മുൻ എൽ.ഡി.എഫ് സർക്കാറിെൻറ നാലു മിഷനുകളിൽ ഒന്നായിരുന്നു പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. കിഫ്ബി സഹായത്തോടെ ഒരു മണ്ഡലത്തിൽ ഒന്നു വീതം 141 സ്കൂളുകളിൽ അഞ്ചു കോടി ചെലവുവരുന്ന കെട്ടിടങ്ങൾ നിർമിക്കാൻ ആയിരുന്നു പദ്ധതി. ഇതിൽ 111 കെട്ടിടങ്ങളുടെ നിർമാണ ഉദ്ഘാടനം കഴിഞ്ഞു. 386 സ്കൂളുകളിൽ മൂന്നു കോടി ചെലവിട്ടു കെട്ടിടം നിർമിക്കുന്ന പദ്ധതിയിൽ എൺപതിലധികം കെട്ടിടങ്ങളുടെ നിർമാണ ഉദ്ഘാടനം കഴിഞ്ഞു.
446 സ്കൂളുകളിൽ ഒരു കോടിയിൽപരം രൂപ ചെലവിട്ടുള്ള കെട്ടിടങ്ങൾ ആണ് വേണ്ടത്. ഇവയുടെ നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിവിധ ഘട്ടങ്ങളിലാണ്. 100 ലക്ഷം ചതുരശ്ര അടി സ്കൂൾ കെട്ടിടങ്ങൾ പുതുക്കിപ്പണിയും എന്നാണ് എൽ.ഡി.എഫ് പ്രകടനപത്രികയിൽ പറഞ്ഞിട്ടുള്ളത്. പുതിയ കെട്ടിടങ്ങൾക്ക് ആവശ്യമായ പുതിയ ഫർണിച്ചറുകൾ ഒരുക്കും. പഴയ ഫർണിച്ചറുകൾ പുനരുപയോഗിക്കുകയും ചെയ്യും. ബജറ്റ് പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി കെട്ടിട സൗകര്യ പരിമിതികളുള്ള സ്കൂളുകളെ കണ്ടെത്തി മെച്ചപ്പെടുത്തും.
ജ്ഞാന സമൂഹം എന്നതും പ്രാദേശിക സമ്പദ്ഘടന ശക്തിപ്പെടുത്തുക എന്നതും സാമൂഹികമായി അംഗീകരിക്കപ്പെട്ടതാണ്. ഇതിന് അനുസൃതമായ രീതിയിൽ സ്കൂൾ വിദ്യാഭ്യാസത്തിെൻറ ഉള്ളടക്കത്തിലും പഠനബോധന പ്രവർത്തനങ്ങളിലും മാറ്റം അനിവാര്യമാണ്. 2013ലാണ് ഏറ്റവും അവസാനമായി പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പരിഷ്കരിച്ചത്. ഇതിനുശേഷം വൈജ്ഞാനിക മേഖലയിലും പഠനബോധന പ്രവർത്തനങ്ങളിലും സാങ്കേതികവിദ്യാരംഗത്തു വന്ന മാറ്റങ്ങളും അടക്കമുള്ളവ ചേർത്തുകൊണ്ട് എല്ലാം പരിഗണിച്ച് പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കേണ്ടതുണ്ട്.
കോവിഡ്-19 രണ്ടാം തരംഗത്തോടെ പ്രതിസന്ധി രൂക്ഷമായതിനാൽ കഴിഞ്ഞവർഷം നടപ്പാക്കിയ ഡിജിറ്റൽ ക്ലാസ് രീതി തന്നെ വിദ്യാഭ്യാസ വർഷാരംഭത്തിൽ ആശ്രയിക്കേണ്ടിവന്നു. ഇക്കുറി അധ്യാപകർക്കും വിദ്യാർഥികൾക്കും ഓൺലൈനിലൂടെ ആണെങ്കിലും പരസ്പരം ആശയ വിനിമയം നടത്താൻ സാഹചര്യം ഒരുക്കും.
കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള ഓൺലൈൻ ക്ലാസുകളോടൊപ്പം അതത് വിദ്യാലയങ്ങളിലെ അധ്യാപകർ നയിക്കുന്ന ഓൺലൈൻ ക്ലാസുകൾ കൂടി സംഘടിപ്പിക്കും. വെർച്വൽ- ഓഗ്മെൻറഡ് റിയാലിറ്റി സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷത്തിൽ പഠനം സാധ്യമാക്കുന്ന രീതിയിൽ ഒരു പൊതു ഓൺലൈൻ അധ്യയന സംവിധാനം സൃഷ്ടിക്കും. ഇതിനായി 10 കോടി രൂപ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.
