ഒരു രാഷ്ട്രമാകണമെങ്കിൽ അതിന് തെറ്റായ ഒരു ചരിത്രമുണ്ടായിരിക്കണമെന്ന് ഏണസ്റ്റ് റെനൻ എന്ന ഫ്രഞ്ച് ചരിത്രകാരൻ നിരീക്ഷിക്കുന്നുണ്ട്. ‘എന്താണ് രാഷ്ട്രം’(1882) എന്ന വിഖ്യാത പ്രബന്ധത്തിലാണ് ‘മറവികളും ചരിത്രപരമായ തെറ്റുകളും രാഷ്ട്രത്തിന് ഒഴിച്ചുകൂടാത്തതാണെന്ന’ അഭിപ്രായം റെനൻ പങ്കുവെക്കുന്നത്. രാഷ്ട്രത്തെ സംബന്ധിക്കുന്ന കാഴ്ചപ്പാടുകളിലുണ്ടാവുന്ന ഏതു മാറ്റവും അതുകൊണ്ടുതന്നെ അതിെൻറ ചരിത്രത്തിലും മാറ്റമുണ്ടാക്കുന്നു. ലഭ്യമായ ചരിത്രവിവരങ്ങളിലൂടെ രാഷ്ട്രത്തെ മനസ്സിലാക്കുകയെന്ന സങ്കൽപം കീഴ്മേൽ മറിയുകയും രാഷ്ട്രത്തെ സംബന്ധിച്ച് രൂപപ്പെടുത്തുന്ന മുൻധാരണയോടുകൂടിയ സങ്കൽപത്തിനനുസരിച്ച് ചരിത്രത്തെ തിരുത്തിയെഴുതുകയെന്നത് അത്യാവശ്യമായി മാറുകയും ചെയ്യുന്നു. അത്തരമൊരു അത്യാവശ്യമാണ്, ഇന്ത്യ ചരിത്രത്തെ സംബന്ധിച്ച നിലനിൽക്കുന്ന സങ്കൽപങ്ങൾ തിരുത്തിയെഴുതാനുള്ള സംഘ്പരിവാർ തീരുമാനത്തിന് ആധാരം.
ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമം, സംഘ്പരിവാർ നടത്തുന്നത് ഇതാദ്യമായല്ല. 1977ൽ മൊറാർജി ദേശായി ഗവൺമെൻറിെൻറ ഭാഗമായിരുന്ന ജനതാ പാർട്ടി, അക്കാലത്തെ ചില ചരിത്രപുസ്തകങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. വിഖ്യാത ചരിത്രകാരന്മാരായ റൊമീല ഥാപ്പറും ബിപിൻ ചന്ദ്രയുമടങ്ങുന്ന ഗ്രന്ഥകാരന്മാരുടെ പുസ്തകങ്ങളാണ് പിൻവലിക്കണമെന്നാവശ്യപ്പെട്ടത്. സർക്കാറിലെതന്നെ ഒരു വിഭാഗവും അക്കാദമിക സമൂഹവും ഉയർത്തിയ എതിർപ്പു കാരണം പുസ്തകങ്ങൾ പിൻവലിക്കപ്പെട്ടില്ല.
ഹിന്ദുത്വ ശക്തികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ചരിത്രപുസ്തകങ്ങൾ മാറ്റിയെഴുതാൻ ശ്രമങ്ങൾ പലപ്പോഴായി നടന്നു. ഗുജറാത്തിലെയും രാജസ്ഥാനിലെയും പാഠപുസ്തകങ്ങളിൽ ഹിറ്റ്ലറെയും നാസി ഭരണത്തെയും പുകഴ്ത്തിക്കൊണ്ടുള്ള ഭാഗങ്ങൾ ചരിത്രപുസ്തകത്തിെൻറ ഭാഗമാവുകയും നെഹ്റുവടക്കമുള്ള മതേതരവാദികൾ പുസ്തകങ്ങളിൽനിന്ന് പുറത്താക്കലിനോ അവഗണനക്കോ ഇരയാകുകയും ചെയ്തു. കേന്ദ്രത്തിൽ മുമ്പ് അധികാരത്തിലിരുന്ന സന്ദർഭങ്ങളിലും ഹിന്ദുത്വശക്തികൾ സ്കൂൾ പാഠപുസ്തകങ്ങളും ചരിത്രപുസ്തകങ്ങളും തിരുത്തിയെഴുതാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.
