ഹനാൻ മൊല്ല

കർഷക പ്ര​േക്ഷാഭത്തിൽ രാഷ്​ട്രീയം കലർത്തേണ്ട

പഞ്ചാബ്​ കർഷകർ ഡൽഹി അതിർത്തിയിലെത്തിയതു മുതൽ ആ സമരത്തെ ദേശീയ തലത്തിലേക്കുയർത്താനുള്ള പരിശ്രമത്തിലാണ് 'ഓൾ ഇന്ത്യ കിസാൻ സംഘർഷ് സമന്വയ കമ്മിറ്റി' നേതാവ് ഹനാൻ മൊല്ല. അഖിലേന്ത്യ കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയായ ഹനാൻ മൊല്ല പത്ത് വർഷമായി രാജ്യത്തെ കർഷക പ്രസ്ഥാനങ്ങളുടെയും സമരങ്ങളുടെയും അമരത്തുണ്ട്. സർക്കാറുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ട പശ്ചാത്തലത്തിൽ 'മാധ്യമ'ത്തിന് നൽകിയ അഭിമുഖം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ചക്കു പോകും മുമ്പ് കൃഷി മന്ത്രി നരേന്ദ്ര സിങ്​ തോമർ വല്ല പ്രതീക്ഷയും നൽകിയിരുന്നോ?

◆ഒന്നുമില്ല. സർക്കാറുമായി ആദ്യ ചർച്ച ഡിസംബർ ഒന്നിനായിരുന്നു. അന്ന് ഞങ്ങൾ 40 കർഷക നേതാക്കളാണ് പോയത്. കേന്ദ്ര സർക്കാർ പ്രതിനിധികളായി കൃഷിമന്ത്രി നരേന്ദ്ര സിങ്​ തോമറും വാണിജ്യ മന്ത്രി പിയൂഷ് ഗോയലും പഞ്ചാബുകാരനായ മന്ത്രിയും പ​െങ്കടുത്തു. കർഷക ആവശ്യങ്ങളിൽ ചർച്ച നടത്തണമെന്ന് വ്യക്തമായി പറഞ്ഞിരുന്നു. ആറുമാസമായി ഞങ്ങൾ പോരാടുന്നു. വിവാദ നിയമം ഓർഡിനൻസായി കൊണ്ടുവന്നപ്പോൾ അതിെൻറ ആയിരക്കണക്കിന് പകർപ്പുകൾ രാജ്യവ്യാപകമായി കത്തിച്ചു. ശേഷം നിയമമാക്കുന്നതിന് ബിൽ പാർലമെൻറിൽ കൊണ്ടുവന്ന്​ പാസാക്കിയപ്പോഴും പ്രതിഷേധിച്ചു. എന്നാൽ, ഞങ്ങളെ കേൾക്കാൻ കേന്ദ്രം തയാറായില്ല. പാസാക്കിയപ്പോഴും കർഷകരുമായി ചർച്ച നടത്താതെ നടപ്പാക്കരുതെന്ന് പറഞ്ഞു. അതും കേട്ടില്ല. ചർച്ച നടത്താതെ നിയമം നടപ്പാക്കി. അപ്പോൾ പിന്നെ പ്രക്ഷോഭമല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നു.

നിയമനിർമാണത്തിനു മുമ്പ് കർഷകരുമായി നടത്തേണ്ട നിയമപരമായ കൂടിയാലോചനകളോ കരടുണ്ടാക്കിയ ശേഷം ആക്ഷേപങ്ങളും അഭിപ്രായങ്ങളും ക്ഷണിക്കലോ ഒന്നുമില്ലാതെയാണ് ഈ നിയമങ്ങളുണ്ടാക്കിയത്. നിയമനിർമാണത്തിനു മുമ്പ് 90 ലക്ഷം കർഷകരുമായി കൂടിയാലോചന നടത്തിയെന്ന് സർക്കാർ പറഞ്ഞു. 90 ലക്ഷം പോകട്ടെ, ഒമ്പതു േപരെ ഹാജരാക്കുമോ എന്ന് ഞങ്ങൾ തിരിച്ചുചോദിച്ചു. വലിയ നുണയായിരുന്നു അത്.

പഞ്ചാബിൽ രണ്ടു മാസത്തോളം സമരം

നടത്തിയ കർഷകർ ഡൽഹിയിലേക്ക് പുറപ്പെട്ട ശേഷമാണ്​ സമരത്തിന് ദേശീയ ശ്രദ്ധ കൈവന്നത്. പഞ്ചാബി കർഷകർ തുടങ്ങിവെച്ച ഈ സമരത്തിൽ ദേശീയ കർഷക

സംഘടനകൾ വന്നുചേർന്നതെങ്ങനെ?

