കടക്കെണിയും സാമ്പത്തിക കൊളോണിയലിസവും

ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളും പണപ്പെരുപ്പം, വിലക്കയറ്റം, തൊഴിലില്ലായ്മ, ഉല്പാദനമാന്ദ്യം തുടങ്ങി വിവിധ കാരണങ്ങളാൽ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഏകദേശം മൂന്നുവർഷത്തോളം ലോകത്തെ പിടിച്ചുലച്ച കോവിഡ് മഹാമാരി, റഷ്യ-യുക്രയ്ൻ യുദ്ധം തുടങ്ങി ചില സാങ്കേതിക കാരണങ്ങൾ പറയാനാവുമെങ്കിലും ഇന്നത്തെ പ്രതിസന്ധികളിലേക്കുനയിച്ച സാഹചര്യങ്ങൾ കുറെ ദശാബ്ദങ്ങളായി ഉരുത്തിരിഞ്ഞുവരുന്നതാണെന്ന് മനസ്സിലാക്കാൻ കഴിയും. പൊതുകടത്തിലും ചൂഷണത്തിലും അധിഷ്ഠിതമായ വിവിധ സാമ്പത്തിക വ്യവസ്ഥകളുടെ പരാജയത്തിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.

അന്തർദേശീയ നാണ്യനിധിയുടെ (IMF) കണക്കനുസരിച്ച് ഇന്ന് ലോകത്തെ 60 ശതമാനം രാജ്യങ്ങളും കടക്കെണിയിലാണ്. അതിൽ വികസ്വര രാജ്യമെന്നോ വികസിത രാജ്യമെന്നോ വ്യത്യാസമില്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾ വ്യവസായ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനുമായി മറ്റുരാജ്യങ്ങളിൽ നിന്നോ അന്തർദേശീയ സാമ്പത്തിക സ്ഥാപനങ്ങളിൽനിന്നോ വായ്പയെടുക്കുന്നു. സമ്പന്ന രാജ്യങ്ങൾ ആർഭാടത്തിനും കൂടുതൽ സമ്പന്നതക്കുംവേണ്ടി കടമെടുക്കുന്നു.

പക്ഷേ, ദരിദ്രരാജ്യങ്ങൾ മാത്രമാണ് കടക്കെണിയിൽ അകപ്പെടുന്നത്. ശ്രീലങ്ക, പാകിസ്താൻ, ബംഗ്ലാദേശ്, മ്യാന്മർ, തായ്‍ലൻഡ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങൾ, മധ്യാഫ്രിക്കൻ രാജ്യങ്ങൾ, ബ്രസീൽ, അർജന്റീന, പെറു, ചിലി, നികരാഗ്വ തുടങ്ങിയ ലാറ്റിനമേരിക്കൻ രാജ്യങ്ങൾ, ഇറ്റലി, ഗ്രീസ്, മറ്റു കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളെല്ലാം ഇന്ന് കടക്കെണിയിലാണ്. അമേരിക്ക, ചൈന, ജപ്പാൻ, ബ്രിട്ടൺ, ഫ്രാൻസ് തുടങ്ങിയ സമ്പന്നരാജ്യങ്ങളും ധാരാളമായി വായ്പ സ്വീകരിക്കുന്നുണ്ടെങ്കിലും കടബാധ്യതയുടെ സമ്മർദത്തിലല്ല. ഇതിനുകാരണം സമ്പന്നരാജ്യങ്ങളുടേത് അധികവും രാജ്യത്തെ ജനങ്ങളിൽനിന്നോ സാമ്പത്തിക സ്ഥാപനങ്ങളിൽനിന്നോ വിവിധ സാമൂഹിക സുരക്ഷ ഫണ്ടുകളിൽ നിന്നോ സ്വരൂപിക്കുന്ന ആഭ്യന്തര കടങ്ങൾ ആയിരിക്കും.

