കേന്ദ്രസർക്കാറിെൻറ അന്ത്യോദയ പദ്ധതി പ്രകാരം ബി.പി.എൽ കുടുംബത്തിന് പ്രതിമാസം 35കിലോ ഗോതമ്പും അരിയും പഞ്ചസാരയും സബ്സിഡി ലഭിക്കുമെന്നാണ് പറയുന്നത്. യു.പിയിലെ ബറേലിയിലുള്ള മുഹമ്മദ് ഇസ്ഹാഖ് ഇൗ സബ്സിഡി ധാന്യങ്ങൾ വാങ്ങാനാണ് നവംബർ ആദ്യ വാരം അടുത്തുള്ള പൊതുവിതരണ കേന്ദ്രത്തിൽ ചെന്നത്. പക്ഷേ, റേഷൻ കടക്കാരൻ ഇസ്ഹാഖിനെ മടക്കി. കാർഡുടമയായ ഇസ്ഹാഖിെൻറ ഭാര്യ ഷാകിന അഷ്ഫാഖ് നേരിെട്ടത്തിയാൽ മാത്രമേ റേഷൻ നൽകാനാവൂ എന്ന് കടക്കാരൻ അറിയിക്കുകയായിരുന്നു. റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചതിനാൽ, കടയിൽ സ്ഥാപിച്ചിട്ടുള്ള മെഷീനിൽ വിരലടയാളം കാർഡുടമയുടേതുതന്നെ എന്ന് ഉറപ്പുവരുത്തി മാത്രമേ സാധനങ്ങൾ നൽകാനാവൂകയുള്ളൂവത്രെ. വികലാംഗയായ ഷാകിനയെ മുമ്പ് പലപ്പോഴും ഒാേട്ടായിൽ കയറ്റിയാണ് ഇസ്ഹാഖ് കടയിലെത്തിച്ചിട്ടുള്ളത്. പക്ഷേ, ഇത്തവണ അതിന് കഴിയില്ല. കാരണം, ചെറുയാത്രക്കുപോലും സാധ്യമാകാത്തവിധം രോഗിയാണവരിപ്പോൾ. ഇക്കാര്യം അറിയിച്ചിട്ടും റേഷൻ നൽകാൻ കടക്കാരൻ തയാറായില്ല; അങ്ങനെ ഇസ്ഹാഖിന് അവിടെനിന്ന് വെറും കൈയോടെ മടങ്ങേണ്ടി വന്നു. പിന്നെയുള്ള ദിവസങ്ങൾ ശരിക്കും പട്ടിണിയുടേതായിരുന്നു. ഇസ്ഹാഖ് ഒരു വിധം പിടിച്ചുനിന്നെങ്കിലും ഷാകിനക്ക് അതിന് കഴിയുമായിരുന്നില്ല. ഏഴാം ദിവസം കഴിഞ്ഞപ്പോൾ ആ 50കാരി മരണത്തിന് കീഴടങ്ങി.
മാരക പദ്ധതി ഭക്ഷ്യവസ്തുക്കളുടെ അഭാവം, യുദ്ധം, പ്രകൃതിക്ഷോഭം തുടങ്ങിയവയൊക്കെയാണ് സാധാരണഗതിയിൽ ജനങ്ങളെ പട്ടിണിയിലേക്ക് വലിച്ചെറിയാറുള്ള ഘടകങ്ങൾ. സാമ്പത്തിക-നയതന്ത്ര അടിയന്തരാവസ്ഥകളും പലപ്പോഴും ക്ഷാമത്തിന് കാരണമാകാറുണ്ട്. പക്ഷേ, ഷാകിനയുടെ കാര്യം ഇതായിരുന്നില്ലല്ലോ. അവർക്കുള്ള 35 കിലോ ധാന്യം ആ കടയിലെത്തിയിരുന്നു. അവരുടെ ബാങ്ക് അക്കൗണ്ടിൽ 4000 രൂപയുമുണ്ടായിരുന്നു. എന്നിട്ടും ഷാകിനക്ക് പട്ടിണികിടക്കേണ്ടി