ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ജാതി സർവേയുടെ പ്രാരംഭ വേളയിൽ

ഹി​ന്ദു​ത്വ രാ​ഷ്​​ട്രീ​യ​ത്തെ ഭ​യ​പ്പെ​ടു​ത്തു​ന്ന ജാ​തി​സ​ർ​വേ ഫ​ലം

ബി.ജെ.പി നേതാക്കൾ എന്തൊക്കെപ്പറഞ്ഞാലും ശരി നിതീഷ്​, ലാലു, തേജസ്വി എന്നിവർക്ക്​ ജാതി സർവേയെപ്പറ്റി അന്നും ഇന്നും കൃത്യമായ ഒരു നിലപാടുണ്ടായിരുന്നു. ബിഹാറിൽ മാത്രമല്ല, ദേശീയ ജനസംഖ്യാ കണക്കെടുപ്പിനൊപ്പം ഇന്ത്യയൊട്ടാകെ ജാതി സെൻസസ്​ നടത്തണമെന്നായിരുന്നു അവരുടെ ഡിമാൻഡ്​. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ‘ഇൻഡ്യ’ സഖ്യം അധികാരത്തിൽ വന്നാൽ തങ്ങളത്​ നടപ്പാക്കുമെന്നും അവർ ആണയിടുന്നു

ഏറെ ​രാഷ്​ട്രീയ പോരുകളെയും നിയമപോരാട്ടങ്ങളെയും അതിജയിച്ച്​ ബിഹാറിൽ നിതീഷ്​ കുമാർ ഭരണകൂടം നടത്തിയ ജാതി സർവേയുടെ വിശദാംശങ്ങൾ പുറത്തുവന്നിരിക്കുന്നു. സർവേ റിപ്പോർട്ട്​ പുറത്തുവിടാൻ ഗാന്ധിജയന്തി ദിനമായ ഒക്​ടോബർ രണ്ടുതന്നെ തിരഞ്ഞെടുത്തത്​ ബോധപൂർവമായിരുന്നു.

സംസ്​ഥാനത്ത്​ 36 ശതമാനം പേർ അതിപിന്നാക്ക ജാതികളിൽ പെടുന്നവരാണ്​ എന്ന വിവരമാണ്​ സർവേയുടെ സുപ്രധാന വെളിപ്പെടുത്തൽ. ഒ.ബി.സി എന്ന്​ പൊതുവായി പറയാറുള്ള മറ്റു പിന്നാക്ക വിഭാഗങ്ങളെ പിന്നാക്ക വിഭാഗങ്ങൾ, അതിപിന്നാക്ക വിഭാഗങ്ങൾ എന്നിങ്ങനെ ബിഹാറിൽ തരംതിരിച്ചിരിക്കുന്നു.

പിന്നാക്ക വിഭാഗങ്ങൾ ജനസംഖ്യയുടെ 27 ശതമാനമുണ്ട്​. അതായത്,​ ഒ.ബി.സി സമൂഹത്തി​ന്റെ മൊത്തം ജനസംഖ്യ 63 ശതമാനം വരും. ഹിന്ദുത്വം മുഖ്യ അജണ്ടയാക്കി പയറ്റുന്ന ഭാരതീയ ജനത പാർട്ടിയെ സംബന്ധിച്ച്​ ബിഹാറിൽ ഈ ജനസംഖ്യാ കണക്ക്​ പുറത്തറിയുന്നതുതന്നെ വലിയ വെല്ലുവിളിയാണ്​.

എന്തെന്നാൽ ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന ഈ സമൂഹത്തിന്​ സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്​ഥാപനങ്ങളിലും ഭൂസ്വത്തിലുമെല്ലാമുള്ള പ്രാതിനിധ്യം സംബന്ധിച്ച കണക്ക്​ ഉടനടി പുറത്തുവരാനിരിക്കുകയാണ്​. ജനസംഖ്യാനുപാതമുള്ള പ്രാതിനിധ്യം വേണമെന്ന ആവശ്യമുയരുന്നത്​ ബി.ജെ.പിയെ വല്ലാതെ പൊള്ളിക്കും.

പിന്നാക്കക്കാരുടെ ന്യായമായ ഈ ആവശ്യത്തെ പിന്തുണച്ചുകളയാമെന്ന്​ അവർ തീരുമാനിച്ചുവെന്നിരിക്ക​ട്ടെ, അതോടെ പാർട്ടിയുടെ അടിത്തറയും അടിസ്​ഥാനവുമായ മേൽജാതിക്കൂട്ടങ്ങൾ കോപിക്കും, അസ്വസ്​ഥത പ്രകടിപ്പിക്കും.

സർവേ പ്രകാരം സംസ്​ഥാന ജനസംഖ്യ 13,07,25,310 ആണ്​. അതിൽ 19.65 ശതമാനം ആണ്​ പട്ടികജാതിക്കാർ (2,56,89,820). പട്ടിക വർഗം 1.68 ശതമാനവും (21,99,361) സംവരണമില്ലാത്തവർ അഥവാ ജനറൽ വിഭാഗം 15.52 ശതമാനം (2,02,91679) പേരുമാണ്​. സംസ്​ഥാനത്തെ ഹൈന്ദവ ജനസംഖ്യ 82 ശതമാനം വരും. മുസ്‍ലിംകൾ 17.70 ശതമാനവും.