◆പഞ്ചാബിലെ 32 കർഷക സംഘടനകൾ കഴിഞ്ഞ രണ്ടുമാസം മുമ്പ് തുടങ്ങിയ സമരമാണ് ഡൽഹി അതിർത്തികളിലെത്തിയത്. ഇതിലെ പത്ത് സംഘടനകളും 250 സംഘടനകളുടെ ദേശീയവേദിയായ 'ഓൾ ഇന്ത്യ കിസാൻ സംഘർഷ് സമന്വയ സമിതി'യിലുള്ളവരായിരുന്നു. 250 കർഷക സംഘടനകൾ ഒരുമിച്ചുചേർന്ന് മൂന്നുവർഷം മുമ്പുണ്ടാക്കിയ വേദിയാണ് 'ഓൾ ഇന്ത്യ കിസാൻ സംഘർഷ് സമന്വയ സമിതി' (എ.ഐ.കെ.എസ്.എസ്). പഞ്ചാബിലെ കർഷകസമരം ശക്തിപ്പെട്ടതോടെ ഒക്ടോബർ 27ന് എ.ഐ.കെ.എസ്.എസ് യോഗം വിളിച്ച്​, പഞ്ചാബ്​ കർഷകരുടെ ആവശ്യം തങ്ങളുടേതുകൂടിയാണെന്ന് വിലയിരുത്തി അവരുമായി കൈകോർക്കാൻ തീരുമാനിച്ചു. എല്ലാവരെയും കൂട്ടി 'സംയുക്ത് കിസാൻ മോർച്ച'യുണ്ടാക്കി (കർഷക ​െഎക്യമുന്നണി). നവംബർ 26, 27 തീയതികളിൽ 'ഡൽഹി ചലോ' മാർച്ച് സംഘടിപ്പിച്ചു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കർഷകരെല്ലാം ഡൽഹി അതിർത്തിയിലെത്തി. അതിനുശേഷം മാത്രമാണ് ഡിസംബർ ഒന്നിന് ഔദ്യോഗികമായി സർക്കാർ ചർച്ചക്ക് തയാറായത്.

ആദ്യ യോഗത്തിൽ മന്ത്രിമാരുടെ നിലപാട് എന്തായിരുന്നു? തുടർചർച്ചകളിൽ മറ്റെന്തെങ്കിലും ഫോർമുലകൾ മുന്നോട്ടുവെച്ചോ?

◆ഞങ്ങളുടെ എതിർപ്പ് പരിഗണിച്ച് നിയമത്തിൽ ആവശ്യമായ ഭേദഗതി കൊണ്ടുവരാമെന്ന് മന്ത്രിമാർ പറഞ്ഞു. എന്നാൽ, നിയമങ്ങൾ പിൻവലിക്കുകയാണ്​ വേണ്ടതെന്ന് എല്ലാവരും ഒരേ സ്വരത്തിൽ പ്രതികരിച്ചു. ഭേദഗതികൾകൊണ്ട്​ പരിഹാരമാവില്ല. ക്ഷയരോഗമുള്ളവർക്ക് കോളറ മരുന്ന് നൽകുന്നതുപോെലയാണത്. കാർഷിക നിയമങ്ങൾ അടിമുടി കർഷക വിരുദ്ധമാണ്. ദേഭഗതികൾ നിയമത്തിെൻറ സ്വഭാവത്തിൽ ഒരു മാറ്റവും വരുത്തില്ല. അതുകൊണ്ടാണ് പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അതിൽ കുറഞ്ഞ ഒന്നും കേൾ​േക്കണ്ടെന്നും മന്ത്രിമാരോട് തീർത്തുപറഞ്ഞത്​. രണ്ടാമതു​ ചർച്ചക്കു വന്നപ്പോഴും അവർ അതേ കാര്യം ആവർത്തിച്ചു. വിജ്ഞാൻഭവനിലെ അവസാന ചർച്ചയിൽ കർഷകനേതാക്കൾ കടുത്ത സ്വരത്തിൽ സംസാരിക്കുകയും ഇറങ്ങിപ്പോക്കിന് ഒരുങ്ങുകയും ചെയ്തു.

കർഷക നേതാക്കളെ പ്രകോപിപ്പിച്ചത് എന്തായിരുന്നു?