മറിച്ച്, വികസ്വര രാജ്യങ്ങളുടേത് അധികവും വിദേശരാജ്യങ്ങളിൽനിന്നോ അന്താരാഷ്ട്ര നാണ്യനിധി, ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്, ലോകബാങ്ക്, മറ്റ് അന്തർദേശീയ പണമിടപാട് സ്ഥാപനങ്ങൾ തുടങ്ങിയവയിൽനിന്ന് സ്വീകരിക്കുന്ന വായ്പകളാണ്. ഇത്തരം വായ്പകൾക്ക് വർഷാവർഷം കൃത്യമായ മുതലും പലിശയും അടച്ചുതീർക്കേണ്ട ബാധ്യത കടം വാങ്ങുന്ന രാജ്യങ്ങൾക്കുണ്ട്. അതിനാൽത്തന്നെ വിദേശകടം രാഷ്ട്രത്തിന്റെ സാമ്പത്തിക വളർച്ചയെ ബാധിക്കുകയും സാമ്പത്തിക സമ്മർദത്തെ വർധിപ്പിക്കുകയും ചെയ്യുന്നു.

വാങ്ങിയ വായ്പയും പലിശയും അടക്കാൻ നിവൃത്തിയില്ലാതെ വരുമ്പോൾ പുതിയകടം എടുക്കേണ്ടി വരുന്നു. ഈ രാജ്യങ്ങൾ വാങ്ങുന്ന വിദേശകടത്തിന്റെ നല്ലൊരുപങ്ക് നടപടിക്രമങ്ങൾക്കിടയിൽ ചോരണം സംഭവിച്ച് വിവിധ വ്യക്തികളുടെ കൈയിൽ എത്തപ്പെടുന്നു. ഇങ്ങനെ കണക്കിൽപെടുത്താൻ കഴിയാത്ത രീതിയിൽ ലഭിക്കുന്ന പണം മിക്കവാറും കടം അനുവദിച്ച രാജ്യങ്ങളിൽത്തന്നെ സ്വകാര്യ നിക്ഷേപങ്ങളായി കുറഞ്ഞ പലിശക്ക് നിക്ഷേപിക്കപ്പെടുന്നു. രാജ്യത്തെ ജനങ്ങളുടെ നികുതി ഉപയോഗിച്ച് തിരിച്ചടക്കുകയും വേണം. ഇന്ന് വികസിത രാജ്യങ്ങളും അവിടങ്ങളിലെ സാമ്പത്തിക സ്ഥാപനങ്ങളും വികസ്വര രാജ്യങ്ങൾക്കു വായ്പ നൽകാൻ തയാറാണ്.

ഉപാധികളും പലിശനിരക്കും കൂടുമെന്നു മാത്രം. വിവിധ രാജ്യങ്ങളിൽ കച്ചവടക്കാരായിച്ചെന്ന് ഭരണാധികാരമുറപ്പിച്ച് ആ രാജ്യങ്ങളെ കോളനികളാക്കുകയും അവിടത്തെ വിഭവങ്ങൾ പരമാവധി ചൂഷണംചെയ്യുകയുമായിരുന്നു പോയ നൂറ്റാണ്ടിലെ രീതിയെങ്കിൽ കടംകൊടുത്തു വരുതിയിലാക്കുകയും അതുവഴി ആ രാജ്യങ്ങളുടെ ഭൂമിയും പ്രകൃതിവിഭവങ്ങളും പരമാവധി കൈക്കലാക്കുകയുമാണ് നിലവിലെ സമ്പ്രദായം. ഇതൊരു നൂതന സാമ്പത്തിക കൊളോണിയലിസത്തിലേക്കുള്ള വഴിത്തിരിവാണ്.

ഇന്ന് വികസ്വര രാജ്യങ്ങൾക്ക് ഇത്തരം സാമ്പത്തിക സ്ഥാപനങ്ങളും വികസിത രാജ്യങ്ങളും കടംകൊടുക്കുന്നത് സുന്ദരമോഹന വാഗ്ദാനങ്ങൾ നൽകിയാണ്. ലോകോത്തര നിലവാരമുള്ള തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഹൈസ്പീഡ് റെയിൽവേകൾ, അതിവേഗ പാതകൾ തുടങ്ങിയ പദ്ധതികൾക്കാണ് ഭീമമായ തുക വായ്പ നൽകുന്നത്. സാധാരണ ജനങ്ങൾക്കുവേണ്ട വിദ്യാഭ്യാസ സൗകര്യം, റോഡുകൾ, ആതുരാലയങ്ങൾ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളില്ലാത്ത രാജ്യങ്ങളിലാണ് ഇത്തരം വമ്പൻ പദ്ധതികളുടെ ഓഫറുമായി ഇവർ എത്തുന്നത്.

