മലയാളിക്ക് എന്നും ഇഷ്ടപ്പെട്ട ഇടമാണ് ഡൽഹി. കൊൽക്കത്തയും മുംബൈയും പോലൊരു ഗൃഹാതുരത്വമാണ്. തൊഴിൽ തേടി തീവണ്ടി പിടിച്ചവർ വിയർപ്പാറ്റി പുതിയ ജീവിതം നട്ടുപിടിപ്പിച്ച നാടുകൾ. അവിടങ്ങളിലുള്ളവർക്ക് മലയാളിയെക്കുറിച്ചും ഒരുപാട് പറയാനുണ്ട്. തീവണ്ടിയും പത്തേമാരിയും പിന്നെ വിമാനവുമേറി അന്തർസംസ്ഥാന ബന്ധങ്ങൾക്കപ്പുറം, അണ്ഡകടാഹമാകെ ഇന്ന് മലയാളിത്തമുള്ള പ്രവാസിയുണ്ട്. അതിനെല്ലാമിടയിലും, കേരളത്തിനും പ്രവാസിക്കും ഒരുപോലെ ഒരുപാട് ഇഷ്ടം നൽകുന്ന, സ്വപ്നവും യാഥാർഥ്യവും ഇടകലർന്ന വികാരമാണീ നഗരം. രാജ്യ തലസ്ഥാനം. അധികാര സിരാകേന്ദ്രം. ഡൽഹിയിലേക്കൊരു യാത്രപോലും സമ്മാനിക്കുന്നത് അമ്പരപ്പും അതിശയവുമൊക്കെയാണ്. പാഠപുസ്തകങ്ങളിൽനിന്നിറങ്ങി കൺമുന്നിൽ വന്നുനിൽക്കുന്ന പഴയ ഭരണത്തിെൻറ കോട്ടകൊത്തളങ്ങൾ. ജനായത്തത്തിെൻറ പാർലമെൻറ്. ഇന്ത്യയെന്ന വികാരത്തിലേക്ക് ഓരോ ഇന്ത്യക്കാരനെയും കൂടുതൽ വലിച്ചടുപ്പിക്കുന്ന ഇടം.
സമരത്തിെൻറയും ഭരണത്തിെൻറയും ചരിത്രം കോറിയിട്ട, മലയാളിത്തവും തലയെടുപ്പുമുള്ള നേതാക്കൾ. ഉദ്യോഗസ്ഥ പ്രമുഖർ. ഡൽഹിയുടെ രാഷ്ട്രീയവും സംസ്കാരവും ജീവിതവുമെല്ലാം ആവാഹിച്ച എഴുത്തുകാർ, മാധ്യമപ്രവർത്തകർ, കാർട്ടൂണിസ്റ്റുകൾ. വിഖ്യാത സർവകലാശാലകൾ തണൽമരമാക്കിയ വിദ്യാർഥികൾ; അക്കാദമിക ലോകം. ഏത് ആതുരാലയത്തിലും ആശ്വാസം പകരാനെത്തിയിരുന്ന നഴ്സുമാർ. നാനാതുറകളിൽ പ്രവർത്തിക്കുന്നവർ ചേർന്ന മലയാളിക്കൂട്ടങ്ങൾ. മദ്രാസിയെന്ന് തെക്കൻ നാട്ടുകാരെ െപാതുവായി വിളിച്ച ഡൽഹിക്കാർക്കിടയിൽ മലയാളിയുടെയും കേരളത്തിെൻറയും തനിമ അവരെല്ലാം അന്തസ്സോടെ കോറിയിട്ടു. എല്ലാം പൊളിച്ചടുക്കി പുതിയ കാഴ്ചകളും ചരിത്രവും നിർമിക്കുന്ന കാലത്ത് പതിരില്ലെങ്കിലും, ഒക്കെയും പഴമ്പുരാണം.
