ഒരു രാഷ്ട്രീയക്കാരൻ അടുത്ത തെരഞ്ഞെടുപ്പിനെ കുറിച്ച് ചിന്തിക്കുമ്പോൾ രാഷ്ട്രതന്ത്രജ്ഞൻ അടുത്ത തലമുറയെ കുറിച്ചാണ് ചിന്തിക്കുന്നത്. രാഷ്ട്രീയക്കാരൻ സ്വന്തം പാർട്ടിയുടെ വിജയം ഉറ്റുനോക്കുമ്പോൾ രാഷ്ട്രതന്ത്രജ്ഞൻ രാജ്യത്തിെൻറ വിജയമാണ് ആഗ്രഹിക്കുന്നത്'- രാഷ്ട്രതന്ത്രജ്ഞന് ജെ.എഫ്. ക്ലാർക്ക് നൽകിയ നിർവചനമാണിത്. ഏതൊരു രാഷ്ട്രീയ മീമാംസാപണ്ഡിതർ നൽകിയ മറ്റേത് അളവുകോലെടുത്ത് നോക്കിയാലും സ്റ്റേറ്റ്സ്മാൻ അഥവാ രാഷ്ട്രതന്ത്രജ്ഞൻ എന്ന ബഹുമതിക്ക് ഏറ്റവും അർഹനാണ് സി.എച്ച്. മുഹമ്മദ് കോയ സാഹിബ്.
കൊച്ചി സർവകലാശാലയുടെ സ്ഥാപനകാലത്ത് ഉണ്ടായ ഒരു സംഭവം മാത്രം മതി ഇതു വ്യക്തമാകാൻ. വിദ്യാഭ്യാസ മന്ത്രിയായിരിക്കെ കൊച്ചിൻ സർവകലാശാല ബിൽ നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷ എം.എൽ.എ ആയിരുന്ന പ്രഥമ വിദ്യാഭ്യാസ മന്ത്രി പ്രഫ. ജോസഫ് മുണ്ടശ്ശേരി സാങ്കേതിക സർവകലാശാല എങ്ങനെയാകണമെന്നതു സംബന്ധിച്ച് വിശദമായ ഒരു പ്രസംഗം നടത്തി. പ്രസംഗം കഴിഞ്ഞ് സീറ്റിൽ ഇരിക്കുമ്പോഴേക്ക് ഒരു നിയമസഭ ജീവനക്കാരൻ അരികിലെത്തി ഒരു കുറിപ്പ് നൽകി. കൊച്ചി സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറായി പ്രഫ.ജോസഫ് മുണ്ടശ്ശേരിയെ നിയമിക്കാൻ താൽപര്യപ്പെടുന്നു എന്ന് അറിയിച്ച് സി.എച്ച് കൊടുത്തുവിട്ടതായിരുന്നു അത്. പാർട്ടിയുടെ അനുമതി വാങ്ങി എം.എൽ.എസ്ഥാനം രാജിവെച്ച് പ്രഫ മുണ്ടശ്ശേരി ആ ദൗത്യം ഏറ്റെടുത്തു. അന്നന്നത്തെ രാഷ്ട്രീയസഖ്യങ്ങളെക്കാൾ നാടിെൻറ വിദ്യാഭ്യാസപുരോഗതിക്ക് പ്രാമുഖ്യം നൽകുകയായിരുന്നു സി.എച്ച് ചെയ്തത്. ജെ.എഫ്. ക്ലാർക്ക് നൽകിയ നിർവചനത്തിന് അദ്ദേഹം എത്രമാത്രം അർഹനാണ് എന്ന് ബോധ്യപ്പെടാൻ ഇതിലേറെയെന്തു വേണം. മുണ്ടശ്ശേരിക്കു പുറമെ മുഹമ്മദ് ഗനി ഉൾപ്പെടെ വൈസ് ചാൻസലർമാരായി സി.എച്ച് കൊണ്ടുവന്ന മുഴുവൻ പേരും അതിപ്രഗല്ഭരായിരുന്നു. കാലിക്കറ്റ് സർവകലാശാല സ്ഥാപിച്ചത് സി.എച്ച്. ആണെന്ന് ഏവരും പറയുമ്പോഴും കൊച്ചി സർവകലാശാല സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ നേതൃപരമായ പങ്ക് പലരും വിസ്മരിക്കാറാണ്. കൊച്ചി സർവകലാശാല സുവർണ ജൂബിലി ആഘോഷിക്കുന്നവേളയിൽ സ്ഥാപകനായ സി.എച്ചിെൻറ നാമം മനഃപൂർവം ഒഴിവാക്കി അനീതി കാണിച്ചതുകൊണ്ടുകൂടിയാണ് ഇക്കാര്യം ഇവിടെ എടുത്തെഴുതിയത്.
