ആശയക്കുഴപ്പം, അനിശ്ചിതത്വം; അടിതെറ്റി പൊതുമേഖല ബാങ്കുകൾ

ഏതാനും ദിവസങ്ങളായി ഇന്ത്യയിലെ പൊതുമേഖല ബാങ്കിങ്​ രംഗത്തുനിന്നു വരുന്ന വാർത്തകൾ നിരാശജനകവും നിർഭാഗ്യകരവുമാണ്. മിക്ക ബാങ്കുകളുടെയും 2017 ഡിസംബർ 31ന്​ അവസാനിച്ച മൂന്നാം പാദ പ്രവർത്തനഫലങ്ങൾ പുറത്തുവന്നു. ഭീമമായ നഷ്​ടക്കണക്കുകളാണ് ഭൂരിഭാഗം ബാങ്കുകളും രേഖപ്പെടുത്തിയത്. തൊട്ടുപിന്നാലെയാണ് പഞ്ചാബ് നാഷനൽ ബാങ്ക് കേന്ദ്രീകരിച്ച് നടന്ന വൻവായ്പത്തട്ടിപ്പ്​ കഥകളും പുറത്തുവന്നത്. കേന്ദ്ര സർക്കാറി​​​െൻറ​ അധീനതയിലുള്ള പൊതുമേഖല ബാങ്കുകളിൽ വിശ്വാസമർപ്പിച്ച ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളെയും ആശങ്കാകുലരാക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന സവിശേഷ സാഹചര്യമാണിത്.
1969ലും 1980ലും ബാങ്ക്​ ദേശസാത്​കരണം സാമ്പത്തിക രംഗത്തെ ഏറ്റവും വിപ്ലവകരമായ നടപടിയായി ഇന്ത്യയിലെ ജനങ്ങൾ സ്വീകരിച്ചതാണ്. സമ്പന്നരുടെ സങ്കുചിത വർഗതാൽപര്യം പരിരക്ഷിക്കുന്ന ഉപശാലകളായി പ്രവർത്തിച്ചിരുന്ന സ്വകാര്യബാങ്കുകൾ സമൂഹത്തിലെ താഴെക്കിടയിലുള്ള എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാപ്യമാകുന്ന വിധത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള ധനകാര്യസ്​ഥാപനങ്ങളായി മാറുന്നതായാണ് തുടർന്നിങ്ങോട്ട് അനുഭവപ്പെട്ടത്. എന്നാൽ, ക്രമേണ ദീർഘവീക്ഷണമില്ലാത്ത ഇടപെടലുകളും കാര്യക്ഷമതയില്ലായ്മയും മറ്റും സാമ്പത്തികമായി പരിസ്​ഥിതിലോലമെന്ന് പറയാവുന്ന ബാങ്കിങ്​ മേഖലയെ ഇന്നത്തെ പരിതാപകരമായ അവസ്​ഥയിലെത്തിച്ചിരിക്കുന്നു.