കുറഞ്ഞ വർഷങ്ങൾ കൊണ്ട് ഡൽഹി എത്ര മാറി! മലയാളികളുടെ സാന്നിധ്യം കുറഞ്ഞുകൊണ്ടേയിരിക്കുന്നു. സ്ഥാപനങ്ങളിലും പൊതുസമൂഹത്തിലും മലയാളിയുടെ പ്രാതിനിധ്യം നേർത്തുപോയിരിക്കുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ തലസ്ഥാനത്തെ വാസവും വരുമാനവും ഉപേക്ഷിച്ച് സ്ഥിരമായി നാട്ടിലേക്ക് മടങ്ങിയവർ ഒരുപാടുണ്ട്. കോവിഡ് തിരമാലകൾ ആർത്തലച്ചുവരുന്നതിനിടയിൽ, അധികാരികളുടെ അനാസ്ഥ മൂലം നഗരം പ്രേതഭൂമിയായി മാറിപ്പോയതിലെ ഭയപ്പാടുകൊണ്ട് സംഭവിച്ച കൂടുമാറ്റം മാത്രമല്ല അത്. നാട്ടിൽനിന്ന് 3,000 കിലോമീറ്റർ അകലെ കഴിയുന്നവർ കോവിഡ് ഭീതിയുടെ ഇക്കാലത്ത് ജനിച്ച മണ്ണിലെ സുരക്ഷിത ജീവിതം തേടുക സ്വാഭാവികം. അതൊരു താൽക്കാലിക പ്രതിഭാസമാണെന്നും, സാഹചര്യങ്ങൾ മെച്ചപ്പെടുേമ്പാൾ തിരിച്ചൊഴുക്ക് ഉണ്ടാകുെമന്നുമുള്ളത് സ്വാഭാവിക യുക്തിയാണ്.
നാടുവിടൽ തന്നെ, ജീവനോപാധിയിലേക്കുള്ള യാത്രയാണ്. എന്നാൽ ഈ യാത്രക്ക് തെരഞ്ഞെടുക്കാവുന്ന ഒരു കേന്ദ്രമാണ് ഡൽഹിയെന്ന്, ഇവിടം വിടുന്നവരും ഇവിടെ കഴിയുന്നവരും ഇന്ന് പറയുന്നില്ല. കൊൽക്കത്തയും മുംബൈയും പണ്ടേ മലയാളി കൈവിട്ടു. മെച്ചപ്പെട്ട വരുമാനവും സാധ്യതകളും അവിടങ്ങളിൽ ഇല്ലെന്നുവന്നതോടെയാണ് അതു സംഭവിച്ചത്. ബംഗാളികൾ കേരളത്തിലേക്കു വരുകയാണ് ഇപ്പോൾ ചെയ്യുന്നത്. മലയാളിക്ക് രാജ്യത്തെ വൻനഗരങ്ങളേക്കാൾ ഗൾഫും മറ്റു വിദേശരാജ്യങ്ങളും ആകർഷകമായ മേച്ചിൽപുറങ്ങളായി. എന്നിട്ടും സാധ്യതകളുടെയും അവസരങ്ങളുടെയും പ്രതീക്ഷയുടെയും തുരുത്തായി ഇന്ദ്രപ്രസ്ഥം തിളങ്ങിനിന്നിരുന്നു. തൊഴിൽ, വിദ്യാഭ്യാസ, രാഷ്ട്രീയ സാധ്യതകൾക്കൊപ്പം, തലസ്ഥാനത്തെ മെച്ചപ്പെട്ട ജീവിതസാഹചര്യവും അതിന് കാരണമായിരുന്നു. എന്നാൽ, ഒക്കെ മാറിപ്പോയിരിക്കുന്നു. കോവിഡ് സൃഷ്ടിച്ച ഡിസ്കണക്ട് അതിെൻറ ആഴം കൂട്ടി.
