മുസ്​ലിംകൾ തീർക്കേണ്ട പരാതികൾ 

മുസ്​ലിംസംഘടനകളെക്കുറിച്ചുള്ള മറ്റൊരു പരാതി മറ്റു മതസ്​ഥരോടെല്ലാം പാൽപ്പുഞ്ചിരി തൂകി നിൽക്കുമെങ്കിലും ഇേൻറണൽ ക്രിട്ടിക്കുകളെ അവർ കിരാതമായി നേരിടും എന്നതാണ്. ‘രാമനുണ്ണീ, നിങ്ങൾക്കൊരിക്കലും ഇവന്മാരുടെ തനിസ്വരൂപം മനസ്സിലാവില്ല, കാരണം നിങ്ങൾ രാമനുണ്ണിയാണ്, അഹമ്മദുണ്ണിയല്ല’ എന്ന് പല മുസ്​ലിം സുഹൃത്തുക്കളും രഹസ്യമായി മന്ത്രിക്കാറുണ്ട്. അപ്രമാദിത്വശാഠ്യങ്ങൾ വെടിയുക, എല്ലാം ശരിയാക്കിക്കളയാം എന്ന് വാശിപിടിക്കാതെ കുറെയെല്ലാം ദൈവത്തെ ഏൽപിക്കുക, ഇസ്​ലാമി​​​​െൻറ സ്​ത്രീവായനകൾക്ക് ചെവികൊടുക്കുക, കാലത്തിനൊത്ത് സ്വയം നവീകരിക്കുക– ഇതെല്ലാമാണ് ഇക്കാര്യത്തിൽ അഭ്യർഥിക്കാനുള്ളത്.

മുസ്​ലിംദ്വേഷം വളർത്തണം എന്ന ദുഷ്​ടലാക്കുള്ളവരെ നേരെയാക്കിക്കളയാമെന്നത് വ്യാമോഹമാണ്. എന്നാലും ചില ‘വിസ്​പറിങ്​ കാംപയിനു’കളെക്കുറിച്ച് മുസ്​ലിംസംഘടനകൾ ബോധവാന്മാരാകുന്നത് നല്ലതാണ്. എ​​​െൻറ സ്വന്തം ജില്ലയായ മലപ്പുറം പാകിസ്​താ​​​െൻറ തലസ്​ഥാനമായും ഇസ്​ലാം ഭീകരവാദത്തി​​​െൻറ ഈറ്റില്ലമായും പരാമർശിക്കപ്പെടാറുണ്ടല്ലോ. അതെല്ലാം അസംബന്ധവും അവാസ്​തവവുമാണ്. എന്നാൽ, അപകടകരമായ അർധസത്യസൃഷ്​ടിക്കുവേണ്ടി ചില വാസ്​തവങ്ങളും ഇതോടു ചേർത്തുവെക്കും. നോമ്പ് കാലമായാൽ മലപ്പുറം ജില്ലയിൽ ചുട്ടവെള്ളം കിട്ടില്ല എന്നതാണ് അതിലൊന്ന്. ജില്ലയിലെ ഭൂരിപക്ഷം ഹോട്ടലുകളും നടത്തുന്നത് മുസ്​ലിംകളായതിനാൽ റമദാൻ മാസത്തിൽ 95 ശതമാനവും അടഞ്ഞുകിടക്കും എന്നത് സത്യം. അതോടൊപ്പം ഹോട്ടലുകൾ തുറക്കാൻ സമ്മതിക്കില്ലെന്നും നോമ്പുകാലത്ത് തുറക്കില്ലെന്ന കരാറിൽ മാത്രമേ ജില്ലയിൽ ഹോട്ടൽസ്​ഥലം അനുവദിക്കൂ എന്നും ബേക്കറിയിൽനിന്ന് സാധനം വാങ്ങാമെന്നല്ലാതെ അവിടെ വെച്ച് കഴിച്ചാൽ തടികേടാകുമെന്നുമെല്ലാം ആരോപണങ്ങളുണ്ട്.