പ്രതിസന്ധിയുടെ സൂചനകൾ
പൊതുമേഖല ബാങ്കിങ്​ വ്യവസായം ഏതാനും വർഷങ്ങളായി പ്രതിസന്ധിയുടെ സൂചനകൾ നൽകിക്കൊണ്ടിരുന്നതായി കാണാം. യഥാർഥത്തിൽ ബാങ്കുകളുടെ പ്രവർത്തനം കേവലം ഒറ്റ മേൽക്കൂരക്ക്​കീഴിൽ നടക്കുന്നതല്ല. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി ബ്രാഞ്ച് ഓഫിസുകളുടെ പ്രവർത്തനങ്ങളുടെ േക്രാഡീകരണമാണ് ഓരോ ബാങ്കി​​െൻറയും മൊത്തത്തിലുള്ള പ്രവർത്തന ഫലം. അങ്ങനെയാവുമ്പോൾ വ്യത്യസ്​ത പ്രദേശങ്ങളിലുള്ള ബ്രാഞ്ച് ഓഫിസുകളുടെ പ്രവർത്തനം സംബന്ധിച്ച് കൃത്യനിർവഹണം, വിലയിരുത്തൽ, പരിശോധന, നിരീക്ഷണം, തിരുത്തൽ തുടങ്ങിയ കാര്യങ്ങൾ അതതു ബാങ്കുകളിൽ യഥാസമയം കാര്യക്ഷമമായി നടക്കേണ്ടതുണ്ട്. മിക്ക ബാങ്കുകളിലും ഇതുസംബന്ധിച്ച് ത്രിതല സംവിധാനങ്ങളുണ്ട്. കൂടാതെ കേന്ദ്ര ധനവകുപ്പി​​െൻറ കീഴിലുള്ള സാമ്പത്തിക സേവന വിഭാഗത്തി​​െൻറയും റിസർവ്​ ബാങ്കി​​െൻറയും മറ്റും വ്യവസ്​ഥാപിതമായ മേൽനോട്ട സംവിധാനങ്ങളും നിലവിലുണ്ട്. ഇതൊന്നും വേണ്ടത്ര ഫലപ്രദമാകുന്നില്ലെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ തെളിയിച്ചുകൊണ്ടിരിക്കുന്നത്.

പൊതുമേഖല ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിന് കേന്ദ്രത്തിലെ രണ്ടാം യു.പി.എ സർക്കാർ  ‘ഇന്ദ്രധനുഷ്’ പദ്ധതി പ്രഖ്യാപിക്കുകയും അതുപ്രകാരം മിക്ക ബാങ്കുകൾക്കും മൂലധന പിന്തുണയുൾപ്പെടെയുള്ള സഹായങ്ങൾ നൽകിത്തുടങ്ങുകയും ചെയ്തിരുന്നു. അതിനുപുറമെ പൊതുമേഖല ബാങ്കുകളെ സംയോജിപ്പിക്കുകയും പുനഃക്രമീകരിക്കുകയും ചെയ്യാനുള്ള നിർദേശങ്ങളും സജീവമായി. ഇന്നത്തെ സർക്കാർ അധികാരത്തിൽ വന്നശേഷം പൊതുമേഖല ബാങ്കുകളുടെ ഭരണനിർവഹണം കാര്യക്ഷമമാക്കുന്നതിന് മുൻ സി.എ.ജി വിനോദ് റായി ചെയർമാനായി ബാങ്ക് ബോർഡ് ബ്യൂറോ രൂപവത്​കരിച്ചു. കേന്ദ്ര ധനവകുപ്പിലെ സെക്രട്ടറി, പബ്ലിക് എൻറർപ്രൈസ്​​ ഡിപ്പാർട്​മ​​െൻറ്​ സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്​ഥർ ഈ ബോർഡ്​അംഗങ്ങളാണ്. നിർഭാഗ്യവശാൽ ഏതാനും ചില ബാങ്ക് മേധാവികളെയും ഉപമേധാവികളെയും നിയമിക്കുന്നതിനുള്ള നടപടി നിർദേശങ്ങൾ നടത്താനല്ലാതെ ഈ സംവിധാനത്തിന്നും പ്രത്യേകിച്ചൊന്നും ചെയ്യാൻ കഴിഞ്ഞില്ല. 

