യുദ്ധഭൂമിയിലെ കഴുകന്മാർ

© mir suhail

യുദ്ധഭൂമിയിലെ കഴുകന്മാർ

യുക്രെയ്​നിലേക്കുള്ള റഷ്യൻ അധിനിവേശം അടുത്തകാലത്ത് നടന്ന ഏറ്റവും ദുഃഖകരവും പ്രതിഷേധാർഹവുമായ മനുഷ്യാവകാശ ലംഘനത്തിന്റെ തലത്തിലേക്ക് കടന്നിരിക്കുകയാണ്‌. മുപ്പതു ലക്ഷത്തിലേറെ അഭയാർഥികൾ ഇതിനകം അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തിരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ മാധ്യമറിപ്പോർട്ട് വിശ്വസിക്കാമെങ്കിൽ റഷ്യൻ സൈന്യം ആശുപത്രികൾ, സാധാരണക്കാർ ജീവിക്കുന്ന ഇടങ്ങൾ (residential areas) എന്നിവ ആക്രമിച്ചുതുടങ്ങിയിരിക്കുന്നു.

വിവിധ നഗരങ്ങൾ റഷ്യൻ സൈന്യം വളഞ്ഞതിന്റെ ഫലമായി വെള്ളം, വെളിച്ചം, ഭക്ഷണം എന്നിവയുടെ ലഭ്യത കുറയുന്നതോടെ ഇനിയുള്ള നാളുകൾ പട്ടിണിയുടെ, രോഗത്തിന്റെ, ദുരിതങ്ങളുടേതായിരിക്കും എന്നതിന്‌ സംശയമില്ല.

കഴിഞ്ഞ ഒരു ദശാബ്ദമായി അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങൾ യുക്രെയ്​നിൽ നടത്തിയ ഇടപെടലുകൾ എന്തിനായിരുന്നു. മധ്യ-വലതുപക്ഷ-തീവ്രവലതുപക്ഷ സ്വഭാവമുള്ള ജനങ്ങളുടെ ദേശാഭിമാനത്തെ ഉദ്ദീപിപ്പിച്ച് അധികാരത്തിലേറിയ പുടിന്റെ ലക്ഷ്യമെന്താണ്‌. ലെനിൻ മുതലുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണകാലത്തെയും പാശ്ചാത്യരാജ്യങ്ങളേയും ഒരുപോലെ പുടിൻ പഴിക്കുന്നതിന്റെ കാരണമെന്തായിരിക്കും?

വ്യക്തിപരമായ അധികാരം നിലനിർത്തുന്നതിനുവേണ്ടി ഏതറ്റം വരെ പോകുമെന്ന് തെളിയിച്ച വ്യക്തിത്വമാണ്‌ പുടിന്റേത്. അധിനിവേശത്തിന്‌ ആസ്പദമായി പുടിൻ പറയുന്ന ന്യായീകരണങ്ങൾ നിലവിലുള്ള രാജ്യാന്തരബന്ധങ്ങളുടെ പശ്ചാത്തലത്തിൽ മുഖവിലക്കെടുക്കേണ്ടതുതന്നെയാണ്‌. അതിന്‌ ഒരു യുദ്ധം ആവശ്യമാണോ എന്നതിനെക്കുറിച്ച് മാത്രമേ തർക്കമുള്ളൂ. റഷ്യയുടെ അയൽ രാജ്യങ്ങളെ നിരായുധീകരണ മേഖലയാക്കുക, പഴയ സോവിയറ്റ് പ്രവിശ്യകളെ നാറ്റോ അംഗമാക്കാതിരിക്കുക എന്ന രണ്ടു പ്രധാന ആവശ്യങ്ങളാണ്‌ റഷ്യക്കുവേണ്ടി പുടിൻ ഉന്നയിച്ചിട്ടുള്ളത്. മുൻ അമേരിക്കൻ പ്രസിഡന്‍റ്​ ക്ലിന്റന്റെ കാലത്ത് അത്തരം ഒരു ഉറപ്പ്, കരാറായി ഇല്ലെങ്കിലും, കൊടുത്തിരുന്നു എന്നാണ്‌ പുടിന്‍റെ വാദം.

