ലഹരിയുടെ അതിപ്രസരം ഈ നൂറ്റാണ്ട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാവും. ലഹരി ഉപയോഗ- ക്രയവിക്രയ ശൃംഖലകളുടെ വ്യാപ്തി നമുക്ക് സങ്കൽപിക്കാൻ കഴിയുന്നതിലും എത്രയോ വലുതാണ്. നാട് ഒറ്റക്കെട്ടായി ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ സംഭവിച്ചേക്കാവുന്ന ദുരന്തം അതിലേറെ ഭീകരവുമാണ്. സംസ്ഥാന ഭരണകൂടം കേരളപ്പിറവിദിനം വരെ നീളുന്ന മാതൃകാപരമായ ബോധവത്കരണ പ്രചാരണ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. ഔദ്യോഗിക പരിപാടികൾ സമാപിച്ചാലും അതിന്റെ തുടർ പ്രവർത്തനങ്ങളും ബോധവത്കരണ പരിപാടികളും വിവിധ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ അനുസ്യൂതം തുടരണം. അതോടൊപ്പം തന്നെ മയക്കുമരുന്ന് വാഹകർ പിടിക്കപ്പെട്ടാൽ അക്കൂട്ടരെ സഹായിക്കാനും പുറത്തിറക്കാനും നൽകിപ്പോരുന്ന രാഷ്ട്രീയ ഒത്താശകൾ പൂർണമായി അവസാനിപ്പിക്കുകയും വേണം. തൊണ്ടിമുതൽ ചെറുതാക്കിക്കാണിച്ചും മയക്കുപൊടിയെ മൈദപ്പൊടിയാക്കി മാറ്റിയും കേസ് ദുർബലപ്പെടുത്താൻ ഉത്സാഹിക്കുന്ന ഉദ്യോഗസ്ഥരും കുറവല്ല.
ലഹരിക്കെതിരായ ബോധവത്കരണം ഏറ്റവും ഫലപ്രദമായി നടപ്പാക്കാൻകഴിയുന്നത് കുടുംബങ്ങളിലും സ്‌കൂളുകളിലുമാണ്. നമുക്ക് അറിയുന്നവരോ അറിയാത്തവരോ ആയ കുട്ടികൾ അറിഞ്ഞോ അറിയാതെയോ ലഹരിക്ക് അടിപ്പെടുമ്പോൾ ഏത് വിധേനയും അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടത് മനുഷ്യർ എന്നനിലയിൽ നാം ഓരോരുത്തരുടെയും കടമയാണ്.
കുട്ടികളുമായി മനസ്സുതുറന്ന് ഇടപഴകുന്ന ഒരു അധ്യാപകൻ എന്ന വ്യക്തിപരമായ അനുഭവത്തിന്റെ വെളിച്ചത്തിൽ എനിക്ക് പറയാനാവുന്നത് ലഹരിയിൽനിന്നാവട്ടെ, മറ്റേതൊരു സാമൂഹിക തിന്മകളിൽ നിന്നാവട്ടെ വിദ്യാർഥികളെ തടഞ്ഞുനിർത്തുന്നതിൽ നമുക്ക് നിർണായകമായ പങ്കുവഹിക്കാൻ സാധിക്കും. പലപ്പോഴും രക്ഷിതാക്കളോളം തന്നെ. കുട്ടികൾ സ്വന്തം വീടുകളിൽ ചെലവിടുന്നതിനേക്കാളേറെ സമയം കഴിയുന്നത് സ്കൂളുകളിൽ, അധ്യാപകരുടെ കരവലയത്തിനുള്ളിലാണ്. അവർക്ക് പാഠപുസ്തകത്തിലെ അറിവുകൾ പകർത്തിക്കൊടുക്കുന്നതിൽ ഒതുങ്ങുന്നില്ല അധ്യാപകരുടെ ഉത്തരവാദിത്തം. ഓരോ ദിവസവും നിശ്ചിതസമയം പാഠപുസ്തകത്തിനപ്പുറമുള്ള കാര്യങ്ങൾ കുട്ടികളുമായി പങ്കുവെക്കുകയും ലഹരിയുടെ, വർഗീയതയുടെ, അക്രമപ്രവണതയുടെ, യുദ്ധങ്ങളുടെ ദൂഷ്യങ്ങൾ ബോധ്യപ്പെടുത്താനും സമാധാനവും സമത്വവും നിറഞ്ഞ ഒരു ലോകത്തിനായി അവരെ പ്രാപ്തരാക്കാനും നാം മുന്നിട്ടിറങ്ങുകതന്നെ വേണം.