ആരോപണങ്ങൾ തെറ്റോ ശരിയോ ആയിരിക്കാം.  എന്നാൽ, ഈ പ്രശ്നത്തെ മറ്റൊരു തരത്തിൽ അഭിമുഖീകരിച്ചുകൂടേ? അവശർക്കും രോഗികൾക്കും കുഞ്ഞുങ്ങൾക്കും യാത്രികർക്കുമൊന്നും ഇസ്​ലാം തത്ത്വപ്രകാരം നോമ്പെടുക്കേണ്ടതില്ല. മറ്റ് മതസ്​ഥർ നോമ്പെടുക്കണമെന്ന് നിർബന്ധം പിടിക്കുന്നുമില്ല. പുതിയ കാലത്ത് യാത്രികരുടെ എണ്ണം പതിന്മടങ്ങ് വർധിച്ചിരിക്കുന്നു. വ്യത്യസ്​ത മതസ്​ഥർ ഒത്തുചേരേണ്ട പൊതു ഇടങ്ങളും ഇരട്ടിക്കയാണ്. ഈ അവസ്​ഥയിൽ റമദാനിൽ നോമ്പില്ലാത്തവരുടെ ആഹാരാവകാശം സംരക്ഷിക്കാൻ മലപ്പുറം ജില്ലയിൽ ചില സംരംഭങ്ങൾ തുടങ്ങേണ്ടതില്ലേ? 

മറ്റ് ഇന്ത്യൻ സ്​റ്റേറ്റുകളിൽ ഉള്ളതിനേക്കാൾ നിലയും വിലയും കേരള മുസ്​ലിമിന് പ്രദാനംചെയ്തത് മലയാളഭാഷയും സാഹിത്യവുമാണ്. ന്യൂനപക്ഷങ്ങൾ മറ്റൊരു ഭാഷ സംസാരിക്കുന്ന സംസ്​ഥാനങ്ങളിലെല്ലാം അവർ പീഡിതരും പാർശ്വവത്​കൃതരുമാണ്. അതിനാൽ, മലയാളഭാഷയോട് സ്​നേഹാധിക്യം കാണിക്കേണ്ടത് മുസ്​ലിംകളാണ്. ഉമ്മയുടെ കാൽക്കീഴിലാണ് സ്വർഗമെന്ന വചനം മാതൃഭാഷക്ക് കൂടി ബാധകമായിരിക്കുമെന്ന് തോന്നുന്നു. കേരളമുസ്​ലിമിന്​ തീർച്ചയായും മലയാളത്തി​​​െൻറ കാൽക്കീഴിൽക്കൂടിയാണ് സ്വർഗം. ഈ സത്യത്തി​​​െൻറ അബോധസ്വാധീനത്താലാകാം കാക്കത്തൊള്ളായിരം മലയാളപ്രസിദ്ധീകരണങ്ങൾ മുസ്​ലിംകൾ പുറത്തിറക്കുന്നത്. എന്നാൽ, സംഘടനകളുടെ ഔ​േദ്യാഗിക ​േശ്രണികളിൽ കയറുമ്പോഴേക്ക് മാതൃഭാഷാകാര്യങ്ങളിൽ എന്തോ ആന്ധ്യം നിങ്ങളെ ബാധിക്കുന്നുണ്ട്. എന്തെല്ലാമോ നിക്ഷിപ്ത താൽപര്യങ്ങൾക്ക് വഴങ്ങി, സ്വകാര്യ വിദ്യാഭ്യാസസ്​ഥാപനങ്ങളുടെയും മറ്റുമായിരിക്കാം, മലയാളത്തി​​​െൻറ രണ്ടുംകൽപിച്ച പ്രചാരണത്തിന് നിങ്ങൾ ഉടന്തടിച്ച് നിൽക്കുന്നു. ഈ നന്ദികേട്, അരാഷ്​ട്രീയത അടിയന്തരമായി തിരുത്തുക തന്നെ വേണം.

എലീറ്റ് മുസ്​ലിംകളെ എനിക്ക് ഉൾഭയമാണ്. ഇസ്​ലാമിനെക്കുറിച്ചൊക്കെ വലിയ വായിൽ സംസാരിക്കുമെങ്കിലും മതസ്വത്വത്തെ അതിശയിക്കുന്ന വർഗസ്വഭാവം നിങ്ങൾ പലപ്പോഴും പ്രദർശിപ്പിക്കും. ഹിന്ദുവർഗീയവാദികളും മുസ്​ലിം തീവ്രവാദികളുമായി തരംപോലെ കൂട്ടുകൂടുന്നവരുണ്ട്. വ്യാവഹാരിക രംഗത്തെ മത്സരബുദ്ധി വെച്ച് സഹമതസ്​ഥരുമായി ചൊറിയാൻ നിൽക്കുന്നവരുണ്ട്. നിങ്ങളുടെ ഏകാദശിനോൽമ്പ് എന്ത് നോമ്പാണ്, നിങ്ങളുടെ വിഷു എന്ത് ആഘോഷമാണ് തുടങ്ങിയ പരാമർശങ്ങൾ വിദ്യാസമ്പന്നരായ മുസ്​ലിംകളിൽ നിന്നാണ് ചിലപ്പോഴെങ്കിലും പുറത്ത് വരാറുള്ളത്. നിങ്ങളെ മുന്നിൽ കണ്ടായിരിക്കണം വെറുതെ വായിച്ചാൽ പോര ദൈവത്തി​​​െൻറ നാമത്തിൽ തന്നെ (മൂല്യപ്രതിബദ്ധമായി) എന്ന് വിശുദ്ധ ഖുർആൻ പ്രത്യേകം സൂക്​തപ്പെടുത്തിയത്.