മോദി സർക്കാർ അധികാരമേറ്റതു മുതൽതന്നെ സാംസ്കാരിക മേഖലയിൽ ഇടപെടാനുള്ള ശ്രമങ്ങൾ സംഘ്പരിവാർ ആരംഭിച്ചതാണ്. സാമ്രാജ്യത്വ വിരുദ്ധ സമരത്തിൽ നൂലിഴബന്ധം പോലുമില്ലെന്നത്, സംഘ്പരിവാറിെൻറ രാഷ്ട്രീയ പാരമ്പര്യത്തിൽ വലിയ പരാധീനതയാണെന്ന തിരിച്ചറിവും ഇത്തരം ശ്രമങ്ങൾക്ക് വേഗം കൂട്ടിയ ഘടകങ്ങളാണ്.
ഇതിനൊരു പരിഹാരമായി സംഘ്പരിവാർ കണ്ടെത്തിയ മാർഗമാണ് ദേശീയ പ്രസ്ഥാനത്തിെൻറ ഭാഗമായിരുന്ന, മതേതരവാദികളായ നേതാക്കന്മാരെ ഇകഴ്ത്തിക്കാണിക്കുകയെന്ന തന്ത്രം. നെഹ്റു അക്കമുള്ളവർ പാശ്ചാത്യ പാരമ്പര്യത്തിെൻറ ദുഃസ്വാധീനത്തിൽപെട്ടവരാണെന്ന് പ്രചരിപ്പിക്കപ്പെടുകയും അവരുടെ സ്മരണകൾപോലും തേച്ചുമായ്ച്ചു കളയാനുള്ള ശ്രമങ്ങൾ നടക്കുകയും ചെയ്യുന്നു. ഇതിനു സമാന്തരമായി സർദാർ വല്ലഭായി പട്ടേൽ അടക്കമുള്ള നേതാക്കന്മാരെ തങ്ങളുടെ പക്ഷമാണെന്നോണം സ്വാംശീകരിക്കാനുള്ള അതിതീവ്രശ്രമങ്ങളും കാണാം.
ഈ ശ്രമങ്ങളുടെയെല്ലാം തുടർച്ചയെന്നോണമാണ് 2018 ജനുവരിയിൽ കേന്ദ്ര സാംസ്കാരിക മന്ത്രാലയം 14 അംഗ സമിതി രൂപവത്കരിക്കുന്നത്. ‘പന്ത്രണ്ടായിരം വർഷത്തെ ഇന്ത്യൻ സംസ്കാരത്തെപ്പറ്റി സമഗ്രമായ പഠനം’ നടത്താനെന്ന് ഔദ്യോഗികരേഖകളിൽ പരാമർശിക്കപ്പെടുന്ന ഈ സമിതിയുടെ ഉദ്ദേശ്യം, സംഘ്പരിവാറിെൻറ നിർദേശാനുസാരം ഇന്ത്യാ ചരിത്രത്തെ മാറ്റിയെഴുതുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഘ്പരിവാർ നേതാവുകൂടിയായ കെ.എൻ. ദീക്ഷിതാണ് സമിതിയുടെ അധ്യക്ഷൻ. സംഘ്പരിവാർ അനുകൂലികളായ ചരിത്രകാരന്മാരും ഉദ്യോഗസ്ഥരുമാണ് സമിതിയിലെ മറ്റു അംഗങ്ങൾ. സമിതിയുടെ ഏറ്റവും പ്രധാന ഉദ്ദേശ്യമായി സൂചിപ്പിക്കുന്നത് മധ്യേഷ്യ അടക്കമുള്ള വിവിധ പ്രദേശങ്ങളിൽനിന്നു ഇന്ത്യയിലേക്ക് കുടിയേറിയ വിവിധ ജനവിഭാഗങ്ങളുടെ പിന്തുടർച്ചക്കാരാണ് ഇന്ത്യക്കാർ എന്ന കാഴ്ചപ്പാട് തിരുത്തുകയും ഹിന്ദുക്കൾ ഇന്ത്യയിലെ ആദിമനിവാസികളുടെ പിന്തുടർച്ചക്കാരാെണന്ന് കണ്ടെത്തുകയും ചെയ്യുക എന്നതാണ്. ജനിതക മാപ്പിങ് അടക്കമുള്ള ആധുനിക രീതികളെല്ലാം ഇതിനായി അനുവർത്തിക്കാനും തീരുമാനിച്ചിരിക്കുന്നു.
മറ്റൊരു പ്രധാനവിഷയം, മഹാഭാരതവും രാമായണവുമടക്കമുള്ള ഭാരതീയ പുരാണേതിഹാസങ്ങൾ, ഭാവനാസൃഷ്ടികളായ സാഹിത്യകൃതികളല്ലെന്നും നേരേമറിച്ച് അവയിൽ പ്രതിപാദിക്കപ്പെടുന്നത് ഇന്ത്യയുടെ ചരിത്രമാണെന്നും സ്ഥാപിക്കുകയാണ്. അതിനായി പുരാണേതിഹാസങ്ങളിൽ പ്രതിപാദിക്കപ്പെട്ട സ്ഥലങ്ങളിൽ ഉദ്ഖനനങ്ങൾ നടത്താനും ജ്യോതിശാസ്ത്രത്തിെൻറയും പുരാവസ്തുപഠനങ്ങളുടെയും സഹായമടക്കം പ്രയോജനപ്പെടുത്തി തെളിവുകൾ ശേഖരിക്കാനും ഈ സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയുടെ ചരിത്രം സാധാരണ മനസ്സിലാക്കപ്പെടുന്നതിനെക്കാൾ പുരാതനമാണെന്ന് കാണിക്കാനാവശ്യമായ തെളിവുകൾ കണ്ടെത്തണമെന്നാണ് ഓരോ അംഗത്തോടും ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സമിതിയംഗങ്ങളുമായും സാംസ്കാരിക മന്ത്രി മഹേഷ് ശർമയുമായും നടത്തിയ അഭിമുഖങ്ങളിൽനിന്നും വ്യക്തമാകുന്നതെന്ന് ‘റോയിേട്ടഴ്സ്’ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. സമിതിയുടെ കണ്ടെത്തലുകളുടെ പിൻബലത്തിൽ തിരുത്തിയെഴുതിയ ഇന്ത്യചരിത്രം സ്കൂൾ പാഠപുസ്തകങ്ങളുടെയും ചരിത്ര പുസ്തകങ്ങളുടെയും ഭാഗമാക്കാനും ഈ സമിതി ലക്ഷ്യംവെക്കുന്നു.
ഏണസ്റ്റ് റെനെൻറ അഭിപ്രായം പ്രസക്തമാകുന്നത് ഈ സന്ദർഭത്തിലാണ്. മഹത്വപൂർണമായ ഒരു ഹിന്ദു ഭൂതകാലം ഭാരതത്തിനുണ്ടായിരുന്നുവെന്നും മുഗൾ -ബ്രിട്ടീഷ് ഭരണത്തോടെ നഷ്ടമായ ആ പൂർവപ്രതാപം തിരിച്ചുപിടിച്ച്, പഴയ സുവർണ കാലേത്തക്ക് ഇന്ത്യയെ തിരികെ കൊണ്ടു പോകാനുള്ള ശ്രമങ്ങളാണ് തങ്ങൾ നടത്തുന്നതെന്നുമുള്ള സംഘ്പരിവാർ കാഴ്ചപ്പാടിന് വിഘാതമായി നിലകൊള്ളുന്നത് ഇന്ത്യൻ ചരിത്രത്തെ സംബന്ധിച്ച ആധുനിക കാഴ്ചപ്പാടുകളാണ്. പല കാലങ്ങളിൽ പല ദേശങ്ങളിൽനിന്നും കുടിയേറിപ്പാർത്ത വ്യത്യസ്ത ജനവിഭാഗങ്ങൾ പരസ്പരം പങ്കുവെച്ചും സഹവർത്തിച്ചും രൂപപ്പെട്ടതാണ് ഇന്ത്യൻ സമൂഹമെന്ന മതേതര ചരിത്ര കാഴ്ചപ്പാട്, സുവർണ ഹിന്ദു ഭൂതകാലമെന്ന ഏകശില സംസ്കാരപ്പെരുമക്ക് സ്വീകാര്യമായ ഒന്നല്ല. പരസ്പരം കൊണ്ടും കൊടുത്തും കൂടിക്കലർന്നും സഹവർത്തിച്ചും രൂപപ്പെട്ട സമൂഹമെന്ന കാഴ്ചപ്പാട്, കലർപ്പില്ലാത്തതും പരിശുദ്ധവുമായ ഹിന്ദു പാരമ്പര്യമെന്ന സംഘ്പരിവാറിെൻറ സവർണപാരമ്പര്യത്തെ ചോദ്യം ചെയ്യുന്നതാണ്. ഹിന്ദുക്കളായിരുന്നു ഇന്ത്യയിലെ ആദിമനിവാസികളെന്ന് സ്ഥാപിക്കുന്നതിലൂടെ, ഹിന്ദുക്കളല്ലാത്തവരെല്ലാം വിദേശികളാണെന്നും അതിനാൽത്തന്നെ ഒന്നാം തരം പൗരന്മാരായി തുല്യതയോടെ പരിഗണിക്കേണ്ടവരല്ലെന്നും നിലപാടെടുക്കാം. മുസ്ലിംകളും ക്രിസ്ത്യാനികളും പാഴ്സികളുമെല്ലാമടങ്ങുന്ന അഹിന്ദുക്കളെയാണ് ഹിന്ദുത്വം ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഈ കാഴ്ചപ്പാടിനെ ആവർത്തിച്ചുറപ്പിക്കാനാണ് ഇന്ത്യയിൽ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന പ്രസ്താവന സംഘ്പരിവാർ തലവൻ നിരന്തരമായി ആവർത്തിക്കുന്നതും.
വർത്തമാനം സമ്പൂർണമായി കൈപ്പിടിയിലായിരിക്കുമ്പോഴും, ഭൂതം അനുകൂലമല്ലെന്ന കാര്യം എക്കാലവും ഫാഷിസ്റ്റ് ഭരണകൂടങ്ങളെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്. ഹിറ്റ്ലറുടെ നേതൃത്വത്തിൽ നാസി ഭരണകൂടം പാഠപുസ്തകങ്ങളടക്കം തിരുത്തിയെഴുതിയതും സുവർണ ആര്യൻ ഭൂതകാലമെന്ന ആശയം പങ്കുവെക്കുന്നില്ലെന്നാരോപിച്ച് കോടിക്കണക്കിനു പുസ്തകങ്ങളും ആയിരക്കണക്കിനു ഗ്രന്ഥാലയങ്ങളും ചുട്ടെരിച്ചതും ഇത്തരുണത്തിൽ ഓർക്കാവുന്നതാണ്. നഴ്സറിപ്പാട്ടുകൾ മുതൽ തുടങ്ങുന്ന, വിദ്യാഭ്യാസത്തിെൻറ ഉള്ളടക്കത്തെ മുഴുവനായും ഹിംസയെ ന്യായീകരിക്കുന്ന വിധത്തിൽ മാറ്റിയെഴുതിയാണ് നാസികൾ പ്രത്യയശാസ്ത്രം ജനങ്ങളിലേക്കെത്തിച്ചത്. ഇന്ത്യൻ വിദ്യാഭ്യാസത്തിെൻറ മതേതര ഉള്ളടക്കത്തെ തിരുത്തുക സംഘ്പരിവാറിെൻറ ഒട്ടും രഹസ്യമല്ലാത്ത ആഗ്രഹങ്ങളിലൊന്നാണെന്ന് നിരവധി തവണ തെളിയിക്കപ്പെട്ടതാണ്. വിദ്യാഭ്യാസ രംഗത്തും സാംസ്കാരിക മേഖലയിലും നടത്തിയ കുപ്രസിദ്ധ ഇടപെടലുകളിലൂടെ ശ്രദ്ധേയനായ ദീനാനാഥ് ബാത്ര നയിക്കുന്ന ‘ഭാരതീയ ശിക്ഷാ നീതി ആയോഗെ’ന്ന പരിവാർ സംഘടനയാണ് വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണത്തിനു നേതൃത്വം നൽകുന്നത്. പ്രമുഖ ഇന്ത്യ പഠനവിദഗ്ധയും സംസ്കൃത പണ്ഡിതയുമായ വെൻഡി ഡോണിഗറുടെ ഹിന്ദുത്വത്തെ സംബന്ധിച്ച പുസ്തകം നിരോധിക്കുന്നതിനു കാരണമായ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത് ദീനനാഥ് ബാത്ര ആയിരുന്നു. വിദ്യാഭ്യാസത്തിെൻറ ഭാരതീയവത്കരണമാണ് തെൻറ സുപ്രധാന ലക്ഷ്യമായി ബാത്ര കരുതുന്നത്. അക്ബർ, പൈതഗോറസ്, ഐസക് ന്യൂട്ടൺ തുടങ്ങിയ ‘വിദേശി’കളെപ്പറ്റി വിദ്യാർഥികൾ പഠിക്കേണ്ടതില്ലെന്നു കരുതുന്ന ബാത്രയുടെ ഏഴോളം പുസ്തകങ്ങൾ ഗുജറാത്തിലെയും രാജസ്ഥാനിലെയും സിലബബസിെൻറ ഭാഗമാണ്. ഇത്തരത്തിലാണ് വിദ്യാഭ്യാസത്തിെൻറ ആധുനികമായ ഉള്ളടക്കം അട്ടിമറിക്കപ്പെടുന്നത്.
സംഘ്പരിവാർ ആശയങ്ങളുടെ അടിസ്ഥാനസ്വഭാവങ്ങളായ ആധുനികവിരുദ്ധതയും ശാസ്ത്രവിരുദ്ധതയുമാണ് പുരാണേതിഹാസങ്ങളെയും മിത്തുകളെയും പൂർണമായ ചരിത്രപാഠങ്ങളായി കാണുകയെന്ന സമീപനത്തിന് അടിസ്ഥാനമാകുന്നത്. ഹിന്ദുമതവിശ്വാസത്തിെൻറ ഭാഗമായ ഈ പാഠങ്ങൾ ചരിത്രമായി അംഗീകരിക്കപ്പെടുന്നതോടെ, സുദീർഘമായ ചരിത്രപാരമ്പര്യത്തിെൻറ പിന്തുടർച്ചക്കാർ എന്ന പരിവാർ അവകാശവാദങ്ങൾ ന്യായീകരിക്കാനാവുമെന്നും ഇക്കൂട്ടർ കരുതുന്നു. രാഷ്ട്രചരിത്രത്തെ സംബന്ധിക്കുന്ന വർത്തമാനഭാവനകളെ ചരിത്രത്തിൽ ആരോപിച്ച് തെളിയിച്ചെടുക്കാനുള്ള ഫാഷിസ്റ്റ് തന്ത്രംതന്നെയാണ് ഇക്കാര്യത്തിൽ പ്രയോഗിക്കപ്പെടുന്നത്. വലിച്ചുനീട്ടിയെടുക്കുന്ന ഈ ചരിത്ര പാരമ്പര്യം ഹിന്ദുത്വ രാഷ്ട്രീയത്തിെൻറ ഇന്ധനമായും സാംസ്കാരിക മൂലധനമായും മാറുകയും ചെയ്യും. ഈ ദിശയിലുള്ള നിരവധി പ്രസ്താവനകളും ആശയങ്ങളും മോദി മുതലുള്ള സംഘ്പരിവാർ നേതൃത്വവും ആവർത്തിക്കുന്നുമുണ്ട്. ഗണപതിയുടെ പ്ലാസ്റ്റിക് സർജറിയെപ്പറ്റിയുള്ള പ്രധാനമന്ത്രിയുടെ പരാമർശങ്ങളും ഓക്സിജൻ പുറത്തുവിടുന്ന പശുവിനെപ്പറ്റിയും പരിണാമസിദ്ധാന്തം തിരസ്കരിക്കേണ്ട ആവശ്യകതയെപ്പറ്റിയും മന്ത്രങ്ങളിൽ വെളിപ്പെടുന്ന ശാസ്ത്ര സിദ്ധാന്തങ്ങളെപ്പറ്റിയും തുടങ്ങി പുഷ്പകവിമാനത്തെപ്പറ്റിയും പരശുരാമെൻറ എൻജിനീയറിങ് വൈദഗ്ധ്യത്തെ പ്പറ്റിയുമെല്ലാം മന്ത്രിമാരും ജനപ്രതിനിധികളുമായ പരിവാർ നേതാക്കൾ നടത്തിയ പ്രസ്താവനകൾ ഉദാഹരണങ്ങളാണ്.
