പ്രളയാനന്തര വരൾച്ച; ഇത്​ മുന്നറിയിപ്പ് മാത്രം

കേരളത്തെ വിറപ്പിച്ച പ്രളയദുരന്തത്തിൽ നിന്ന് അതിജീവിക്കുന്നതിനിടയിൽ ഭീ​​​തി​​​പ്പെ​​​ടു​​​ത്തു​​​ന്ന കാ​​​ലാ​​​വ​​​സ്​​​​ഥ​​​യും അ​​​സ്വാ​​​ഭാ​​​വി​​​ക ചൂ​​​ടും നമുക്ക് നൽകുന്നത് ഒരു മുന്നറിയിപ്പ് മാത്രമാണ്. ഒരാഴ്ച മുമ്പുവരെ ഇരുകര മുട്ടി ഒഴുകിയ നദികൾ കാഴ്ചക്ക്​ വിരുന്നൊരുക്കിയെങ്കിൽ ജലവിതാനം താഴ്ന്ന നദികളാണ് ഇപ്പോൾ അതിശയക്കാഴ്ചയൊരുക്കുന്നത്. പ്ര​ള​യ​നാ​ളു​ക​ളിൽ ഒഴുകിയ ന​ദി​കളും മറ്റും ഇ​പ്പോൾ പ​ഴയനി​ല​യി​ലേ​ക്ക് അ​തി​വേ​ഗം മടങ്ങുന്ന കാഴ്ചയാണ് കാണുന്നത്. പു​​​ഴ അ​​​ട​​​ക്കം ജ​​​ല​​​സ്രോ​​​ത​​​സ്സു​​​ക​​​ൾ വറ്റുന്നുണ്ട്. ഈ പ്രതിഭാസത്തിൽനിന്ന്​ കരകയറാൻ മഴ മാത്രമാണ് ഏക പ്രതിവിധി.

പ്രളയശേഷം മഴലഭ്യതയിലെ കുറവും പ്രളയസമയത്തുണ്ടായ ശക്തമായ ഒഴുക്കിൽ പുഴകളുടെ അടിത്തട്ട‌് ഒഴുകിപ്പോയതുൾപ്പെടെയുള്ളതുമാണ‌് ജലവിതാനം കുറയാനുള്ള പൊതുകാരണങ്ങളിലൊന്ന്. നിലവിൽ ഭൂജലനിരപ്പി​​െൻറ അളവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ‌് വിലയിരുത്തൽ. ആഗസ്​റ്റ്​ 21നുശേഷം സംസ്ഥാനത്ത് തീരെ മഴ ലഭിച്ചിട്ടില്ല. അടുത്തമാസങ്ങളിൽ പ്രതീക്ഷിക്കുന്ന അളവിൽ സംസ്ഥാനത്ത് മഴ ലഭിക്കുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരംകാണാൻ സാധിക്കും. പ്രളയസമയത്തുണ്ടായ വെള്ളം മുഴുവൻ കടലിലേക്ക‌് പൂർണമായി എത്തി. പുഴകളുടെ അടിത്തട്ട‌് ഒഴുകിപ്പോയതോടെ പുഴയുടെ ആഴംകൂടിയിട്ടുണ്ട്. പ്രളയത്തി​​െൻറ ആഘാതത്തിൽ മേൽമണ്ണിന് താഴെ ജലം സംഭരിച്ചുനിർത്തിയിരുന്ന മൺപാളിയിൽ വിള്ളലുണ്ടായി. മണ്ണിനടിയിൽ അറകൾ വലുതായതോടെ മേൽമണ്ണിന് ജലം പിടിച്ചുനിർത്തുന്നതിനുള്ള ശേഷി കുറയുകയും ചെയ്‌തു.

മഴക്കാലത്ത് ഭൗമോപരിതലത്തിലൂടെ വെള്ളം ഒഴുകിയാണ് താഴേക്കിറങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ കുത്തനെ താഴേക്കിറങ്ങുകയാണ്. കിണറുകളിലെ ഭൂഗർഭജലം അടുത്തുള്ള മറ്റു ജലസ്രോതസ്സുകളിലേക്ക‌് ഒഴുക്ക‌് തുടരുന്നു. മഴയുടെ കുറവും ഈ ഭൂഗർഭജലത്തി​​െൻറ ഇത്തരം ഒഴുക്കുമാണ‌് കിണർ ജലവിതാനം താഴുന്നതി​​െൻറ കാരണം. ഏ​റ്റ​വും കൂ​ടിയ അ​ള​വിൽ മഴ ല​ഭി​ച്ചി​ട്ടും കി​ണ​റു​ക​ളിൽ ജ​ല​വി​താ​നം പൊ​ടു​ന്ന​നെ താ​ഴു​ന്ന പ്ര​തി​ഭാ​സ​മാ​ണ് എ​ങ്ങും. വെള്ളം പിടിച്ചുനിർത്താൻ നദികളിലും മറ്റും സ്ഥാപിച്ചിരുന്ന തടയണകളും മറ്റും പ്രളയത്തി​​െൻറ കുത്തൊഴുക്കിൽ തകർന്നു. പ്രാഥമിക പരിശോധന നടത്തിയ കോഴിക്കോട‌് ജില്ലയിലെ കുറ്റ്യാടിപ്പുഴ, ചാലിയാർ പുഴ തുടങ്ങിയയിടങ്ങളിൽ പ്രശ്‌നങ്ങളൊന്നും കണ്ടെത്താൻ സാധിച്ചില്ല. അതേസമയം, പൂനൂർപുഴ വറ്റുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. എവിടെയും കാര്യമായ പ്രശ‌്നം റിപ്പോർട്ട‌് ചെയ‌്തിട്ടില്ല.

