പത്രങ്ങളുടെ മുൻപേജിലും ചാനൽ പ്രൈം ടൈമിലും നിറഞ്ഞുനിന്നിരുന്ന ലക്ഷദ്വീപ് വാർത്തകൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഒരു സമൂഹത്തിെൻറ ചരിത്രമോ പശ്ചാത്തലമോ അറിയാത്ത ഭരണാധികാരികൾ ചര്‍ച്ചകളില്ലാതെ ഏകപക്ഷീയമായി അടിച്ചേൽപിക്കാൻ ശ്രമിച്ച നയങ്ങളും അതിനെതിരായ ജനകീയ ചെറുത്തുനില്പുകളുമാണ് ശാന്തസുന്ദരമായ ഈ ദ്വീപുകൾ വാര്‍ത്തകളിൽ നിറയാന്‍ കാരണമായത്. ചരിത്രം ഈ സംഭവങ്ങളെ എങ്ങനെ രേഖപ്പെടുത്തും? തങ്ങളുടെ ഇഷ്ടാനുസരണം ചരിത്രം മാറ്റിയെഴുതാൻ ഭരണകൂടം ശഠിക്കുന്നകാലത്ത് ഇത്തരമൊരു ചോദ്യത്തിന് പ്രസക്തിയുണ്ട്. ദ്വീപിനോട് ചരിത്രമെഴുത്തുകാർ മുമ്പ് കാണിച്ച അനീതിയും ഈ സംശയത്തെ ബലപ്പെടുത്തുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ കലക്ടര്‍മാരായിരുന്ന വില്യം ലോഗേൻറയും ജി. ഡബ്ലിയു. ഡാന്സിേൻറയും ഏകാധിപത്യപരമായ ഉത്തരവുകള്‍ക്കെതിരെ മിനിക്കോയിലെ ജനങ്ങൾ നടത്തിയ സമാധാനപരമായ പ്രതിരോധങ്ങളെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ദ്വീപിലെ ലഹളകള്‍ (Riots) എന്ന പേരിലാണ്. ജനങ്ങളുടെ നിസ്സഹകരണം കാരണം നടപ്പാക്കാന്‍ പറ്റാതെപോയ പരിഷ്കാരങ്ങള്‍ പിന്‍വലിക്കാനോ ഭേദഗതി ചെയ്യാനോ നിര്‍ബന്ധിതരായ കലക്ടർമാർ രേഖപ്പെടുത്തിവെച്ചത് ദ്വീപുകാർ ലഹളയുണ്ടാക്കി എന്നാണ്. പിന്നീട് ദ്വീപിനെ പറ്റി എഴുതിയവരെല്ലാം പഴയ മലബാര്‍ കലക്ടര്‍മാരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രം പഠനങ്ങൾ നടത്തിയതിനാൽ ഈ തെറ്റ് തിരുത്തപ്പെട്ടുമില്ല. ആ അന്യായം ചൂണ്ടിക്കാണിക്കുന്ന തെളിവുകൾ പഴയ എഴുത്തുകുത്തുകളുടെ രൂപത്തില്‍ കോഴിക്കോട് പുരാരേഖാവിഭാഗത്തിെൻറ അലമാരകളില്‍ ഇപ്പോഴും ഭദ്രമായിരിപ്പുണ്ട്.