◆അവസാനവട്ട ചർച്ചയിലും പഴയ നിലപാട്​ മന്ത്രിമാർ ആവർത്തിച്ചു. പ്രഭാഷണം കേൾക്കാനല്ല വന്നതെന്നും ഞങ്ങളുടെ ആവശ്യത്തിൽ എന്തുചെയ്യുമെന്ന് പറഞ്ഞാൽ മാത്രം മതിയെന്നും മന്ത്രിമാരോട് പറഞ്ഞ്​ ഞങ്ങൾ മിണ്ടാതിരുന്നു. 40 നേതാക്കളുടെയും സംസാരങ്ങൾക്ക് ഒരേ സ്വരമായിരുന്നു. സമരസംഘടനകളുമായുള്ള സംഭാഷണത്തിൽ സർക്കാറുമായി ഇതുപോെല ഏകസ്വരത്തിൽ സംസാരിച്ച ഒരു സന്ദർഭം ഇതിനുമുമ്പ് രാജ്യചരിത്രത്തിലുണ്ടാവില്ല.

രണ്ടു മണിക്കൂർ ഞങ്ങൾ ഒന്നും മിണ്ടാതിരുന്നപ്പോൾ പിയൂഷ് ഗോയലും നരേന്ദ്ര സിങ്​ തോമറും എഴുന്നേറ്റ് പുറത്തുപോയി. 15 മിനിറ്റിനുശേഷം അകത്തേക്ക് വന്നു. നിയമം പിൻവലിക്കണമെന്ന കർഷകരുടെ ആവശ്യം മനസ്സിലാക്കിയെന്നും അക്കാര്യത്തിൽ തനിച്ചൊരു തീരുമാനമെടുക്കാനാവില്ലെന്നും മുകളിലുള്ളവരോടുകൂടി സംസാരിച്ച് രണ്ടു ദിവസം കഴിഞ്ഞ് വരാമെന്നും കൃഷി മന്ത്രി പറഞ്ഞു. ഡിസംബർ ഒമ്പതിന് ചർച്ചക്ക് സമ്മതിച്ച് ഞങ്ങൾ പുറത്തിറങ്ങി.

ആഭ്യന്തര മന്ത്രി അമിത് ഷാ വന്നിട്ടും ആ ചർച്ചയും പൊളിഞ്ഞതെന്തുകൊണ്ടാണ്?

◆ഒമ്പതിലെ ചർച്ചക്ക് കാത്തിരിക്കുന്നതിനിടയിലാണ് എട്ടിന് വൈകീട്ട് അമിത് ഷായുടെ ഓഫിസിൽനിന്ന് വിളിവരുന്നത്. വലിയ നേതാവായതിനാൽ അദ്ദേഹത്തിന് കുറച്ചുകൂടി നന്നായി ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. ഷായും തോമറും ഗോയലുമാണവിടെ ഉണ്ടായിരുന്നത്. ദയവുചെയ്ത് തോമർ മുന്നോട്ടുവെച്ച നിർദേശം അംഗീകരിക്കണമെന്നും നിയമം ഭേദഗതി ചെയ്യാമെന്ന സർക്കാർ നിലപാട് സ്വീകരിക്കണ​െമന്നും അമിത് ഷാ അഭ്യർഥിച്ചു. നിരവധി പ്രാവശ്യം അമിത് ഷാ ഇതേ ആവശ്യം ആവർത്തിച്ചപ്പോൾ ദേഷ്യം വന്ന ഞങ്ങൾ അദ്ദേഹത്തോട് കടുത്ത ഭാഷയിൽതന്നെ പ്രതികരിച്ചു. വലിയ മന്ത്രിമാർ വലിയ കാര്യം ചെയ്യുമെന്നാണ് ഞങ്ങൾ കരുതിയതെന്നും എന്നാൽ, താെഴയുള്ള ചെറിയ ഒരു മന്ത്രിയെ പിന്തുടർന്ന് അദ്ദേഹത്തിെൻറ നിർദേശവുമായാണ് താങ്കൾ വന്നിരിക്കുന്നതെന്നും ഞങ്ങൾ പറഞ്ഞു. ഭേദഗതികൾ പോരെന്ന് ഡിസംബർ ഒന്നുമുതൽ ഞങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത​േല്ല എന്നും അമിത് ഷായോട് ചോദിച്ചു. ഇത് സ്വീകാര്യമല്ലെന്ന് അമിത് ഷായോട് തീർത്തുപറഞ്ഞു. സർക്കാർ നിലപാട് രേഖാമൂലം അറിയിക്കാമെന്ന് അമിത് ഷാ പറഞ്ഞതോടെ ചർച്ച തീർന്നു.

