ഇ. ശ്രീധരനും സുധാകരൻ മന്ത്രിയും പാലാരിവട്ടം പാലവും

പാലാരിവട്ടം പാലം പൊളിച്ചുപണിയാനും ചുമതല ഇ. ശ്രീധരനെ ഏൽപിക്കാനുമുള്ള സംസ്​ഥാന സർക്കാർ തീരുമാനത്തിന് ഒരു മറു വശമുണ്ട്. പാലം നിർമാണത്തിലെ അഴിമതിയും അതി​െൻറ രാഷ്​ട്രീയതല ബന്ധങ്ങളും കേരളം ചർച്ചചെയ്യുമ്പോൾ മറഞ്ഞുകിടക്ക ുന്ന ആ പ്രധാന വിഷയം ചർച്ചചെയ്യാതെ പോകുകയാണ്.

‘‘ആരാണ് ഈ ശ്രീധരൻ? ഒരു പഞ്ചായത്ത് അംഗംപോലുമല്ലാത്ത അയാൾക്ക് സർക്കാർകാര്യത്തിൽ അഭിപ്രായം പറയാൻ എന്തവകാശം? പാലവും റോഡും എങ്ങനെ പണിയണമെന്ന് തീരുമാനിക്കാനും ചെയ്യിക്കാനു ം ഇവിടെ സർക്കാറും അതി​െൻറ എൻജിനീയർമാരും ഒക്കെയുണ്ട്. അതിനുമേൽ ഇ. ശ്രീധരൻ ഇടപെടേണ്ട’’ -മാസങ്ങൾക്കുമുമ്പ് ‘മെേട ്രാമാൻ’ ഇ. ശ്രീധരനെതിരെ ഗർജിച്ചത് പൊതുമരാമത്തു മന്ത്രി ജി. സുധാകരനായിരുന്നു.

പത്മശ്രീ, പത്മവിഭൂഷൺ അവാർഡുക ൾ നൽകി രാഷ്​ട്രം ബഹുമാനിച്ച, ഒന്നിലേറെ തവണ ഇന്ത്യയുടെ ‘മാൻ ഓഫ് ദി ഇയർ’ ആയി തിരഞ്ഞെടുക്കപ്പെട്ട ഒരാളെയാണ് പേരുക േട്ട കേരളത്തി​െൻറ മന്ത്രി ആക്ഷേപിച്ചത്. ഇടയ്​ക്കു തൂണുകളില്ലാത്ത ബ്രിട്ടീഷ് നിർമിത ഹൗറ പാലം പോലെ കൊച്ചി മെ േട്രായുടെ സൗത്ത് റെയിൽവേ സ്​റ്റേഷനടുത്തുള്ള വളഞ്ഞുപോകുന്ന സന്തുലിത കാൻറിലിവർ പാലം ഇ. ശ്രീധര​​െൻറ മെേട്രാ ടീ ം കേരളത്തിനു നൽകിയ ഒരു അത്ഭുത എൻജിനീയറിങ്​ വിസ്​മയമാണ്. കൊച്ചി മെേട്രായുടെ ഒന്നാംഘട്ടംതന്നെ ബജറ്റ് തുക മുഴുവൻ ചെലവഴിക്കാതെ സമയപരിധിക്കുമുമ്പ്​ പണിതീർത്ത് ഉദ്ഘാടനത്തിന് ഒരുക്കിയേൽപിക്കുകയായിരുന്നു ശ്രീധരൻ.

അദ്ദേഹത്തി​െൻറ മഹത്ത്വം അറിയാത്തയാളൊന്നുമല്ല ജി. സുധാകരൻ. പക്ഷേ, മന്ത്രി നടത്തിയ പ്രകോപന പ്രസ്​താവന മലയാളികളെയാകെ ലജ്ജിപ്പിക്കുന്നതായി.