സാമ്രാജ്യത്വ താൽപര്യങ്ങളുടെ അടിയൊഴുക്കുകൾ

കഴിഞ്ഞ നൂറ്റാണ്ടിലെ അമേരിക്കൻ സാമ്രാജ്യത്വ താൽപര്യങ്ങളുടെ പ്രയോഗത്തിന്റെ ഒരു പരിണത ഫലമാണ്‌ യുക്രെയ്നിൽ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. രണ്ടാം ലോകയുദ്ധം കഴിഞ്ഞതോടെ പാശ്ചാത്യലോകത്ത് പൂർണമായും മറ്റിടങ്ങളിൽ ഭാഗികമായും അമേരിക്കയുടെ സാമ്പത്തിക-സൈനിക ശക്തിയുടെ ഇടപെടലുകൾ അപ്രതിരോധ്യമാംവിധം വളർന്നുവന്നു. അവരുടെ താൽപര്യങ്ങൾക്ക് വിഘാതം നിൽക്കുന്നവരെ നിലക്കുനിർത്തുന്നതിന്‌ ഏതറ്റം വരെ പോകുന്നതിന് ധാർമികതക്കും ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനുംവേണ്ടി നിലനിൽക്കുന്നു എന്ന് അവകാശപ്പെടുന്നവർക്ക് ഒരു മടിയുമുണ്ടായില്ല.

അമേരിക്കൻ ഭൂഖണ്ഡത്തിന്റെ തെക്കും വടക്കും അമേരിക്കൻ ഐക്യനാടിന്റെ കളിത്തൊട്ടിലായി സ്വയം പ്രഖ്യാപിച്ചു. അവരുടെ വിദേശനയത്തിന്റെ പ്രഖ്യാപിത നയമായ മൺറോ അനുശാസനം (Monroe Doctrine) ഒരു ഉളുപ്പുമില്ലാതെ അവർ പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിൽ പ്രാവർത്തികമാക്കി. ഈ പ്രദേശത്തെ ഏതു വിദേശ ഇടപെടലും അമേരിക്കൻ ഐക്യനാടിനുമേലുള്ള കടന്നുകയറ്റമാണെന്ന് സ്വയം പ്രഖ്യാപിച്ചു. അമേരിക്കൻ പ്രസിഡന്‍റ്​ ജോൺ എഫ്. കെന്നഡിയുടെ കാലത്തുണ്ടായ ക്യൂബൻ മിസൈൽ പ്രതിസന്ധിഘട്ടത്തിൽ അമേരിക്ക എടുത്ത നിലപാട് മൺറോ അനുശാസനത്തിന്റെ ഭാഗമായി ഓർക്കാവുന്നതാണ്‌.

അമേരിക്കയുടെ മറ്റു തന്ത്രപരമായ താൽപര്യമുള്ള പ്രദേശങ്ങൾ യൂറോപ്പും ഗൾഫ് മേഖലയും ചൈനയും ജപ്പാനും കൊറിയയും മറ്റും അടങ്ങുന്ന കിഴക്കനേഷ്യയുമാണ്‌. അതിൽ യൂറോപ്യൻ മേഖലക്ക് പ്രത്യേക പ്രാധാന്യവുമുണ്ട്. ലോകത്തിലെ പ്രധാന ഊർജ്ജസ്രോതസ്സായ എണ്ണയുടെ പ്രധാന ഭാഗം ഗൾഫ് മേഖലയായതുകൊണ്ട് അതിന്‌ അമേരിക്കയുടെ കണ്ണിൽ രണ്ടാമത്തെ പ്രാധാന്യം ഉണ്ടെന്നുപറയാം. രണ്ടാം ലോക യുദ്ധത്തിൽ വൈകിയാണെങ്കിലും അമേരിക്കയുടെ ചേരലും കൊറിയയിലും വിയറ്റ്നാമിലും നടന്ന യുദ്ധങ്ങളിൽ അമേരിക്ക നടത്തിയ ഇടപെടലും പങ്കാളിത്തവും ഈ ഭൂപ്രദേശങ്ങളിലെ സാമ്രാജ്യത്വ വികസനമോഹങ്ങളുടെ ചരിത്ര അടയാളങ്ങളാണ്‌.

കൂടാതെ, തങ്ങളുടെ രക്തം ചിന്തി സംരക്ഷിക്കാൻ താൽപര്യമില്ലെങ്കിലും എഴുപതോളം രാജ്യങ്ങളിലായി 800ൽപരം സൈനിക താവളങ്ങളുണ്ട്. പുരോഗമന-ഇടതുപക്ഷ ചിന്തകർ ഇത്തരം കാര്യങ്ങൾ കണക്കുകൾ സഹിതം ബോധ്യപ്പെടുത്താൻ ശ്രമിച്ചാലും കേരളത്തിലെ (ഇന്ത്യയിലെയും ലോകത്തിലേയും) വലതുപക്ഷ-ചില മധ്യവർഗ ചിന്തകർ പലപ്പോഴും അവഗണിക്കുക, അതല്ലെങ്കിൽ സാമ്രാജ്യത്വം എന്ന സംജ്ഞയെപ്പോലും പുച്ഛിച്ച് തള്ളുകയാണ്‌ പതിവ്.