മലയാളികൾക്ക് ഉപരിപഠനത്തിെൻറ ഏറ്റവും വലിയ ആകർഷണ കേന്ദ്രമായിരുന്നു ഇവിടം. ജവഹർലാൽ നെഹ്റു സർവകലാശാല, ഡൽഹി യൂനിവേഴ്സിറ്റി, ജാമിഅ മില്ലിയ്യ സർവകലാശാല എന്നിങ്ങനെ മെച്ചപ്പെട്ട പഠനാവസരങ്ങൾക്കും അക്കാദമിക മികവിനുമുള്ള നല്ല കലാലയങ്ങൾ. ഉയർന്ന ഉദ്യോഗങ്ങളിലേക്കും വിദേശത്തേക്കുമുള്ള യാത്രകൾക്ക് പറ്റിയ പരിശീലന അവസരങ്ങൾ. നഴ്സുമാരുടെ ഇടത്താവളമായി നഗരം മാറിയതും അങ്ങനെയാണ്. ഒപ്പം, ഇവിടത്തെ വിപുലമായ സാധ്യതകൾ. മലയാളികളുടെ സങ്കേതമെന്ന നിലയിലുള്ള പാരസ്പര്യത്തിെൻറ കൈത്താങ്ങ്, ഡൽഹി എന്ന ഇടം തെരഞ്ഞെടുക്കാൻ ഒരുപാടുപേരെ പ്രേരിപ്പിച്ചു. എന്നാൽ, ഇന്ന് അത്തരമൊരു ആകർഷണകേന്ദ്രമല്ലിത്. ജെ.എൻ.യുവിെൻറയും ഡൽഹി യൂനിവേഴ്സിറ്റിയുടെയുമൊക്കെ പെരുമ, മാറിയ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ ദുർബലപ്പെട്ടു. മികവിെൻറ സ്ഥാപനമായി അവ നിലനിർത്താനല്ല, സ്വന്തം രാഷ്ട്രീയത്തിെൻറ ആധിപത്യത്തിനുകീഴിൽ അവ ഞെരിഞ്ഞുകിടക്കണമെന്ന താൽപര്യമാണ് കൊടികുത്തി വാഴുന്നത്. ഏതു പ്രതിസന്ധികൾക്കിടയിലും പഠിച്ചു മുന്നേറണമെന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഉൽക്കടമായ ആഗ്രഹമൊന്നു കൊണ്ട് മാത്രമാണ് ഒരു വിദ്യാഭ്യാസ ഹബ് എന്ന നിലയിൽ ഡൽഹിയുടെ പ്രസക്തി അവശേഷിക്കുന്നത്.
അപ്പോൾ പോലും ഡൽഹി എന്ന ഏക ലക്ഷ്യത്തിൽനിന്നു മാറി ഹൈദരാബാദ്, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളിലെ പഠനസാധ്യതകളിലേക്ക് പലരും ചുവടുമാറിത്തുടങ്ങിയിരിക്കുന്നു. മേൽത്തരം വിദേശ കറൻസികൾക്കുമുന്നിൽ രൂപ തോറ്റുകൊണ്ടേയിരിക്കുേമ്പാൾ, തൊഴിലിനായി പ്രവാസജീവിതത്തിലേക്ക് കടക്കുന്ന യുവതലമുറ എന്തിന് ഡൽഹിയിൽ പോകണമെന്ന് ചിന്തിക്കുന്നു. മെച്ചപ്പെട്ട വരുമാനത്തിനും അവസരങ്ങൾക്കും ഇന്ത്യൻ മഹാനഗരങ്ങളെ പിന്തള്ളി വിദേശത്തേക്ക് കടക്കാനാണ് ഓരോരുത്തരുടെയും ശ്രമം. മുമ്പത്തെപ്പോലെയല്ല, അതിനുള്ള വഴികളും തുറന്നുകിടക്കുന്നു.
