കാത്തിരിക്കുന്നത് കള്ളപ്പണത്തെക്കാള്‍ വലിയ വിപത്ത്

1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ച പ്രധാനമന്ത്രിയുടെ തീരുമാനം വന്നിട്ട് ഇന്ന് ഏഴാംദിവസം. ഓരോ നാള്‍ കഴിയുന്തോറും ജനങ്ങളുടെ ബുദ്ധിമുട്ടും പരിഭ്രാന്തിയും കൂടുകയാണ്. സാമ്പത്തിക മേഖല വിറങ്ങലിച്ചുനില്‍ക്കുന്നു. രാജ്യം നിശ്ചലമായി. ജനം ആഹാരത്തിനും മറ്റാവശ്യങ്ങള്‍ക്കും പരക്കംപായുന്നു. യുദ്ധകാലങ്ങളില്‍പോലും രാജ്യം ഇങ്ങനെയൊരു ദുരിതത്തില്‍കൂടി കടന്നുപോയിട്ടില്ല.  കള്ളപ്പണക്കാരെ തടയിടാനും കള്ളനോട്ട് നിര്‍വീര്യമാക്കാനുമൊക്കെയുള്ള ഏത് നടപടിയെയും പൂര്‍ണമായി അംഗീകരിക്കുന്നവരാണ് എല്ലാവരും. എന്നാല്‍, നല്ല തീരുമാനം ഏറ്റവും മോശം രീതിയില്‍ നടപ്പാക്കിയാല്‍ അതിന് വിപത്ഫലമാണുണ്ടാകുക. അതാണിപ്പോള്‍ സംഭവിച്ചത്. പ്രധാനമന്ത്രിയുടെ തീരുമാനത്തെതുടര്‍ന്ന് ഒരു കള്ളനോട്ടുകാരനോ കരിഞ്ചന്തക്കാരനോ ക്യൂവില്‍ നില്‍ക്കുന്നത് ആരും കണ്ടിട്ടില്ല. സാധാരണക്കാരാണ് രാവിലെ മുതല്‍ രാത്രിവരെ പരക്കംപായുന്നത്.  ബാങ്കിങ് എന്താണെന്നുപോലുമറിയാത്ത വലിയൊരു ജനവിഭാഗം വേറെയുണ്ട്.  അലമാരിയിലും പായക്കടിയിലും അരിപ്പാത്രത്തിലുമൊക്കെ പണം സൂക്ഷിക്കുന്നവരാണിവര്‍. ഏറ്റവും ശോച്യാവസ്ഥ അവരുടേതാണ്.
ജനം യാചകരായി
ആത്മാഭിമാനത്തോടെ ജീവിച്ചവര്‍ പൊടുന്നനെ യാചകരായി മാറുന്നു. പൈസക്കുവേണ്ടി അവര്‍ പലരുടെയും മുന്നില്‍ കൈനീട്ടുന്നു. ഉറ്റവരെ സഹായിക്കാനാവാതെ പലരും കൈമലര്‍ത്തുന്നു. ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്നില്ല. ചികിത്സ തേടാന്‍ കഴിയുന്നില്ല. കുട്ടികളുടെ ഫീസ് നല്‍കാനാവുന്നില്ല. യാത്ര ചെയ്യാന്‍ പറ്റുന്നില്ല. ഭൂമിയിടപാടുകള്‍ നടക്കുന്നില്ല. ഭൂമി വില ഇടിയുന്നു. വിവാഹങ്ങള്‍ മുടങ്ങുന്നു. കടകള്‍ അടപ്പിലേക്ക്. തോട്ടമേഖലയില്‍ പണികള്‍ നിലക്കുന്നു. അങ്ങനെ  പ്രതിസന്ധികളുടെ മുകളിലാണ് ശരാശരി ഇന്ത്യക്കാരന്‍െറ ജീവിതം.
പ്രധാനമന്ത്രി കള്ളപ്പണത്തിനെതിരെ സ്വീകരിച്ച നടപടിക്ക് പിന്തുണയുമായി ജനങ്ങള്‍ ഒന്നടങ്കം അണിനിരന്നതാണ്. ചികിത്സക്ക് പണം ലഭ്യമാക്കാത്തതിനാല്‍ പിഞ്ചു കുഞ്ഞ് മരിച്ചതും ജനം റേഷന്‍ കട കൊള്ളയടിച്ചതും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. സംസ്ഥാന സര്‍ക്കാറുകളെല്ലാം എന്തുചെയ്യണമെന്നറിയാതെ നിഷ്പ്രഭരും നിസ്സഹായരുമായി നില്‍ക്കുകയാണ്.
