സ്ത്രീധനത്തിന്റെ പേരിൽ പ്രതിവർഷം 5000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേരളത്തിൽ എത്ര പേർ ശിക്ഷിക്കപ്പെടുന്നുണ്ട്? ശിക്ഷാനടപടികൾ ശക്തമായ താക്കീതായി മുന്നിലുണ്ടായിരുന്നെങ്കിൽ സ്ത്രീധന സമ്പ്രദായത്തെ ഒരുപരിധിവരെയെങ്കിലും ഇല്ലാതാക്കാൻ പണ്ടേ സാധിച്ചേനെ
‘ഞങ്ങളുടെ മകൾക്ക് നീതിയില്ലേ?’ എന്ന നെഞ്ച് തുളക്കുന്ന ചോദ്യമാണ് ഇന്നലെ ഞങ്ങളെ സെബീനയുടെ വീട്ടിലെത്തിച്ചത്.
ഒക്ടോബർ 25ന് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പാലക്കാട് ജില്ലയിലെ കൊഴിക്കര സ്വദേശിനി സെബീന ഏഴുവർഷം അനുഭവിച്ച മാനസിക-ശാരീരിക പീഡനങ്ങളുടെ കഥകളാണ് സെബീനയുടെ മാതാപിതാക്കൾ വിമൻ ജസ്റ്റിസ് മൂവ്മെൻറ് പ്രതിനിധി സംഘത്തോട് പങ്കുവെച്ചത്.
സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും അയാളുടെ മാതാപിതാക്കളും നിരന്തരം ചെയ്തുകൂട്ടിയ ക്രൂരതകൾ സഹിക്കാനാകാതെയാണ് ആ പെൺകുട്ടി സ്വയംഹത്യക്ക് മുതിർന്നത്. നാളിതുവരെയായി കുറ്റവാളികളെ കസ്റ്റഡിയിലെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
കേരളത്തിലെ സ്ത്രീധന ഹത്യയുടെ പട്ടികയിൽ പുറംലോകം അറിഞ്ഞതും അറിയാത്തതുമായ പുതിയ പേരുകൾ വന്നുചേരുകയാണ്. പുരുഷാധികാര സമൂഹത്തിന്റെ സാംസ്കാരിക ജീർണതകളിൽനിന്ന് നവോത്ഥാന കേരളം മോചനം നേടിയിട്ടില്ല എന്നതിന്റെ അടയാളപ്പെടുത്തൽ കൂടിയാണിത്. ആത്മഹത്യകളും കൊലപാതകങ്ങളുമായി സ്ത്രീധനക്കുരുതികളിൽ പെൺകുട്ടികളുടെ / സ്ത്രീകളുടെ ജീവൻ പൊലിഞ്ഞുകൊണ്ടിരിക്കുന്നു. പണത്തിനുമീതെ പ്രണയംപോലും പറക്കില്ലെന്ന പുതിയ ചൊല്ലുകൾ തീർത്തുകൊണ്ട് സ്ത്രീധനഹത്യകൾ പെരുകുന്നു.
സ്ത്രീധനത്തിന്റെ പേരിൽ പ്രതിവർഷം 5000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേരളത്തിൽ എത്ര പേർ ശിക്ഷിക്കപ്പെടുന്നുണ്ട്? ശിക്ഷാനടപടികൾ ശക്തമായ താക്കീതായി മുന്നിലുണ്ടായിരുന്നെങ്കിൽ സ്ത്രീധന സമ്പ്രദായത്തെ ഒരുപരിധിവരെയെങ്കിലും ഇല്ലാതാക്കാൻ പണ്ടേ സാധിച്ചേനെ.
നിയമപരമായി 1961 മുതലേ നിരോധിക്കപ്പെട്ട സ്ത്രീധനം സമൂഹത്തിൽ ഇന്നും വ്യാപകമായി തുടർന്നുകൊണ്ടിരിക്കുന്നതിനു പിന്നിൽ സ്ത്രീവിരുദ്ധമായ യാഥാസ്ഥിതിക പൊതുബോധമാണ്. പെൺകുഞ്ഞ് പിറന്ന ദിവസം മുതൽ അവളെ വിവാഹം കഴിപ്പിച്ചയക്കാനുള്ള സമ്പാദ്യം സ്വരുക്കൂട്ടിക്കൊള്ളുകയെന്ന് സമൂഹം രക്ഷാകർത്താക്കളെ ഓർമപ്പെടുത്തിത്തുടങ്ങും.