വന്നു. ഡിജിറ്റൽ ഇന്ത്യയുടെ മറ്റൊരു മുഖമാണിത്. ഡിജിറ്റൈസേഷനു പിന്നിൽ ഒരു ഭരണകൂട സംവിധാനം ഒന്നാകെ പായുേമ്പാൾ, പൗരെൻറ ജീവിക്കാനുള്ള പ്രാഥമിക അവകാശങ്ങൾപോലും നിഷേധിക്കപ്പെടുന്നുവെന്നതാണ് ഷാകിന സംഭവം നമ്മോട് പറയുന്നത്. ഷാകിന അസുഖം ബാധിച്ചാണ് മരിച്ചതെന്നാണ് യോഗി ആദിത്യനാഥിെൻറ സർക്കാർ പറയുന്നത്. ഇൗ വാദം അംഗീകരിച്ചാൽപോലും ഷാകിനക്ക് ചില സാേങ്കതിക കാരണങ്ങളുടെ പേരിൽ റേഷൻ നിഷേധിക്കപ്പെട്ടുവെന്നത് കാണാതിരിക്കാനാവില്ലല്ലോ. ഇത്തരത്തിൽ റേഷൻ നിഷേധിക്കപ്പെട്ട് മരണം വരിച്ച ആദ്യത്തെയാളല്ല ഷാകിന. ഇതിന് മുമ്പ് ചുരുങ്ങിയത് രണ്ടു സംഭവങ്ങളെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ടും ഝാർഖണ്ഡിലായിരുന്നു. സന്തോഷി കുമാരി എന്ന 11 കാരിയാണ് റേഷൻ കാർഡ് -ആധാർ ബന്ധിപ്പിക്കലിെൻറ ആദ്യ രക്തസാക്ഷിയെന്ന് പറയാം. കൃത്യസമയത്ത്, ആ ‘ബന്ധനം’ പൂർത്തിയാക്കാൻ സന്തോഷിയുടെ കുടുംബത്തിന് സാധിച്ചില്ല. ഇതോടെ അവർക്ക് റേഷൻ ലഭിക്കാതെയായി. അങ്ങനെയാണ് ആ പെൺകുട്ടിക്ക് ഭൂമിയിൽ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നത്. ഇൗ സംഭവത്തിനുശേഷം, ആധാർ -റേഷൻ ബന്ധിപ്പിക്കാത്തവർക്കും തൽക്കാലം റേഷൻ നൽകണമെന്ന് അധികാരികൾ നിർദേശിച്ചിരുന്നു. പക്ഷേ, ഒരു മാസത്തിനിടെ ആ ദുരന്തം ആവർത്തിച്ചു. ഇത്തവണ, റിക്ഷ വലിക്കുന്ന വൈദ്നാഥ് രവിദാസ് എന്ന 40കാരനാണ് മരണത്തിന് കീഴടങ്ങേണ്ടി വന്നത്. വൈദ്നാഥിെൻറ കുടുംബത്തിന് ആധാറും റേഷൻ കാർഡുമുണ്ടായിരുന്നു. പക്ഷേ, അത് തമ്മിൽ ബന്ധിപ്പിക്കാൻ ചില സാേങ്കതിക കാരണങ്ങൾമൂലം സാധിച്ചില്ല. ഇതോടെയാണ് റേഷൻ മുടങ്ങിയത്. നാലു ദിവസം പട്ടണികിടന്നാണ് വൈദ്നാഥ് മരിച്ചതെന്ന് അയാളുടെ വിധവ പാർവതി ദേവി പറയുന്നു. വൈദ്നാഥിെൻറ മരണം വലിയ ഒച്ചപ്പാടുകൾക്കിടയാക്കിയെങ്കിലും കുടുംബത്തിന് 20,000 രൂപ നൽകി അധികാരികൾ പ്രതിഷേധം ഒതുക്കി.