ലോഗെൻറ നടപടികളെത്തുടര്‍ന്ന് മിനിക്കോയ് ദ്വീപുകാര്‍ക്ക് ഉണ്ടായ നഷ്ടം ആരും എവിടേയും രേഖപ്പെടുത്തിയില്ല. ലക്ഷദ്വീപിലേയും മാലദ്വീപിലേയും ആ അതിസമ്പന്നമേഖലയുടെ സാമ്പത്തിക അടിത്തറയാണ് ബ്രിട്ടീഷുകാര്‍ മാന്തിയെടുത്ത് നശിപ്പിച്ചത്. സ്വന്തം പായ്ക്കപ്പലുകളുമായി ബംഗാളിലേയും ബര്‍മയിലേയും തുറമുഖങ്ങളില്പോയി അരി വാങ്ങി മലേഷ്യ, ഇന്തോനേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിൽ കൊണ്ടുപോയി കച്ചവടം ചെയ്താണ് അവര്‍ ജീവിച്ചിരുന്നത്. ദ്വീപ് ഭരണം അറയ്ക്കൽ ബീവിയില്‍നിന്ന് ബ്രിട്ടീഷുകാർ ഏറ്റെടുക്കുന്ന സമയത്ത് മിനിക്കോയിയിൽ നാല്പതോളം പായ്ക്കപ്പലുകളുണ്ടായിരുന്നു. അവയില്‍ ഇരുപതോളം കപ്പലുകള്‍ വിദേശവ്യാപാരത്തിന് പോയപ്പോൾ, മറ്റുള്ളവ മാലദ്വീപുകളിലും കണ്ണൂരിലും കച്ചവടത്തിലേർപ്പെട്ടു. ബ്രിട്ടീഷുകാരുടെ 30 വര്‍ഷത്തെ ഇടപെടൽ അന്തര്‍ദേശീയ വ്യാപാരം ഓര്‍മയാക്കി മാറ്റിയെന്ന് മാത്രമല്ല, അവർ രാജ്യം വിടുമ്പോൾ മിനിക്കോയിയില്‍ സ്വകാര്യ ഉടമസ്ഥതയിൽ ഒരു കപ്പൽ പോലുമില്ലാത്ത അവസ്ഥയും വന്നു. കപ്പല്‍ മുതലാളിമാരായിരുന്ന സമൂഹത്തെ വെറും കപ്പല്‍ തൊഴിലാളികളാക്കിമാറ്റി ബ്രിട്ടീഷ് ഭരണകൂടം.
വില്യം ലോഗൻ
18ാം നൂറ്റാണ്ടിലായിരിക്കണം മിനിക്കോയ് അറയ്ക്കൽ രാജവംശത്തിന് കീഴിലാവുന്നത്. അതൊരു കീഴടക്കലോ ദാനമോ സമ്മാനമോ ആയിരുന്നില്ല. മാലദ്വീപ് ബീവിയുടെ കീഴിലായിരുന്നപ്പോള്‍ അവിടെ കടല്‍ക്കൊള്ളക്കാരുടെ ശല്യം കൂടുതലായിരുന്നു. കടലുകടന്ന് വാണിജ്യത്തിലേര്‍പ്പെട്ടിരുന്ന അവരുടെ കൈവശം എത്ര കൊള്ളയടിച്ചാലും തീരാത്ത സമ്പത്തുണ്ടാവുമെന്ന് കൊള്ളക്കാര്ക്കറിയാം. മാലദ്വീപ് ബീവിക്കാണെങ്കില്‍ കൊള്ളക്കാരെ എതിര്‍ക്കാൻ സൈന്യവുമില്ല. ഒരിക്കൽ അറയ്ക്കൽ ബീവിയുടെ സൈന്യം അവരുടെ ദ്വീപുകളില്‍ കൊള്ളയടിക്കാനെത്തിയവരെ പിന്തുടര്ന്ന് മിനിക്കോയിയിലെത്തി കൊള്ളക്കാരെ കൊന്നൊടുക്കി. സുരക്ഷ നല്കാൻ മാലദ്വീപ് ബീവിയേക്കാൾ നല്ലത് അറയ്ക്കൽ ബീവിയാണ് എന്ന തിരിച്ചറിവിൽ മിനിക്കോയ് ദ്വീപുകാർ അറയ്ക്കൽ രാജവംശത്തോട് കൂറ് പ്രഖ്യാപിക്കുകയായിരുന്നു. സംരക്ഷണത്തിന് പകരമായി ദ്വീപിലെ 75 ശതമാനം വരുന്ന പ്രദേശത്തെ മരങ്ങളില്‍നിന്നുള്ള ആദായമെടുക്കാൻ അറയ്ക്കൽ രാജവംശത്തെ അവർ അനുവദിച്ചു. കപ്പലോട്ടത്തിൽനിന്ന് നല്ല വരുമാനമുണ്ടായിരുന്നതിനാല്‍ കൃഷിതല്പരലല്ലാതിരുന്ന ദ്വീപുകാർ ഇതൊരു നഷ്ടമായി കണക്കാക്കിയില്ല. ഈ പരസ്പര ധാരണ കാരണമാണ് മറ്റു ദ്വീപുകളിൽ നടപ്പിലുണ്ടായിരുന്ന പല നികുതികളും അറയ്ക്കൽ രാജവംശം മിനിക്കോയിയിൽ ഏര്‍പ്പെടുത്താഞ്ഞത്. പാട്ടക്കുടിശ്ശികക്കായി ബ്രിട്ടീഷുകാര്‍ ദ്വീപുകൾ ഏറ്റെടുത്തപ്പോൾ മിനിക്കോയ് തങ്ങളുടെ സ്വകാര്യ സ്വത്താണ്, മറ്റു ദ്വീപുകളെപ്പോലെ പരമ്പരാഗത സ്വത്ത് അല്ല എന്ന് ബീവി വാദിച്ചതും ഇക്കാരണം കൊണ്ടാണ്.