ദേശീയപാതയിൽ എറണാകുളം-വൈറ്റില ജങ്​ഷനിൽ മെേട്രാക്കുവേണ്ടി മേൽപാലം പണിയുന്നതുമായി ബന്ധപ്പെട്ട് ഇ. ശ്രീധരൻ മുന്നോട്ടുവെച്ച നിർദേശങ്ങളാണ് മന്ത്രി സുധാകരനെ പ്രകോപിപ്പിച്ചത്. വൈറ്റില ജങ്​ഷൻ സംസ്​ഥാനത്തെ ഏറ്റവും വലിയ ഗതാഗതക്കുരുക്കാകാതെയും മേൽപാല നിർമാണത്തെ തുടർന്ന് ഇടറോഡുകളിലൂടെ ഗതാഗതം ക്രമീകരിക്കുന്നതു സംബന്ധിച്ചും മറ്റുമാണ് എൻജിനീയറിങ്​ നിർമാണമേഖലയിൽ രാജ്യാന്തര അംഗീകാരമുള്ള ഇ. ശ്രീധരൻ മാധ്യമങ്ങളിലൂടെ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്; സംസ്​ഥാന പൊതുമരാമത്തു വകുപ്പി​െൻറ മേൽനോട്ടത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ നേരിൽ പരിശോധിച്ച്.

മാസങ്ങളായി എറണാകുളത്തെയും തൃപ്പൂണിത്തുറയിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങളും ദേശീയപാതയിലൂടെ യാത്രചെയ്യുന്ന മറ്റുള്ളവരും ദിവസത്തി​െൻറ പകുതിഭാഗവും വാഹനത്തിൽ ചെലവഴിക്കേണ്ട അവസ്​ഥയിലാണ്. ഈ ദുരിതത്തിന്​ പ്രായോഗികമായി അറുതിവരുത്താനും മെേട്രാ വികസനത്തോടെ കൊച്ചിയിൽ സുഗമമായ യാത്രാസൗകര്യം ഉറപ്പുവരുത്താനും ഇ. ശ്രീധര​​െൻറ നിർദേശങ്ങൾ സഹായിക്കുമായിരുന്നു. അത് തുറന്നമന​സ്സോടെ മനസ്സിലാക്കി പ്രവർത്തിക്കുന്നതിനു പകരം മന്ത്രി ത​​െൻറ ശൗര്യവും അഹന്തയും അധിക്ഷേപവുംകൊണ്ട് ആ വയോധികനെ മലിനപ്പെടുത്താനാണ് ശ്രമിച്ചത്​.

ഇതു മാധ്യമങ്ങളിലൂടെ നാടാകെ അറിഞ്ഞിട്ടും മുഖ്യമന്ത്രി ആ പദവിയിൽ നിക്ഷിപ്തമായ വിശേഷാൽ അധികാരം പ്രയോഗിച്ച് സ്വന്തം പാർട്ടിക്കാരൻകൂടിയായ മന്ത്രിയെ ശാസിക്കാനോ ഇ. ശ്രീധരനോട് പരസ്യമായി ഖേദംപ്രകടിപ്പിക്കാനോ മുതിർന്നില്ല. മന്ത്രിയാണെന്നതുകൊണ്ടും ഇടയ്​ക്കു കവിത കുറിച്ച് വാർത്തയാക്കുന്നതുകൊണ്ടുമല്ല, അഴിമതിക്കാരോട് വിട്ടുവീഴ്ച ചെയ്യാത്ത സത്യസന്ധനായ ഒരാളെന്ന നിലയിലാണ് പാലവും റോഡും വിഴുങ്ങികൾ ഭരിച്ചുപോന്ന, പൊതുമരാമത്തു വകുപ്പി​െൻറ തലപ്പത്തുള്ള അദ്ദേഹത്തെ സഹിക്കുന്നതും പ്രതീക്ഷയർപ്പിക്കുന്നതും.