എന്തുകൊണ്ട് യുദ്ധം: ആഴത്തിലുള്ള കാരണങ്ങൾ

പാശ്ചാത്യ രാജ്യങ്ങളിലെ ഭരണവർഗം യൂറോപ്പിൽ നടത്തിക്കൊണ്ടിരിക്കുന്ന നടപടികൾക്ക് പ്രധാനമായും മൂന്നു ലക്ഷ്യങ്ങളുണ്ട്. നാറ്റോ (NATO) എന്ന സൈനികശക്തിയെ ശക്തിപ്പെടുത്തുക, യൂറോപ്യൻ യൂനിയൻ (EU) എന്ന സാമ്പത്തിക കൂട്ടായ്മയെ വിപുലീകരിക്കുക, മുൻ സോവിയറ്റ് യൂനിയൻ സാമന്ത രാജ്യങ്ങളെ 'ജനാധിപത്യവത്​കരിക്കുക' എന്നിവയാണവ. മൂന്നാമത്തെ ലക്ഷ്യം പ്രത്യേക ഉദ്ധരണിയായി പറഞ്ഞതിന്‌ കാരണം, ജനാധിപത്യവത്കരിക്കുക എന്ന വാക്ക് സത്യസന്ധമായോ നിർദോഷമായോ അതിന്റെ പൂർണാർഥത്തിലോ അല്ല, പാശ്ചാത്യ മുതലാളിത്ത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഏതു വിഷയത്തിലും തങ്ങളുടെ ചൊൽപടിക്ക് നിൽക്കുന്ന ഭരണാധികാരികളെ അധികാരത്തിൽ കൊണ്ടുവരുക എന്ന മിനിമം പരിപാടി മാത്രമേ ആ പദത്തിന്‌ അവരുടെ നിഘണ്ടുവിൽ അർഥമുള്ളൂ.

നാറ്റോ വിപുലീകരണത്തിന്റെ ഭാഗമായി ആദ്യം പോളണ്ടും ഹംഗറിയും ചെക് റിപ്പബ്ലിക്കും പിന്നീട് ബാൾട്ടിക് രാജ്യങ്ങൾ എന്നറിയപ്പെടുന്ന എസ്​തോണിയ, ലാത്​വിയ, ലിത്വേനിയ, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ വരുതിയിലേക്ക് കൊണ്ടുവരപ്പെട്ടു. രണ്ടാമത്തെ വിപുലീകരണം റഷ്യയുടെ മൂക്കിൻതുമ്പത്തെത്തിയെങ്കിലും അന്നത്തെ റഷ്യയുടെ രാഷ്​ട്രീയ-സാമ്പത്തികസ്ഥിതി അവരെ ശക്തമായ പ്രതികരണങ്ങളിൽ വിമുഖമാക്കുകയാണ്‌ ഉണ്ടായത്.

എന്നാൽ, 2008 ഏപ്രിലിൽ ബുകറസ്റ്റിൽ (Bucharest) നടന്ന നാറ്റോ ഉച്ചകോടിയിൽ ജോർജിയയെയും യുക്രെയിനേയും നാറ്റോയുടെ ഭാഗമാക്കുമെന്ന് പ്രഖ്യാപിച്ചത് റഷ്യയെ ശരിക്കും ശുണ്ഠിപിടിപ്പിച്ചു. അപ്പോഴേക്കും റഷ്യ തങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ കുറച്ചൊക്കെ കരകയറുകയും പാശ്ചാത്യ പാവയായിരുന്ന റഷ്യയുടെ പ്രസിഡന്റ് ബോറിസ് യെത്സിനിൽനിന്ന് അധികാരം പുടിൻ ഏറ്റെടുക്കുകയും റഷ്യയുടെ ദേശാഭിമാനവും ആത്മാഭിമാനവും ഉയർത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ട്, തന്റെ അധികാരം അരക്കിട്ടുറപ്പിക്കുകയും ചെയ്തിരുന്നു.