'ജയൻറ് കില്ലർ' എന്ന് സാക്ഷാൽ ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ച 'കുട്ടിയേട്ടൻ' എന്ന കെ.പി. കുട്ടികൃഷ്ണൻ നായരുമായി എതിരിട്ടാണ് സി.എച്ച് പാർലമെൻററി രാഷ്ട്രീയത്തിൽ രംഗപ്രവേശം ചെയ്യുന്നത്. ഇ.എം.എസിനെയും സീതിസാഹിബിനെയുംവരെ തെരഞ്ഞെടുപ്പിൽ മലർത്തിയടിച്ച കെ.പി. കുട്ടികൃഷ്ണൻ നായർക്ക് പക്ഷേ, സി.എച്ചിെൻറ മുന്നിൽ അടിയറവു പറയേണ്ടിവന്നു. കേരള മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, സ്പീക്കർ, വിദ്യാഭ്യാസം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകൾ ദീർഘകാലം കൈകാര്യംചെയ്ത മന്ത്രി, ലോകസഭാംഗം തുടങ്ങി തേടിയെത്തിയ പദവികളിലെല്ലാം തിളങ്ങി. പാർട്ടി ഏൽപ്പിച്ചു നൽകിയ ഏതൊരു പദവിയും നൂറു ശതമാനം സത്യസന്ധതയോടെ ശിരസ്സാവഹിച്ചു. സമുദായത്തിെൻറ ന്യായമായ അവകാശങ്ങൾക്കുവേണ്ടി ഉറച്ച ശബ്ദമായി നിലകൊണ്ട സി.എച്ച്, സഹോദര സമുദായങ്ങളെ ഒരുനിലക്കും മുറിവേൽപിച്ചില്ല .''ഇതര സമുദായങ്ങളുടെ തലനാരിഴ പോലും ഞാൻ അപഹരിക്കില്ല. എെൻറ സമുദായത്തിെൻറ ഒരു മുടിനാരിഴ പോലും ഞാൻ വിട്ടുകൊടുക്കുകയുമില്ല'' എന്ന പ്രഖ്യാപനത്തിൽ വ്യക്തമാണ് അദ്ദേഹത്തിെൻറ രാഷ്ട്രീയവും നിലപാടും.
കേരളത്തിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്, വിശിഷ്യാ മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് സി.എച്ച് നൽകിയ ഊന്നൽ ആവർത്തിച്ചു കേട്ടിട്ടുള്ളതാണ്. കേരളത്തിലെ സ്ത്രീകൾ കൈവരിച്ച വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ച് പറയുമ്പോൾ ആ നാമം അനുസ്മരിക്കാതെ പോകുന്നത് നന്ദികേടാവും. ഹൈസ്കൂൾ പഠനം സൗജന്യമാക്കുന്നതിനും മുസ്ലിം, നാടാർ പെൺകുട്ടികൾക്ക് സ്കോളർഷിപ് ഏർപ്പെടുത്തുന്നതിനും നേതൃത്വം നൽകി. പെൺകുട്ടികൾക്കായി ഏർപ്പെടുത്തിയ സ്കോളർഷിപ്പുകളേക്കാളേറെ പെൺ വിദ്യാഭ്യാസത്തിെൻറ ആവശ്യകതയെക്കുറിച്ച് ആ ക്രാന്തദർശി നടത്തിയ ഉൽബോധനങ്ങളാണ് വിദ്യാഭ്യാസ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. ഒരിക്കൽ എം.എസ്. എഫ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത് ഇപ്രകാരമായിരുന്നു: ''നിങ്ങൾ രാഷ്ട്രീയ നേതാക്കന്മാരും ജനപ്രതിനിധികളും ആകുന്നതിനേക്കാൾ ഉയർന്ന ഉദ്യോഗസ്ഥരും പ്രഫഷനലുകളുമാകുന്നതാണ് എനിക്കിഷ്ടം. നിങ്ങൾ ഒരാളുടെയും അടിമകളാകരുത്. വിറകുവെട്ടുകാരും വെള്ളം കോരികളുമാകരുത്''. അതുകൊണ്ടുതന്നെയാവണം പ്രശസ്ത കനേഡിയൻ ചരിത്രകാരൻ റോളണ്ട് ഇ. മില്ലർ 'ഗ്രാസ്റൂട്ട് സ്റ്റാർ ഓഫ് മാപ്പിള കമ്യൂണിറ്റി' എന്നും 'റാങ്കിങ് ഹീറോ ഓഫ് മുസ്ലിം യൂത്ത്' എന്നും സി.എച്ചിനെ വിശേഷിപ്പിച്ചത്.
