വനിതാ ദിനം മറ്റു നാടുകളിലെന്നപോലെ കേരളത്തിലും നിരവധി വർഷങ്ങളായി ആചരിക്കപ്പെടുന്നുണ്ട്. സ്വാതന്ത്ര്യം, സമത്വം, ശാക്തീകരണം തുടങ്ങിയ ക്ലീഷേ പദങ്ങൾക്കുപരിയായ സാമൂഹിക ചിന്തകൾ പുതിയ കാലത്തെ ദിനാചരണങ്ങളിൽ പ്രസക്തമാണ്. പുതിയ കാലത്തെ കേരളസ്ത്രീയുടെ പൊതുമുഖം എന്താണ്? വിവിധ സാമൂഹിക വിഭാഗങ്ങളുടെ പ്രതിനിധികളാണവർ. അവർ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ തങ്ങളുടെ ഐഡൻറിറ്റിയുമായി ബന്ധപ്പെട്ടുള്ളതാണ്.
സംഘ്പരിവാർ ഭരിക്കുന്ന ഇന്ത്യയിലെ സംസ്ഥാനം എന്ന നിലയിൽ നവോത്ഥാന കേരളത്തിലെ സൗഭാഗ്യവതികളാണവർ. ജാതി ജീർണ്ണതകൾക്കെതിരെ പോരാടി നേടിയ പ്രബുദ്ധതയുടെ അലങ്കാരങ്ങൾ കൊണ്ട് സാമൂഹികമായ തമസ്കരണത്തിൽനിന്ന് ഏറെക്കുറെ വിടുതൽ നേടിയെങ്കിലും ജാതിമേൽക്കോയ്മ എന്നത് പൊതുബോധത്തെ സ്വാധീനിക്കുന്ന ഘടകമായി ഇന്നും നിലനിൽക്കുന്നു. ജാതി ചോദിച്ചില്ല, പറഞ്ഞില്ല, വിചാരിച്ചതേയുള്ളു... എന്ന ആറ്റൂർ രവി വർമ്മയുടെ വരികൾ മലയാളിയുടെ അബോധമായി ജാതി നിലനിൽക്കുന്നതിനെ ചൂണ്ടിക്കാട്ടുന്നതാണ്.
ജാതിവിവേചനത്തിനെതിരായ നവോത്ഥാന സമരങ്ങളാണ് പുതിയ കേരളത്തെ രൂപപ്പെടുത്തിയത്. കഴിഞ്ഞ നൂറ്റാണ്ടുകളിൽ സാമൂഹികവും സാംസ്കാരികവുമായ എല്ലാ ജീവിത വ്യവഹാരങ്ങളെയും ചൂഴ്ന്നുനിന്ന ജാതി ജീർണ്ണതകൾക്ക് ഇന്ന് ദൃശ്യത ഇല്ലെങ്കിലും അവയുടെ അവശേഷിപ്പുകളും അടയാളങ്ങളും ഇന്നും മായാതെ നിൽക്കുകയാണ്.
അധികാര ബന്ധങ്ങളെ നിർണ്ണയിച്ച ജാതി വ്യവസ്ഥ സ്ത്രീകൾക്ക് എന്നും രണ്ടാംനിര പൗരത്വമാണ് കൽപിച്ചുപോന്നത്. നമ്പൂതിരി സമുദായങ്ങളിൽ നിലനിന്നിരുന്ന സ്മാർത്താ വിചാരവും സംബന്ധങ്ങളും സ്ത്രീസമൂഹത്തോടുള്ള കടുത്ത അനീതിയും അസ്വാതന്ത്ര്യവുമായിരുന്നു.
ജാതി സമ്പ്രദായത്തിൽ തൊട്ടുകൂടായ്മ അനുഭവിച്ച അടിസ്ഥാന വിഭാഗത്തിലെ സ്ത്രീകൾക്ക് ലിംഗവിവേചനവും കൂടി അനുഭവിക്കേണ്ടി വന്നു എന്നത് വസ്തുതയാണ്. ലൈംഗിക ചൂഷണങ്ങൾക്ക് നിരന്തരം ഇരകളായിക്കൊണ്ടിരിക്കുന്ന ദലിത്-ആദിവാസി അടക്കമുള്ള സ്ത്രീയാതന ഇന്നും തുടരുകയാണ്. മാറുമറക്കാനുള്ള അവകാശ സമരത്തിനായി പൊരുതിയവരുടെ പിൻമുറക്കാരെന്ന് വിളിക്കാവുന്ന വിഭാഗം ഇന്നും തലമറക്കുന്നതിനായുള്ള അവകാശ സമരങ്ങളിലാണ്.