കൊളോണിയൽ വിദ്യാഭ്യാസത്തി​​​െൻറ പരിമിതികളെ തിരിച്ചറിഞ്ഞ് സ്വയം വിമോചിതരാകാൻ ശ്രമിക്കുന്ന മുസ്​ലിംകളിലെ വിദ്യാസമ്പന്നരിലാണ് ഞാൻ പ്രതീക്ഷയർപ്പിക്കുന്നത്. കാലത്തിനനുസരിച്ച ഇസ്​ലാമിക പാഠസൃഷ്​ടി, യാഥാസ്​ഥിതികതയോടും യാന്ത്രികയുക്​തിയോടും പോരാട്ടം എന്നതെല്ലാം നിങ്ങളുടെ ഉത്തരവാദിത്തമാണ്. 

പ്രസ്​ഥാനങ്ങളുടെയോ സംഘടനകളുടെയോ ആശയത്തൊഴുത്ത് വെടിഞ്ഞ് എല്ലാവർക്കും വേണ്ടിയുള്ള ഇസ്​ലാമിക വായനകൾ ഉൽപാദിപ്പിക്കേണ്ടത് നിങ്ങൾ തന്നെ. ‘ദൈവത്തി​​​െൻറ പുസ്​തകം’ എന്ന നോവലിൽ ഞാൻ കാരുണ്യത്തി​​​െൻറ ദൈവദൂതനായി മുഹമ്മദ് നബിയെ ചിത്രീകരിച്ചപ്പോൾ പല മുസ്​ലിം പ്രസ്​ഥാന നേതാക്കളും പറഞ്ഞു ഇത്തരം സംരംഭങ്ങൾ വളരെ മുമ്പു തന്നെ തുടങ്ങേണ്ടതായിരുന്നുവെന്ന്. നബിജീവിതം  വേണ്ടവണ്ണം സാഹിത്യത്തിൽ വരാത്തതി​​​െൻറ ഹേതുക്കൾ കണ്ടുപിടിച്ച് അതിനെതിരായ ആശയപ്രപഞ്ചം രൂപവത്​കരിക്കേണ്ടത് മുസ്​ലിംകളിലെ വിമോചിതമനസ്​കരായ നിങ്ങളാണ്. ഓരോ ചലനവും ഓരോ തത്ത്വപ്രഖ്യാപനങ്ങളാക്കി മാറ്റിയ ആ സഞ്ചരിക്കുന്ന വേദഗ്രന്ഥത്തി​​​െൻറ അദ്​ഭുതജീവിതം നിഷ്​കളങ്കമായി സ്വാംശീകരിക്കുക എന്ന എളുപ്പവഴി മുന്നിലുള്ളപ്പോൾ എന്തിനാണ് മുസ്​ലിംകൾ കർമശാസ്​ത്രസിദ്ധാന്തങ്ങളുടെ കഠോരതകളിൽ തലയിട്ടടിച്ച് ചാവുന്നത്?!

മുസ്​ലിം തീവ്രവാദികളോട്​
അവസാനമായി ബുദ്ധിയുണർത്താനുള്ളത് മുസ്​ലിംകളിലെ തീവ്രവാദികളോടാണ്. മനുഷ്യ​​​​െൻറയും മനുഷ്യജീവനത്തി​​​െൻറയും സൃഷ്​ടിപ്പ് തന്നെ എല്ലാ ’അതി’കളേയും വർജിച്ചുകാണ്ടാണല്ലോ. അതിതാപം വയ്യ, അതിശൈത്യം വയ്യ, അമിതാഹാരം പാടില്ല, പോഷണക്കുറവും അരുത്... ഈ പ്രാഥമിക നിയമങ്ങൾ മൊത്തം ജീവിതാവസ്​ഥക്കും ബാധകമാക്കിയാണ് ഇസ്​ലാം സമതുലിതമായിരിക്കുന്നത്. അതിനാൽ, അനൗചിത്യപൂർവ​ം അക്ഷരവായന നടത്തി നിങ്ങൾ പോറ്റുന്ന തീവ്രവാദങ്ങളെല്ലാം ഇസ്​ലാമി​​​​െൻറ ആത്്മത്തെ കളങ്കപ്പെടുത്തും. പ്രതികാരം, അഭിപ്രായധ്വംസനം, നിയമം ​ൈകയിലെടുക്കൽ, സാമൂഹികജീവിതത്തിൽനിന്ന് പലായനം,  ചാവേർ ആക്രമണം തുടങ്ങി ഐ.എസി​​​​െൻറ കൊടുംക്രൂരതകൾ വരെ റസൂലിനോടും ഇസ്​ലാമിനോടും ചെയ്യുന്ന പാതകങ്ങളാണ്. ആത്മശൂന്യരായ പദാർഥവാദികൾ അവലംബിക്കാറുള്ള ആയുധപ്രയോഗമാണ്​ അവരുടെ മുഖമുദ്ര എന്നതുതന്നെ ഐ.എസി​​​​െൻറ മതവിരുദ്ധത വ്യക്​തമാക്കുന്നു. 

