കോവിഡ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വ്യാപകമാകാൻ തുടങ്ങിയ സമയത്തു തന്നെ ചൈനീസ് മെഡിക്കൽസംഘം പാകിസ്താൻ തലസ്ഥാനനഗരിയിൽ പട്ടാള ആശുപത്രികൾ സന്ദർശിച്ച് വേണ്ട സഹായങ്ങൾ ചെയ്തു. ഒരു ആപത്ഘട്ടത്തിൽ അയൽരാജ്യത്തെ സഹായിക്കുക എന്നതിനപ്പുറം ചൈന പാകിസ്താനിലും ഇന്ത്യയുടെ മറ്റു അയൽരാജ്യങ്ങളിലും ആഴത്തിൽ പിടിമുറുക്കുന്നതിെൻറ തെളിവു കൂടിയാണിത്. 'ഹിമാലയത്തോളം ഉയർന്നതും കടലിനേക്കാൾ ആഴമുള്ളതും തേനിനേക്കാൾ മധുരമുള്ളതും' എന്നാണ് ചൈനയും പാകിസ്താനുമായുള്ള ബന്ധത്തെക്കുറിച്ചു ഇരുരാജ്യങ്ങളും വിശേഷിപ്പിക്കുന്നത്.
ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിച്ചു എട്ടുമാസം ആകുേമ്പാഴേക്കുതന്നെ ആ രാജ്യം ഇന്ത്യയുടെഅതിർത്തിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിത്തുടങ്ങി. ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ് നമ്മുടെ അയൽരാജ്യങ്ങളിൽ വ്യവസായങ്ങളും നിർമാണപ്രവർത്തനവും വ്യാപകമാക്കുക എന്നുപറഞ്ഞു വൻനിക്ഷേപങ്ങൾ ഇറക്കുന്ന ചൈന അതോടൊപ്പം തന്നെ തന്ത്രപ്രധാനമായ ഇന്ത്യയുടെ അതിർത്തിരാജ്യങ്ങളിൽ പിടിമുറുക്കി രാഷ്ട്രീയനേട്ടങ്ങൾകൂടി ഉന്നംവെക്കുന്നുണ്ടെന്നു വേണം കരുതാൻ. മാത്രമല്ല, അന്താരാഷ്ട്ര നയതന്ത്രമേഖലയിൽ ഈ രാജ്യങ്ങളെ ആവശ്യം വന്നാൽ ഇന്ത്യക്കെതിരെ ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യവുമുണ്ട് എന്നും അനുമാനിക്കാം.
ആധുനിക സിൽക്റൂട്ട് ആയി വിശേഷിപ്പിക്കുന്ന കരയും കടലും വഴി ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ചൈനയുടെ സ്വപ്നപദ്ധതിയായ ബി.ആർ.െഎ (ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവ്) യുടെ പ്രധാന കണ്ണിയായ പാകിസ്താനുമായി സഹകരിച്ചു നിർമിക്കുന്നതാണ് ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി (സി.പി.ഇ.സി) ഇതുവഴി ചൈനയെ ആഫ്രിക്ക, യൂറോപ്, പൗരസ്ത്യനാടുകളുമായി കര, കടൽ മാർഗം സമയദൈർഘ്യം വലുതായി കുറച്ചുകൊണ്ടു ബന്ധിപ്പിക്കാൻ കഴിയും. 6200 കോടി ഡോളറിെൻറ വൻനിക്ഷേപമാണ് ചൈന ലക്ഷ്യം വെച്ചത്.
ഇതിൽ 2000 കോടി ഡോളറിെൻറ പദ്ധതികൾ പൂർത്തീകരിച്ചു കഴിഞ്ഞു. പാകിസ്താനും ഇന്ത്യയും തമ്മിലുള്ള വിടവ് ചൈന കൃത്യമായി മുതലെടുക്കുന്നുണ്ട്. മോദിയും ട്രംപും പാകിസ്താനോട് വലിയ അടുപ്പം കാണിക്കാത്ത സാഹചര്യം കൃത്യമായി മനസ്സിലാക്കി കരുക്കൾ നീക്കുകയാണ് ചൈന. ചൈനയുടെ വൻ നിക്ഷേപങ്ങൾ പാകിസ്താനിൽ കുന്നുകൂടുന്നതിനനുസരിച്ചു പാകിസ്താെൻറ ചൈനക്കുള്ള കടം കുമിഞ്ഞു കൂടുമ്പോൾ ചൈനയോടുള്ള വിധേയത്വവും വർധിക്കും. ഇങ്ങനെയുള്ള കടക്കെണികൊണ്ട് പാകിസ്താനെ വരുതിയിൽനിർത്തി ഇന്ത്യക്കും അമേരിക്കക്കുമെതിരെ ശക്തമായ ഒരു സഖ്യരാജ്യമായി മാറ്റാൻ കഴിയുമെന്നാണ് ൈചന കണക്കുകൂട്ടുന്നത്.