ദ്വീപുകാര്‍ അറയ്ക്കൽ ബീവിയെ ആദായമെടുക്കാൻ അനുവദിച്ച ഭൂമിയാണ് ഇന്നും പണ്ടാരഭൂമിയെന്ന് അറിയപ്പെടുന്നത്. പണ്ടാരഭൂമി കൈകാര്യം ചെയ്യുന്നതിൽ മലബാർ കലക്ടര്‍മാർ കാണിച്ച കെടുകാര്യസ്ഥതയാണ് 1887ലും 1912ലും ദ്വീപിലെ അസ്വാരസ്യങ്ങള്‍ക്ക് കാരണമായതും അധികാരികൾ ലഹളകളെന്ന് മുദ്രകുത്തിയതും.
1847ലെ കൊടുങ്കാറ്റിനും കടല്‍കയറ്റത്തിനും ശേഷം അറയ്ക്കൽ രാജവംശത്തിന് ബ്രിട്ടീഷുകാര്‍ക്കുള്ള പാട്ടം നല്കാൻ പറ്റാതായി. ആറു വര്‍ഷങ്ങള്‍ക്കുശേഷം പാട്ടക്കുടിശ്ശിക എന്നപേരിൽ ദ്വീപുകൾ ബ്രിട്ടൻ പിടിച്ചെടുത്തു. 1854ല്‍ എല്ലാ ദ്വീപുകളിലും ആമീന്മാരെ നിയമിച്ചെങ്കിലും മിനിക്കോയിയിലേക്ക് ആമീനുള്ള യാത്രാസൗകര്യം ബീവി നല്കാതിരുന്നതിനാലും മലബാർ കലക്ടര്‍ക്ക് സ്വന്തമായി കപ്പലുകളില്ലാതിരുന്നതിനാലും മിനിക്കോയ് ആമീന്‍ ചുമതലയേല്ക്കാനായത് ഒരുവര്‍ഷം കഴിഞ്ഞാണ്. ഇക്കാലഘട്ടത്തില്‍ മിനിക്കോയ് തങ്ങളുടെ സ്വകാര്യ സ്വത്താണെന്ന് വാദിച്ച് കലക്ടര്‍ക്കും ഗവര്‍ണര്‍ക്കുമെല്ലാം അറയ്ക്കല്‍ രാജവംശം പലതവണ നിവേദനങ്ങൾ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. മലബാറിലെ മുസ്ലിം സമുദായത്തില്‍പെട്ടവരെയാണ് മറ്റു ദ്വീപുകളിലെപ്പോലെ മിനിക്കോയിയിലും ആമീന്മാരായി നിയമിച്ചത്. രണ്ടുവര്‍ഷ കാലാവധിക്കാണ് ആമീന്മാരെ നിയമിക്കുന്നത്. ഭരണം തൃപ്തികരമെങ്കില്‍ കാലാവധി നീട്ടും. പ്രാദേശിക ഭാഷയായ മഹല്‍ (ദിവേഹി) അറിയാഞ്ഞത് ആമീന്മാരെ വിഷമിപ്പിച്ചു.