തള്ളാനോ കൊള്ളാനോ പറ്റാത്ത അവസ്​ഥ അക്ഷരാർഥത്തിൽ പ്രകടമാണ്​ ബി.ജെ.പി ക്യാമ്പിലിപ്പോൾ. ജാതി അടിസ്​ഥാനത്തിൽ കണക്കെടുപ്പ്​ നടത്തുന്നത്​ സമൂഹത്തിൽ ഭിന്നത സൃഷ്​ടിക്കുമെന്നാണ്​ പാർട്ടിയുടെ അടിസ്​ഥാന നിലപാട്​. ഗിരിരാജ്​ സിങ്ങിനെപ്പോലുള്ള മേൽജാതി നേതാക്കൾ സർവേഫലം പുറത്തുവിട്ടതിനെ സ്വാഗതം ചെയ്യാൻ കൂട്ടാക്കുന്നില്ല, പകരം നിതീഷി​ന്റെയും ലാലുവി​ന്റെയും ഭരണകാലത്തെ വികസനക്കണക്ക്​ വെളിപ്പെടുത്തണമെന്നാണ്​ അവരുടെ ആവശ്യം.

അതേസമയം രാജ്യസഭാംഗമായ സുശീൽകുമാർ മോദിയെപ്പോലുള്ളവർ പറയുന്നത്,​ ജാതി സർവേ നടത്താനുള്ള തീരുമാനമെടുത്തത്​ ബി.ജെ.പി കൂടി സഖ്യകക്ഷിയായിരുന്ന സർക്കാറി​ന്റെ കാലത്താണ്​ എന്നാണ്​. ആർ.ജെ.ഡി മേധാവി ലാലുപ്രസാദ്​ യാദവിന്​ ജാതിസർവേയുടെ ക്രെഡിറ്റി​ന്റെ പങ്ക്​ നൽകാനാവില്ല എന്നും സുശീൽ കുമാർ കൂട്ടിച്ചേർക്കുന്നു.

ബി.ജെ.പി നേതാക്കൾ എന്തൊക്കെപ്പറഞ്ഞാലും ശരി നിതീഷ്​, ലാലു, തേജസ്വി എന്നിവർക്ക്​ ജാതി സർവേയെപ്പറ്റി അന്നും ഇന്നും കൃത്യമായ ഒരു നിലപാടുണ്ടായിരുന്നു. ബിഹാറിൽ മാത്രമല്ല, ദേശീയ ജനസംഖ്യാ കണക്കെടുപ്പിനൊപ്പം ഇന്ത്യയൊട്ടാകെ ജാതി സെൻസസ്​ നടത്തണമെന്നായിരുന്നു അവരുടെ ഡിമാൻഡ്​. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ‘ഇൻഡ്യ’ സഖ്യം അധികാരത്തിൽ വന്നാൽ തങ്ങളത്​ നടപ്പാക്കുമെന്നും അവർ ആണയിടുന്നു.

ബി.ജെ.പി നടത്തിയ ഗൂഢാലോചനകളെയും നിയമ കടമ്പകളെയുമെല്ലാം മറികടന്ന്​ ഗാന്ധിജയന്തി ദിനത്തിൽ ജാതി സർവേ വിവരങ്ങൾ പുറത്തുവിട്ട ബിഹാർ സർക്കാറിനെ അഭിനന്ദിച്ച ലാലുപ്രസാദ്​ യാദവ്​ അതിനെ വിശേഷിപ്പിച്ചത്​ ചരിത്ര മുഹൂർത്തം എന്നാണ്​.

ഈ സ്​ഥിതിവിവരക്കണക്ക്​ അടിസ്​ഥാനപ്പെടുത്തി ദരിദ്ര-പിന്നാക്ക പാർശ്വവത്​കൃത സമൂഹങ്ങൾക്കുവേണ്ടിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന്​ ഓർമപ്പെടുത്തുന്ന അദ്ദേഹം സർക്കാർ ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ഓർമപ്പെടുത്തുന്നു.

2024ൽ ഞങ്ങളുടെ സർക്കാർ അധികാരമേറുമ്പോൾ രാജ്യമൊട്ടുക്ക്​ ജാതി സെൻസസ്​ നടപ്പാക്കുമെന്നും ദലിതുകൾക്കും മുസ്​ലിം പിന്നാക്ക, അതിപിന്നാക്ക വിരുദ്ധരായ ബി.ജെ.പിയെ അധികാരത്തിൽനിന്ന്​ പുറത്തേക്കെറിയുമെന്നും അദ്ദേഹം പ്രഖ്യാപിക്കുന്നു.

കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി ജാതി അടിസ്​ഥാനത്തിലുള്ള സർവേ​യെ സർവാത്​മനാ സ്വാഗതം ചെയ്​തിട്ടുണ്ട്​. സമൂഹ മാധ്യമ പോസ്​റ്റിൽ അദ്ദേഹം കുറിച്ചിട്ടത്​ ഇങ്ങ​നെ: ബിഹാറിലെ ജാതി സ​ർവേയിൽനിന്ന്​ വ്യക്​തമാവുന്നത്​ ഒ.ബി.സി, എസ്​.സി, എസ്​.ടി വിഭാഗങ്ങളാണ്​ ജനസംഖ്യയുടെ 84 ശതമാനം എന്നാണ്​.

പക്ഷേ, കേന്ദ്രത്തിലെ 90 സെക്രട്ടറിമാരിൽ ഒ.ബി.സി വിഭാഗത്തിൽ നിന്നുള്ളത്​ മൂന്നേ മൂന്നുപേരാണ്​. ആയതിനാൽ രാജ്യത്തെ ജാതി സ്​ഥിതിവിവരക്കണക്ക്​ അറിയൽ അത്യാവശ്യമാണ്​. ജനസംഖ്യാനുസാരമായ അവകാശം ഉറപ്പാക്കുക എന്നത്​ നമ്മുടെ വാക്കാണ്​.

അധികാരവും പ്രാതിനിധ്യവുമെല്ലാം കൈപ്പിടിയിലൊതുക്കിവെച്ചിരിക്കുന്ന മേൽത്തട്ട്​ സമൂഹമാണ്​ ആ പാർട്ടിയുടെ ആത്​മാവും ശരീരവും എന്നിരിക്കെ ദേശീയതലത്തിൽ ജാതി സെൻസസ്​ വേണമെന്ന ആവശ്യം ശക്​തിപ്പെടുന്നത്​ ബി.ജെ.പിയെ ശരിക്കും വെട്ടിലാക്കും.

ഇപ്പോൾ ഒപ്പം നിൽക്കുന്ന പിന്നാക്ക സമൂഹങ്ങൾ പാർട്ടിയെ കൈവിടുകയും ചെയ്യും. ദുസാദുകളും പസ്വാന്മാരും 5.31 ശതമാനമാണ്​. കുശ്‍വാഹകൾ 4.21 ശതമാനം, മുശഹർ, മാഞ്​ജി സമൂഹം 3.08 ശതമാനം. ഈ സമൂഹങ്ങളിൽനിന്നുള്ള നേതാക്കളായ ചിരാഗ്​ പാസ്വാൻ, പശുപതി പരാസ്​, ഉപേന്ദ്ര കുശ്​ വാഹ, ജിതിൻ റാം മാൻജി എന്നിവർ എൻ.ഡി.എ സഖ്യത്തിനൊപ്പമാണിപ്പോൾ.

ആകെ 10.56 ശതമാനം വരുന്ന മേൽജാതിക്കാരുടെ കണക്കുകൂടി ഇവിടെ പറഞ്ഞുപോകാം. ബ്രാഹ്​മണർ 3.65 ശതമാനം, രജപുത്രർ 3.45 ശതമാനം, ഭൂമിഹാറുകൾ 2.86 ശതമാനം, കായസ്​ഥർ 0.6 ശതമാനം.

2019ലെ പൊതുതെരഞ്ഞെടുപ്പിൽ ബിഹാറിൽനിന്ന്​ വാരിക്കൂട്ടിയ സീറ്റുകളെല്ലാം നഷ്​ടമാകുമെന്ന ഭീതി ബി.ജെ.പിയെയും എൻ.ഡി.എ ഘടകകക്ഷികളെയും വല്ലാതെ അലട്ടുന്നുണ്ട്​. മറുവശത്ത്​ ‘ഇൻഡ്യ’ സഖ്യത്തി​ന്റെ ആത്​മവിശ്വാസം ഹിമാലയത്തോളം ഉയരുകയും ചെയ്​തിരിക്കുന്നു.

14.26 ശതമാനം വരുന്ന യാദവരും 17.70 ശതമാനമുള്ള മുസ്‍ലിം ജനസംഖ്യയും ഇളക്കമില്ലാത്ത പിൻബലമായി തുടരുമെന്ന പ്രതീക്ഷ അവർക്കുണ്ട്​. മുഖ്യമന്ത്രി നിതീഷ്​ കുമാറി​ന്റെ സമുദായമായ കുർമികൾ സംസ്​ഥാന ജനസംഖ്യയുടെ 2.87 ശതമാനമാണ്​. ജാതി സർവേ റിസൽട്ട്​ പുറത്തുവിടാനായതിൽ വ്യക്​തിപരമായി നിതീഷ്​ കുമാറിന്​ അഭിമാനിക്കാൻ ഏറെ കാരണങ്ങളുണ്ട്​.​

ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്​ട്രീയ അജണ്ടക്ക്​ കനത്ത പ്രഹരമേൽപ്പിക്കാൻ പോന്ന ഉഗ്രനൊരായുധം സമ്മാനിച്ചതുവഴി ‘ഇൻഡ്യ’ സഖ്യത്തിൽ അദ്ദേഹത്തി​ന്റെ പ്രാമുഖ്യം കൂടുതൽ ബലപ്പെടുകയും ചെയ്​തിരിക്കുന്നു.

Tags:    
News Summary - Caste survey results scare Hindu politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.