ഇതോ മിന്നലാക്രമണം?

‘ഇതു വഹിക്കുന്നയാള്‍ക്ക് 1,000 രൂപ നല്‍കാമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു’’ -അസാധുവായി മാറിയ 1,000 രൂപയുടെ കറന്‍സി നോട്ടില്‍ ഇങ്ങനെ എഴുതി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണര്‍ ഒപ്പിട്ടിട്ടുണ്ട്. ആ വാഗ്ദാനത്തിന് കേന്ദ്രസര്‍ക്കാര്‍ ഗാരന്‍റി നല്‍കുന്നു. അസാധുവായതില്‍ മാത്രമല്ല, ഇന്ത്യയില്‍ പ്രചാരത്തിലുള്ള എല്ലാ കറന്‍സി നോട്ടിനുമുണ്ട് സര്‍ക്കാറിന്‍െറ ഈ ഉറപ്പ്. നോട്ട് കൈമാറിയാല്‍ ഉടനടി തത്തുല്യ സംഖ്യയോ, അത്രയും മൂല്യമുള്ള സാധന-സേവനങ്ങളോ നല്‍കണം. അവധിവെക്കാന്‍ പറ്റില്ല. ചെക്ക് പോലുള്ള മറ്റു പണമിടപാടു പ്രമാണങ്ങളില്‍നിന്ന് വ്യത്യസ്തമാണ് കറന്‍സി നോട്ട്. ചെക്കില്‍ എഴുതിയ തീയതിതൊട്ടങ്ങോട്ടാണ് അതു പണമാക്കാന്‍ പറ്റുക. പണമാക്കാന്‍ പറ്റാതെവന്നാല്‍ ചെക്ക് വണ്ടിച്ചെക്കായി മാറും. ഇന്ത്യയില്‍ സര്‍ക്കാര്‍ ഇറക്കിയിട്ടുള്ള കറന്‍സി നോട്ടുകളില്‍ ഏതാണ്ട് 86 ശതമാനവും ഇന്ന് വണ്ടിച്ചെക്കാണ്.

ബാങ്കില്‍ കൊടുത്താല്‍ 500 രൂപ, 1,000 രൂപ നോട്ടുകളെല്ലാം ഉടനടി പണമാക്കാന്‍ പറ്റില്ല. പരമാവധി 4,000 രൂപ കിട്ടും. സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ ഒരാഴ്ചക്കാലത്തിനിടയില്‍ പരമാവധി ബാങ്കില്‍നിന്ന് പിന്‍വലിക്കാവുന്നത്  20,000 രൂപയാണ്. അതിലുപരി എത്ര തുകയുടെ അത്യാവശ്യം ഉണ്ടായാലും ബാങ്കിലോ, സ്വന്തം പോക്കറ്റിലോ ഉള്ള പണത്തിന് കടലാസിന്‍െറ വില മാത്രം. ഈ ദു$സ്ഥിതി എന്നു നീങ്ങുമെന്ന് സര്‍ക്കാറും റിസര്‍വ് ബാങ്കും പറഞ്ഞിട്ടില്ല. ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്തരമൊരു സാഹചര്യം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. നമ്മുടെ സ്വന്തം പോക്കറ്റിലും അക്കൗണ്ടിലുമുള്ള സമ്പാദ്യം മിക്കവാറും വണ്ടിച്ചെക്കായി മാറിയിരിക്കുന്നു.

നമുക്ക് നല്‍കിയ സാമ്പത്തിക പ്രമാണത്തിലെ ഗാരന്‍റി പാലിക്കാന്‍ കഴിയാതെ ഇന്ത്യ ഗവണ്‍മെന്‍റും റിസര്‍വ് ബാങ്കും പാപ്പരായി മാറിയിരിക്കുന്നു. ഇടപാടുകാരന്‍െറ അക്കൗണ്ടിലെ പണം ആവശ്യപ്പെടുന്ന മുറക്ക് തിരിച്ചുനല്‍കാന്‍ കഴിയാത്തത് ലാബെല്ലാ രാജനാണെങ്കില്‍ അറസ്റ്റ് ഉറപ്പ്. 500, 1,000 രൂപ നോട്ടുകള്‍ക്ക് ഇനി കടലാസു വിലയാണെന്ന് നവംബര്‍ എട്ടിനു രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനം പക്ഷേ, സമ്പദ്രംഗത്ത് അദ്ദേഹം നടത്തിയ മിന്നലാക്രണം എന്ന നിലയിലാണ് വിശേഷിപ്പിക്കപ്പെടുന്നത്. മണ്ണാങ്കട്ടയാണ്! റിസര്‍വ് ബാങ്കിന്‍െറ ഗവര്‍ണര്‍ സ്ഥാനത്ത് രഘുറാം രാജനായിരുന്നെങ്കില്‍ ഇത്തരമൊരു സ്ഥിതിവിശേഷം ജനങ്ങള്‍ അനുഭവിക്കേണ്ടി വരുമായിരുന്നില്ല.

