ദിലീപ് കുമാർ വെള്ളിത്തിരയിൽ മാത്രമായിരുന്നില്ല, ജനപക്ഷ രാഷ്ട്രീയത്തിലും നായകനായിരുന്നു. പിതാവ് ഗുലാം സർവാർ ഖാനും പിതാമഹൻ ഹാജി മുഹമ്മദ് ഖാനും സ്വാതന്ത്ര്യസമരകാലത്ത് പേഷവാറിലെ കോൺഗ്രസ് അനുഭാവികളായിരുന്നു. സ്വാതന്ത്ര്യസമരസേനാനികളുടെ യോഗത്തിൽ പങ്കെടുത്തതിന് അദ്ദേഹത്തെ യർവാദാ ജയിലിലേക്ക് പിടിച്ചു കൊണ്ടുപോയ സംഭവവുമുണ്ട്.
ഗാന്ധിയുടെ ആദർശങ്ങളിലും നെഹ്റുവിന്റെ വ്യക്തിത്വത്തിലും അദ്ദേഹം ആകൃഷ്ടനായി. നെഹ്റുവിന്റെ സ്നേഹനിബന്ധനക്ക് വഴങ്ങി കോൺഗ്രസ് സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി. ആചാര്യ കൃപലാനിക്കെതിരെ വി.കെ. കൃഷ് ണമേനോൻ ബോംബെയിൽ മത്സരിച്ച സമയത്ത് മണ്ഡലത്തിൽ മുഴുവൻ സമയവും പ്രചാരണവുമായി തുടരാൻ നെഹ്റുവാണ് ദിലീപ് കുമാറിനോട് നിർദേശിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെ പകരം വെക്കാനില്ലാത്ത താരമായി തിളങ്ങി നിന്നപ്പോഴും തിളക്കമറ്റുപോയ മനുഷ്യരെ ചേർത്തുപിടിക്കാൻ ഒരിക്കലും മടികാണിച്ചില്ല.
ചേരിയിലെ മനുഷ്യരെ സിനിമ കണ്ട് കൈയടിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ആരാധകരായല്ല സഹോദരങ്ങളായാണ് പരിഗണിച്ചിരുന്നത്.
രാജ്യസഭാംഗമായിരുന്ന ഘട്ടത്തിൽ എം.പിയുടെ പ്രാദേശിക വികസന ഫണ്ട് മുഴുവൻ വിനിയോഗിച്ചത് ചേരി പുനരധിവാസത്തിനും മഹാരാഷ്ട്രയിലെ ഗ്രാമീണ സ്കൂളുകളുടെ നവീകരണത്തിനുമായിരുന്നു. ജനജീവിതത്തെ ബാധിക്കുന്ന പല പ്രശ്നങ്ങളിലും അദ്ദേഹം താൽപര്യമെടുത്ത് മുന്നിട്ടിറങ്ങി. ദിലീപ് കുമാറിന്റെ സാന്നിധ്യം ആ മുന്നേറ്റങ്ങൾക്ക് പകർന്ന കരുത്ത് വിലമതിക്കാനാവാത്തതാണ്.
സാഹിത്യ-കലാപ്രവർത്തകർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കുന്നതിനും പ്രതിഷേധിക്കുന്നതിലും അദ്ദേഹം ആരെയും ഭയന്നില്ല. ബാബറി ധ്വംസനത്തെ തുടർന്ന് രാജ്യത്ത് പടർന്ന് പിടിച്ച അതിക്രമങ്ങളും മുംബൈ കലാപവും അദ്ദേഹത്തെ ഏറെ അലട്ടി. രോഗങ്ങളേക്കാളേറെ വേദനിപ്പിച്ചത് രാജ്യത്തിന്റെ മതസാഹോദര്യത്തിനും സഹിഷ്ണുതക്കുമേൽക്കുന്ന പരിക്കുകളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.