കള്ളപ്പണം തടയാൻ നോട്ട് നിേരാധിച്ചതുേപാലെ, കേന്ദ്രസർക്കാർ മറ്റൊരു ചരിത്രപരമായ ‘ഇടപെടലാണ്’ ആധാർ-റേഷൻ കാർഡ് ബന്ധനം. പൊതുവിതരണ സമ്പ്രദായത്തിലെ അഴിമതിയും പൂഴ്ത്തിവെപ്പും തടയുന്നതിനുവേണ്ടിയാണ് രാജ്യവ്യാപകമായി ഇത്തരമൊരു പരീക്ഷണം. റേഷൻ കടകളിൽനിന്ന് ഇനി ഭക്ഷ്യ സാധനങ്ങൾ ലഭിക്കണമെങ്കിൽ കാർഡുടമയുടെ ആധാർ റേഷൻ കാർഡുമായിബന്ധിപ്പിക്കണം. കാർഡുടമ കടയിൽ നേരിട്ട്ചെന്ന്, അവിടെ സ്ഥാപിച്ചിട്ടുള്ള മെഷീനിൽ വിരലടയാളം പതിച്ച് ബയോമെട്രിക് വിവരങ്ങൾ ശരിയാണെന്ന് കടക്കാരനെ ബോധ്യപ്പെടുത്തണം. അതിനുശേഷമേ റേഷൻ ലഭിക്കുകയുള്ളൂ. ഇങ്ങനെ ചെയ്താൽ റേഷൻ വാങ്ങുന്ന അനർഹരെ കണ്ടെത്താമെന്നും കടക്കാരൻ കൃത്യമായി ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നുണ്ടോ എന്നു തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താമെന്നുമാണ് കേന്ദ്രസർക്കാർ പറയുന്നത്. ഒറ്റനോട്ടത്തിൽ ഇൗ പദ്ധതി ഭക്ഷ്യവിതരണ സമ്പ്രദായത്തിലെ അഴിമതി ഇല്ലാതാക്കുമെന്നും ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള രാജ്യത്തിെൻറ വഴികളെ സുഗമമാക്കുമെന്നും തോന്നാം. എന്നാൽ, അത്ര ലളിതമല്ല കാര്യങ്ങൾ. പരീക്ഷണാർഥം ഇൗ പദ്ധതി തുടങ്ങിയപ്പോഴേക്കും ഷാകിനയുടെയും സന്തോഷിയുടെയും വൈദ്നാഥിെൻറയുമെല്ലാം പട്ടിണി മരണങ്ങളുടെ കഥകളാണ് നമ്മെ തേടിയെത്തിയത്. ഇൗ മൂന്നു മരണങ്ങളും വിശകലനം ചെയ്താൽ തന്നെ, ഇൗ പദ്ധതി എത്രമാത്രം അശാസ്ത്രീയവും അപകടകരവുമാണെന്ന് ബോധ്യപ്പെടും.
അവഗണിക്കെപ്പട്ട കോടതി വിധി സർക്കാർ ആനുകൂല്യങ്ങൾക്കും മറ്റും ആധാർ നിർബന്ധമാക്കരുതെന്ന് സുപ്രീംകോടതി വിധിയുണ്ടായിട്ടും പാർലമെൻറിെൻറ പിൻവാതിലിലൂടെ അതിനെ മറികടന്നാണ് നമ്മുടെ ഭരണകൂടം ഇൗ 12 അക്ക നമ്പർ ജനങ്ങൾക്കുമേൽ അടിച്ചേൽപിച്ചുകൊണ്ടിരിക്കുന്നത്. ഗ്യാസ് സബ്സിഡി മുതൽ ബാങ്ക് അക്കൗണ്ടുവരെയുള്ള കാര്യങ്ങൾ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിർദേശം. അടുത്ത മാർച്ചിനു മുന്നോടിയായി സിം കാർഡ് അടക്കം ആധാറുമായി ബന്ധിപ്പിക്കണം. അല്ലാത്ത പക്ഷം, ആ സിം കാർഡ് തന്നെ റദ്ദാകും; ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും; ഗ്യാസ് സബ്സിഡി നിഷേധിക്കപ്പെടും. ഇത്തരത്തിൽ, പൗരെൻറ സർവ ആവശ്യങ്ങൾക്കും ആധാർ നിർബന്ധമാക്കപ്പെടുന്ന സാഹചര്യത്തിലാണ് വിഷയം സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചിെൻറ പരിഗണനക്കെത്തിയത്. ആധാറിനുവേണ്ടി ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നത് പൗരെൻറ സ്വകാര്യതക്കെതിരായ കടന്നുകയറ്റമാണെന്ന വാദം പരമോന്നത നീതിപീഠം അംഗീകരിച്ചുവെന്നു മാത്രമല്ല, സ്വകാര്യത