ഒരു സർവകലാശാലയുടെ ചരിത്രത്തിൽ അരനൂറ്റാണ്ട് പ്രായേണ വളരെ വലിയ കാലയളവല്ല. എന്നാൽ, ഈ അഞ്ച് പതിറ്റാണ്ടിനുള്ളിൽ കാലിക്കറ്റ് സർവകലാശാല കൈവരിച്ച നേട്ടങ്ങൾ വലുതാണ്. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിെൻറ നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് െഫ്രയിംവർക് (എൻ.ഐ.ആർ.എഫ്) ഇന്ത്യയിലെ എണ്ണൂറിലേറെ സർവകലാശാലകളിൽ 57ാം റാങ്ക് കാലിക്കറ്റിന് നൽകിയിരിക്കുന്നു. ഇന്ത്യയിലെ മൊത്തം ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ 93ാം സ്ഥാനവും നേടാനായി. നാഷനൽ അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) സമ്മാനിച്ച എ േഗ്രഡും കേരളത്തിലെ സർവകലാശാലകളിൽ ഏറ്റവും അധികം പോയൻറും കാലിക്കറ്റിനായിരുന്നു.
കേരളയെ വിഭജിച്ച് പുതിയൊരു സർവകലാശാല സ്ഥാപിക്കുന്ന ഓർഡിനൻസ് 1968 ജൂലൈ 23ന് പുറപ്പെടുവിച്ചതോടെ മലബാറിെൻറ വൈജ്ഞാനിക ചരിത്രത്തിൽ പുതുയുഗപ്പിറവിയായി. 1968 ആഗസ്റ്റ് 12ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ത്രിഗുണസെൻ ഔപചാരിക ഉദ്ഘാടനം കോഴിക്കോട്ട് നിർവഹിച്ചു. തൃശൂരിനിപ്പുറം സംസ്ഥാനത്തിെൻറ വടക്കെ പാതിയിലെ യുവജനങ്ങൾക്ക് ഉന്നതപഠനത്തിനായി അക്കാലത്ത് കേവലം 54 കോളജുകളാണുണ്ടായിരുന്നത്. പിൽക്കാലത്ത് കാസർകോട്, കണ്ണൂർ ജില്ലകളും വയനാട്ടിലെ മാനന്തവാടി താലൂക്കും വേർപെട്ടിട്ടും ഇന്ന് കോളജുകളുടെ എണ്ണം 432 ആയി ഉയർന്നിരിക്കുന്നു. 35 പഠന^ഗവേഷണവകുപ്പുകൾ, നേരിട്ട് നടത്തുന്ന 36 സ്വാശ്രയ സ്ഥാപനങ്ങൾ, 11 ഗവേഷണ ചെയറുകൾ എന്നിവയും സർവകലാശാലയുടെ ഭാഗമാണ്. സംസ്ഥാനത്ത് ആദ്യമായി െക്രഡിറ്റ് സെമസ്റ്റർ സമ്പ്രദായം നടപ്പാക്കിയതിെൻറ െക്രഡിറ്റും കാലിക്കറ്റിന് സ്വന്തമാണ്. ഗോത്രവർഗ യുവജനതയുടെ സർവതോമുഖ പുരോഗതി ലക്ഷ്യമാക്കിയാണ് അവർക്കുവേണ്ടി മാത്രമായി വയനാട്ടിലെ ചെതലയത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ൈട്രബൽ സ്റ്റഡീസ് ആൻഡ് റിസർച് സ്ഥാപിച്ചത്. ഫോക്ലോർ, വിമൻസ്റ്റഡീസ് പഠനവകുപ്പുകളും സംസ്ഥാനത്ത് കാലിക്കറ്റിെൻറ തനിമയാണ്.
കോളജുകളും സർവകലാശാലകളുമെല്ലാം നിരന്തരം മാറ്റങ്ങൾക്ക് വിധേയമാകണമെന്നും മാറാൻ മടിക്കുന്നവയുടെ അസ്തിത്വംപോലും നീതീകരിക്കാനാവാത്തതാണെന്നും കലാശാലയുടെ േപ്രാ ചാൻസലറായ വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ് കോയ 1968 നവംബർ രണ്ടിന് പ്രഥമ സിൻഡിക്കേറ്റ് യോഗത്തിൽ ചൂണ്ടിക്കാട്ടുന്നു. കേവലം പുതിയൊരു സർവകലാശാലകൂടി സ്ഥാപിക്കുന്നുവെന്നതല്ല തികച്ചും നവീനവും വ്യത്യസ്തവുമായൊരു സർവകലാശാല എന്നതായിരുന്നു അദ്ദേഹത്തിെൻറ കാഴ്ചപ്പാട്.