ഗുരുതര വീഴ്ചകള്‍
ഈ ദൗത്യത്തില്‍വന്ന ഗുരുതര  വീഴ്ചകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറഞ്ഞേതീരൂ.
1. നോട്ടുകള്‍ പിന്‍വലിച്ച പ്രഖ്യാപനം നടത്തുന്നതുവരെ രഹസ്യസ്വഭാവം സൂക്ഷിക്കേണ്ടതുതന്നെ. അത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് വ്യക്തമായപ്പോള്‍, എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാറുകളെ വിശ്വാസത്തിലെടുത്തില്ല? അടുത്ത ദിവസം തന്നെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെയും ധനമന്ത്രിമാരുടെയും യോഗം വിളിക്കേണ്ടതായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഓരോ സംസ്ഥാനത്തെയും പ്രത്യേക സാഹചര്യം മനസ്സിലാക്കി  തുടര്‍നടപടി സ്വീകരിക്കാമായിരുന്നു.
2. 1977ല്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി 1000 രൂപ നോട്ട് പിന്‍വലിച്ചിരുന്നു. ആയിരം രൂപ നോട്ട് അന്ന് സാധാരണക്കാരുടെ കൈകളില്‍ ഇല്ലായിരുന്നു. പ്രചാരത്തിലിരുന്ന കറന്‍സി നോട്ടുകളുടെ മൂല്യത്തില്‍ 1000 രൂപ നോട്ട് വളരെ ചെറിയ ശതമാനമായിരുന്നു. ഇന്ന് മൊത്തം കറന്‍സി നോട്ടുകളുടെ മൂല്യത്തില്‍ 1000, 500 രൂപ നോട്ടിന്‍െറ  വിഹിതം   86 ശതമാനം  വരുമെന്നകാര്യം കേന്ദ്രസര്‍ക്കാറിന് അറിയാമെന്നിരിക്കെ, എന്തുകൊണ്ട് ആവശ്യത്തിന്  100 രൂപ നോട്ടുകള്‍ ലഭ്യമാക്കിയില്ല?
3. 2000 രൂപയുടെ നോട്ടുകള്‍ വളരെ നേരത്തേതന്നെ പ്ളാന്‍ ചെയ്ത്  അച്ചടിച്ചെങ്കിലും എന്തുകൊണ്ട് അവ എ.ടി.എമ്മിലൂടെ വിതരണം ചെയ്യാനുള്ള ക്രമീകരണം ഉണ്ടാക്കിയില്ല? രാജ്യത്തെ  2,00,1861 എ.ടി.എമ്മുകളില്‍ 2000 രൂപ നോട്ട് ക്രമീകരിക്കാന്‍ എന്‍ജിനീയര്‍ ഉള്‍പ്പെട്ട വിദഗ്ധ സംഘമത്തെിവേണം പുന$ക്രമീകരിക്കാന്‍.  
4. പുതിയ 500 രൂപ നോട്ട് അച്ചടിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് സമയത്തു പ്രചാരത്തില്‍ വന്നില്ല.