ആനന്ദകരമായ സ്കൂൾ അന്തരീക്ഷത്തിൽനിന്ന് വീട്ടിലെ നാലുചുമരുകൾക്കുള്ളിലേക്ക് ചുരുക്കപ്പെട്ട കുട്ടികളുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി വിവിധ കർമപരിപാടികൾ നടപ്പാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുവെന്ന് സംസ്ഥാന ബജറ്റ് വ്യക്തമാക്കുന്നുണ്ട് . വിശദപഠനം നടത്തുന്നതിനായി വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക വിദഗ്ധരടങ്ങുന്ന സമിതിയെ നിയോഗിക്കും.
കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ഉത്കണ്ഠയും വിവിധ മാനസിക, ആരോഗ്യപ്രശ്നങ്ങളും ദൂരീകരിക്കാൻ ടെലി-ഓൺലൈൻ സംവിധാനങ്ങളിലൂടെ കൗൺസലിങ് നൽകുന്നതിന് ഒരു സ്ഥിരം സംവിധാനം ആരംഭിക്കും.
സർഗവാസന പരിപോഷിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും കല-കരകൗശല സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനും വിക്ടേഴ്സ് ചാനൽ വഴി അവസരമൊരുക്കും. കുട്ടികളുടെ ശാരീരിക ആരോഗ്യവും പ്രതിരോധശേഷിയും കായികക്ഷമതയും വർധിപ്പിക്കുന്നതിന് യോഗ അടക്കമുള്ള വ്യായാമമുറകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രത്യേക ഫിസിക്കൽ എജുക്കേഷൻ സെഷനുകൾ വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യും.
കുട്ടികളുടെ സഹജശീലമാണ് കൂട്ടംകൂടി കളിക്കുക എന്നതും കൂട്ടുകാരുമായി സല്ലപിക്കുക എന്നതും. കോവിഡ് -19 കാലത്ത് രോഗവാഹകർ മനുഷ്യർ തന്നെ ആയതിനാൽ കൂട്ടംകൂടാൻ കഴിയുന്നില്ല. ഇതുണ്ടാക്കുന്ന വൈകാരിക -മാനസിക- ബൗദ്ധിക പ്രശ്നങ്ങളെ എങ്ങനെ അഭിമുഖീകരിക്കണം എന്ന് ലോകം മുഴുവൻ തന്നെ ആലോചിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികളെ കർമനിരതരാക്കാനും പഠന വഴിയിൽ നിലനിർത്താനും സഹായകമാകുന്ന വിധം ക്ലാസുകളും തുടർന്ന് അധ്യാപകരുടെ പിന്തുണയും ആണ് ഡിജിറ്റൽ മാധ്യമങ്ങളിലൂടെ നാം ഉറപ്പുവരുത്തിയത്. ഇതിനു വലിയ സാമൂഹിക അംഗീകാരം ആണ് കിട്ടിയത്.
പാഠ്യപദ്ധതി പരിഷ്കരണത്തോടനുബന്ധിച്ച് മൂല്യനിർണയ രൂപങ്ങളിലും വരുത്തേണ്ട മാറ്റത്തിനുള്ള ചിന്തകളും അതിനുവേണ്ട ഉപാധികളും വികസിപ്പിക്കുന്നതിനെ കുറിച്ച് ആലോചന നടക്കുകയാണ്.
എല്ലാ വശങ്ങളും പരിശോധിച്ച് മുന്നോട്ടുകൊണ്ടുപോകാൻ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്.
കേന്ദ്ര വിദ്യാഭ്യാസ നയത്തെ കുറിച്ച് സംസ്ഥാനത്തിനുള്ള ആശങ്കകൾ കേന്ദ്ര സർക്കാറിനെ പ്രസ്തുത ഘട്ടത്തിൽ തന്നെ അറിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ നയം എങ്ങനെ നടപ്പാക്കും എന്നതു സംബന്ധിച്ച് ആക്ഷൻ പ്ലാൻ കേന്ദ്രം ഈ അടുത്തകാലത്താണ് പുറത്തിറക്കിയിട്ടുള്ളത്. വിശദ ആലോചനയും ചർച്ചയും വേണ്ട വിഷയമാണ്. അതിനുശേഷമേ നടപടികൾ തീരുമാനിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.