എന്തിനധികം, ഈ രാജ്യങ്ങളിൽ ദശലക്ഷക്കണക്കിനു ജനങ്ങൾ പട്ടിണിയിലുമായിരിക്കും. പല വികസിത രാജ്യങ്ങളും വമ്പൻ പദ്ധതികൾക്ക് വായ്പ അനുവദിക്കുന്നതിനൊപ്പം സാങ്കേതികവിദ്യ, യന്ത്രസാമഗ്രികൾ, കൺസൾട്ടൻസി തുടങ്ങിയ പലതും ഈ രാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്നു. അനുവദിക്കുന്ന വായ്പയുടെ വലിയൊരു വിഹിതം ഇങ്ങനെ വായ്പ അനുവദിക്കുന്ന രാജ്യത്തേക്കുതന്നെ തിരിച്ചെത്തുന്നു. അതോടൊപ്പം ആയുധങ്ങൾ, സാങ്കേതിക സഹായം, പരിശീലനം തുടങ്ങിയ പലതും വൻ തുകയുടെ കരാറുകൾ മുഖേന സ്വീകരിക്കാൻ വികസ്വര രാജ്യങ്ങൾ നിർബന്ധിതരാകുന്നു.

ലോകരാജ്യങ്ങൾ കടക്കെണിയിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ അടിയന്തരമായ രക്ഷാനടപടികൾ സ്വീകരിച്ചേ മതിയാകൂ. വികസിത-വികസ്വര വ്യത്യാസമില്ലാതെ എല്ലാ രാജ്യങ്ങളും സാമ്പത്തിക അച്ചടക്കം നിർബന്ധിതമായും പാലിക്കണം. വായ്പ വാങ്ങുന്നത് കൃത്യമായ പഠനം നടത്തിയും ആഭ്യന്തര ഉല്പാദന വർധനവിനും വികസനത്തിനും ഉപയുക്തമാണെന്ന് ഉറപ്പുവരുത്തിയുമാകണം. വിദേശകടത്തേക്കാൾ കൂടുതൽ ആഭ്യന്തര വായ്പകളെ ആശ്രയിക്കണം. അമിതവ്യയവും ധൂർത്തും ഒഴിവാക്കുകയും വേണം. ഇത്തരം നടപടികൾവഴി ഒരുപരിധിവരെ സാമ്പത്തിക അച്ചടക്കം പാലിക്കാൻ കഴിയും.

അന്തർദേശീയ സാമ്പത്തിക സ്ഥാപനങ്ങളും വികസിത രാജ്യങ്ങളും സമയോചിതമായി ഇടപെട്ട് വായ്പാ ക്രമീകരണങ്ങൾ നടത്തിയില്ലെങ്കിൽ പല വികസ്വര രാജ്യങ്ങൾക്കും ശ്രീലങ്കയുടെ ദുർഗതി വന്നേക്കാം. വർധിച്ചുവരുന്ന പൊതുകടം വരുംതലമുറക്കും വലിയ ഭീഷണിയും ബാധ്യതയുമായി മാറിയേക്കും. ലോകത്ത് ഇന്ന് നിലനിൽക്കുന്ന എല്ലാ സാമ്പത്തിക വ്യവസ്ഥകളിലും സമ്പത്തിന്റെ ഒഴുക്ക് പാവപ്പെട്ടവരിൽനിന്ന് സമ്പന്നരിലേക്കാണ്.

അത്തരമൊരു ലോകക്രമത്തിൽ ശാന്തി, സമാധാനം, സന്തോഷം, സംതൃപ്തി എന്നിവയെല്ലാം ഒരു വലിയ ജനവിഭാഗത്തിന് അന്യമായിരിക്കും. പലിശക്ക് മേൽക്കോയ്മയില്ലാത്ത, സാമൂഹിക നീതിയിലും നിയമവ്യവസ്ഥയിലും അധിഷ്ഠിതമായ, ചൂഷണരഹിതമായ സാമ്പത്തികക്രമമാണ് ലോകത്തിനാവശ്യം. അതിൽ സമ്പത്തിന്റെ ഒഴുക്ക് സമ്പന്നരിൽനിന്ന് പാവപ്പെട്ടവരിലേക്കായിരിക്കണം. അന്നു മാത്രമേ ലോകത്തെ എല്ലാ രാജ്യങ്ങൾക്കും എല്ലാ ജനവിഭാഗങ്ങൾക്കും വികസനവും മാന്യമായ ജീവിതവും ഉറപ്പാക്കാൻ സാധിക്കൂ.

Tags:    
News Summary - Debt crisis and economic colonialism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.