സകല മനുഷ്യാവകാശങ്ങളുടെയും നഗ്നമായ ലംഘനമായിരുന്നു പൗരാവകാശ പ്രവർത്തകൻ ഡോ. ജി. എൻ. സായിബാബയുടെ അറസ്റ്റും തടങ്കലും. 10 വർഷങ്ങൾക്കുശേഷം അദ്ദേഹത്തെ കുറ്റമുക്തനാക്കിയ കോടതി ഈ അന്യായത്തെ നീതിയുടെ പരാജയം എന്ന് വിളിച്ചിരിക്കുന്നു. മോചനം ആശ്വാസം പകരുമ്പോഴും നീതി പരാജയമുക്തമായിട്ടില്ല. ആരോപിക്കപ്പെട്ട കുറ്റം എന്തെന്ന് പോലുമറിയാത്ത നൂറുകണക്കിന് നിരപരാധികളാണ് ഇപ്പോഴും കാരിരുമ്പഴികൾക്കുപിന്നിൽ ജീവിതം തള്ളിനീക്കുന്നത്. ജയിലിൽ താൻ അനുഭവിച്ച പീഢനപർവം കഴിഞ്ഞ ദിവസം സായിബാബ ഡൽഹിയിൽ മാധ്യമങ്ങളോട് വിവരിച്ചു. നടുക്കത്തോടുമാത്രം കേൾക്കാനാകുന്ന അദ്ദേഹത്തിന്റെ വാക്കുകളിലൂടെ...
അരക്കുതാഴെ തളർന്ന് അനങ്ങാനാവാത്ത ഈ മനുഷ്യന് ജീവൻ നിലനിർത്താൻ മരുന്നിനായി ജയിലിൽ ഉപവാസ സമരം നടത്തേണ്ടിവന്നു. മുതിർന്ന കുട്ടിയായിട്ടും തോളിലേറ്റി സ്കൂളിലേക്ക് കൊണ്ടുപോയ അമ്മയെ മരിക്കുംമുമ്പൊന്ന് കാണട്ടേയെന്ന് കരഞ്ഞുപറഞ്ഞിട്ടും പരോൾ നൽകിയില്ല. ഒടുവിൽ ആ അമ്മ മരിച്ചപ്പോൾ അന്ത്യചുംബനം നൽകി ഒന്നവരെ യാത്രയാക്കാനുള്ള അനുമതി പോലും നിഷേധിച്ചു. അംഗവൈകല്യമുള്ളവരെ ‘ദിവ്യാംഗൻ’ എന്നുമാത്രം വിളിക്കാവുന്ന പുതിയ ഇന്ത്യയിൽ വീൽചെയറിൽ ജീവിക്കുന്ന ഈ നിരപരാധി കൊടുംപീഡനങ്ങൾക്കൊടുവിൽ ജയിലിൽനിന്ന് പുറത്തുവന്നിരിക്കുന്നു, ജീവിക്കുന്ന രക്തസാക്ഷിയായി.
പോളിയോ ബാധിച്ച് അരക്കുതാഴെ തളർന്ന പ്രഫസർ ജി.എൻ. സായിബാബയെ സി.പി.ഐ(മാവോയിസ്റ്റ്) സംഘടനയുമായി ബന്ധം ആരോപിച്ചുള്ള ആദ്യ അറസ്റ്റിനുശേഷം എട്ടര വർഷമാണ് നാഗ്പുർ ജയിലിലിട്ടത്.