വിശ്വാസ്യതയടക്കമുള്ള ശ്രീധര​​െൻറ ഗുണവിശേഷങ്ങളൊക്കെ ഉപയോഗപ്പെടുത്തിയാണ് പാലാരിവട്ടം മേൽപാലത്തിെ​ൻറ നിർമാണ തകരാറുകളും അഴിമതിപർവവും കൈകാര്യംചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇ. ശ്രീധര​​െൻറ സാങ്കേതിക ഉപദേശവും സഹായവും തേടിയത്. ‘ഒരു പഞ്ചായത്ത് പ്രസിഡൻറി​​െൻറ മുൻപരിചയംപോലുമില്ലാത്ത’ ഇ. ശ്രീധരനുമായുള്ള ചർച്ചക്ക്​ സാക്ഷിയാകാൻ ജി. സുധാകരനെക്കൂടി അദ്ദേഹം സന്നിഹിതനാക്കി. മദിരാശി ഐ.ഐ.ടിയിൽനിന്നുള്ള വിദഗ്ധസംഘത്തെ കൊണ്ടുവന്ന് പാലാരിവട്ടം പാലം നിർമിതി പരിശോധിച്ചതും വിദഗ്ധ റിപ്പോർട്ട് വാങ്ങിയതും ഒടുവിൽ പാലം ഭൂരിഭാഗവും പൊളിച്ചുപണിയണമെന്ന് ഉപദേശം നൽകിയതും മുഖ്യമന്ത്രിക്ക് സ്വീകരിക്കേണ്ടിവന്നു. നിശ്ചയിച്ച സമയപരിധിയായ ഒരു വർഷത്തിനകം പാലം നിർമിതി പൂർത്തിയാക്കാനും വകയിരുത്തിയ 20 കോടിയിൽ കുറഞ്ഞ ചെലവിൽതന്നെ അതു സാധ്യമാക്കാനും ഇ. ശ്രീധര​​െൻറ മേൽനോട്ടംകൊണ്ടേ കഴിയൂ.

ഇ. ശ്രീധരനെപ്പോലെ സേവനരംഗത്തുനിന്ന് പിരിഞ്ഞ ഒട്ടേറെ പ്രതിഭകളെ സംസ്​ഥാനത്ത് അവരുടെ പ്രായോഗികവിജ്ഞാനം ഉപയോഗപ്പെടുത്താനാവാതെ കേരളം നഷ്​ടപ്പെടുത്തിയിട്ടുണ്ട്. അവരിൽ പ്രമുഖനാണ്​ ഇന്ത്യൻ റെയിൽവേ ബോർഡ്​ ചെയർമാനായിരുന്ന എം.എൻ. പ്രസാദ്. 1990ൽ വിരമിച്ചശേഷം തിരുവനന്തപുരത്ത് താമസവും വിശ്രമവുമായിക്കഴിഞ്ഞ അദ്ദേഹം പൊതുവിൽ കേരളത്തി​െൻറയും വിശേഷിച്ച് തലസ്​ഥാനനഗരിയുടെയും ഗതാഗതവും വികസനവുമായി ബന്ധപ്പെട്ട ഒട്ടേറെ പദ്ധതികൾ മന്ത്രിമാർക്ക് നേരിൽ സമർപ്പിച്ചിരുന്നു. അതെല്ലാം പാഴായി. 2013ൽ മരിക്കുംമുമ്പ് കേരളത്തിൽ നേരായവിധം വികസനപ്രവർത്തനങ്ങൾ നടക്കില്ലെന്ന നിരാശയാണ് അദ്ദേഹം പങ്കിട്ടത്. ഇതുപോലെ മറ്റു പലരുടെയും ദുരനുഭവങ്ങൾ നമുക്കു മുന്നിലുണ്ട്.