രക്ഷിതാക്കളുടെ അശ്രദ്ധയും നിസ്സംഗതയും മറ്റു പല വിഷയങ്ങളിലുമെന്നപോലെ ലഹരിക്കെണിയുടെ വ്യാപനത്തിനും കാരണമാണ്. വീട്ടിൽനിന്ന് അവഗണന നേരിടുന്ന കുഞ്ഞുങ്ങളെ മയക്കുമരുന്ന് സംഘങ്ങൾക്ക് കുരുക്കിൽപെടുത്താൻ എളുപ്പമാണ്. കുരുക്കുകളിൽപെട്ട കുട്ടികളിൽ പലരും കൗൺസലിങ്ങിനിടെ തുറന്നുപറഞ്ഞത് വീട്ടുകാരിൽനിന്ന് സ്നേഹവും കരുതലും ലഭിക്കാതിരുന്ന ഘട്ടത്തിലാണ് ലഹരിമാഫിയയുടെ പ്രലോഭനത്തിൽ പെട്ടുപോയത് എന്നാണ്.
ഓരോ ദിവസവും മക്കളെ കേൾക്കാനും അവരുടെ ആഗ്രഹങ്ങളും ചിന്തകളും അറിയാനും രക്ഷിതാക്കൾ സമയം കണ്ടെത്തണം. അത് ഊൺമേശയിലോ വീട്ടുമുറ്റത്തോ ഇരുന്നാവാം. കുട്ടിയുടെ പ്ലസ് ടു കാലം വരെയെങ്കിലും ഇത് തുടരണം. അവർ സംസാരിക്കാൻ വിമുഖത കാണിക്കുന്നുണ്ടെങ്കിൽ, സ്വഭാവത്തിൽ മാറ്റംവരുന്നുണ്ടെങ്കിൽ അത് തികഞ്ഞ ശ്രദ്ധയോടെ, ക്ഷമയോടെ മനസ്സിലാക്കാനും തിരുത്താനും പിന്തുണ നൽകാനും ശ്രമിക്കണം.
മൂല്യമുള്ള സിനിമകൾ കുട്ടികളോടൊപ്പമിരുന്ന് കാണാനും നല്ല പുസ്തകങ്ങൾ വായിപ്പിക്കാനും ശ്രമിക്കണം. കുട്ടികളുടെ ഏതെങ്കിലും മേഖലകളിലുള്ള അഭിരുചി കണ്ടെത്തി നിർബന്ധമായും പ്രോത്സാഹിപ്പിക്കണം. ഉദാഹരണത്തിന് അവൻ പക്ഷിമൃഗാദികളെ ഇഷ്ടപ്പെടുന്നുവെങ്കിൽ പക്ഷികളെയോ വളർത്തു മൃഗങ്ങളെയോ വാങ്ങിനൽകാം. കൃഷികാര്യങ്ങളിൽ കൂടെ കൂട്ടാം. ഇതിലൂടെ മൊബൈൽ ആസക്തിയെയും ഒഴിച്ചുനിർത്താം.
അരുത്, വേണ്ട എന്നുപറയാൻ കുട്ടികളെ ശീലിപ്പിക്കണം. കൂട്ടുകാരിൽനിന്നാവട്ടെ, അപരിചിതരിൽനിന്നാവട്ടെ ലഭിക്കുന്ന വിശിഷ്ട വസ്തുക്കളും സൗകര്യങ്ങളും സ്നേഹപുരസ്സരം വേണ്ട എന്ന് പറയാൻ അവരെ പഠിപ്പിക്കണം. പ്രലോഭനങ്ങളെ അതിജീവിക്കാൻ കഴിഞ്ഞാൽ ഒരു മനുഷ്യൻ പകുതി വിജയംകണ്ടു എന്നുതന്നെയാണർഥം.
ഇത് നമ്മുടെ തലമുറയുടെ, അതിജീവനത്തിന്റെ പ്രശ്നമാണ് എന്ന് രക്ഷിതാക്കളും മാതാപിതാക്കളും അധികാരികളും യുവജനസംഘടനകളും തിരിച്ചറിയുന്ന നിമിഷത്തിലേ ലഹരിക്കെതിരായ ഏതൊരു നടപടിയും ഫലപ്രാപ്തിയിലേക്ക് നീങ്ങൂ.
(താമരക്കുളം വി.വി.എച്ച്.എസ്.എസ് അധ്യാപകനും അധ്യാപക അവാർഡ് ജേതാവുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.