പഠനകാലത്ത് കാലിക്കറ്റ് യൂനിവേഴ്സിറ്റി സെനറ്റ് അംഗമായി പ്രവർത്തിക്കാൻ ഈ കുറിപ്പുകാരിക്ക് അവസരം ലഭിച്ചിട്ടുണ്ട്. സർവകലാശാലകളിലെ സെനറ്റ്, സിൻഡിക്കേറ്റ്, അക്കാദമിക് കൗൺസിൽ തുടങ്ങിയ സംവിധാനങ്ങളിൽ വിദ്യാർഥി പ്രാതിനിധ്യം ഉറപ്പു വരുത്താൻ പ്രവർത്തിച്ചത് സി.എച്ച് ആയിരുന്നു.
സർക്കാർ സർവിസിലും ജുഡീഷ്യറിയിലും ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന വാദക്കാരനായിരുന്നു സിഎച്ച്. നീതി നടപ്പാക്കിയാൽ മാത്രം പോരാ, അത് നടപ്പാക്കിയതായി ഏവർക്കും തോന്നണം എന്ന നിർബന്ധബുദ്ധിയുമുണ്ടായിരുന്നു. ജനാധിപത്യമെന്നത് ഏവർക്കും പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന ഭരണസംവിധാനം ആകണമെന്ന രാഷ്ട്രീയ ദർശനമാണ് എന്നും കാത്തുസൂക്ഷിച്ചത്. അമ്പത്താറ് വർഷം മാത്രം നീണ്ടുനിന്ന തെൻറ ജീവിതകാലത്തിനൊടുവിൽ കേരളക്കരക്കാകെ അഭിമാനിക്കാവുന്ന നേട്ടങ്ങൾ അവശേഷിപ്പിച്ചാണ് വിടപറഞ്ഞത്. സ്ത്രീ വിദ്യാഭ്യാസത്തിെൻറയും ഉന്നമനത്തിെൻറയും അധികാര പങ്കാളിത്തത്തിെൻറയും കാര്യത്തിൽ സി.എച്ച് കൈക്കൊണ്ട സുധീരമായ നടപടികൾക്ക് തുടർച്ചയുണ്ടായില്ല എന്നത് വസ്തുതയാണ്.
എന്നാൽ, സാമൂഹിക മാറ്റത്തിെൻറ ദീപശിഖകൾക്ക് തിരികൊളുത്താൻ കഴിവും കരുത്തുമുള്ള തലമുറകളെ വാർത്തെടുക്കാൻ അദ്ദേഹം രൂപകൽപന ചെയ്ത മുന്നേറ്റങ്ങളൊന്നും വെറുതെയാവില്ലെന്നുറപ്പ്. ഇരുപതാം നൂറ്റാണ്ടിൽ കേരളം സംഭാവനചെയ്ത മികച്ച രാഷ്ട്രതന്ത്രജ്ഞരിലൊരാളായി സി.എച്ച്. മുഹമ്മദ് കോയ സാഹിബ് എന്നും ഓർമിക്കപ്പെടുക തന്നെ ചെയ്യും.
മുസ്ലിം പെൺകുട്ടികൾ പഠിച്ചും നയിച്ചും മുന്നേറുന്നത് കാണുേമ്പാൾ, അവകാശങ്ങൾക്കായി കരളുറപ്പോടെ സംസാരിക്കുന്നതു കേൾക്കുേമ്പാൾ ആർക്കെങ്കിലും വിമ്മിട്ടം തോന്നുന്നുണ്ടെങ്കിൽ അറിഞ്ഞുകൊള്ളുക: മുൻതലമുറകൾക്ക് ലഭിക്കാതെ പോയ പാഠപുസ്തകങ്ങൾ കൈയെത്തിപ്പിടിക്കാൻ ഞങ്ങളുടെ പ്രാപ്തരാക്കിയ, ആത്മവിശ്വാസത്തോടെ നാളെയിലേക്ക് കുതിക്കാൻ പ്രചോദിപ്പിച്ച ഈ മഹാ മനീഷിയാണ് അതിനുത്തരവാദി. അദ്ദേഹമേൽപ്പിച്ച വസിയ്യത്ത് വീഴ്ചകൂടാതെ നിറവേറ്റുക മാത്രമാണ് ഞങ്ങളീ പിൻമുറക്കാർ ചെയ്യുന്നത്.
(മുസ്ലിം സ്റ്റുഡൻറ്സ് ഫെഡറേഷൻ മുൻ ദേശീയ വൈസ് പ്രസിഡൻറാണ് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.