സർക്കാറും ജയിലധികാരികളും കോടതികളും ചെയ്തതത്രയും, ജയിൽമോചിതനായ ജി.എൻ. സായിബാബയെന്ന ഡൽഹി സർവകലാശാല പ്രഫസർ കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്കുമുന്നിൽ വിവരിച്ചപ്പോൾ കണ്ണുനനയാത്ത ഒരാൾപോലും ഡൽഹി ഹർകിഷൻ സിങ് സുർജിത് ഭവനിലുണ്ടായിരുന്നില്ല. പീഡാനുഭവങ്ങൾ കരഞ്ഞുകൊണ്ട് സായിബാബ പങ്കുവെക്കുമ്പോൾ തൊട്ടരികിലിരുന്ന സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജക്കും നിയന്ത്രിക്കാനായില്ല. അദ്ദേഹവും സായിബാബയെപ്പോലെ വിങ്ങിപ്പൊട്ടി. സദസ്സിലും വേദിയിലും കേട്ടിരിക്കുന്നവരെല്ലാം നിരവധി തവണ ഇതുപോലെ വിങ്ങിപ്പൊട്ടുകയും കണ്ണുനീർ തുടക്കുകയും ചെയ്തു. ശരിക്കും കുറ്റകൃത്യം ചെയ്ത ഒരു കുറ്റവാളിയോടു പോലും രാജ്യം ഇത്രയും മനുഷ്യത്വരഹിതമായി പെരുമാറുമോ എന്ന് സായിബാബ ചോദിച്ചു.
അറസ്റ്റ് ചെയ്യുമ്പോൾ പൊലീസ് തൂക്കിയെടുത്ത ഇടതുകൈ അനക്കാൻ പോലുമാകുന്നില്ല. തലച്ചോറിൽനിന്ന് ചുമലിലേക്കുള്ള നാഡികൾ മുറിഞ്ഞു. ശേഷിയറ്റ മസിലുകളും മുറിഞ്ഞുപോയ ഞരമ്പുകളും ഇനി പൂർവസ്ഥിതിയിലാക്കാൻ കഴിയില്ലെന്നാണ് ഡോക്ടർ പറഞ്ഞത്. ഇടതുകൈ മുതൽ പോളിയോ ബാധിച്ച ഇടതുകാൽ വരെ വേദന തിന്നുകഴിയുകയാണ്. ആ ഭാഗം പിന്നെയും തളർന്നുപോയിരിക്കുന്നു. ജയിലിൽ ആകെ നടത്തിയത് പരിശോധനകൾ മാത്രം. സർക്കാർ ഡോക്ടർമാർ നിർദേശിച്ച ചികിത്സയൊന്നും നൽകിയില്ല. ഏഴുവർഷം മുമ്പ് നിർദേശിച്ച ഹൃദയ പരിശോധനപോലും നടത്തിയില്ല. അതിനുപകരം ആറുതരം വേദനസംഹാരികൾ നൽകി.
ജാമ്യം കിട്ടിയപ്പോൾ ഡോക്ടർമാർ സർജറി നിർദേശിച്ചിരുന്നുവെങ്കിലും ശിക്ഷാവിധി വന്നതോടെ അതും മുടങ്ങി. ആരെങ്കിലും എടുത്തുകൊണ്ടുപോകാത്തതിനാൽ സന്ദർശക മുറിയിലേക്ക് പോകാനാവില്ലായിരുന്നു. ഓൺലൈൻ വഴി ബന്ധുക്കളെ കാണാനുള്ള മുറിയിലേക്കും ജയിൽ ആശുപത്രിയിലേക്കുമൊന്നും പോകാനായില്ല. കുടിക്കാൻ ഒരു ഗ്ലാസ് വെള്ളമെടുക്കാനാവില്ല. ജയിലിൽ പ്രവേശിപ്പിക്കുമ്പോൾ പോളിയോ രോഗമല്ലാതെ ഒരു അസുഖവും ഇല്ലാതിരുന്ന എനിക്ക് അവിടെ നിന്നിറങ്ങുമ്പോൾ രോഗം ബാധിക്കാത്ത ഒരവയവുമില്ലാത്ത സ്ഥിതിയാണ്. ഹൃദ്രോഗവും വൃക്കയിൽ കല്ലുകളും പാൻക്രിയാറ്റിറ്റിസും തലച്ചോറിലും വൃക്കയിലും മുഴകളുമുണ്ടായതോടെ ജയിലിനകത്ത് ഇടക്കിടെ ബോധരഹിതനായി വീണുകൊണ്ടിരുന്നു.