അധികാര സിരാകേന്ദ്രമെന്ന രാഷ്ട്രീയ പ്രാധാന്യമാണ് ഡൽഹിയിലേക്ക് മലയാളിയെ ആകർഷിച്ച പ്രധാന ഘടകങ്ങളിലൊന്ന്. അതും മാറി. ഏഴുകൊല്ലം മുമ്പ് കൊച്ചു കേരളത്തിന് എട്ടു കേന്ദ്രമന്ത്രിമാരുള്ള പ്രതാപകാലമുണ്ടായിരുന്നു. അധികാരത്തിെൻറ കൊത്തളങ്ങളിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ദേശീയ സുരക്ഷ ഉപദേഷ്ടാവ്, കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിങ്ങനെ നീളുന്ന ഒരു കൂട്ടം സമുന്നത സിവിൽ സർവിസ് ഉദ്യോഗസ്ഥർ പുറമെ. എട്ടു കേന്ദ്രമന്ത്രിമാരെക്കൊണ്ട് കേരളത്തിനെന്തു കിട്ടി എന്നത് വേറെ ചോദ്യം. അതിനുശേഷം എന്തു കിട്ടി എന്നാണ് അതിന് രാഷ്ട്രീയമായ മറുചോദ്യം. കേരളം ഇന്ന് പ്രതിപക്ഷ സംസ്ഥാനമാണെന്നിരിക്കേ, അവഗണനയുടെ കാഠിന്യം കൂടി എന്നു മാത്രമാണ് നിഷ്പക്ഷമായ ഉത്തരം. കേന്ദ്രം ഭരിക്കുന്നവരുടെ ഇടതുപക്ഷ, കോൺഗ്രസ് വിരോധത്തിെൻറ കെടുതി മുഴുവൻ കേരളം ഏറ്റുവാങ്ങുന്നുണ്ട്. കേരളത്തോടുള്ള അകൽച്ച കാവിചിന്ത തലയിൽ അരിക്കുന്ന ഡൽഹിയിലെ സാധാരണക്കാരായ 'ഹിന്ദിക്കാരു'ടെ സമീപനത്തിൽ പോലും വായിച്ചെടുക്കാം. അവർക്ക് കേരളം ഇന്ന്, കാവിരാഷ്ട്രീയത്തെ എതിർക്കുന്ന ചെങ്കൊടിക്കാരുടെ നാടാണ്. കോൺഗ്രസ്മുക്ത ഭാരത പരിശ്രമങ്ങൾക്കിടയിൽ, രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തുവിട്ട നാടാണ്.
ബി.ജെ.പിയെ വട്ടപ്പൂജ്യമായി വട്ടംകറക്കുന്ന ഏക സംസ്ഥാനമാണ്. ന്യൂനപക്ഷങ്ങൾ കൊടികുത്തിവാഴുന്ന കേന്ദ്രമാണ്. കഠിനാധ്വാനത്തിനും ആത്മാർഥതക്കും വലിയ വിലയിട്ടിരുന്നവർക്കിടയിൽ ഇന്ന് അന്യതാബോധം പേറുകയാണ് മലയാളി. വർഗീയമായ ചിന്താഗതികൾ മേൽെക്കെ നേടിയ സമൂഹത്തിൽ, ന്യൂനപക്ഷങ്ങൾ വലിയതോതിൽ തിരസ്കരണം നേരിടുന്നു. വാടകക്കോ വിലയ്ക്കോ ഒരു വീടു വേണമെന്നു വെച്ചാൽ, മുസ്ലിം എന്ന ഒറ്റക്കാരണത്തിെൻറ പേരിൽ കൊടുക്കാത്ത സ്ഥിതി. രാഷ്ട്രീയത്തിലും വിദ്യാഭ്യാസ രംഗത്തും തൊഴിലിലും അധികാരത്തിലുമെല്ലാം വർഗീയമായ മാറ്റിനിർത്തൽ. കോവിഡ് തിരമാലകൾക്കിടയിൽ നടക്കുന്ന നിശ്ശബ്ദ പലായനത്തിന് സാമൂഹികമായ ഈ ഉൾഭയം വലിയ പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, ഡൽഹിയിൽനിന്നുള്ള മലയാളിയുടെ കൂടുമാറ്റം താൽക്കാലിക പ്രതിഭാസമായി മാത്രം കാണാനുമാവില്ല.