വനിത ശാക്തീകരണം ലക്ഷ്യമാക്കി ലൈഫ്ലോങ് പഠനവകുപ്പിലൂടെ സൗജന്യമായി നടപ്പാക്കുന്ന തൊഴിലധിഷ്ഠിത പരിപാടികൾ, ബഹുജന സേവനം നൽകുന്ന ഹെൽത്ത് സെൻറർ, സ്കൂൾവിദ്യാർഥികൾക്കുകൂടി മാർഗനിർദേശം നൽകുന്നതിനായി വിവിധ വിഭാഗങ്ങൾ വഴി നടപ്പാക്കുന്ന പരിപാടികൾ, ക്യാമ്പുകൾ, ബൗദ്ധിക ഭിന്നശേഷിക്കാർക്ക് സൈക്കോളജി പഠനവകുപ്പിൽ നടപ്പാക്കിയ സി.ഡി.എം.ആർ.പി (കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെൻറ് ആൻഡ് റീഹാബിലിറ്റേഷൻ േപ്രാഗ്രാം), അവധിക്കാല കായിക പരിശീലന ക്യാമ്പുകൾ, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയവയിലൂടെ ഈ ആശയം വലിയൊരളവിൽ പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടുണ്ട്. അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുന്ന വിവരസാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്താൻ സാധിച്ചത് സർവകലാശാലയുടെ നേട്ടമാണ്.
ഫയൽ നീക്കം ഡിജിറ്റൽ സംവിധാനത്തിലാക്കിയത് പേപ്പർരഹിത രീതിക്ക് തുടക്കം കുറിച്ചു. ഇക്കാര്യത്തിലും സംസ്ഥാനത്ത് കാലിക്കറ്റിനാണ് പ്രഥമ സ്ഥാനം. ഭരണ കാര്യക്ഷമത ഏറെ മെച്ചപ്പെടുത്താൻ ഇതുവഴി സാധ്യമായി. സമ്പൂർണ വൈ^ഫൈ കാമ്പസുമാണ് കാലിക്കറ്റ്.
സർവകലാശാല ജനങ്ങളിലേക്ക് എന്ന സമീപനത്തോടെയാണ് ജൂബിലി ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. സെൻട്രൽ സൊഫിസ്റ്റികേറ്റഡ് ഇൻസ്ട്രുമെേൻറഷൻ ഫെസിലിറ്റി ശാസ്ത്ര മേഖലയിലെ നൂതനവും വിലയേറിയതുമായ ഉപകരണങ്ങൾ വ്യത്യസ്ത ശാസ്ത്ര പഠനവകുപ്പുകൾക്ക് പൊതുവായി ഉപയോഗപ്പെടുത്താവുന്ന സംവിധാനമാണ്. ഗവേഷണം ലോകനിലവാരത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ ഏർപ്പെടുത്തുന്ന ഈ സെൻററിന് 120 കോടി രൂപയാണ് ചെലവ്. പരീക്ഷ ഭവൻ സുവർണ ജൂബിലി ബ്ലോക്ക്, ഡിജിറ്റൽ ലൈബ്രറി മന്ദിരം, ഭാഷാ വിഭാഗങ്ങൾക്കായി ലൈബ്രറി, അന്താരാഷ്ട്ര കൺവെൻഷൻ സെൻറർ, സ്റ്റുഡൻറ്സ് അമിനിറ്റി സെൻറർ, മ്യൂസിയം കോംപ്ലക്സ്, സ്കിൽ െഡവലപ്മെൻറ് സെൻറർ, ഗവേഷക ഹോസ്റ്റൽ, സ്ഥിരം ഓപൺ സ്റ്റേജ് എന്നിങ്ങനെ അടിസ്ഥാന സൗകര്യ വികസനത്തിന് വൈവിധ്യമാർന്ന പദ്ധതികളുണ്ട്.