ഒരു മനുഷ്യനെന്ന നിലയിൽ എന്നെയുലച്ചുകളഞ്ഞ സംഭവമാണിത്. ഭിന്നശേഷിക്കാരനായതിനാൽ അങ്ങേയറ്റം കരുതലോടെയായിരുന്നു അമ്മ വളർത്തി വലുതാക്കിയത്. എങ്ങനെയും മകന് വിദ്യാഭ്യാസം നൽകണം എന്നതായിരുന്നു സ്കൂളിലേക്ക് എടുത്തുകൊണ്ടുപോയി പഠിപ്പിക്കുമ്പോൾ അമ്മയുടെ ഏക ലക്ഷ്യം. അമ്മയുടെ ആ കൈത്താങ്ങിലാണ് ഡൽഹി സർവകലാശാലയിൽ അധ്യാപകനായത്. അക്ഷരാഭ്യാസമില്ലാത്ത ഒരു പാവമായിരുന്നു അമ്മ. രാജ്യത്തെ എല്ലാ ആദിവാസി അമ്മമാർക്കും ദലിത് അമ്മമാർക്കും തങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകണമെന്ന ഒരേയൊരാഗ്രഹം മാത്രമേയുണ്ടാകൂ. നിരപരാധിയായ എന്നെ ജയിലിലടച്ചതിന്റെ വേദനയിലാണ് അമ്മ മരിക്കുന്നത്. മരിക്കും മുമ്പ് മകനെ ഒന്ന് കാണണമെന്ന ആഗ്രഹം മാത്രമാണവർ പ്രകടിപ്പിച്ചത്. ഇക്കാര്യം അമ്മ നിരന്തരം ചോദിച്ചുകൊണ്ടിരുന്നു. അതിനവസരം ലഭിക്കാതെ അമ്മ പോയി.
1500 പേർക്ക് കഴിയാവുന്ന ജയിലിൽ 3200 പേരെയാണ് പാർപ്പിച്ചത്. ഒന്നിരിക്കാനും കിടക്കാനുമുള്ള സ്ഥലത്തിനും ദാഹജലത്തിനുമായി നായ്ക്കളെപോലെ തമ്മിൽ പോരടിക്കുകയായിരുന്നു ജയിൽവാസികൾ. കാണാനെത്തുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാൻ സഹതടവുകാർ പോകുന്നതും നോക്കി ഇരിക്കേണ്ടിവന്നിട്ടുണ്ട്. സ്കൂളിലേക്ക് എന്നെ അമ്മ ചുമന്നതുപോലെ സന്ദർശക മുറിയിലേക്ക് എടുത്തുകൊണ്ടു പോകാനുണ്ടായിരുന്നത് രണ്ട് ആദിവാസി യുവാക്കളായിരുന്നു.
അവരിലൊരാൾ മരിക്കുകയും മറ്റൊരാളെ മാറ്റുകയും ചെയ്തതോടെ അതും നിലച്ചു. വിഡിയോ കോൺഫറൻസിലൂടെ ഉറ്റവരെ കാണാമെന്നുവെച്ചാൽ ആ മുറിയിലേക്ക് കൊണ്ടുപോകാനും ആരുമില്ല. ദാഹിക്കുമ്പോൾ ഒരു ഗ്ലാസ് വെള്ളം എടുത്തുതരാൻ പോലുമാരുമില്ലാതായി. വീൽചെയറിന് പോകാൻ റാംപ് ഇല്ലാത്തതിനാൽ ജയിലിനകത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാവില്ല.