പാവപ്പെട്ടവന്‍െറ കൈയില്‍ 100 രൂപ കണ്ടേക്കും. പലരുടെ കൈയില്‍ ആയിരം ഉണ്ടായെന്നിരിക്കും. നിങ്ങള്‍ ഒരാവശ്യത്തിന് രൊക്കം പണമായി കരുതിവെച്ചത് 50,000 രൂപയായിരിക്കും. ഏറിയോ കുറഞ്ഞോ ഒരാളുടെ പക്കല്‍ സമ്പത്ത് ഉണ്ടാകുന്നത് ഒരു കുറ്റമല്ല. ദാരിദ്ര്യത്തില്‍ കഴിയാനെന്നപോലെ, എത്ര വലിയ സമ്പാദ്യത്തിന്‍െറ ഉടമയാകാനും ഇന്ത്യയില്‍ ഏതൊരു പൗരനും അവകാശമുണ്ട്. ആ സമ്പാദ്യം നികുതിവിധേയമായിരിക്കണം; വഴിവിട്ട് ഉണ്ടാക്കിയതോ വരവില്‍ കവിഞ്ഞതോ ആകരുത് എന്നു മാത്രം. ഒരു ദിവസമോ ഒരാഴ്ചയോ അനിശ്ചിതമായോ ആ കരുതല്‍ധനം ഉപകാരപ്പെടാത്ത അവസ്ഥയുണ്ടാക്കുന്നത് നമ്മുടെ തെറ്റല്ല. സര്‍ക്കാറിന്‍െറ വീഴ്ചയാണ്; അഥവാ കുറ്റമാണ്.

ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന കറന്‍സിയില്‍ 86 ശതമാനവും അഞ്ഞൂറിന്‍െറയും ആയിരത്തിന്‍െറയും നോട്ടുകളായിരുന്നു. അത് വെറും കടലാസാണെന്ന് പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അതിനര്‍ഥം അത്രതന്നെ പണമിടപാടുകളും സാധന വ്യാപാരവും സ്തംഭിച്ചുവെന്നുകൂടിയാണ്. കള്ളപ്പണം, ഹവാല, കള്ളനോട്ട്, ഭീകരതക്കുള്ള ധനസഹായം എന്നിവയൊക്കെ തടയാനുള്ള നടപടിയായി അതിനെ വിശേഷിപ്പിക്കുന്നു. അതുമായി സഹകരിച്ച് ക്രയവിക്രയം നിര്‍ത്തിവെച്ച് ജീവിക്കുന്നവരാണ് യഥാര്‍ഥ ദേശസ്നേഹികള്‍ എന്ന് പറഞ്ഞുവെക്കുന്നു.

സാമ്പത്തിക അധോലോകക്കാരെ വരുതിയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ കരുത്തുകാണിച്ചെന്ന് മേനിപറയുന്നു. അധോലോകത്തെ കൂച്ചിക്കെട്ടുകയും നീതിക്കു മുന്നില്‍ കൊണ്ടുവരുകയുംതന്നെ വേണം. പക്ഷേ, അഞ്ഞൂറിന്‍െറയും ആയിരത്തിന്‍െറയും നോട്ട് കൈവശംവെച്ചിരിക്കുന്നവരെല്ലാം അധോലോകക്കാരല്ല. കിട്ടുന്ന വരുമാനംകൊണ്ട് മാന്യമായി ജീവിക്കാന്‍ ശ്രമിക്കുന്നവരാണ്്. പക്ഷേ, എന്തോ അപരാധം തങ്ങള്‍ ചെയ്ത മാതിരി അവര്‍ ഓരോരുത്തരായി ഇന്ന് അക്കൗണ്ടുള്ള ബാങ്കിന്‍െറ തിണ്ണ നിരങ്ങുന്നു. പലചരക്കു കടയില്‍ കടം പറയുന്നു. ആശുപത്രിയില്‍ ബില്ലടക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്നു. വ്യാപാരമാകെ മുരടിച്ചുനില്‍ക്കുന്നു. വണ്ടിക്കൂലിക്ക് ചില്ലറ കിട്ടാന്‍പോലും വിഷമിക്കുന്നു. യഥാര്‍ഥത്തില്‍ ‘മിന്നലാക്രമണ’ത്തിന് ഇരയായത് കള്ളനോട്ടുകാരും കള്ളപ്പണക്കാരുമല്ല. പാവപ്പെട്ടവരും സാധാരണക്കാരുമാണ്. ഈ തീരുമാനം വഴി രാഷ്ട്രീയമായൊരു കൊള്ളലാഭം ഉണ്ടാക്കാമെന്ന് പ്രധാനമന്ത്രിയും ബി.ജെ.പിയും കരുതിയതുകൊണ്ടാണ് ഈ ദു$സ്ഥിതി അവര്‍ക്ക് ഉണ്ടായത്. എന്നിട്ട് കള്ളപ്പണക്കാര്‍ കുടുങ്ങുമോ? പുലിയെ പിടിക്കാന്‍ വാലിന് എലിപ്പെട്ടി വെച്ച മാതിരി എന്നാണ് അതേക്കുറിച്ച് പറയേണ്ടത്.