നിഷ്​​്ക്രിയ ആസ്​തി
പൊതുമേഖല ബാങ്കുകളുടെ പ്രവർത്തനം തുടർന്നും അപകടത്തിലേക്കുതന്നെയാണ് നീങ്ങിക്കൊണ്ടിരുന്നത്. മിക്ക ബാങ്കുകളിലും നിഷ്ക്രിയ ആസ്​തികളുടെ ഭീമമായ വർധനയും പ്രവർത്തന നഷ്​ടങ്ങളും തുടർക്കഥയാവുന്നു. ചെറുതും വലുതുമായ ഒട്ടേറെ ക്രമക്കേടുകളുടെ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. കാട്ടിലെ മരം തേവരുടെ ആന എന്ന മട്ടിൽ പ്രതിബദ്ധതയില്ലായ്മയുടെ ഒരു മേഖലയായി ഇത് മാറിക്കൊണ്ടിരിക്കുന്നു. ഇന്ന് പകുതിയോളം പൊതുമേഖല ബാങ്കുകൾ റിസർവ്​ ബാങ്കി​​െൻറ ഫിനാൻഷ്യൻ സർവിസ്​ ഡിപ്പാർട്​മ​​െൻറ്​ എന്ന കർശന നിയന്ത്രണത്തി​​െൻറയും നിരീക്ഷണത്തി​​​െൻറയും കീഴിലായിരിക്കുന്നു. അന്തർദേശീയമായി മത്സരക്ഷമമാക്കുന്നതിനുവേണ്ടിയാണ് നമ്മുടെ പൊതുമേഖല ബാങ്കുകളെ സംയോജിപ്പിച്ച് അഞ്ച് വൻകിട ബാങ്കുകളാക്കി മാറ്റാനുള്ള നിർദേശം പരിഗണിക്കപ്പെട്ടിരുന്നത്. അസോസിയറ്റ് ബാങ്കുകളും ഭാരതീയ മഹിള ബാങ്കും സ്​റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിച്ചപ്പോൾ മറ്റു ബാങ്കുകളുടെ സംയോജനവും വൈകാതെ ഉണ്ടാകുമെന്ന് കേട്ടിരുന്നതാണ്. എന്നാൽ, പരസ്​പരവിരുദ്ധവും അവ്യക്തവുമായ നിലയിലാണ് പിന്നീട് ഈ വിഷയത്തിൽ കേന്ദ്ര ധനമന്ത്രിയും റിസർവ്​ ബാങ്ക് അധികൃതരും മറ്റും സംസാരിച്ചുകൊണ്ടിരുന്നത്.

ബാങ്കുകളുടെ സംയോജനം
കേന്ദ്ര സർക്കാർ പൊതുമേഖല ബാങ്കുകളുടെ സംയോജനത്തെ തത്ത്വത്തിൽ അംഗീകരിച്ചതായും അതു സംബന്ധിച്ച നിർദേശങ്ങൾ അതത് ബാങ്ക് ബോർഡുകളിൽനിന്നുണ്ടാവണമെന്നും കേന്ദ്ര ധനമന്ത്രി പല വേദികളിലും സൂചിപ്പിക്കുകയുണ്ടായി. അധികം വൈകാതെ ഈ വിഷയത്തിൽ യുക്ത നടപടി സ്വീകരിക്കാൻ നിതിആയോഗിനെ ചുമതലപ്പെടുത്തിയതായി വാർത്തകൾ വന്നു. അവരുടെ ദൗത്യം എന്താ​െയന്ന്​ അറിയുന്നതിനുമുമ്പ് കേന്ദ്ര സർക്കാർ ഇതേ ആവശ്യത്തിലേക്ക് ധനമന്ത്രി അരുൺ ​െജയ്റ്റ്​ലിയുടെ നേതൃത്വത്തിൽ പ്രതിരോധമന്ത്രി നിർമല സീതാരാമൻ, റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ എന്നിവർ അംഗങ്ങളായി ബദൽ സംവിധാനം പ്രഖ്യാപിച്ചു. മാസങ്ങൾ കഴിഞ്ഞിരിക്കുന്നു, ഈ സംവിധാനവും ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. ഭാവിയെ സംബന്ധിച്ച ഈ അവ്യക്തതയും അനിശ്ചിതത്വവും ആശയക്കുഴപ്പവും പൊതുമേഖല ബാങ്കുകളുടെ പ്രവർത്തനത്തെ വലിയൊരളവോളം ബാധിക്കുകയാണ്​. 