ഇന്ത്യയുടെ തെക്കുഭാഗത്തുള്ള അയൽരാജ്യം എന്നതോടൊപ്പം തന്നെ കടൽമാർഗമുള്ള ചരക്കുഗതാഗത്തിെൻറ തന്ത്രപ്രധാന മേഖലയുമായ ശ്രീലങ്കയിലും ചൈനയുടെ സ്വാധീനം നാൾക്കുനാൾ വർധിച്ചുവരുന്നത് നോക്കിനിൽക്കുകയാണ് മോദി സർക്കാർ. നീണ്ടകാലം ഇന്ത്യയുമായി നല്ല വ്യാപാര-നിക്ഷേപ-പ്രതിരോധബന്ധം നിലനിർത്തിയിരുന്ന ശ്രീലങ്ക ചൈനയുമായി അടുക്കാൻ തുടങ്ങിയത് മഹീന്ദ രാജപക്സ 2005ൽ അധികാരത്തിൽ വന്നതോടെയാണ്. പത്തുവർഷത്തെ മഹീന്ദ്രയുടെ ഭരണത്തിൽ ചൈന ശക്തമായി അവിടെ പിടിമുറുക്കി. തന്ത്രപ്രധാന തുറമുഖങ്ങൾ അടക്കം വികസിപ്പിച്ചു സ്വാധീനം വർധിപ്പിച്ചെടുത്ത ചൈന 2015ൽ രാജപക്സ പുറത്തുപോയതോടെ ഈ സ്വാധീനം കുറയുമെന്നും ശ്രീലങ്ക ഇന്ത്യയോട് വീണ്ടും അടുക്കുമെന്നും കരുതിയിരുന്നു.
പുതിയ ഭരണാധികാരിയായ സിരിസേന വീണ്ടും ചൈനയെ പുറന്തള്ളി ഇന്ത്യക്കു കൂടുതൽ സ്വാധീനം ഉണ്ടാക്കിയെടുക്കാൻ അവസരം സൃഷ്ടിക്കുമെന്നു കരുതി. ഈ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി അവിടെ സ്വാധീനമുറപ്പിക്കുമെന്നും മോദി കൊട്ടിഘോഷിച്ചെങ്കിലും ചൈന സിരിസേനയുടെ ഭരണകാലത്തും തങ്ങളുടെ പ്രവർത്തനങ്ങൾ തുടരുകയായിരുന്നു. സിരിസേനയുടെ ഭരണസമയത്താണ് കടം തിരിച്ചടക്കാൻ കഴിയാത്തതിനാൽ അവിടത്തെ പ്രധാന തുറമുഖങ്ങളിൽ ഒന്നായ ദക്ഷിണ ശ്രീലങ്കയിലെ ഹംബെേൻറാടെ തുറമുഖം 99 വർഷത്തെ പാട്ടത്തിനു ചൈനക്ക് വിട്ടുകൊടുക്കേണ്ടി വന്നതും. ഇപ്പോൾ രാജപക്സമാരുടെ തിരിച്ചുവരവ് ചൈനക്ക് കൂടുതൽ സ്വാധീനമുറപ്പിക്കാൻ സൗകര്യമായി.
ശ്രീലങ്കയിലെ ചൈനീസ് നിക്ഷേപം 1200 കോടിയോളം ഡോളർ വരും. തലസ്ഥാനമായ കൊളമ്പോക്കടുത്ത ഒരു തുറമുഖനഗരവും ചൈന നിർമിക്കുന്നുണ്ട്. ഇതു കൂടാതെ ചൈനീസ് കമ്പനികൾ എക്സ്പ്രസ് റോഡ്, ഊർജപദ്ധതികളിലും കൃഷിമേഖലയിലും വൻനിക്ഷേപങ്ങളിറക്കുന്നുണ്ട്. കേരളത്തിലെ വല്ലാർപാടം തുറമുഖവും തുടങ്ങാനിരിക്കുന്ന വിഴിഞ്ഞം തുറമുഖവും ശ്രീലങ്കയിലെ തുറമുഖങ്ങളോടു കിടപിടിക്കുന്നതാണെങ്കിലും ഏറെ മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിച്ച വല്ലാർപാടം പ്രതീക്ഷക്കൊത്തു ഇനിയും ഉയർന്നില്ല. വിഴിഞ്ഞം തുറമുഖം വന്നാലും ശ്രീലങ്കൻ തുറമുഖങ്ങളെ മറികടക്കാൻ പ്രയാസപ്പെടും എന്നു വിദഗ്ധർ പറയുന്നു. ചൈന അവരുടെ തുറമുഖങ്ങളെ നിയന്ത്രിക്കുന്ന പശ്ചാത്തലത്തിൽ പ്രത്യേകിച്ചും.