അമിത് ഷായുടെ രേഖയിൽ എന്താണുണ്ടായിരുന്നത്?

◆ശരിക്കുമൊരു വഞ്ചനയായിരുന്നു അത്. പത്തു ദിവസമായി സ്വീകരിക്കില്ലെന്ന് പറഞ്ഞ് ഞങ്ങൾ തള്ളിയ അതേ വാഗ്ദാനം അമിത് ഷായുടെ രേഖയിലും ആവർത്തിച്ചു. ഒരു പവർ പോയൻറ് പ്രസ​േൻറഷൻ പകർപ്പായിരുന്നു അത്​. ഒമ്പതിന് സിംഘു അതിർത്തിയിൽ യോഗം ചേർന്ന് രേഖ തള്ളിയ കർഷക സംഘടനകൾ ആ വഞ്ചനയെ അപലപിച്ചു. ചർച്ചയിലൂടെ സർക്കാർ കള്ളം പറഞ്ഞ്​ വഞ്ചിക്കുകയാണെന്ന്​ എല്ലാവരുമറിഞ്ഞു. കർഷകരെ ബോധ്യപ്പെടുത്താൻ കഴിയാതായതോടെ കുറ്റപ്പെടുത്താൻ തുടങ്ങി. രാഷ്​ട്രീയ പാർട്ടികളാണ് സമരത്തിലുള്ളതെന്ന് ആരോപിച്ചു. ഒരു രാഷ്​ട്രീയ പാർട്ടിയുടെയും നേതാവിന്​ ഞങ്ങൾ ഈ പ്രസ്ഥാനത്തിൽ ഇടം നൽകിയിട്ടില്ല.

രാഷ്​ട്രീയ നേതാക്കൾ വന്നപ്പോൾ കർഷകർ അവരെ മടക്കിയയക്കുന്നത് ഗാസിപൂരിൽ കണ്ടു. ഇത് സമരസമിതിയുടെ തീരുമാനമാണോ?

◆രാഷ്​ട്രീയ നേതാക്കൾ വരുന്നതോടെ ആരോപണം അവരിലേക്കിട്ട് സമരത്തെ പാളം തെറ്റിക്കാൻ സർക്കാറിനു കഴിയും. അതുകൊണ്ടാണ് ഒരു രാഷ്​ട്രീയ പാർട്ടിയുമായും ഒരു ബന്ധവും വേണ്ടെന്നുവെച്ചത്. ഇത് പൂർണമായും കർഷക പ്രസ്ഥാനം മാത്രമാണ്. നുണ ആവർത്തിച്ചാവർത്തിച്ച് സത്യമാക്കുന്ന ഗീബൽസിയൻ തന്ത്രമാണ് ഈ സമരത്തിൽ രാഷ്​ട്രീയം കലർത്തുന്നതും.

സമരത്തെ നേരിടാൻ സർക്കാർ പയറ്റുന്ന തന്ത്രങ്ങൾ എന്തൊക്കെയാണ്?

◆ആദ്യം അവർ ഖലിസ്ഥാനികളെന്ന് വിളിച്ചു. പിന്നീട് ഹിന്ദു-മുസ്​ലിം പ്രശ്​നമാക്കാൻ നോക്കി. എന്നാൽ, ഹിന്ദുവും മുസ്​ലിമും സിഖുമായ കർഷകരെല്ലാം ഒന്നായി വന്ന് ഞങ്ങൾ കർഷകരാണെന്നു പറഞ്ഞു. ​െെചനയും പാകിസ്​​താനുമാണ് സമരത്തിനു പിന്നിൽ എന്നാണ് ഇപ്പോൾ പറയുന്നത്. 70 കോടി കർഷകർ ദേശവിരുദ്ധരാണെന്നും പറയുന്നു. കർഷകർ ഏതെങ്കിലും വിദേശ രാജ്യത്തിെൻറ ഏജൻറുമാരല്ല. മോദിയും അമിത് ഷായുമാണ് അമേരിക്കയുടെ ഏജൻറുമാർ. ജനങ്ങളുടെ പിന്തുണയോടെ ആരോപണങ്ങളെയെല്ലാം മറികടക്കും. അതിനു തെളിവാണ് ഭാരത് ബന്ദിന് കിട്ടിയ ജനപിന്തുണ. ആ പിന്തുണയുമായി കൂടുതൽ പേരെ സമരത്തിനിറക്കി ഞങ്ങൾ മുന്നോട്ടുപോകും. കൂടുതൽ പേർ സമരത്തിൽ വന്നുചേരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.