ഒരു നൂറ്റാണ്ട് നീണ്ട പ്രവർത്തനത്തിലൂടെ ഏറ്റവുമധികം ശാഖകളുള്ള സംസ്ഥാനമായി മാറിയിട്ടും കേന്ദ്രഭരണത്തിൽ രണ്ടാമൂഴമെത്തിയിട്ടും ഹിന്ദുത്വവർഗീയതക്ക് കേരളംപോലൊരു കൊച്ചുസംസ്ഥാനത്ത് അധികാരം പിടിക്കാൻ അവശേഷിക്കുന്ന പ്രതിബന്ധം എന്താണെന്ന് മെട്രോമാൻ ഇ. ശ്രീധരന് അറിയാം. കോൺഗ്രസും സി.പി.എമ്മും നയിക്കുന്ന ഇരുമുന്നണികൾക്കിടയിൽ മാത്രം മാറിമറിയുന്ന പ്രതികൂല രാഷ്ട്രീയ കാലാവസ്ഥയാണ് ഹിന്ദുത്വവാഴ്ചയിൽനിന്ന് കേരളത്തെ തൽക്കാലമെങ്കിലും തടുത്തുനിർത്തുന്നതെന്ന ബോധ്യമാണ് രണ്ടിനെയും തള്ളിപ്പറഞ്ഞ് കേരളത്തിെൻറ 'ഹിന്ദുത്വ പോസ്റ്റർ ബോയ്' ആകാൻ 89ാം വയസ്സിൽ ശ്രീധരനെ പ്രേരിപ്പിച്ചത്. ഭാരത രത്നക്കുപോലും പേര് നിർദേശിക്കപ്പെടുന്ന തരത്തിൽ ദേശീയതലത്തിൽ ആർജിച്ച മെട്രോമാൻ പരിവേഷം സ്വയം അഴിച്ച് ഒരു എം.എൽ.എ മാത്രമുള്ള പാർട്ടിയുടെ മുഖ്യമന്ത്രിസ്ഥാനാർഥി വേഷം സ്വയം എടുത്തണിയുകയാണ് ശ്രീധരൻ. തെൻറ 'ഘർവാപസി' പാർട്ടി ദേശീയ പ്രസിഡൻറ് ജെ.പി. നഡ്ഡയെ കൊണ്ടെങ്കിലും പ്രഖ്യാപിപ്പിക്കാൻ ശ്രീധരന് തോന്നിയതുമില്ല.
അടക്കിപ്പിടിച്ചതെല്ലാം പുറത്തേക്ക്
ഇടതുപക്ഷംപോലും ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷവിരുദ്ധതയും പരസ്യമായി പറഞ്ഞുതുടങ്ങിയ കേരളത്തിെൻറ മണ്ണ് ഹിന്ദുത്വരാഷ്ട്രീയത്തിന് പാകമായിക്കഴിഞ്ഞുവെന്ന അൽപം അതിരുകടന്ന ആത്മവിശ്വാസമാണ് അരങ്ങേറ്റത്തിൽതന്നെ മുഖ്യമന്ത്രിപദമോഹം പരസ്യമാക്കാൻ ശ്രീധരനെ പ്രേരിപ്പിച്ചത്. ഇത്ര നാളും ഉള്ളിൽ അടക്കിപ്പിടിച്ച വർഗീയതയും പരദ്വേഷവും ഇപ്പോൾ പൊട്ടിയൊലിക്കുന്നതിനുള്ള കാരണവും മറ്റൊന്നല്ല. ബി.ജെ.പി പ്രവേശന പ്രഖ്യാപനത്തിന് തൊട്ടുപിറെക നൽകിയ അഭിമുഖത്തിൽ രാജ്യത്ത് എവിടെയാണ് അസഹിഷ്ണുത എന്ന് ചിരിച്ചുകൊണ്ട് തിരിച്ചുചോദിച്ച ശ്രീധരൻ തൊട്ടുപിറ്റേന്ന് നൽകിയ മറ്റൊരു അഭിമുഖത്തിൽ മാംസാഹാരികളോടുള്ള തെൻറ അസഹിഷ്ണുത പരസ്യമായി പ്രകടിപ്പിച്ചു. മുട്ടപോലും കഴിക്കാത്ത സസ്യാഹാരിയാണ് താനെന്നും മാംസാഹാരികളെ തനിക്കിഷ്ടമല്ലെന്നുമാണ് ശ്രീധരൻ പറഞ്ഞത്. കോടതി തള്ളിക്കളഞ്ഞ 'ലവ് ജിഹാദ്' പ്രോപഗണ്ട ഏെറ്റടുത്ത് കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് തനിക്കറിയാമെന്നും ഹിന്ദുക്കൾ വിവാഹത്തിെൻറ കെണിയിൽപെടുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സ്കൂൾകാലംതൊട്ടേ സ്വയംസേവക് ആണെന്നും തന്നിലുള്ള എല്ലാ അടിസ്ഥാന മൂല്യങ്ങൾക്കും പിന്നിൽ ആർ.എസ്.എസ് ആണെന്നും പറയുന്ന ഒരാളിൽനിന്ന് ഇതിലപ്പുറവും പ്രതീക്ഷിക്കാം.