1858ല്‍ ദ്വീപ് സന്ദര്‍ശിച്ച അസിസ്റ്റൻറ് കലക്ടര്‍ എ.ജെ. തോമസാണ് ഭാഷാപ്രശ്നത്തിന് പരിഹാരമായി മിനിക്കോയ് ദ്വീപുകാരെത്തന്നെ അവിടെ ആമീന്മാരാക്കാം എന്ന അഭിപ്രായം മുന്നോട്ടുവെച്ചത്. ആദ്യ പരീക്ഷണങ്ങള്‍ പരാജയങ്ങളായിരുന്നു. തുടർന്നാണ് അറയ്ക്കൽ ബീവിയുടെ കപ്പലുകളും വ്യാപാരവും നിയന്ത്രിച്ചിരുന്ന ലേന്ത്രം ഗണ്ടുവര്‍ ദോം അലി മണിക്ഫാൻ എന്ന അതിസമ്പന്നനെ 1878ല്‍ മിനിക്കോയ് ആമീനാക്കുന്നത്. പാട്ടത്തുക അടക്കാൻ വഴിയില്ലാഞ്ഞ അവസരങ്ങളിൽ അറയ്ക്കല്‍ ബീവിക്ക് കടംകൊടുക്കാൻ ശേഷിയുള്ള പണക്കാരനായിരുന്നു അദ്ദേഹം. പല ഭാഷകള്‍ സംസാരിക്കുമെങ്കിലും ഇംഗ്ലീഷ് എഴുതാനോ വായിക്കാനോ അറിയാത്തതുകൊണ്ട് ഉത്തരവാദിത്തം ഏറ്റെടുക്കാൻ മണിക്ഫാൻ തയാറായില്ല. പെെട്ടന്ന് ജോലി വിട്ടാല്‍ ബീവിക്ക് കടം കൊടുത്ത തുക ലഭിക്കാതെവരുമോ എന്ന ഭയവും ഉണ്ടായിരുന്നു. സര്‍ക്കാറുമായുള്ള എഴുത്തുകുത്ത് കൈകാര്യംചെയ്യാൻ പ്രാപ്തനായ ഗുമസ്ഥനെ ഏർപ്പെടുത്താമെന്ന വാഗ്ദാനത്തോടൊപ്പം ബീവി നല്‍കാനുണ്ടായിരുന്ന പണം കലക്ടര്‍തന്നെ കൈയോടെ നല്കി ദോം അലി മണിക്ഫാനെ ആമീൻ പട്ടം നിര്‍ബന്ധിച്ച് ഏല്പിച്ചു സർക്കാർ. പിന്നീടുള്ള ആറുവർഷം ഭരണം നന്നായിത്തന്നെ പോയി.
മുേമ്പ ശക്തനായിരുന്ന മണിക്ഫാൻ ആമീനായശേഷം അതിശക്തനായി തങ്ങള്‍ക്കെതിരെ തിരിയുമോ എന്നായി ബ്രിട്ടീഷുകാര്‍ക്ക് ഭയം. അടുത്തതവണ ആമീന്‍ കാലാവധി നീട്ടിക്കൊടുക്കേണ്ട എന്ന് തീരുമാനിച്ച കലക്ടര്‍ ആമീൻ പിന്‍ഗാമിയായി നിര്‍ദേശിച്ച വ്യക്തിക്ക് അധികാരം നല്‍കിയതുമില്ല. പുതിയ ആമീന്‍ കാര്യപ്രാപ്തി ഇല്ലാഞ്ഞതിനാൽ, പിന്നീടുണ്ടായ എല്ലാ അനിഷ്ട സംഭവങ്ങള്‍ക്കും ബ്രിട്ടീഷുകാർ പഴി ചാരിയത് പഴയ ആമീനെയാണ്. ദ്വീപുകാരിൽ ബഹുഭൂരിപക്ഷത്തിെൻറയും പിന്തുണ ദോം അലി മണിക്ഫാനുണ്ടായിരുന്നതിനാൽ, അദ്ദേഹത്തെ സാമ്പത്തികമായി തകര്‍ക്കാനായി ബ്രിട്ടീഷുകാരുടെ അടുത്തശ്രമം.