പൗരെൻറ മൗലികാവകാശം തന്നെയാണെന്ന് ചരിത്ര വിധിയിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു. ഇൗ വിധി വന്നതിനുശേഷവും സർക്കാർ മുന്നോട്ടുപോയെന്നത് വേറെ കാര്യം. പക്ഷേ, ഇതുവരെയും ആധാറുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചർച്ചകളിൽ ഭൂരിഭാഗവും സ്വകാര്യതയെക്കുറിച്ചുള്ളതായിരുന്നു. എന്നാൽ, റേഷൻ -ആധാർ ബന്ധനത്തിെൻറ കാര്യത്തിൽ വിഷയം കുറച്ചുകൂടി ഗൗരവമുള്ളതാണ്. ഭക്ഷ്യസുരക്ഷ നിയമം പ്രാബല്യത്തിലുള്ള ഒരു രാജ്യത്ത്, ആധാറില്ലാത്തതിെൻറ പേരിൽ (അവർക്ക് ആധാറുണ്ട്, മറ്റു തിരിച്ചറിയൽ കാർഡുകളുമുണ്ട്) റേഷൻ നിഷേധിക്കപ്പെട്ട് മൂന്നു പേർ മരണമടയുേമ്പാൾ ചർച്ച ജീവിക്കാനുള്ള അവകാശത്തെക്കുറിച്ച് തന്നെയാകേണ്ടതുണ്ട്.ആധാറിലൂടെ ഡിജിറ്റൽ ഇന്ത്യയിലേക്ക് ഭരണകൂടം എളുപ്പവഴി വെട്ടുന്നത്, നോട്ട് നിരോധന കാലത്ത് നാം കണ്ടതുപോലെ രക്തസാക്ഷികളെ സൃഷ്ടിച്ചുകൊണ്ടാണ്.
ഝാർഖണ്ഡിൽനിന്നാണ് ഇൗ പദ്ധതിയുടെ തുടക്കമെന്ന് പറയാം. 2016 ആഗസ്റ്റിൽ റാഞ്ചി ജില്ലയിലെ റേഷൻ കടകളിൽ മാത്രം ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കി. ഇപ്പോൾ, സംസ്ഥാനത്തെ 80 ശതമാനം പൊതുവിതരണ കേന്ദ്രങ്ങളിലും ‘ഡിജിറ്റൽ’ ഇടപാടാണെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ഇൗ ഒരു വർഷത്തിനിടെ അവിടത്തെ പൊതുവിതരണ സമ്പ്രദായം തന്നെ തകിടംമറിഞ്ഞു എന്നാണ് മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആലോചിച്ച് നോക്കിയാൽ തന്നെ അറിയാം, ഇൗ പദ്ധതി എത്രമാത്രം അശാസ്ത്രീയമാണെന്ന്. ആദ്യമായി കാർഡുടമ ആധാർ എടുക്കേണ്ടതുണ്ട്. ഇതിനുള്ള സാേങ്കതിക സൗകര്യങ്ങൾ പരിമിതമാണെന്നറിയുക. അതിനുശേഷം, കാർഡിലെ വിവരങ്ങൾ ആധാറുമായി ബന്ധിപ്പിക്കണം. ഇവിടെ ഒരുപിടി സങ്കീർണതകളുണ്ട്. ആധാറും റേഷൻ കാർഡും രണ്ട് വ്യത്യസ്ത കേന്ദ്രങ്ങൾ, വ്യത്യസ്ത സാഹചര്യങ്ങളിൽ തയാറാക്കുന്നതാണ്. സ്വാഭാവികമായും രണ്ടിലെയും വിവരങ്ങളിൽ (ഉദാഹരണത്തിന്, കാർഡുടമയുടെ പേരിെൻറ സ്പെല്ലിങ്) വ്യത്യാസമുണ്ടാകാം. ഇൗ വ്യത്യാസങ്ങളോടെ രണ്ട് കാർഡുകളും തമ്മിൽ ബന്ധിപ്പിക്കാൻ സാധിക്കില്ല. അടുത്തിടെ, ആധാർ-പാൻ കാർഡ് ബന്ധനത്തിൽ ഇൗ ബുദ്ധിമുട്ട് നാം മനസ്സിലാക്കിയതാണ്. ഒാർക്കുക, പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടിയിരുന്നത് സമൂഹത്തിലെ വിദ്യാസമ്പന്നരായ മധ്യവർഗങ്ങൾക്കായിരുന്നു. വിവരങ്ങൾ ഏകോപിപ്പിച്ച് രണ്ടു കാർഡും ബന്ധിപ്പിക്കാൻ അവർക്ക് പലതവണ സമയം നീട്ടിനൽകേണ്ടിവന്നു. അപ്പോൾ, റേഷൻ കാർഡിെൻറ കാര്യത്തിൽ പ്രശ്നം കൂടുതൽ സങ്കീർണമാകുമെന്ന് ഉറപ്പാണ്. വൈദ്നാഥിെൻറ മരണ കാരണം ഇൗ സങ്കീർണതയായിരുന്നു.