കോവിഡ് രോഗത്തെ പ്രതിരോധിക്കാൻസഹായിക്കാമെന്നും പകരം ചൈനയിലെ നഗരങ്ങളുമായി ബംഗ്ലാദേശിലെ തെരഞ്ഞെടുക്കുന്ന നഗരങ്ങൾ പരസ്പരം സൗഹൃദനഗരബന്ധം (സിസ്റ്റർ സിറ്റി) സ്ഥാപിക്കണമെന്നും ഇക്കഴിഞ്ഞ മേയ് മാസത്തിൽ ശൈഖ് ഹസീനയുമായുള്ള കൂടിക്കാഴ്ചയിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നിർദേശം വെച്ചു. ഇതുവഴി നഗരങ്ങൾ തമ്മിൽ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, വിദ്യാഭ്യാസ സഹകരണങ്ങൾ മെച്ചപ്പെടുത്തുകയാണ് ഉദ്ദേശ്യം. എന്നാൽ, ചൈനയുടെ സ്വാധീനം സമൂഹത്തിലും രാഷ്ട്രീയത്തിലും ഉണ്ടാക്കിയെടുക്കാനുള്ള പദ്ധതിയാണ് ഇതെന്നു വിമർശകർ പറയുന്നു. ഇതിനകം ചൈനക്ക് ബംഗ്ലാദേശിൽ 3800 കോടി ഡോളറിെൻറ നിക്ഷേപപദ്ധതികളുണ്ട്. ഇന്ത്യ ഉപഭൂഖണ്ഡത്തിൽ പാകിസ്താൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചൈനയുടെ നിക്ഷേപം ഉള്ള രണ്ടാമത്തെ രാജ്യമാണ് ബംഗ്ലാദേശ്. അവിടത്തെ നാലര കിലോമീറ്ററോളം ദൈർഘ്യമുള്ള ഏറ്റവും വലിയ റെയിൽ -റോഡ് പാലമായ പത്മപാലവും ചൈനയുടെ 'വക' തന്നെ.
ഇന്ത്യയുടെ മറ്റൊരു പ്രധാന അയൽപക്കരാജ്യമായ നേപ്പാൾ ഈയടുത്തായി ഇന്ത്യക്കു നേരെ കണ്ണുരുട്ടാൻ തുടങ്ങിയതെന്തുകൊണ്ട് എന്നു ചോദിച്ചാൽ അവിടെയും കാണുക ചൈനയുടെ സ്വാധീനം തന്നെയാകും. പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽനിന്നു വ്യത്യസ്തമായി നിർമാണവ്യാപാര മേഖലയിൽ നിക്ഷേപം ഇറക്കുകയെന്നതിലുപരി രാഷ്ട്രീയരംഗത്ത് പരസ്യമായിതന്നെ ചൈന ഇടപെടുന്നു. ഭരണകക്ഷിയായ എൻ.സി.പിക്കു ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പരിശീലനം നൽകുന്നുണ്ട്. മാത്രമല്ല, ഇൗയടുത്ത് എൻ.സി.പിയിലുണ്ടായ ചേരിതിരിവ് പരിഹരിച്ചതും അവിടത്തെ ചൈനീസ് അംബാസഡർ ഇടപെട്ടാണ്. ഇതൊക്കെ പരസ്യമായിതന്നെയാണ് ചെയ്യുന്നതും.
ഇങ്ങനെ നമ്മുടെ നാലുഭാഗത്തുമുള്ള അയൽരാജ്യങ്ങളിലൊക്കെ കൃത്യമായ ലക്ഷ്യത്തോടെ ചൈന പിടിമുറുക്കുമ്പോൾ മറുതന്ത്രം പ്രയോഗിക്കാനോ, തന്ത്രപരമായി നേരിടാനോ മോദിസർക്കാറിന് കഴിയുന്നില്ല. ഏറ്റവും കൂടുതൽ വിദേശരാജ്യങ്ങൾ സന്ദർശിച്ച പ്രധാനമന്ത്രിയാണ് മോദി. എന്നാൽ, ആ അനുഭവങ്ങൾ ഒന്നും നമ്മുടെ അയൽരാജ്യങ്ങളുടെചൈന ചായ്വിന് തടയിടാൻ സഹായകമാകുന്നില്ല എന്നതാണ് അനുഭവം.
-വി.വി. ശരീഫ് സിംഗപ്പൂർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.