സംവരണം എന്ന സാമൂഹിക ഉദ്ദീപന സംവിധാനത്തെ അട്ടിമറിക്കുന്നതിൽ മുൻപിൽ നടന്ന കേരളം സംവരണീയരുടെ അവകാശത്തെ കവർന്നുകൊണ്ടാണ് സവർണസംവരണം നടപ്പിലാക്കുന്നത്.
ജാതി വിവേചനങ്ങൾക്കെതിരെ പൊരുതി നേടിയ നവോത്ഥാനത്തിലെ സ്ത്രീ പ്രതിനിധാനങ്ങളെ ഓർത്തെടുക്കുന്നതോടൊപ്പം നവോത്ഥാനത്തിന്‍റെ ആനുകൂല്യങ്ങളിൽ നിന്ന് പിൻതള്ളപ്പെട്ടു പോവുകയും അരികു ചേർക്കപ്പെടുകയും ചെയ്യുന്ന സ്ത്രീ സാഹചര്യങ്ങളുടെ അവലോകനത്തെയും വർത്തമാന കാല വനിതാദിനങ്ങൾ കാതോർക്കുന്നുണ്ട്.
ജാതിയും ലിംഗ വിവേചനവും കൂടിച്ചേർന്ന് ദശലക്ഷക്കണക്കിന് ദലിത് സ്ത്രീകളെ ബലാൽസംഗം ഉൾപ്പെടെയുള്ള വിവേചനത്തിനും അക്രമത്തിനും ഇരയാക്കുന്നു എന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് നിരീക്ഷിക്കുന്നു.
പുരോഗമനപരം എന്ന് മേനി നടിക്കുമ്പോഴും ഇന്നും പൊതു ബോധത്തിൽ വേരൂന്നിയ വിവേചന ചിന്തകൾ ജാതിമേധാവിത്തത്തെ പിൻതാങ്ങുന്നതാണ്. തറവാടുകളെക്കുറിച്ച ദുരഭിമാന ചർച്ചകൾ തൊട്ട് വിദ്യാഭ്യാസവകാശങ്ങളും വസ്ത്രാവകാശങ്ങളും വരെ നിഷേധിക്കുന്ന ജാതി ചിന്തകൾ കേരളത്തിലും പ്രബലമാണ്. തൊട്ടുകൂടായ്മകളും അയിത്തവും അവസാനിച്ചെങ്കിലും അധികാര വിഭവങ്ങളിലെ അസമത്വം കൂടി വരികയാണ്. ആദിവാസി ഭൂപ്രശ്നങ്ങൾ, അട്ടപ്പാടി ഉൾപ്പെടെയുള്ള ഊരുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തുടങ്ങിയവ മുതൽ ഇസ്ലാമോഫോബിക് വിവേചനങ്ങൾക്കിരകളായിക്കൊണ്ടിരിക്കുന്ന മുസ്ലീം സ്ത്രീകളും വിദ്യാർഥിനികളും വരെ ഉദാഹരണങ്ങളാണ്.
ജാതി എന്ന നിലയിലും പെണ്ണ് എന്ന നിലയിലും ഇരട്ട വിവേചനം അനുഭവിക്കുന്നവരുടെ രണ്ടാം നിര പൗരത്വം രാഷ്ട്രീയ- സാമൂഹികവിശകലനങ്ങളെ തേടുകയാണ്..
അടിച്ചമർത്തപ്പെടുകയും അവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുന്ന ഏതൊരു വിഭാഗത്തിന്‍റെയും പ്രഥമ ഇരകൾ പ്രസ്തുത സമൂഹത്തിലെ സ്ത്രീകളാണ്. അവർക്കെതിരിലെ നീതി നിഷേധങ്ങളും അതിക്രമങ്ങളും കേരളത്തിൽ പോലും തുടർക്കഥകളാവുകയാണ്. വാളയാറും പാലത്തായിയും കുറ്റവാളികൾക്ക് കൂട്ടാകുന്ന നിയമ സംവിധാനങ്ങൾക്ക് ഉദാഹരണങ്ങളാണ്.