അറക്കൽ ബീവിയുടെ രാജമുദ്ര
1884ല്‍ ദ്വീപിൽ ഇൻസ്പെക്ഷനെത്തിയ ഹെഡ് അസിസ്റ്റൻറ് കലക്ടർ ഡാന്‍സ് വരുമാനം വര്‍ധിപ്പിക്കാനായി പണ്ടാരഭൂമി പാട്ടത്തിന് കൊടുക്കാന്‍ നിര്‍ദേശിച്ചു. മറ്റ് ദ്വീപുകളിലെപ്പോലെ ഒരു തെങ്ങില്‍നിന്നുള്ള ശരാശരി വാര്‍ഷികവരുമാനം മിനിക്കോയിയില്‍നിന്ന് ലഭിക്കുന്നില്ല എന്നതിനാല്‍ തെങ്ങ് നാട്ടുകാരെ നിര്‍ബന്ധപൂര്‍വം പാട്ടത്തിന് അടിച്ചേല്പിക്കാനായിരുന്നു ശ്രമം. കപ്പലോട്ടവും മീന്‍പിടുത്തവും കുലത്തൊഴിലായ ഈ ദ്വീപുകാർക്ക് കൃഷിയിൽ താൽപര്യമേയില്ലായിരുന്നു. അതുകൊണ്ടാണല്ലോ അവർ പണ്ടാരഭൂമി ആദായമെടുക്കാൻ ബീവിക്ക് നൽകിയത്. ജനങ്ങളുടെ നിലപാട് മനസ്സിലാക്കിയ ബീവിയാകട്ടെ താഴെവീഴുന്ന തേങ്ങകൾ പെറുക്കാന്‍ ആളുകളെ നിര്‍ത്തിയതല്ലാതെ തെങ്ങുകൃഷി വികസിപ്പിച്ചതുമില്ല. കലക്ടർ എത്ര ശ്രമിച്ചിട്ടും പണ്ടാരഭൂമി പാട്ടത്തിനെടുക്കാൻ മിനിക്കോയിയില്‍ ആരും തയാറായില്ല. ഇതിന് പഴയ ആമീനാണ് കാരണക്കാരൻ എന്ന റിപ്പോര്‍ട്ട് നൽകി ഡാന്‍സ്. ഇതാണ് വില്യം ലോഗന് 1887ലെ ലഹളയായി ചിത്രീകരിച്ച സംഭവങ്ങളുടെ തുടക്കം.
1887ല്‍ സബ് കലക്ടറായി എത്തിയ ഡാന്‍സ് പണ്ടാരഭൂമിയിലെ കൈതക്കാടുകള്‍ വെട്ടിത്തെളിച്ച് സർക്കാർ മേൽനോട്ടത്തിൽ തെങ്ങുകൃഷി നടത്താൻ ശ്രമിച്ചു. എന്നാല്‍, കൈതക്കാടുകള്‍ വെട്ടാൻ ദ്വീപുകാർ വിസമ്മതിച്ചു. കാട് വെട്ടിയാല്‍ പണ്ടാരഭൂമിയിലെ പ്രേതങ്ങൾ അവരുടെ വീടുകളിലേക്കെത്തും എന്ന പരമ്പരാഗത വിശ്വാസമാണ് അവരെ അതില്‍നിന്ന് പിന്തിരിപ്പിച്ചത്. ദ്വീപിലെ പാരിസ്ഥിതിക സന്തുലനത്തിനും ആവശ്യമാണ് കൈതച്ചെടികൾ. സൂനാമിപോലുള്ള വെള്ളപ്പാച്ചിലുണ്ടായാല്പോലും ഭൂമിയിലെ മേല്‍മണ്ണിനെ അടിത്തട്ടിലെ പാറകളുമായി യോജിപ്പിച്ചുനിര്‍ത്താൻ കൈതച്ചെടികള്ക്കാവും. ദ്വീപുകാരുടെ സമാധാനപരമായ ചെറുത്തുനില്പിന്മുന്നിൽ പരാജയപ്പെട്ടതോടെ തന്നെ നാട്ടുകാര്‍ രാത്രി ആക്രമിച്ച് കൊലപ്പെടുത്തുമെന്ന വിവരം കിട്ടി എന്ന കഥയുണ്ടാക്കി ഡാന്‍സ് ഇരുട്ടിെൻറ മറവിൽ ദ്വീപില്‍നിന്ന് രക്ഷപ്പെട്ടു. രണ്ടാഴ്ചക്കുശേഷം ഒരു ബറ്റാലിയന് മലബാർ സ്പെഷൽ പൊലീസ് സേനയുടെ അകമ്പടിയിൽ കലക്ടര്‍ ലോഗനോടൊപ്പം തിരിച്ചെത്തിയ ഡാന്‍സിന്, പണപ്പെട്ടിപോലും െവച്ചിടത്തുനിന്ന് അനങ്ങിയിട്ടില്ല എന്ന് കാണാനായി. ഇതിനെല്ലാം സാക്ഷിയായ ലോഗന് ഈ സംഭവത്തെ 'ലഹള' എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയത് തേൻറതുകൂടിയായ ഭരണപരാജയത്തെ മറയ്ക്കാനാവും.