ഇത്തരക്കാരുടെ സ്വർഗരാജ്യവാഗ്ദാനങ്ങളിൽ കുടുങ്ങി നരകത്തിലേക്ക് ചാവേറുകളെ റിക്രൂട്ട് ചെയ്യുന്ന നൂറുപേരെങ്കിലും ഇന്ന് നമ്മുടെ നാട്ടിലുമുണ്ട്. രാജ്യത്തെ കോടിക്കണക്കിന് മുസ്​ലിംകളുടെ ജീവിതമിട്ടാണ് നിങ്ങൾ പന്താടുന്നത്. മതജീവിതത്തിന് സ്വന്തം രാജ്യം യോഗ്യമല്ലെന്ന് ആക്ഷേപിച്ച് ഇന്ത്യൻ മുസ്​ലിംകളുടെ വേരറുത്ത് പലായനത്തിന് േപ്രരിപ്പിക്കുന്ന നിങ്ങൾക്ക് സൈനുദ്ദീൻ മഖ്ദൂം,  വക്കം മൗലവി, മുഹമ്മദ് അബ്​ദുറഹിമാൻ, വെളിയങ്കോട് ഉമർ ഖാദി തുടങ്ങിയ പുണ്യാത്്മാക്കളെപ്പറ്റി എന്തെങ്കിലും അറിയുമോ? സ്വന്തം രക്​തവും ജീവനും നൽകി അവർ സാമ്രാജ്യത്വശക്​തികളിൽനിന്ന് പിടിച്ചുവാങ്ങിയ നാടിനെയാണ് ഇന്ന് വലിച്ചെറിയാൻ നിങ്ങൾ മുസ്​ലിംകളോട് ആഹ്വാനം ചെയ്യുന്നത്. ദൈവത്തോടോ ദൈവദൂതരോടോ കുഞ്ഞുകുട്ടികളോടോ പ്രകൃതിയോടോ ഒരിറ്റ് സ്​നേഹം സൂക്ഷിക്കാത്തതാണ് മതത്തി​​​െൻറ തീവ്രവാദവായന. അത് ചെയ്യുന്നവരും അതിന് വളംവെച്ച് കൊടുക്കുന്നവരും പ്രവാചകപ്രജ്ഞക്ക് മുന്നിൽ കടുത്ത അപരാധികളായിരിക്കും.

ഹിന്ദുക്കളോടും മുസ്​ലിംകളോടും സംസാരിക്കുന്ന പ്രബന്ധം മറ്റ് മതസ്​ഥരെ അഭിസംബോധന ചെയ്യാത്തതെന്തെന്ന് പലരും ചിന്തിച്ചിരിക്കും. മുസ്​ലിംകളോട് പറഞ്ഞ കാര്യങ്ങൾ ഈഷൽഭേദങ്ങളോടെ മറ്റ് ന്യൂനപക്ഷങ്ങൾക്കും ബാധകമാണ്. പ്രാതിനിധ്യ സൗകര്യത്തിനായി ജനസംഖ്യയിൽ രണ്ടാമതുള്ള മതത്തെ തെരഞ്ഞെടുത്തെന്ന് മാത്രം. ഒരിക്കലും വാദിച്ച് ജയിക്കാനല്ല പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്​ലിംകളോടും ഇത്രത്തോളം സംസാരിച്ചത്. പറഞ്ഞതെല്ലാം തെറ്റാണെന്ന് സ്​ഥാപിച്ച് നിങ്ങൾ എന്നെ തോൽപിച്ചു കൊള്ളൂ. ദയവുചെയ്ത് കൊല്ലരുത്. വേണം, നമുക്ക് ജീവിക്കണം. നമ്മുടെ രാജ്യത്തിനും ജീവിക്കണം. 

(അവസാനിച്ചു)

Tags:    
News Summary - complaints resolves by Muslims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.