സർവകലാശാല കാമ്പസും അഫിലിയേറ്റഡ് കോളജുകളും കൂടുതൽ ഹരിതാഭമാക്കാനുള്ള ബൃഹദ്പദ്ധതി ^ഗ്രീൻ കാമ്പസ് കാമ്പയിൻ^ തുടങ്ങി. ദക്ഷിണേന്ത്യൻ ചരിത്ര കോൺഗ്രസ്, ദേശീയ ഗവേഷക സംഗമം, പ്ലേസ്മെൻറ് േപ്രാഗ്രാം, നൊബേൽ ജേതാക്കളെ ഉൾപ്പെടുത്തി േഫ്രാണ്ടിയർ പ്രഭാഷണങ്ങൾ, അന്താരാഷ്ട്ര സെമിനാറുകൾ തുടങ്ങിയവ ജൂബിലി വർഷക്കാലത്ത് നടത്തും. വൈസ് ചാൻസലർമാരുടെ അഖിലേന്ത്യാ സമ്മേളനത്തിനും കാലിക്കറ്റ് സർവകലാശാല വേദിയാകും. വിദേശ വിദ്യാർഥി സംഗമം, സാംസ്കാരിക പരിപാടികൾ, ജൂബിലി സ്പോർട്സ് ഫെസ്റ്റിവൽ, സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവർക്കായി പ്രത്യേക ക്യാമ്പുകൾ തുടങ്ങിയവയും വിഭാവനം ചെയ്യുന്നു. ഭവനരഹിതരായ 250 പേർക്ക് വീട് നിർമിച്ചു നൽകുകയെന്ന മഹത്തായ ദൗത്യം കാലിക്കറ്റ് സർവകലാശാല നാഷനൽ സർവിസ് സ്കീം ജൂബിലി വർഷത്തിൽ ഏറ്റെടുത്തിട്ടുണ്ട്. വിശാലമായ കാമ്പസുകളിൽ ലഭിക്കുന്ന മഴവെള്ളം പരമാവധി സംഭരിച്ച് നിർത്തുന്നതിലൂടെ പരിസരവാസികൾക്കുകൂടി ഭൂഗർഭ ജലലഭ്യത മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടപ്പാക്കിവരുന്നു.
കായിക രംഗത്ത് ദേശീയതലത്തിൽ വൻ നേട്ടങ്ങൾ കൊയ്ത കാലിക്കറ്റ്, കായിക സർവകലാശാല എന്ന അപരനാമം കരസ്ഥമാക്കി. ഇക്കഴിഞ്ഞ വർഷം അഞ്ച് ദേശീയ ചാമ്പ്യൻഷിപ്പുകളാണ് കാലിക്കറ്റ് പൊരുതി നേടിയത്. പി.ടി. ഉഷയുൾപ്പെടെ 20 ഒളിമ്പ്യന്മാർ, 14 അർജുന അവാർഡ് ജേതാക്കൾ, ദേശീയ ടീമുകളിലെ അസംഖ്യം താരങ്ങൾ എല്ലാം കാലിക്കറ്റിെൻറ അഭിമാനം ഉയർത്തുന്നു. സംസ്ഥാനത്തെ ഏറ്റവും മികച്ച സിന്തറ്റിക് ട്രാക്കും ഒരു സ്റ്റേഡിയത്തിൽ രണ്ട് ഫുട്ബാൾ ഗ്രൗണ്ടുകളും സ്വിമ്മിങ് പൂൾ, സ്പോർട്സ് ഹോസ്റ്റൽ എന്നിവയും സ്വന്തമായുള്ള കലാശാല രാജ്യത്ത് ആദ്യമായി കോളജ്് ഫിറ്റ്നസ് എജുക്കേഷൻ േപ്രാഗ്രാം സുവർണ ജൂബിലി വർഷത്തിൽ പ്രാവർത്തികമാക്കുകയാണ്. ജൂബിലി വർഷത്തിൽ അഖിലേന്ത്യാ ഫുട്ബാൾ ചാമ്പ്യൻഷിപ് നടത്താൻ സർവകലാശാലക്ക് അവസരം ലഭിക്കും.
നിർമായ കർമണാശ്രീ^‘കളങ്കമില്ലാത്ത പ്രവൃത്തികൊണ്ട് ഐശര്യം’ എന്നാണ് കാലിക്കറ്റിെൻറ മുദ്രാവാക്യം. 49 വർഷങ്ങളിലായി സർവകലാശാലക്ക് സേവനമനുഷ്ഠിച്ച വൈസ് ചാൻസലർമാരുൾപ്പെടെയുള്ള സ്റ്റാറ്റ്യൂട്ടറി ഓഫിസർമാർ, അധ്യാപകർ, ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരെല്ലാം ഈ മനോഭാവത്തോടെ നടത്തിയ പ്രവർത്തനങ്ങളുടെ പരിണിത ഫലമാണ് സർവകലാശാലയുടെ ഇന്നത്തെ ഔന്നത്യം. സർവകലാശാലയുടെ സ്ഥാപനത്തിനും പരിപാലനത്തിനും പ്രയത്നിച്ച, ഇന്നും പ്രയത്നിച്ചുകൊണ്ടിരിക്കുന്ന എല്ലാവരെയും ഈ സന്ദർഭത്തിൽ സ്നേഹാദരങ്ങളോടെ സ്മരിക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് സർവകലാശാലയെ നയിക്കുന്നതിനുള്ള നിരന്തര പ്രയത്നത്തിന് എല്ലാ വിഭാഗങ്ങളുടെയും നിസ്സീമമായ സഹകരണം അഭ്യർഥിക്കുന്നു.
(കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസലറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.