പശ്ചാത്തല സൗകര്യങ്ങളും ശാസ്​ത്രസാങ്കേതിക വിദ്യയും മറ്റും ഇന്നത്തെ കാലഘട്ടത്തിൽ ബാങ്കിങ്​ മേഖലയിലെ സുപ്രധാന ഘടകങ്ങളാണെങ്കിലും മനുഷ്യശേഷി വിനിയോഗംതന്നെയാണ് എല്ലാറ്റിനെയും ആത്യന്തികമായി നിയന്ത്രിക്കുന്നത്. 1985^95 കാലഘട്ടങ്ങളിൽ പൊതുമേഖല ബാങ്കുകളിൽ നിയമനങ്ങൾ തീരെ കുറവായിരുന്നു. അതിനു മുൻകാലഘട്ടങ്ങളിൽ നിയമിക്കപ്പെട്ടവരിൽ ഭൂരിഭാഗവും കഴിഞ്ഞ ഏതാനും വർഷങ്ങളായി കൂടുതലായി റിട്ടയർ ചെയ്ത് പൊയ്​ക്കൊണ്ടിരുന്നു. അറിവും അനുഭവ സമ്പത്തുമുള്ള മുതിർന്ന ജീവനക്കാരുടെയും ഓഫിസർമാരുടെയും പെട്ടെന്നുള്ള, കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക് ഉണ്ടാക്കിയ വിടവുനികത്തുന്നതിന്​ മിക്ക ബാങ്കുകളിലും വൻതോതിൽ പുതിയ നിയമനങ്ങളും സ്​ഥാനക്കയറ്റങ്ങളും നടന്നുവരുകയുമായിരുന്നു. എന്നാൽ, അതോടൊപ്പം ഗുണപരമായ ഒരു തൊഴിൽ സംസ്​കാരം അവിടെ രൂപപ്പെട്ടില്ല. മാത്രമല്ല, അങ്ങനെ വന്നവർക്ക് തൊഴിൽപരമായി വേണ്ടത്ര പരിജ്ഞാനവും പക്വതയും ഇ​െല്ലന്നത് ദൈനംദിന പ്രക്രിയയായ ബാങ്കിങ്​ സേവനത്തെ വല്ലാതെ ബാധിച്ചിട്ടുണ്ടെന്നത് സത്യമാണ്. അതതു ബാങ്ക് അധികൃതർക്കും ഓംബുഡ്സ്​മാൻ, കൺസ്യൂമർ കോടതികൾ, റിസർവ്​ ബാങ്ക്, സർക്കാർ തുടങ്ങിയ മറ്റു ഘടകങ്ങൾക്കും പൊതുമേഖല ബാങ്ക് ഇടപാടുകാരിൽനിന്നും പൊതുജനങ്ങളിൽനിന്നും ലഭിക്കുന്ന പരാതികളുടെ ബാഹുല്യം ഈ സത്യത്തെ സാക്ഷ്യപ്പെടുത്തുന്നു. 