ദോം അലി മണിക്ഫാനോട് ലോഗന് ചെയ്തത് ഇതിനേക്കാൾ വലിയ ക്രൂരതയായിരുന്നു. കുത്തക കച്ചവടക്കാരനെന്ന് ആരോപിച്ച്, വിദേശവ്യാപാരത്തിന് ഉപയോഗിച്ചിരുന്ന അദേഹത്തിെൻറ കപ്പലുകള്‍ വിലക്കുകയും നാടുകടത്തുമെന്ന ഭീഷണി മുഴക്കുകയും ചെയ്തശേഷം കുത്തക തകര്‍ക്കാനെന്ന ഭാവത്തിൽ രാംദാസ് തുളസിദാസ് എന്ന ഒരു ഗുജറാത്തി കച്ചവടക്കാരനെ മിനിക്കോയിയിലെത്തിച്ചു. ഇദ്ദേഹത്തിന് എല്ലാ സഹായങ്ങളും നൽകാന് ആമീന്‍ ഉത്തരവും നൽകി. ഇരുപതാം നൂറ്റാണ്ടിെൻറ ആദ്യവര്‍ഷങ്ങളിലൊന്നിൽ ദോം അലി മണിക്ഫാൻ മരിച്ചതോടെ ആ ശീതയുദ്ധം കഴിഞ്ഞു. ഇതിനിടെ നേടേണ്ടതെല്ലാം ബ്രിട്ടീഷുകാര്‍ നേടിയിരുന്നു. മണിക്ഫാെൻറ കപ്പലുകൾ കടപ്പുറത്ത് കയറ്റിവെച്ചിടത്ത് ചിതലെടുത്ത് നശിച്ചു. മറ്റ് കച്ചവടക്കാര്‍ക്ക് വിദേശവ്യാപാരത്തിന് കപ്പലുകളയക്കാന്‍ ധൈര്യമില്ലാതായി. കപ്പല്‍ മുതലാളിമാരായിരുന്ന സമൂഹം വെറും കപ്പല്ത്തൊഴിലാളികളായി മാറിയത് അങ്ങിനെയാണ്.
1912ലെ ലഹളയെന്ന് രേഖപ്പെടുത്തിയ സംഭവത്തിെൻറ പിന്നിലും പണ്ടാരഭൂമിയിലെ തെങ്ങും തേങ്ങയും തന്നെയായിരുന്നു. സര്‍ക്കാറിെൻറ അമിതചൂഷണം കാരണം തെങ്ങിെൻറ നാട്ടിൽ കറിക്കരക്കാൻ തേങ്ങ കിട്ടാതായപ്പോള്‍ ദ്വീപുകാർ ആമീനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നിസ്സഹകരണ സമരം നടത്തി. അവസാനം അന്നത്തെ മലബാര്‍ കലക്ടർ സർ ചാൾസ് ഇന്‍സ് (Innes) ദ്വീപിൽ വന്ന്, പണ്ടാരഭൂമിയുടെ പരിപാലനം നാട്ടുകാരുടെ സഹകരണ സംഘത്തിന് നല്‍കിയാണ് പ്രശ്നം പരിഹരിച്ചത്. ഇതും റിപ്പോര്‍ട്ടായി പ്രസിദ്ധീകരിച്ചപ്പോൾ 'ലഹള' എന്നായി.ഈയിടെ ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ നിയോഗിച്ച അഡ്മിനിസ്ട്രേറ്റർ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച പരിഷ്കാരങ്ങളെ ജനങ്ങള്‍ ചെറുത്തത് ചരിത്രത്തിൽ എങ്ങനെയായിരിക്കും രേഖപ്പെടുത്തുക എന്ന് കാത്തിരുന്ന് തന്നെ അറിയണം.
(ഡയറക്ടറേറ്റ് ജനറൽ ഓഫ് ലൈറ്റ്ഹൗസസ് ആൻഡ് ലൈറ്റ് ഷിപ്സിൽ മൂന്നര പതിറ്റാണ്ട് സേവനമനുഷ്ഠിച്ച ലേഖകൻ ഗ്രന്ഥകാരനും കോഴിക്കോട് ലാമ്പ് മ്യൂസിയം ക്യൂറേറ്ററുമാണ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.