100 രൂപ മുതല്‍ താഴോട്ടുള്ള 14 ശതമാനം കറന്‍സികള്‍ മാത്രം പ്രചാരത്തില്‍ നിര്‍ത്തി 86 ശതമാനം നോട്ടുകളും ഒറ്റയടിക്ക് അസാധുവാക്കേണ്ട അസാധാരണ സാഹചര്യം എന്താണുണ്ടായത്? നോട്ട് പിന്‍വലിക്കല്‍ ആദ്യത്തേതല്ല. റിസര്‍വ് ബാങ്ക് കാലാകാലങ്ങളില്‍ കറന്‍സി പുതുക്കാറുണ്ട്. പഴയതും മുഷിഞ്ഞതുമായ നോട്ടുകള്‍ മാറ്റുക, കള്ളനോട്ട് തടയുക, കാലാനുസൃതമായ പരിഷ്കാരങ്ങള്‍ വരുത്തുക, സുരക്ഷാപരമായ സവിശേഷതകള്‍ മാറ്റിക്കൊണ്ടിരിക്കുക എന്നിവയൊക്കെ സമയാസമയങ്ങളില്‍ നടക്കാറുണ്ട്. പഴയ സീരീസില്‍ പെട്ട കുറെ കറന്‍സികള്‍ പിന്‍വലിക്കുന്നു; ഒപ്പം പുതിയ നോട്ടുകള്‍ അതിന് അനുസൃതമായി വിപണിയിലേക്ക് ഇറക്കുന്നു. റിസര്‍വ് ബാങ്ക് നടത്തുന്ന ഈ തുടര്‍പ്രക്രിയയെ ഇക്കുറി മൊത്തത്തില്‍ ഏറ്റെടുത്ത് തന്‍െറയും പാര്‍ട്ടിയുടെയും മഹിമ വളര്‍ത്താന്‍ പ്രധാനമന്ത്രി നടത്തിയ ശ്രമമാണ് പണമിടപാടു രംഗം കുഴച്ചുമറിച്ചത്.

റിസര്‍വ് ബാങ്ക് ഗവര്‍ണറോ ധനമന്ത്രിയോ അല്ല, പ്രധാനമന്ത്രി നേരിട്ടാണ് രാജ്യത്തെ അഭിസംബോധന ചെയ്തതെന്നോര്‍ക്കണം. നോട്ട് അസാധുവാക്കുന്ന മഹായത്നത്തെപ്പറ്റിയുള്ള വിശദീകരണത്തില്‍ ഭീകരതയും ദേശസ്നേഹവുമെല്ലാം നന്നായി ചാലിച്ചിട്ടുണ്ടായിരുന്നു. മാസങ്ങളുടെ മുന്നൊരുക്കത്തിലൂടെ, ബജറ്റിന്‍െറ രഹസ്യാത്മകതയോടെയാണത്രേ നോട്ട് അസാധുവാക്കല്‍ നടപടി ആസൂത്രണംചെയ്ത് നടപ്പാക്കിയത്. എന്നിട്ട് എന്തുകൊണ്ടാണ് അതിന്‍െറ കെടുതി ജനം അനുഭവിക്കുന്നത്?  അസാധുവിന് പകരം നല്‍കാനും എ.ടി.എമ്മില്‍ നിറക്കാനും ആവശ്യത്തിന് കറന്‍സി ബാങ്കുകളില്‍ ഉണ്ടെന്ന് ഉറപ്പാക്കുകപോലും ചെയ്യാത്ത മുന്നൊരുക്കം എന്ത് ആസൂത്രണമാണ്? പതിവു കറന്‍സി പരിഷ്കരണത്തിന്‍െറ ലക്ഷ്യങ്ങള്‍ക്കപ്പുറം എന്തു നേട്ടമാണ് ഇപ്പോഴത്തെ നടപടികൊണ്ട് ഉണ്ടാവുന്നത്? മോദി പ്രഖ്യാപിച്ച മഹായത്നം യഥാര്‍ഥത്തില്‍ പഴയതും പുതിയതുമായ കറന്‍സികളുടെ വെച്ചുമാറ്റം മാത്രമാണ്.