 സര്‍ജിക്കല്‍ സ്ട്രൈക്കിന്‍െറ എല്ലാ ക്രെഡിറ്റും പ്രധാനമന്ത്രിക്ക് ലഭിക്കാനാണ് ബാക്കി എല്ലാവരെയും കാഴ്ചക്കാരാക്കി ഒരു തയാറെടുപ്പും ഇല്ലാതെ ഇത്രയും വലിയൊരു തീരുമാനം നടപ്പാക്കിയത്. നോട്ട് പിന്‍വലിക്കാനുള്ള തീരുമാനം എടുത്ത മന്ത്രിസഭായോഗത്തെക്കുറിച്ച് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ മാത്രം മതി ഇതിനുള്ള തെളിവിന്. അന്നത്തെ  മന്ത്രിസഭാ യോഗത്തിലേക്ക്  മന്ത്രിമാര്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരരുതെന്ന് നിര്‍ദേശിക്കപ്പെട്ടു. തീരുമാനം എടുത്തശേഷം പ്രധാനമന്ത്രി രാഷ്ട്രപതിയെ കാണാന്‍പോയി. തിരിച്ചുവരുന്നതുവരെ കാത്തിരിക്കാന്‍ അദ്ദേഹം സഹമന്ത്രിമാരോട് ആവശ്യപ്പെട്ടു. രാഷ്ട്രത്തെ ടെലിവിഷനില്‍ അഭിസംബോധന ചെയ്തശേഷമാണ് അദ്ദേഹം മന്ത്രിസഭായോഗത്തില്‍ തിരിച്ചത്തെിയത്. സ്വന്തം സഹപ്രവര്‍ത്തകരെയോ സംസ്ഥാനങ്ങളെയോ വിശ്വാസത്തിലെടുക്കാതെ പ്രവര്‍ത്തിക്കുന്നതിന്‍െറ ദുരന്തങ്ങളാണ് ഇപ്പോള്‍ നാലുപാടും ഉയരുന്നത്. പണമില്ലാതെ 50 ദിവസംകൂടി കാത്തിരിക്കണമെന്നാണ്  പ്രധാനമന്ത്രി പറയുന്നത്. 133 കോടി ജനങ്ങളില്‍ ഓണ്‍ലൈന്‍ ഇടപാട് നടത്തുന്നവര്‍ പത്തോ പതിനഞ്ചോ ശതമാനമേ വരൂ. ബാക്കിയുള്ളവര്‍  പണമില്ലാതെ രണ്ടു മാസത്തോളം തള്ളിനീക്കണമെന്ന് പറയുന്നതിന്‍െറ ഗൗരവം പ്രധാനമന്ത്രി ഇനിയും ഉള്‍ക്കൊണ്ടിട്ടില്ല.
നിര്‍ദേശങ്ങള്‍
1. സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് അനുയോജ്യമായ തീരുമാനം കേന്ദ്രസര്‍ക്കാറും റിസര്‍വ് ബാങ്കുമെടുക്കണം.
2. സഹകരണമേഖലയെ ഫലപ്രദമായി  ഉപയോഗിച്ച് ഈ പ്രതിസന്ധിയെ എങ്ങനെ ലഘൂകരിക്കാമെന്ന് ആലോചിക്കണം.
3. ആരോഗ്യസേവനം, ഭക്ഷ്യവസ്തുക്കള്‍ എന്നീ മേഖലകളില്‍ സാധാരണക്കാരുടെ ബുദ്ധിമുട്ടുകള്‍ എങ്ങനെ ലഘൂകരിക്കാമെന്ന് അടിയന്തരമായി കണ്ടത്തെണം.
4. ലക്ഷക്കണക്കിന് ശബരിമല തീര്‍ഥാടകര്‍ക്ക് ഇതുമൂലം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതെയിരിക്കുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍  ഗവണ്‍മെന്‍റുകള്‍ സ്വീകരിക്കണം.
5. പ്രതിസന്ധി അയയുംവരെ വിദ്യാഭ്യാസ ഫീസ് അടയ്ക്കുന്നതിന് സാവകാശം നല്‍കണം.
6. യുദ്ധകാലാടിസ്ഥാനത്തില്‍ സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ എല്ലാ ബാങ്കുകളിലും എ.ടി.എമ്മുകളിലും 100, 50, 20, 10 രൂപ നോട്ടുകളും പുതിയ 500, 2000 രൂപ നോട്ടുകളും ലഭ്യമാക്കണം.
7. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് അടയ്ക്കേണ്ട 10,000 വരെയുള്ള തുകക്ക്് കാലതാമസം അനുവദിക്കുക.
8. സാമൂഹികപെന്‍ഷനും സര്‍ക്കാര്‍ പെന്‍ഷനും മുടക്കം കൂടാതെ നല്‍കുക.
സംസ്ഥാനങ്ങളുടെ പൂര്‍ണ സഹകരണത്തോടും ജനങ്ങളുടെ പങ്കാളിത്തത്തോടും കൂടി പുതിയ തീരുമാനം നടപ്പാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. അല്ളെങ്കില്‍ കള്ളപ്പണത്തെക്കാള്‍ വലിയ വിപത്തായിരിക്കും രാജ്യത്തെ കാത്തിരിക്കുന്നത്.

 

Tags:    
News Summary - cash crisis: disaster awaiting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.