മൂന്നു പതിറ്റാണ്ടായി ഡൽഹിയിലെ മലയാളികളുടെ സ്പന്ദനം അറിയുന്ന കവി കെ. സച്ചിദാനന്ദൻ 'ഡൽഹി, മതിയായി' എന്ന് ഈയിടെ ഫേസ്ബുക്കിൽ കുറിച്ചത് ഇത്തരം നേർക്കാഴ്ചകളുടെ വിമ്മിട്ടം കൊണ്ടാണ്. 30 വർഷം മുമ്പ് താനും ഭാര്യയും എത്തിച്ചേർന്ന ഡൽഹിയല്ല ഇതെന്ന് അദ്ദേഹം പറയുന്നു. ''ഇവിടം പൊടുന്നനെ അന്യദേശമായി മാറിപ്പോയി. ഞങ്ങൾ ഇവിടംവിട്ടുപോയേ മതിയാവൂ'' എന്ന് അദ്ദേഹം എഴുതി. ഇത് ഏതോ ഒരു രാജ്യമാണെന്നും താൻ ഡൽഹിയിലൊരു പരദേശിയാണെന്നും സച്ചിദാനന്ദന് തോന്നിപ്പോകുന്നു. ഇപ്പോഴത്തെ ഭരണവർഗ രാഷ്ട്രീയവുമായി ഒരു സംഭാഷണം സാധ്യമല്ലെന്ന് തിരിച്ചറിയുന്നു. നിരക്ഷരതയും അഹങ്കാരവും വിദ്വേഷവും നിറഞ്ഞുനിൽക്കുന്നവരോട്, എല്ലാവരെയും ഉൾച്ചേർത്തു മുന്നോട്ടുപോകുന്നതിനെക്കുറിച്ച് വെറുതെ പറഞ്ഞിട്ടെന്ത് എന്ന് ചിന്തിച്ചുപോകുന്നു. എല്ലാം ചിന്തയിലൊതുക്കി സാഹിത്യകാരനായ ആനന്ദ് നാടുപിടിച്ചു കഴിഞ്ഞു.
ഭരണ തോന്ന്യാസങ്ങൾ എഴുത്താണിയിൽ തൂക്കിയെടുത്ത് പുറത്തിട്ടലക്കിയാലും അധികാരി വർഗത്തിെൻറ കണ്ണുതുറക്കാത്ത കാലമാണ്. വിഭജനത്തിേൻറതാണ് രംഗഭാഷ. പരാതി പറയുന്നവനൊപ്പമല്ല, അതിക്രമം നടത്തുന്നവനൊപ്പമാണ് ഭരണനീതി. നീതി നിഷേധം നാട്ടുനടപ്പാകുേമ്പാൾ, പ്രതിഷേധക്കാർ രാജ്യദ്രോഹികൾ. അഭിപ്രായ സ്വാതന്ത്ര്യത്തെ കഴുത്തിനു പിടിച്ചു തള്ളുന്നവർ ദേശഭക്തർ. അടിയന്തരാവസ്ഥയിലും ഒ.വി. വിജയെൻറ മൂർച്ചയുള്ള കാർട്ടൂണുകൾക്ക് അച്ചടി മഷി പുരളാൻ ഇടമുണ്ടായിരുന്നു. ഇന്നിപ്പോൾ വിമർശനങ്ങളുടെ വായടക്കാൻ മാധ്യമപ്രവർത്തകരെയല്ല, മാധ്യമങ്ങളെതന്നെ ഭരണാധികാരികൾ വിഴുങ്ങിയിരിക്കുന്നു. ഇന്ത്യയുടെ ചരിത്രം 2014ൽ തുടങ്ങിയെന്ന മട്ടിൽ എല്ലാം അടിച്ചുതകർക്കുകയോ പൊളിച്ചുപണിയുകയോ ചെയ്യുന്ന കാലം. ഡൽഹിയെ കോവിഡ് നരകമാക്കിയപ്പോഴും, ജനത്തിെൻറ വയറൊട്ടുേമ്പാഴും, ചക്രവർത്തി വീണ വായിച്ചുകൊണ്ടേയിരിക്കുകയാണ്. ഇതിനെല്ലാമിടയിൽ, നിരാശ്രയരെന്ന ബോധം പേറുന്നത് മലയാളി മാത്രമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.