ഒറ്റയടിക്ക് ചെയ്യുന്നതിനു പകരം, റിസര്‍വ് ബാങ്ക് കാലാകാലങ്ങളില്‍ ചെയ്തുവന്നതുപോലെ ഘട്ടംഘട്ടമായി രണ്ടോ മൂന്നോ മാസമെടുത്ത്, പരസ്യമായി പറഞ്ഞുകൊണ്ടുതന്നെ നോട്ട് പിന്‍വലിച്ചാല്‍ എന്തു സംഭവിക്കുമായിരുന്നു? നിശ്ചിത സീരീസില്‍ പെട്ട പഴയ നോട്ടുകള്‍ മാറ്റുകയാണെന്നും അത് നിശ്ചിത തീയതിക്കകം ബാങ്കിലത്തെിച്ച് പുതിയത് മാറ്റി വാങ്ങണമെന്നും റിസര്‍വ് ബാങ്ക് ആഹ്വാനംചെയ്താല്‍ മഹായത്നത്തില്‍ പൊതുജനം പങ്കാളിയാവില്ളേ? കള്ളനോട്ട് പുറന്തള്ളപ്പെടുകയോ ബാങ്കില്‍ പിടിക്കപ്പെടുകയോ ചെയ്യും.

ബാങ്കില്‍ അത് കൊണ്ടുവന്നയാളില്‍നിന്നു തുടങ്ങുന്ന അന്വേഷണത്തിലൂടെ അധോലോകത്തിലേക്കും ഭീകരന്മാരിലേക്കുമൊക്കെ അന്വേഷണം നീട്ടാനും വകുപ്പുണ്ട്. കള്ളനോട്ട് അറിഞ്ഞുകൊണ്ടു സൂക്ഷിക്കുന്ന അധോലോകക്കാര്‍ അത് കടലിലെറിയുകയോ കത്തിച്ചുകളയുകയോ ചെയ്യും. അവിഹിത സമ്പാദ്യം ചാക്കിലാക്കി സൂക്ഷിക്കുന്നവര്‍ അതു വെള്ളപ്പണമാക്കാന്‍ നികുതി കൊടുക്കുകയോ ഉഡായിപ്പ് മാര്‍ഗങ്ങള്‍ നോക്കുകയോ വേണ്ടിവരും. അതൊക്കത്തെന്നെയാണ് മോദി മഹായത്നം പ്രഖ്യാപിച്ച ശേഷവും നടന്നുവരുന്നത്. കണക്കില്‍ കാണിക്കാന്‍ കഴിയാത്ത കറന്‍സികൊണ്ട് സ്വര്‍ണവും വിദേശ കറന്‍സിയും വാങ്ങുന്നു. ആയിരം രൂപ 600ഉം 700ഉം രൂപക്ക് വില്‍ക്കപ്പെടുന്നു. മുന്‍ തീയതി വെച്ച് ബില്‍ തയാറാക്കി ഇടപാടു നടത്തുന്നു -അങ്ങനെ എന്തെല്ലാം? ഒരു കള്ളനോട്ടുകാരനും ഈ മഹായത്നത്തില്‍ കുടുങ്ങാന്‍ പോകുന്നില്ല. പുതിയ നോട്ടിന്‍െറ വ്യാജന്‍ ഉണ്ടാക്കാതിരിക്കുകയുമില്ല. വിദേശത്ത് കള്ളപ്പണം സൂക്ഷിക്കുന്നവനാകട്ടെ, ഒരു ചുക്കും സംഭവിക്കില്ല.