ഇതോടൊപ്പം ചേർത്തു വായിക്കേണ്ട മറ്റൊരു കാര്യമാണ് മൊത്തം ഇന്ത്യൻ വോട്ടർമാരുടെ ആറിലൊന്നു വരുന്ന ഇന്ത്യയിലെ യുവവോട്ടർമാരുടെ എണ്ണം. തൊണ്ണൂറുകൾക്കുശേഷം ഇന്ത്യൻ വിദ്യാഭ്യാസ മേഖലയിലുണ്ടായ മാറ്റങ്ങളുടെ ഗുണഭോക്താക്കൾകൂടിയാണ് ഈ സമൂഹം. സാങ്കേതികമേഖലയിലും മറ്റും ഉന്നത വിദ്യാഭ്യാസം ലഭിച്ചവരാണെങ്കിലും യുക്തിബോധവും വിശകലനാത്മക സമീപനവും യുവതീയുവാക്കൾക്കിടയിൽ കുറഞ്ഞുവരുന്നതായി കാണാം. മാനവികവിഷയങ്ങളിലുള്ള അവഗാഹക്കുറവ് ചരിത്രനിരാസത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ചരിത്രബോധം തുലോം പരിമിതമായ ഈ യുവസമൂഹത്തെയാണ് സംഘ്പരിവാർ ആശയങ്ങൾ ലക്ഷ്യംവെക്കുന്നതും. സാങ്കേതിക വിദ്യയുടെയും ആശയവിനിമയ സംവിധാനങ്ങളുടെയും മേഖലയിലുണ്ടായ പുരോഗതിപോലും പ്രതിലോമകരമായ ആശയങ്ങളുടെ വ്യാപനത്തിനായി എങ്ങനെ ദുരുപയോഗപ്പെടുത്തുന്നുവെന്നത് സമൂഹമാധ്യമങ്ങളിലെ അനുഭവങ്ങളിൽനിന്നു വ്യക്തമാണ്. തിരുത്തിയെഴുതിയ ചരിത്രം വിദ്യാഭ്യാസ സംവിധാനത്തിെൻറ ഭാഗമാക്കാനുള്ള നീക്കം അതിനാൽത്തന്നെ അത്യന്തം അപകടരമായിത്തീരുന്നു. പരസ്പര സഹവർത്തിത്വത്തിെൻറയും കൊടുക്കൽ വാങ്ങലുകളുടെയും ചരിത്രത്തെ തിരിച്ചുപിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക മാത്രമാണ് ചരിത്രത്തെ വക്രീകരിക്കുക വഴി സമൂഹ ഗാത്രത്തെത്തന്നെ ഛിന്നഭിന്നമാക്കാനുള്ള ശ്രമങ്ങളെ ചെറുക്കാനുള്ള മാർഗം.
(വടക്കാഞ്ചേരി ശ്രീവ്യാസ എൻ.എസ്. എസ് കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.