ലിംഗ വിവേചനവും ജാതി വിവേചനവും വനിതാദിന പ്രമേയമായി ഉയർത്തിക്കൊണ്ടു വരാനുള്ള സാംഗത്യത്തെ ശരിവെക്കുന്ന രൂപത്തിലും ഭാവത്തിലുമുള്ള സാമൂഹ്യ നീതിയുടെ നിഷേധങ്ങളും ലംഘനങ്ങളും തുടർന്നുകൊണ്ടിരിക്കുകയാണ്. വാളയാറിലും പാലത്തായിയിലും വ്യക്തമായ തെളിവുകൾ ഉണ്ടായിരിക്കെ തന്നെ കുറ്റവാളികൾക്കനുകൂലമായി കേസ് അട്ടിമറിക്കപ്പെട്ടത് ചേർത്തുവായിക്കേണ്ടതാണ്.
സ്ത്രീ ശാക്തീകരണത്തിന്‍റെ വായ്ത്താരികൾ നിരന്തരം മുഴങ്ങുന്ന കേരളം നവോത്ഥാനഫലമായ പ്രബുദ്ധതയും ജാതിവിരുദ്ധ സാമൂഹിക ദൃശ്യതയും എത്രത്തോളം നേടിക്കഴിഞ്ഞു എന്നത് വഴി നടക്കാനും മാറുമറക്കാനും ഉള്ള അവകാശത്തിനായും തൊട്ടുകൂടായ്മക്കെതിരെയുള്ള സമര പ്രക്ഷോഭങ്ങളുടെയും സാമൂഹിക ഉണർവുകളുടെയും ഫലമായും നേടിയെടുത്ത മാറ്റമാണത്.
സംഘ്പരിവാർ സന്യാസിയായ യോഗി ആദിത്യനാഥ് ഭരിക്കുന്ന യു.പിയിൽ ദലിത് പെൺകുട്ടികൾ ബലാൽസംഗക്കൊലകൾക്കും ചുട്ടെരിക്കലുകൾക്കും വിധേയരായിക്കൊണ്ടിരിക്കുകയാണ് .അവയ്ക്കെതിരെ ശബ്ദമുയർത്തുകയും സമരത്തിൽ ആവുകയും ചെയ്യുന്ന സ്ത്രീ പ്രസ്ഥാനങ്ങൾക്ക് സംഘ്പരിവാർ ശക്തികളും ആർ.എസ്.എസും കേരളത്തിലേക്ക് ഒളിച്ചു കടത്തുന്ന വംശീയ മേധാവിത്വത്തിന്‍റെ അടയാളങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ല. സവർണ്ണ സംവരണത്തിന് മുന്നിൽ നടന്ന കേരളത്തിൽ സാംസ്കാരികമായി സംഘ്പരിവാറിന് അനുകൂല അന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് ഭരണകൂട ഒത്താശയോടെയാണ്. സംവരണ അട്ടിമറി സ്റ്റേറ്റ് ചെയ്യുന്ന വിവേചന പദ്ധതികളുടെ ഒന്നാം അധ്യായമാണ്.
കേന്ദ്ര-സംസ്ഥാന ബജറ്റുകൾ സ്ത്രീ ശാക്തീകരണ ശ്രമങ്ങളെ പിറകോട്ടടിപ്പിക്കുന്ന ഭരണകൂട ഇടപെടൽ ജാതി - ലിംഗ വിവേചനങ്ങളെ അരക്കിട്ടുറപ്പിക്കുന്നു. സ്ത്രീകളുടെ ഉന്നമനത്തിന് കാര്യമായ ഒരു പദ്ധതിയും പ്രഖ്യാപിക്കാത്തതും ക്ഷേമ പെൻഷനുകൾ കൂട്ടാതിരുന്നതും തൊഴിലുറപ്പ് പദ്ധതി വിഹിതം കുറച്ചതും സാമൂഹിക വെല്ലുവിളി നേരിടുന്ന സ്ത്രീകളെ പ്രതികൂലമായി ബാധിക്കുന്നതാണ്. അവഗണിക്കപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്യുന്ന സ്ത്രീ വിഭാഗത്തോടൊപ്പം നിൽക്കുക എന്നത് ജാതിവിവേചനം നേരിടുന്ന സ്ത്രീവിഭാഗത്തോടൊപ്പം നിൽക്കൽ തന്നെയാണ്.
(വിമൻ ജസ്റ്റിസ് മൂവ്മെന്‍റ് സംസ്ഥാന സെക്രട്ടറിയാണ് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.