1978ല്‍ ജനത സര്‍ക്കാര്‍ ഒറ്റയടിക്ക് മുന്തിയ കറന്‍സികള്‍ പിന്‍വലിച്ചിട്ടുണ്ട്. അന്ന് അത് സാമ്പത്തികമായി മേല്‍ത്തരക്കാരെ ബാധിക്കുന്ന വിഷയം മാത്രമായിരുന്നു. അപ്പോഴും പകരം നോട്ട് കിട്ടാന്‍ ജനം പ്രയാസപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ ഉടനടി മുന്തിയ നോട്ടുകള്‍ ഇറക്കിയതുമില്ല. ഇപ്പോഴാകട്ടെ, പിന്‍വലിച്ച 500നു പുറമെ 2000ത്തിന്‍െറയും നോട്ട് ഇറക്കിക്കഴിഞ്ഞു. ഇതിന് 15,000 കോടിയോളം രൂപയുടെ ചെലവാണ് കണക്കാക്കുന്നത്. അധോലോകക്കാരുടെ കഞ്ഞികുടി മുട്ടിക്കാനാണ് പുറപ്പാടെങ്കില്‍ മുന്തിയ നോട്ടുകള്‍ വീണ്ടും ഇറക്കാന്‍ പാടില്ലതന്നെ. ഇനിയിപ്പോള്‍ കഞ്ഞികുടി മുട്ടാനല്ല, കാലാന്തരത്തില്‍ കള്ളനോട്ടുകാരുടെ സദ്യ വിഭവസമൃദ്ധമാകാനാണ് സാധ്യത.

അധികാരത്തില്‍ പാതിവഴി പിന്നിടുകയാണെങ്കിലും, തെരഞ്ഞെടുപ്പു കാലത്ത് കള്ളപ്പണത്തിന്‍െറ കാര്യത്തില്‍ നല്‍കിയ വാഗ്ദാനം പാലിക്കാന്‍ കഴിയാത്ത വീഴ്ച മറികടക്കാനുള്ള ഉപായം പ്രധാനമന്ത്രി നേരിട്ടു നടത്തിയ അസാധുവാക്കല്‍ പ്രഖ്യാപനത്തില്‍ അടങ്ങിയിട്ടുണ്ട്. കള്ളപ്പണക്കാര്‍ക്കും കള്ളനോട്ടുകാര്‍ക്കുമെതിരെ ആര്‍ജവമുള്ള നടപടി സ്വീകരിച്ചുവെന്ന് തോന്നിപ്പിക്കാനാണ് ശ്രമങ്ങള്‍ നടന്നത്. അതിര്‍ത്തി സംഘര്‍ഷത്തിനും യു.പി തെരഞ്ഞെടുപ്പ് വരാന്‍ പോകുന്നതിനുമിടയില്‍, ഭീകരതയും ദേശസ്നേഹവും പാകിസ്താന്‍ വിരോധവും ചാലിച്ച വാക്കുകള്‍ പ്രസംഗത്തില്‍ തിരുകിയതിന്‍െറ ഉന്നം ഒന്നുവേറത്തെന്നെ.

നോട്ട് പിന്‍വലിക്കുന്ന വിവരം ബി.ജെ.പിയുടെ സൃഹൃത്തുക്കള്‍ നേരത്തേ അറിഞ്ഞിരുന്നുവെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍െറ ആരോപണം. ഒരു വെടിക്ക് പല പക്ഷികള്‍ എന്ന രാഷ്ട്രീയമറിയാന്‍, പുറത്തിറങ്ങിയ പുതിയ നോട്ടുകളിലേക്കുകൂടി നോക്കണം. കറന്‍സിക്ക് ചരിത്രമൂല്യംകൂടിയുണ്ട്. പഴയ കറന്‍സിയിലെ ലിഖിതങ്ങള്‍ ശുചീകരിച്ച് മോദി സ്വന്തം ചരിത്രം നിര്‍മിക്കുകയാണ്. ഒരു ഭാഷക്കും പ്രത്യേക പ്രാധാന്യം കറന്‍സികളില്‍ നല്‍കാന്‍ പാടില്ളെന്ന ചട്ടം തിരുത്തി സംഘ്രാഷ്ട്രീയത്തിന് പഥ്യമായ ദേവനാഗരി ഭാഷയെ കറന്‍സിയില്‍ പ്രതിഷ്ഠിക്കുകയാണ്.

 

Tags:    
News Summary - delhi diary : indias surjical strike on fake currency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT