സർവകലാശാല അടച്ചതായുള്ള രജിസ്ട്രാറുടെ വാർത്തക്കുറിപ്പ് പതിവു തെറ്റിച്ച് സ്വന്തം കൈപ്പടയിൽ എഴുതിയുണ്ടാക്കിയതാണ്. സർവകലാശാലക്ക് പുറത്തുനിന്ന് ചെയ്തതുകൊണ്ടാണ് ടൈപ്പ് ചെയ്യാതെ ഇറക്കേണ്ടി വന്നത്. ഇത്രയും വലിയ സംഘർഷമുണ്ടായിട്ടും വൈസ് ചാൻസലർ രംഗത്തെത്തിയതുമില്ല.
മുെമ്പാക്കെ കലാപങ്ങളുണ്ടായ ഭൂരിപക്ഷ മേഖലകളാണ് അലീഗഢിന് ചുറ്റും. അവർ അലീഗഢിലേക്കിറങ്ങി കഴിഞ്ഞാൽ അത് കലാപത്തിലാണ് അവസാനിക്കുകയെന്ന ഭീതി വിദ്യാർഥികൾക്കുണ്ട്. പൊലീസ് തേർവാഴ്ചയിൽ കണ്ണീർവാതക ഷെൽ പൊട്ടി നാട്ടുകാരനായ യൂനിയൻ പ്രസിഡൻറ് സൽമാെൻറ നെഞ്ചിന് പരിക്കേറ്റെന്ന വാർത്ത വൈകാരികമായാണ് ആളുകെളടുക്കുന്നത്.
ഹോസ്റ്റലുകളിലുള്ള വിദ്യാർഥികളോട് ചൊവ്വാഴ്ച രാവിലെക്കു മുമ്പ് സ്ഥലം വിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.