‘നാഗ്പുർ ജയിലിലെ കുപ്രസിദ്ധമായ ‘അണ്ഡ സെല്ലി’ൽ (കൊടും കുറ്റവാളികൾക്കുള്ള മുട്ടയുടെ ആകൃതിയിലുള്ള സെൽ) നിന്ന് പുറത്തുവന്നുനിൽക്കുമ്പോൾ ഞാനെവിടെയാണെന്ന് എനിക്ക് തിരിച്ചറിയാനാകുന്നില്ല. അവസാനത്തെ ഏഴെട്ട് വർഷം ആ ചുമരുകളാണ് കണ്ടുകൊണ്ടിരുന്നത്. ഏറ്റവും പരിചിതരായ ഡൽഹിയിലെ മാധ്യമപ്രവർത്തകരെ പോലും മനസ്സിലാക്കാൻ കഴിയുന്നില്ല. മോചനം നേടി 24 മണിക്കൂർ കഴിഞ്ഞിട്ടും ചുറ്റുപാടുകളോട് പൊരുത്തപ്പെടാൻ കഴിയുന്നില്ല. നിങ്ങളോട് സംസാരിക്കാൻ കഴിയുന്ന ഒരവസ്ഥയിലല്ല ഞാനിന്ന്. ഒന്ന് ഇരിക്കാൻപോലും കഴിയാത്ത വിധം കടുത്ത വേദന അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും വേദനയുണ്ട്. എന്നിട്ടും ആശുപത്രിയിലേക്ക് പോകാതെ ആദ്യം മാധ്യമങ്ങൾക്ക് മുന്നിലേക്ക് വന്നിരിക്കുകയാണ്.
ഐക്യരാഷ്ട്ര സഭയിൽനിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പിന്തുണ ലഭിച്ചു. പ്രത്യേകം എടുത്തുപറയേണ്ടത് ഇപ്പോൾ യുദ്ധത്തിനിരയായിക്കൊണ്ടിരിക്കുന്ന ഫലസ്തീനിലെ കവികളും എഴുത്തുകാരും എനിക്ക് നൽകിയ പിന്തുണയാണ്. വലിയൊരു കൂട്ടം അഭിഭാഷകർ നൽകിയ പിന്തുണ കൊണ്ടാണ് രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയക്കേസിൽ ഈ വിജയം നേടിയത്. ഒരു രൂപ പോലും വാങ്ങാതെയായിരുന്നു മുതിർന്ന അഭിഭാഷകർ കേസ് വാദിച്ചത്. സെഷൻസ് കോടതിയിൽ തനിക്കായി വാദിച്ച അഭിഭാഷകനായ ഗാഡ്ഗിലിങ്ങിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
ഭീമ കൊറേഗാവ് കേസിൽ പ്രതിയാക്കിയ എന്റെ അഭിഭാഷകൻ സുരേന്ദ്ര ഗാഡ്ലിങ്ങും ഇതുപോലെ ബോധരഹിതനായി വീണുകൊണ്ടിരിക്കുകയാണ്. ഡോക്ടർ നിർദേശിച്ച ജീവൻ രക്ഷാ ഔഷധങ്ങളും നിഷേധിച്ചതോടെ വധശ്രമത്തിനുള്ള കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ് ഗാഡ്ലിങ്. അണ്ഡ സെല്ലിൽനിന്ന് വീൽചെയറുമായി എങ്ങും പോകാനാകാത്ത എന്നെ രണ്ട് ആദിവാസി തടവുകാരായിരുന്നു ടോയ്ലറ്റിലേക്ക് തോളിലേറ്റി കൊണ്ടുപോയിരുന്നത്. അതിലൊരാളായിരുന്ന പാണ്ഡു നരോട്ട്യ കസ്റ്റഡിയിലായിരിക്കെ മരിച്ചു. ചെറിയൊരു പനി വന്നാണ് മരിച്ചത്. കണ്ണിൽ നിന്നും മൂത്രാശയത്തിൽ നിന്നും രക്തം വന്നതുകണ്ട് തടവുകാർ ബഹളമുണ്ടാക്കിയപ്പോഴാണ് അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോയത്.