ചിലയിടങ്ങളിൽ പ്രതീക്ഷക്കപ്പുറം ഭൂജലവിതാനം താഴ‌്ന്നതായും ശ്രദ്ധയിൽപെട്ടിട്ടുണ്ട‌്. ഇതിനുള്ള കാരണങ്ങൾ കണ്ടെത്തുന്നതിനൊപ്പം പ്രളയം ജലസ്രോതസ്സുകളിൽ ഏൽപിച്ച ആഘാതവും ഭാവിയിലേക്കുള്ള കരുതൽ, സംരക്ഷണ മാർഗങ്ങൾ രൂപപ്പെടുത്തുന്നതിനുമാണ‌് ഇനി പഠനം നടത്തുന്നത‌്. ഭാരതപ്പുഴയെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. കൂടാതെ, പ്രളയത്താൽ നാടിനു നാശംവിതക്കുകയും ഭയം ജനിപ്പിക്കുകയും ചെയ്ത പമ്പാ നദി മുൻവർഷങ്ങളേക്കാൾ താഴ്ന്ന നിലയിലാണ് ഒഴുകുന്നത്. വ​ലു​തും ചെ​റു​തു​മായ അണക്കെ​ട്ടു​ക​ളു​ടെ സം​ഭ​ര​ണ​ശേ​ഷി​യി​ലും കാ​ര്യ​മായ കു​റ​വുവ​ന്നി​ട്ടുണ്ട്.

നാ​ലും അ​ഞ്ചും ആൾ​പ്പൊ​ക്ക​ത്തിൽ വെ​ള്ളം ഒ​ഴു​കിയ പ്ര​ദേ​ശ​ങ്ങ​ളി​ലും കി​ണ​റു​കൾ പെ​ട്ടെ​ന്നു ശോ​ഷി​ച്ച​താ​ണ് ജ​ന​ങ്ങൾ നേ​രി​ടു​ന്ന മ​റ്റൊ​രു പ്ര​ശ്നം. പ്ര​ള​യ​ജ​ലം അ​പ്പാ​ടെ ഒ​ഴു​കി ക​ട​ലി​ലെ​ത്തി​യ​തോ​ടെ ഭൂ​മി​ക്ക​ടി​യി​ലെ ജ​ല​ശേ​ഖ​ര​ത്തി​​​െൻറ അ​ള​വും ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. ഭൂമിയുടെ ഈർപ്പം നഷ്​ടമായി ചൂട് കൂടിയതുമൂലമാണ് വയനാട്ടിൽ മണ്ണിരകളും മറ്റു ജന്തുക്കളും ചത്തുവീഴുന്നത്. ഇനി ഏതൊക്കെ പുഴകളിലാണ‌് പഠനം നടത്തേണ്ടതെന്ന‌് ഉടൻ തീരുമാനിക്കും. മുൻവർഷങ്ങളിൽ ഈ സമയത്തെ മഴയുടെ ലഭ്യതയും പുഴയുടെ ഒഴുക്ക‌്, ഭൂജലവിതാനം തുടങ്ങിയ വിഷയങ്ങളും പഠനവിധേയമാക്കും.

വരുംകാലത്ത‌് ജലപരിപോഷണത്തിനും സംരക്ഷണത്തിനുമായി സ്വീകരിക്കേണ്ട ശിപാർശകൾ അടങ്ങിയ റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കും. നെൽവയലുകൾ ഇല്ലാതാകുന്നതും, മണൽ ഊറ്റലുകൾ തകൃതിയായി നടക്കുന്നതും എല്ലാം കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പു​ഴ​ക​ളു​ടെ​യും ജ​ല​സ്രോ​ത​സ്സുക​ളു​ടെ​യും സം​ര​ക്ഷ​ണം എ​ത്ര​മേൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്ന് ബോ​ധ്യ​മാ​ക്കു​ന്ന​താ​യി​രു​ന്നു പ്ര​ളയനാ​ളു​കൾ. ജല സംരക്ഷണത്തിന് ഒറ്റക്കെട്ടായി കൈകോർത്ത് മുന്നിട്ടിറങ്ങിയാൽമാത്രമേ വരുംകാലങ്ങളിൽ ഇത്തരം സംഭവങ്ങളിലേക്ക് നാം എത്തിച്ചേരാതിരിക്കൂ.

(സി.ഡബ്ല്യു.ആർ.ഡി.എം സീനിയർ പ്രിൻസിപ്പൽ സയൻറിസ്​റ്റാണ്​ ലേഖകൻ)
തയാറാക്കിയത്: തൗഫീഖ് അസ്‌ലം

Tags:    
News Summary - Drought after Flood in Kerala -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.