വൈദ്യുതി എത്താത്ത ദിക്കുകൾ ഇനി കൃത്യമായി രണ്ടു കാർഡുകളും തമ്മിൽ ബന്ധിപ്പിച്ചാലും പ്രശ്നങ്ങൾ അവശേഷിക്കുകയാണ്. കാർഡുടമയുടെ വിരലടയാളം പതിപ്പിക്കാൻ അവിടെ മെഷീൻ സജ്ജീകരിച്ചിട്ടുണ്ടാകണം. അതിനുള്ള വൈദ്യുതിയും മറ്റു സൗകര്യങ്ങളും എല്ലായ്പോഴും കൃത്യമായി ഉണ്ടാകുമെന്ന് ഉറപ്പിക്കാനാകുമോ? വൈദ്യുതിയടക്കം അടിസ്ഥാന സൗകര്യങ്ങൾ ഇനിയുമെത്തിയിട്ടില്ലാത്ത ആയിരക്കണക്കിന് ഗ്രാമങ്ങളിൽ എങ്ങനെ പൊതുവിതരണ സമ്പ്രദായം നടപ്പാക്കും? ഷാകിനക്ക് റേഷൻ വാങ്ങാനുള്ള എല്ലാ രേഖകളും കൃത്യമായുണ്ടായിരുന്നു. പക്ഷേ, നേരിട്ട് അവിടെ ചെല്ലാനായില്ല. ഗൃഹനാഥകളാണ് കാർഡുടമകൾ എന്നിരിക്കെ, എല്ലാ സ്ത്രീകൾക്കും നേരിട്ട് റേഷൻ കടയിൽ നേരിട്ട് പോവുക പ്രായോഗികമാകുമോ? പശ്ചാത്തല സൗകര്യമൊരുക്കാതെയുള്ള ഇൗ പദ്ധതിയെക്കുറിച്ച് സംശയങ്ങൾ ഇനിയുമുണ്ട്. ഇൗ പദ്ധതി അഴിമതി ഇല്ലാതാക്കുമെന്ന വാദവും ബാലിശമാണെന്ന് ഝാർഖണ്ഡിൽനിന്നുള്ള വാർത്തകൾ സൂചിപ്പിക്കുന്നു. പദ്ധതിക്ക് മുമ്പും ശേഷവും പൊതുവിതരണ സമ്പ്രദായത്തിലെ അഴിമതിയിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് ഇതേക്കുറിച്ച് പഠനം നടത്തിയ എൻ.ജി.ഒ വ്യക്തമാക്കിയിട്ടുണ്ട്. ചുരുക്കത്തിൽ, ആധാറിനെക്കുറിച്ചുള്ള ഇനിയുള്ള സംവാദങ്ങൾ ഷാകിനയുടെയും സന്തോഷിയുടെയുമെല്ലാം മരണത്തെക്കൂടി മുന്നിൽ വെച്ചുള്ളതായിരിക്കണം. ആധാറിലെ 12 അക്ക നമ്പർ സമ്മുടെ സ്വകാര്യത മാത്രമല്ല വിഴുങ്ങിക്കൊണ്ടിരിക്കുന്നത്; അതൊരു തൂക്കുകയർ തന്നെ ഒാരോ പൗരനും ഒരുക്കിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.