വർഗീയ ധ്രുവീകരണവും കേരള രാഷ്​ട്രീയത്തി​െൻറ ഭാവിയും

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ രാഷ്​ട്രീയവുമായി കേരളത്തിനുള്ള പ്രകടമായ വ്യത്യാസങ്ങളിൽ പ്രധാനം വർഗീയമായി ധ്രുവീകരിക്കപ്പെട്ട ഒരു രാഷ്​ട്രീയവ്യവഹാരം ഇല്ലായിരുന്നു എന്നതാണ്. അതിസൂക്ഷ്മമായി ജാതി, സമുദായ വ്യത്യാസങ്ങൾ അകൽച്ചപോലെ കിടന്നിട്ടുണ്ടായിരുന്നു എങ്കിലും പൊതുമണ്ഡലങ്ങളിലേക്കും സമൂഹത്തി​െൻറ ഉപരിതലത്തിലേക്കും അതു വന്നിട്ടുണ്ടായിരുന്നില്ല. ആ സ്ഥിതി കുറെയേറെ മാറിവരുന്നുണ്ടോ എന്നത്​ ആശങ്കജനകമാണ്.

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പോടെ സാക്ഷരകേരളത്തി​െൻറ രാഷ്​ട്രീയം അത്രകണ്ട് പ്രബുദ്ധമാണോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഞാൻ പ്രതിനിധാനം ചെയ്യുന്ന മുന്നണിക്ക് തെരഞ്ഞെടുപ്പിൽ നേരിയ പരാജയം നേരിട്ടതുകൊണ്ടുള്ള കുറ്റപ്പെടുത്തലല്ല ഇത്‌. കേരളത്തി​െൻറ രാഷ്​ട്രീയബോധ്യങ്ങളിൽ ഇതിനകം ദൃശ്യമായ ഘടനാപരമായ മാറ്റങ്ങളെ ചൊല്ലിയുള്ള ഒരു പൊതുപ്രവർത്തക​െൻറ ആശങ്കയാണ്. ഇന്ത്യ പോലൊരു ജനാധിപത്യരാജ്യത്ത് ഇവിടെ പുലരുന്ന മനുഷ്യർക്കും പ്രകൃതിക്കും ക്ഷേമമുണ്ടാക്കുന്ന ധാർമിക രാഷ്​ട്രീയമാണ് ഭൂഷണം. അതേസമയം, സാമൂഹികവത്​കരണ പ്രക്രിയയിൽ രാഷ്​ട്രീയ നൈതികതയോടുകൂടി വേണം ഇടപെടാൻ. അവിടെ അടിസ്ഥാനമായിരിക്കേണ്ടത് സഹിഷ്ണുത, സാഹോദര്യം, തുല്യ നീതി, സമത്വം തുടങ്ങിയ മൂല്യങ്ങളാണ്. എന്നാൽ, സങ്കുചിത ദേശീയത സാമൂഹികവത്​കരണ പ്രക്രിയയുടെ ദിശ നിർണയിക്കുന്ന പുതിയ സാഹചര്യമാണ് അപകടം വരുത്തുന്നത്. മതമോ ജാതിയോ അടിസ്ഥാനപ്പെടുത്തിയുള്ള ദേശീയത ആരെയും ഉൾക്കൊള്ളാനല്ല, തരംതിരിച്ച് അപരവത്​കരണം നടത്തി പുറന്തള്ളാനാണ് ശ്രമിക്കുന്നത്.