എല്ലാം മറന്ന സ്വയംസേവകൻ
ഹിന്ദുത്വരാഷ്ട്രീയപ്രവേശനത്തിന് ശ്രീധരൻ നിരത്തുന്ന ന്യായീകരണങ്ങളൊക്കെ വൈരുധ്യങ്ങളുടേതാണ്. കൊച്ചി മെട്രോയുടെ നിർമാണവും ഡൽഹി എയർപോർട്ട് മെട്രോയുടെ നടത്തിപ്പും സ്വകാര്യ ഏജൻസികളെ ഏൽപിക്കുന്നതിനെതിരെ ശക്തമായി നിലകൊണ്ടയാളാണ് ശ്രീധരൻ. പൊതുഗതാഗതം പൊതുമേഖലയിൽതെന്നയാകണമെന്നും അത് ലാഭകരമാക്കണമെന്ന സങ്കൽപംതന്നെ തെറ്റാെണന്നുമായിരുന്നു അദ്ദേഹത്തിെൻറ നിലപാട്. കൊച്ചി മെട്രോ സാമ്പത്തികമായി വൻപരാജയമാകുേമ്പാഴും അതിലൊരു മനസ്താപവും ശ്രീധരന് തോന്നാതിരിക്കാനുള്ള കാരണവും ഈ നിലപാടാണ്. ഇതിന് നേർവിപരീതനയങ്ങളുള്ള പൊതുമേഖലയിലുള്ളതെല്ലാം വിറ്റുതീർക്കുകയും വിമാനത്താവളങ്ങൾപോലും സ്വകാര്യകുത്തകകൾക്ക് കൈമാറുകയും ചെയ്യുന്ന നരേന്ദ്ര മോദി മാത്രമാണിപ്പോൾ അദ്ദേഹത്തിെൻറ പ്രതീക്ഷ.
മാറിവന്ന ഭരണകർത്താക്കളും രാഷ്ട്രീ യ നേതാക്കളും നൽകിയ കലവറയില്ലാത്ത പിന്തുണയും ഒരിക്കലും മുടങ്ങാത്ത ഫണ്ടുമാണ് തന്നെപ്പോലൊരു മലയാളിയെ രാജ്യം മുഴുവനും അറിയുന്ന മെട്രോമാനാക്കിയത് എന്ന് സ്വയംസേവകനായി വീണ്ടും വെളിപ്പെട്ടപ്പോൾ ശ്രീധരൻ മറന്നു. മധു ദന്തവതെ, ജോർജ് ഫെർണാണ്ടസ്, നിതീഷ്കുമാർ, ലാലുപ്രസാദ് യാദവ്, മമത ബാനർജി, കമൽനാഥ് തുടങ്ങിയ െറയിൽവേ, നഗരവികസന മന്ത്രിമാർ തൊട്ട് ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത് വരെ നൽകിയ അമിതാധികാരവും പ്രവർത്തനസ്വാതന്ത്ര്യവുമായിരുന്നു ഒരു ഉദ്യോഗസ്ഥനെന്ന നിലയിൽ തെൻറ വിജയത്തിനു പിന്നിലെന്നതും വിസ്മരിച്ചു. ഡൽഹിയിലെ മെട്രോ പാലം തകർന്നുവീണപ്പോൾ നൽകിയ രാജി സ്വീകരിക്കാതെ മുന്നോട്ടുപോകാൻ ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് തന്നിലർപ്പിച്ച, സമർപ്പിച്ച വിശ്വാസവും ഈ സ്വയംസേവകൻ ഓർത്തില്ല. മോദിയുടെ കാലത്തായിരുന്നുവെങ്കിൽ ഭരണകൂടത്തിെൻറ ഇടപെടലുകളില്ലാതെ സർക്കാർ സംരംഭങ്ങളായി ഇവയൊന്നും യാഥാർഥ്യമാക്കാനാവില്ലായിരുന്നുവെന്ന് ശ്രീധരന് അറിയാത്തതല്ല.