പോംവഴികൾ
ബാങ്കിങ്​ വ്യവസായത്തെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ സത്വര നടപടികൾ സ്വീകരിച്ചേ മതിയാകൂ. ധനകാര്യ വകുപ്പിലെ ഫിനാൻഷ്യൽ സർവിസ്​ ഡിപ്പാർട്​​മ​​െൻറ്​ റിസർവ്​ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്സ്​ അസോസിയേഷൻ, ബാങ്ക് ബോർഡ് ബ്യൂറോ, നിതി ആയോഗ്, ആൾട്ടർനേറ്റിവ് മെക്കാനിസം തുടങ്ങിയ വിവിധ സംവിധാനങ്ങൾ വിവിധ ദിശകളിലേക്ക് നീങ്ങുന്ന ദുരവസ്​ഥ ഒഴിവാക്കണം. സുശക്തമായ പൊതുമേഖല ബാങ്കിങ്​ ഉറപ്പുവരുത്തുന്നതിന്​ ഫലപ്രദമായ ഏകോപനമുണ്ടാകണം. കേന്ദ്ര ബജറ്റിൽ പൊതുമേഖല ഇൻഷുറൻസ്​ കമ്പനികളുടെ ലയനം സർക്കാർ പ്രഖ്യാപിച്ചു. ഏറെക്കാലം ചർച്ചചെയ്യപ്പെട്ട പൊതുമേഖല ബാങ്കുകളുടെ ലയനം സംബന്ധിച്ച പരാമർശങ്ങളൊന്നും ഉണ്ടായില്ലതാനും. ബാങ്കുകളുടെ ലയനം അനിവാര്യമാണെങ്കിൽ അങ്ങനെയൊരു നിർദേശം മുന്നോട്ടുവെച്ച സ്​ഥിതിക്ക്​ ഒന്നുകിൽ അത് യുദ്ധകാലാടിസ്​ഥാനത്തിൽ നടപ്പാക്കണം. അല്ലെങ്കിൽ, അങ്ങനെയൊരു കാര്യം പരിഗണിക്കുന്നില്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ച് അതതു ബാങ്കുകൾക്ക് സ്വതന്ത്രമായി പ്രവർത്തിച്ച് ശക്തിപ്പെടാനുള്ള കർശന നിർദേശങ്ങൾ നൽകുകയാണ് വേണ്ടത്. കാര്യപ്രാപ്തിയുള്ളവരെ അംഗീകരിക്കാനും കുറ്റക്കാരെ ശിക്ഷിക്കാനുമുള്ള    ക്വിക്​ റിവാർഡ്​ ആൻഡ്​ പണിഷ്​മ​​െൻറ്​ സംവിധാനം ഏർപ്പെടുത്തുന്നത് പൊതുമേഖല ബാങ്കിങ്​ രംഗത്തെ വ്യക്തിഗത സേവനങ്ങൾക്കും മികവിനും േപ്രാത്സാഹനമായിത്തീരും. പൊതുമേഖല ബാങ്കുകളിലെയും സ്വകാര്യ^പുതുതലമുറ ബാങ്കുകളിലെയും വ്യത്യസ്​ത തൊഴിൽ സംസ്​കാരങ്ങൾ ഈ ആവശ്യകതയിലേക്ക് വിരൽചൂണ്ടുന്നു. ഒരേ തലമുറയിൽപെട്ടവർ വ്യത്യസ്​ത മേഖലകളിൽ പ്രവർത്തിക്കുമ്പോൾ തീർത്തും വിപരീതമായ സമീപനങ്ങൾ സ്വീകരിക്കുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കപ്പെടേണ്ടതാണ്.

പൊതുമേഖല ബാങ്കുകൾ രാജ്യത്തി​​െൻറ സ്വത്താണെന്ന് മനസ്സിലാക്കി ജനങ്ങളും സഹകരിക്കുകയാണെങ്കിൽ ലോകത്തിന്​ ആകെ മാതൃകയാകുന്നവിധം സുശക്തമായ ബാങ്കിങ്​ സംവിധാനം തുടർന്നും നമ്മുടെ രാജ്യത്ത് നിലനിൽക്കും. അമേരിക്കയടക്കമുള്ള വിദേശരാജ്യങ്ങളിൽപോലും വൻകിട ബാങ്കുകൾ തകർന്നടിഞ്ഞപ്പോൾ ഇന്ത്യയിൽ ബാങ്കിങ്​ സ്​ഥാപനങ്ങൾ ഭദ്രമായി നിലനിന്നുപോന്നത് ഈ വ്യവസായത്തിൽ പൊതുമേഖലയുടെ ശക്തമായ സ്വാധീനം മൂലമാണെന്ന  തിരിച്ചറിവ്, അതിനെ നാശത്തിൽനിന്ന്​ രക്ഷിക്കാനുള്ള യോജിച്ച പ്രവർത്തനങ്ങൾക്ക് േപ്രരണയായിരിക്കട്ടെ.
(സിൻഡിക്കേറ്റ്​ ബാങ്ക്​ റിട്ട. ചീഫ്​ മാനേജറാണ്​ ലേഖകൻ)

Tags:    
News Summary - Crysis of Public Sector Banks in India -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.