മകളെ വിവാഹം കഴിപ്പിച്ചയക്കേണ്ട ബാധ്യതാഭാരത്താൽ മരുഭൂമിയിൽ ജീവിതം എരിച്ചു തീർത്തവരെത്ര? കിടപ്പാടംവരെ പണയപ്പെടുത്തി ദുരിതങ്ങൾ ഏറ്റുവാങ്ങിയവരെത്ര?
വിദ്യാഭ്യാസപരമായ ഉന്നതിയും സ്വന്തമായ തൊഴിൽ സാധ്യതകളും സ്ത്രീകളെ ശക്തരാക്കിയിട്ടുണ്ടെങ്കിലും വിവാഹരംഗത്ത് നിലനിൽക്കുന്ന മേൽക്കോയ്മകളിലും വൈവാഹിക ജീവിതത്തിന്റെ പാട്രിയാർക്കൽ പ്രവണതകളിലും തരിമ്പും മാറ്റമുണ്ടായിട്ടില്ല. വിവാഹം കമ്പോളമായതും സ്ത്രീ അതിലെ ചരക്കായതും സ്ത്രീധനത്തെ അംഗീകൃതമാക്കുന്ന നിവൃത്തികേടാണ്. വിദ്യാഭ്യാസ ഔന്നത്യത്തിന്റെ കാലത്തും ഇത് തുടരുന്നു എന്നത് അദ്ഭുതപ്പെടുത്തുന്നതാണെങ്കിലും യാഥാർഥ്യമാണ്.
മനുഷ്യരെ വിലക്കുവാങ്ങുന്ന അടിമക്കച്ചവടം പോലെ ക്രൂരമാണ് സ്ത്രീധന സമ്പ്രദായം. അതിന്റെ തോതിലെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് ഭർതൃവീട്ടിൽനിന്നും സാമൂഹിക പരിസരത്തുനിന്നും വധുവിന് ലഭിക്കുന്ന പരിഗണനകളിൽ മാറ്റം പ്രകടമായിരിക്കും. സ്വന്തം സാമൂഹിക പദവിയെ വിലകൊടുത്ത് നിശ്ചയിക്കേണ്ടതായ അവസ്ഥയെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ..
ഒരേ കുടുംബത്തിലേക്ക് വിവാഹിതരായി വന്ന വ്യത്യസ്ത സാമ്പത്തിക പദവിയുള്ളവരിലെ സ്ത്രീധനത്തോത് കുറഞ്ഞവർ നേരിടേണ്ടതായ വിവേചനം ഭീകരമാണെന്നത് അനുഭവ സാക്ഷ്യമാണ്.
സ്ത്രീധന നിരോധന നിയമവും ഗാർഹിക പീഡന നിരോധന നിയമങ്ങളുമെല്ലാം നിലവിലുണ്ടെങ്കിലും സ്ത്രീയെക്കുറിച്ച അധീശ സമൂഹത്തിന്റെ കാഴ്ചപ്പാട് മാറാതെ മാറ്റം സാധ്യമല്ല. നിയമ ബോധവത്കരണങ്ങളിലൂടെയും സാമൂഹിക നീതി സങ്കൽപങ്ങൾ വേരുറപ്പിക്കുന്നതിലൂടെയും സർവോപരി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിലൂടെയും വേണം ഇതിനെ മറികടക്കാൻ.
കേരളത്തിലെ വിദ്യാവതികളായ സ്ത്രീകൾക്ക് സ്ത്രീധന വിവാഹത്തിന് എതിരുനിൽക്കുന്ന പെൺകൂട്ടായ്മകൾക്ക് രൂപംകൊടുത്ത് മാറ്റത്തിന്റെ മുന്നിൽ നടക്കാൻ കഴിയണം. അത്തരം പ്രക്ഷോഭ മുഖങ്ങൾ തുറന്ന് പെൺകൂട്ടായ്മകൾക്ക് കൂടുതൽ കരുത്തുപകരാനും നീതിക്കായുള്ള പോരാട്ടവഴിയിൽ ഉറച്ചുനിൽക്കാനും വിമൻ ജസ്റ്റിസ് മൂവ്മെന്റ് ഒപ്പമുണ്ടാവും.
(വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡൻറാണ് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.