ഇ.കെ. നായനാരുടെ നേതൃത്വത്തിൽ ഇടതുമുന്നണി ഗവൺമ​െൻറ്​ 1987ൽ അധികാരത്തിൽ വന്നപ്പോൾ ഇ.എം.എസി​െൻറ മുൻകൈയിൽ രൂപപ്പെടുത്തിയ ജനകീയാസൂത്രണത്തി​െൻറ മർമം തന്നെ ഗ്രാമതലം തൊട്ട് സംസ്​ഥാനതലംവരെ വിവിധ സർവിസുകളിൽ പ്രവർത്തിച്ച് പിരിഞ്ഞവരുടെ സാങ്കേതികവിജ്ഞാന അനുഭവശേഷി ഉപയോഗപ്പെടുത്തലായിരുന്നു. അതും ജനങ്ങളെന്ന മൂലധനവും ചേർത്ത് വികസനത്തി​െൻറ മുൻഗണനയും പരിേപ്രക്ഷ്യവും നിർണയിച്ച് സമയബന്ധിതമായി നടപ്പാക്കുകയായിരുന്നു. ബ്യൂറോക്രസിയുടെ കൈയിൽനിന്നും രാഷ്​ട്രീയ അഴിമതി കൂട്ടുകെട്ടിൽനിന്നും ഭരണത്തെയും വികസനപ്രവർത്തനങ്ങളെയും മോചിപ്പിക്കുകയായിരുന്നു ലക്ഷ്യം. പിന്നീട് അത് തകർക്കുന്നതിൽ എൽ.ഡി.എഫ്-യു.ഡി.എഫ് സർക്കാറുകൾ ഒരുപോലെ സംഭാവനചെയ്തു. രാഷ്​​ട്രീയ-ഭരണ നേതൃത്വത്തി​െൻറയും ബ്യൂറോക്രസിയുടെയും സ്വേച്ഛാധിപത്യത്തിലേക്ക് വികസനം കീഴ്പ്പെട്ടു. അതി​െൻറ ഏറ്റവും വലിയ തെളിവാണ് പൊളിച്ചുപണിയാൻ നിർബന്ധിതമായ 42 കോടി രൂപയുടെ പാലാരിവട്ടം മേൽപാലം. നിർമാണത്തി​െൻറ ഭൂരിഭാഗവും പൂർത്തിയാക്കിയത് യു.ഡി.എഫ് സർക്കാറാണ്. നിർമാണം പൂർത്തിയാകുംമുമ്പ് ഉദ്ഘാടനം നടത്തിയത് എൽ.ഡി.എഫും. രണ്ടു ഘട്ടത്തിലെയും പൊതുമരാമത്തു മന്ത്രിമാർക്ക് വീഴ്ചയിൽ കൈകഴുകാനാവില്ല.

ജനകീയാസൂത്രണ പ്രക്രിയയിലുണ്ടായിരുന്ന ജനങ്ങളുടെ സാന്നിധ്യവും ജാഗ്രതയും അപ്രത്യക്ഷമായതോടെ അഴിമതിയുടെ പാതകളും അതിലെ കൊള്ളയും വീണ്ടും നിലവിൽവന്നു. അതുകൊണ്ടാണ് ഇ. ശ്രീധരനെപ്പോലുള്ള കളങ്കരഹിതനായ മഹാവ്യക്തിത്വത്തെ മുൻനിർത്തി പാലം പൊളിച്ചുപണിയുന്നതിെ​ൻറ വിശ്വാസ്യത ഉറപ്പിക്കാനും പ്രശ്നം യു.ഡി.എഫ് ഭരണക്കാരുടെ വീഴ്ച മാത്രമായി രാഷ്​ട്രീയമായി പ്രയോജനപ്പെടുത്താനും മുഖ്യമന്ത്രിയും എൽ.ഡി.എഫും ശ്രമിക്കുന്നത്.

ഇ. ശ്രീധരൻ എന്ന വ്യക്തിത്വം സ്​ഥായിയായ ഒരു പരിഹാരമല്ല; എന്നാൽ, സ്​ഥായിയായ മാതൃകയാണ്. മന്ത്രിമാരും പൊതുപ്രവർത്തകരും ബ്യൂറോക്രസിയും ജനപ്രതിബദ്ധതയും വിശ്വാസ്യതയും സമർപ്പണവും കൂട്ടായ്മയും സൃഷ്​ടിച്ചാൽ കേരളം ലോകത്തിനുതന്നെ മാതൃകയാകുമെന്നതിെ​ൻറ അനുഭവപാഠവും.

Tags:    
News Summary - e sreedharan minister sudhakaran and palarivattam bridge -opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.