കേസ് കെട്ടിച്ചമച്ചതാണെന്ന് 10 വർഷം മുമ്പേ ലോകത്തിനറിയാമായിരുന്നു. എന്നിട്ടും ആശ്വാസം ലഭിച്ചില്ല. ഉന്നത കോടതി കുറ്റമുക്തനാക്കിയിട്ടും ആശ്വാസം ലഭിച്ചില്ല. ശരിക്കും അഗ്നിപരീക്ഷയായിരുന്നു. സീത അനുഭവിച്ച പോലൊരു അഗ്നിപരീക്ഷ. നിയമപ്രക്രിയ തന്നെ വലിയൊരു ശിക്ഷയായിരുന്നു. എട്ടുവർഷം കഴിഞ്ഞ് ഹൈകോടതി വെറുതെവിട്ടിട്ടും എനിക്ക് ആശ്വാസം ലഭിച്ചില്ല. എനിക്കും എന്നോടൊപ്പമുള്ള മറ്റു പ്രതികൾക്കും മാത്രമായിരുന്നില്ല, മറിച്ച് രാജ്യത്തെ പരമോന്നത കോടതികൾക്കും കൂടിയുള്ള അഗ്നിപരീക്ഷയായിരുന്നു.
വെറുതെ വിട്ടുകൊണ്ടുള്ള ഒരു ഉന്നത കോടതിയുടെ വിധി പോരായിരുന്നു കോടതിക്ക്. ജനാധിപത്യത്തിനായി ജനത്തിന് ഇനിയും വിശ്വസിക്കാവുന്ന അവശേഷിക്കുന്ന ഏക സ്ഥാപനമായ കോടതിയാണ് പരീക്ഷിക്കപ്പെട്ടത്. (2022ൽ സായിബാബയെ കുറ്റമുക്തനാക്കി ബോംബെ ഹൈകോടതി നാഗ്പുർ ബെഞ്ച് മോചിപ്പിച്ചെങ്കിലും ആ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ഹൈകോടതിയിലേക്ക് വീണ്ടും തിരിച്ചയക്കുകയായിരുന്നു).
മോചനത്തിന് കാലതാമസം എടുത്തെങ്കിലും കണ്ണുനിറയുന്ന സന്തോഷമാണിന്ന്. രണ്ടുപ്രാവശ്യം ഉന്നത കോടതിയിൽ നീതി ജയിച്ച സ്ഥിതിക്ക് ഇനിയും നീതി നിഷേധിക്കുമെന്ന ഭയം എനിക്കില്ല. നിരവധി തടസ്സങ്ങൾ തീർത്തത് ജുഡീഷ്യറിയായിരുന്നു. അവയെല്ലാം വിജയകരമായി മറികടന്നാണ് കോടതി നീതി നൽകിയത്. അന്തിമമായി കോടതി ജയിക്കുമെന്നും രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും നീതി ലഭിക്കുമെന്നും നാം വിശ്വസിക്കണം. ജനങ്ങളെ രക്ഷിക്കാനുള്ളതാണ് ഭരണകൂടം. ശിക്ഷിക്കാനുള്ളതല്ല. മനുഷ്യത്വത്തെ ചവിട്ടിമെതിക്കാനുമുള്ളതല്ല. എന്നാൽ, മനുഷ്യത്വത്തെ ചവിട്ടിമെതിക്കുന്നതാണ് കാണുന്നത്. അങ്ങനെയെങ്കിൽ ഭരണകൂടം തന്നെ അരാജകമാകും.
അവസാനം വരെ ഒരു അധ്യാപകനായിരിക്കാൻ ഞാനാഗ്രഹിക്കുകയാണ്. ക്ലാസ് മുറികളും വിദ്യാർഥികളുമില്ലാതെ എനിക്ക് അതിജീവിക്കാനാവില്ല. അതിജീവനത്തിനായി എന്റെ മുന്നിൽ അവശേഷിക്കുന്ന ഏക വഴി അധ്യാപകനായി തുടരുകയെന്നതാണ്. അധ്യാപകനാകാതെ എനിക്ക് അതിജീവിക്കാനാവില്ല. അൽപം വൈകാരികമായിപ്പോയതിന് ക്ഷമാപണം നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.