രജനി തെന്നിമാറിയപ്പോൾ ചൂണ്ടയിൽ കൊത്തി ശ്രീധരൻ
ഉത്തരേന്ത്യയിൽ പൂരിതാവസ്ഥയിലെത്തിയ വളർച്ച ഇനി താഴോട്ടെടുക്കുംമുമ്പ് ദക്ഷിണേന്ത്യയിൽ ബി.ജെ.പിയുടെ അധികാരവാഴ്ച യാഥാർഥ്യമാക്കുന്നതിന് ആരെയും കറിവേപ്പിലയാക്കാൻ ഏതറ്റംവരെയും പോകുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് അമിത് ഷാ. കേന്ദ്ര ഏജൻസികളുടെ ബലത്തിൽ ഭീഷണിയും സമ്മർദവുമുപയോഗിച്ച് ആരെ വേണമെങ്കിലും രാഷ്ട്രീയപരീക്ഷണങ്ങൾക്ക് എറിഞ്ഞുകൊടുക്കാൻ അമിത് ഷാക്ക് കഴിയും.
ഡി.എം.കെയെ ഇത്തവണ ഭരണത്തിലെത്തിക്കാതിരുന്നാൽ, തമിഴ്നാടും കോൺഗ്രസിെന നിലംതൊടീക്കാതിരുന്നാൽ കേരളവും 2026ൽ പിടിക്കാമെന്നു മാത്രമല്ല, 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ഉത്തരേന്ത്യയിൽ ഉണ്ടാകാവുന്ന എം.പിമാരുടെ എണ്ണക്കുറവ് ദക്ഷിേണന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് നികത്താമെന്നാണ് അമിത് ഷായുടെ കണക്കുകുട്ടൽ. തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിനും കേരളത്തിലെ മുന്നണിരാഷ്ട്രീയത്തിനും അന്ത്യംകുറിക്കാനാണ് അമിത് ഷാ അത്യധ്വാനം ചെയ്യുന്നത്.
തമിഴ്നാട്ടിൽ കമൽഹാസനെ വീഴ്ത്തിയെങ്കിലും രജനികാന്ത് അനാരോഗ്യം പറഞ്ഞ് അവസാനനിമിഷം തെന്നിമാറി കറിവേപ്പിലയാകാൻ ഒരുെമ്പടാതെ മാനംകാത്തു. കേരളത്തിലാകട്ടെ, ബി.ജെ.പിയുടെ രാഷ്ട്രീയപരീക്ഷണങ്ങൾക്കുള്ള ചൂണ്ടയിൽ അൽഫോൻസ് കണ്ണന്താനത്തിനും വെള്ളാപ്പള്ളി നടേശനും ടോം വടക്കനും ശേഷം കൊത്തുന്ന മറ്റൊരു ഇര മാത്രമാണ് ശ്രീധരൻ.
പാലംപണിപോലെയല്ല, രാഷ്ട്രനിർമാണമെന്ന് തിരിച്ചറിയാൻ ശ്രീധരന് ഈ നിയമസഭ തെരഞ്ഞെടുപ്പുവരെ കാത്തിരുന്നാൽ മതി.
◆
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.