രാഷ്​ട്രീയവ്യവഹാരങ്ങൾക്ക് ഉത്തരേന്ത്യയിലെ അതേ മൂല്യച്യുതി കേരളത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതി​െൻറ ഏറ്റവും പ്രധാന തെളിവ് രാഷ്​ട്രീയത്തിനും മത -ജാതി -സമുദായ ചിന്തകൾക്കും ഇടയിലുള്ള അതിർവരമ്പുകൾ നേർന്നുപോയിരിക്കുന്നു എന്നതാണ്. രാജ്യത്തിന് എന്തുസംഭവിച്ചാലും തങ്ങൾ പട്ടിണി കിടന്നാലും വിരോധമില്ല, ന്യൂനപക്ഷങ്ങൾ നശിച്ചു കാണണം എന്ന രീതിയിലുള്ള വിദ്വേഷം നിറച്ച മസ്തിഷ്ക പ്രക്ഷാളനം നടത്തിയാണ് ഉത്തരേന്ത്യയിൽ വർഗീയ രാഷ്​ട്രീയം തെരഞ്ഞെടുപ്പ് ഫലങ്ങൾ അനുകൂലമാക്കുന്നത്. ലോകത്തിലേറ്റവും കൂടുതൽ തൊഴിലില്ലായ്മയുള്ള രാജ്യമാണ് ഇന്ത്യ. ഏറ്റവും കൂടുതൽ കർഷകർ ആത്മഹത്യ ചെയ്യുന്നതും ഇവിടെ. ഏറ്റവും കൂടുതൽ ആളുകൾ ദാരിദ്ര്യരേഖക്ക് താഴെയുള്ളതും നമ്മുടെ രാജ്യത്ത്. പണക്കാരൻ അനുദിനം കൂടുതൽ സമ്പാദിക്കുകയും പാവപ്പെട്ടവൻ ദിനേന ഞെരുക്കത്തിലേക്ക് ചുരുങ്ങുകയും ചെയ്യുന്ന നാടും വേറെയല്ല. അയൽരാജ്യങ്ങളേക്കാൾ സാമ്പത്തികമായി തകർന്നുപോയതും ഇന്ത്യയാണ്. എന്നിട്ടും ആളുകൾ വോട്ട് ചെയ്യുന്നത് ഏറ്റവും രൂക്ഷമായി വർഗീയത പ്രസംഗിക്കുന്നവർക്കാണ്. ഈ അപചയം കേരളത്തിലേക്കും വരുന്നുണ്ടെന്നാണ് ഞാൻ നിരീക്ഷിക്കുന്നത്.

ഹിന്ദു -മുസ്​ലിം വിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തുകയെന്ന ലക്ഷ്യം സംഘ്പരിവാർ പുതിയ ഘട്ടത്തിലേക്ക് വളർത്തിയിരിക്കുന്നു. അതിപ്പോൾ ക്രൈസ്​തവ -മുസ്​ലിം വിഭാഗങ്ങൾക്കിടയിലെ അകൽച്ചയിലേക്ക് എത്തുന്നു. നട്ടാൽ മുളക്കാത്ത നുണകളിലൂടെയും വ്യാജവാർത്തകളിലൂടെയുമാണ് ക്രിസ്ത്യൻ -മുസ്​ലിം വിഭാഗങ്ങൾക്കിടയിൽ സംഘ്​പരിവാർ കുത്സിത നീക്കം നടത്തുന്നത്. വാട്സ്​ആപ് ഗ്രൂപ്പുകൾ വഴിയും, ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടുകൾ മുഖേനയും വിദ്വേഷ പ്രചാരണം നടത്തുന്നത് സംഘ്​പരിവാറി​െൻറ പുതിയ തന്ത്രമാണ്. തങ്ങൾക്ക് അവകാശപ്പെട്ടത് തട്ടിയെടുക്കുന്ന അപരസ്വത്വങ്ങളായാണ് ഒരാൾ മറ്റൊരാളെ കാണുന്നത്. സംവരണം മുതൽ, സ്വത്ത് സമ്പാദനം അടക്കം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നടത്തിപ്പുവരെ ഇവിടെ പരസ്പരം സംശയങ്ങൾ ഉണ്ടാക്കുന്നതിനും അകൽച്ചയുണ്ടാകുന്നതിനും കാരണമായിത്തീരുന്നു.

മത -സമുദായ സംഘടനകൾ ഐക്യത്തിനും സാമൂഹികക്ഷേമത്തിനും തുല്യനീതിക്കും രാഷ്​ട്രനിർമിതിക്കും വേണ്ടി രാഷ്​ട്രീയത്തിൽ ഇടപെടുന്നത് നല്ലതുതന്നെ. എന്നാൽ, വർഗീയധ്രുവീകരണവും സംഘടനാ വിദ്വേഷവും തർക്കങ്ങളും പെരുപ്പിക്കാൻ രാഷ്​ട്രീയകക്ഷികളോട് പക്ഷം ചേരുന്നത് ഒട്ടും ഗുണംചെയ്യില്ല. ഭരണകൂടത്തോട് ക്രിയാത്മകമായി ഇടപെട്ട് അവകാശങ്ങളും ആവശ്യങ്ങളും നേടിയെടുക്കാനും അതുവഴി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടുവരാനുമാണ് ഇത്തരം സംഘടനകൾ മുതിരേണ്ടത്.

മതവിഷയങ്ങൾ പലപ്പോഴും സങ്കീർണമായിരിക്കും. രാഷ്​ട്രീയ മീമാംസ വെച്ചു മതവിഷയങ്ങൾ മനസ്സിലാക്കാനോ വിലയിരുത്താനോ തീർപ്പ് കൽപിക്കാനോ കഴിയില്ല. അതുകൊണ്ട് ആവശ്യത്തിനും അനാവശ്യത്തിനും രാഷ്​ട്രീയക്കാർ മത- സാമുദായിക വിഷയങ്ങളിൽ ഇടപെടരുത്. മതം രാഷ്​ട്രീയത്തിലോ രാഷ്​ട്രീയം മതത്തിലോ കലർത്തുന്നത് ആർക്കും നല്ലത് വരുത്തില്ല.

എന്നാൽ, ഭരിക്കുന്നവരും പ്രതിപക്ഷത്തുള്ളവരും ഇത്തരം സാമൂഹികസംഘടനകളുടെ ആശങ്കകളും പരാതികളും നിർദേശങ്ങളും കേൾക്കാനും തയാറാകണം. അനുഭാവപൂർണമായ സമീപനവും വേണം. വോട്ട്ബാങ്ക് മാത്രമായി മതസംഘടനകളെ കാണുന്ന സമ്പ്രദായം അത്തരം സംഘടനകൾ കേരളത്തിൽ സാധ്യമാക്കിയ വിദ്യാഭ്യാസപരവും സാമൂഹികപരവുമായ മുന്നേറ്റങ്ങളെ റദ്ദ് ചെയ്യുന്നതായിത്തീരും. ആരുടേയും പ്രതിനിധാനത്തെ തമസ്കരിക്കാതെയും ആരെയും അദൃശ്യരാക്കാതെയും വികസനപദ്ധതികൾ നടത്തുന്ന രാഷ്​ട്രീയമാണ് സാക്ഷരസുന്ദര കേരളത്തിൽനിന്ന് വരേണ്ടത്.

ആവശ്യാനുസരണം കള്ളങ്ങൾ പടച്ചും വ്യാജവാർത്തകൾ പടർത്തിയും സംഘ്പരിവാർ അവർക്കിഷ്​ടമുള്ളവരെ അകത്തും പുറത്തും നിർത്തി പുതിയ ഭാരതം നിർമിക്കുന്ന തിരക്കിലാണ്. ഇപ്പോൾ അത് കേരളത്തിലേക്കും വ്യാപിപ്പിക്കാൻ സംസ്ഥാന -ദേശീയ നേതാക്കളെല്ലാം അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയുമാണ്. ഇന്ന് മുസ്​ലിംകളായിരിക്കാം അവരുടെ ഉന്നം. നാളെ മറ്റൊരു ന്യൂനപക്ഷം. അതുകഴിഞ്ഞാൽ ജാതി തിരിച്ചുള്ള പുറത്താക്കലുകൾ ഉണ്ടാകും. ഇതൊന്നും ഊഹാപോഹങ്ങളല്ല, സംഘ്​പരിവാർ രാഷ്​ട്രീയത്തി​െൻറ നേർക്കാഴ്ചകളാണ്. അവരോട് വിയോജിക്കുന്നവരെ അവർ എത്ര എളുപ്പത്തിലാണ് തീവ്രവാദികളാക്കുന്നത്? എത്ര ലാഘവത്തോടെയാണ് രാജ്യദ്രോഹികളാക്കുന്നത്!

കർഷകരെ ഖലിസ്​താൻ തീവ്രവാദികളാക്കിയതും ഫാദർ സ്​റ്റാൻ സ്വാമി അടക്കമുള്ളവരെ അർബൻ നക്സലൈറ്റുകളാക്കിയതും ഒരു സിനിമയുടെ തിരക്കഥ എഴുതിയത് ആര്യാടൻ ഷൗക്കത്ത് എന്ന മുസ്​ലിം പേരുള്ള ആളായതിനാൽ ആ സിനിമ രാജ്യ വിരുദ്ധമായതും നമ്മൾ അടുത്തിടെ കണ്ട ചില വിശേഷങ്ങൾ മാത്രം. കനകം വിളഞ്ഞിരുന്ന പല നാടുകളും മരുഭൂമികളായി മാറാൻ കാരണമായ വർഗീയരാഷ്​ട്രീയം നമ്മുടെ വാതിലുകൾ മുട്ടുന്നത് തടയാൻ ഉണരേണ്ടത് ബുദ്ധിയും ബോധ്യങ്ങളുമുള്ള ഓരോ മലയാളിയുടെയും കടമയാണ്.

Tags:    
News Summary - Communal polarization and the future of Kerala politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.