പിന്നീട് 2008 ആഗസ്റ്റിൽ ജോർജിയയും 2014 ഫെബ്രുവരിയിൽ, പണ്ട് സോവിയറ്റ് യൂനിയൻ ഉണ്ടായിരുന്നകാലത്ത് 1954 ഫെബ്രുവരിയിൽ യു​െക്രയിന്‌ നൽകിയ, ക്രിമിയ ബലമായി തിരിച്ചെടുക്കുകയും ചെയ്തത് റഷ്യയും യു​െക്രയ്നും തമ്മിലും റഷ്യയും പാശ്ചാത്യലോകവും തമ്മിലുമുള്ള ബന്ധം തിരിച്ചപോകാൻ കഴിയാത്തവിധം വഷളാക്കി.

ആയുധ കയറ്റുമതിയുടെ ധനതത്ത്വശാസ്ത്രം

സമാധാനത്തിന്‌ ആത്മാർഥമായ ആഗ്രഹമുണ്ടെങ്കിൽ അമേരിക്കക്കും റഷ്യക്കും നാറ്റോ രാജ്യങ്ങൾക്കും കൂട്ടായി ചർച്ച് ചെയ്ത് പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മാത്രമേ യുക്രെയ്​നുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുള്ളൂ. പ്രശ്നപരിഹാരത്തിന്‌ യുക്രെയ്നിന്റെ റോൾ തുലോം ചെറുതാണെന്നുള്ളതാണ്‌ യാഥാർഥ്യം. പിന്നെ എന്തുകൊണ്ടായിരിക്കും ഒഴിവാക്കാൻ കഴിയുന്ന ഈ യുദ്ധം നടക്കട്ടെ എന്ന് അമേരിക്കൻ പക്ഷവും റഷ്യയും തീരുമാനിച്ചത്. അതിന്റെ ഉള്ളറകളിലേക്ക് കടന്ന് പരിശോധിക്കുമ്പോഴാണ്‌ ഈ രാജ്യങ്ങളുടെ സാമ്രാജ്യത്വ താൽപര്യങ്ങളും അവിടങ്ങളിലെ ആയുധനിർമാണ വിപണന സ്ഥാപനങ്ങളുടെ ദുഷ്ടലാക്കുകളും മനസ്സിലാക്കാൻ കഴിയുകയുള്ളൂ.

യുക്രെയ്നിലെ ഇന്നത്തെ ഭരണാധികാരികളെ പിരികയറ്റി റഷ്യയുമായി അകറ്റിയപ്പോൾ, നിലവിലുള്ള പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി (Volodymyr Zelenskyy) ആത്മാർഥമായി വിശ്വസിച്ചത് പാശ്ചാത്യരാജ്യങ്ങൾ നിർണായക ഘട്ടത്തിൽ സൈനിക സഹായത്തിലുപരി നേരിട്ട് യുദ്ധത്തിൽ പങ്കെടുക്കുമെന്നായിരുന്നു. അതുകൊണ്ടാണ്‌, 800 മില്യൺ ഡോളറിന്റെ ആയുധസഹായം നൽകിയപ്പോഴും സെലൻസ്കി തൃപ്തനാകാത്തത്.

മൂന്നാം ലോക യുദ്ധം ഉണ്ടാക്കുമെന്ന് ഉറപ്പുള്ള നോ ഫ്ലൈ സോൺ വേണ്ടെന്ന തീർപ്പുകൽപിച്ച അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അത്ര വിഡ്ഢികളല്ലെന്ന് തെളിയിച്ചു. എല്ലാകാലത്തും സാമ്രാജ്യത്വ ശക്തികൾ പവിലിയനിലിരുന്ന് കളികാണുകയേ ചെയ്യുകയുള്ളൂ, കളത്തിലിറങ്ങി കളിക്കുകയില്ല. വിവിധ ട്രോളുകളിൽ യുക്രെയിന്റ് (Ukrained) എന്ന് പരിഹാസ്യമുണർത്തുന്ന പദമുണ്ടായത് അങ്ങനെയാണ്‌.

ഒരുവർഷം ശരാശരി പതിനായിരം മില്യൺ ഡോളറിന്റെ ആയുധവിൽപന നടത്തുന്ന രാജ്യമാണ്‌ അമേരിക്കൻ ഐക്യനാടുകൾ. അതിന്റെ പകുതിയോളം റഷ്യയും വിൽപന നടത്തുന്നു. ബ്രിട്ടനും ഫ്രാൻസിനും ജർമനിക്കും അവരുടേതായ പങ്കുമുണ്ട്. ഇറാക്കിലെ യുദ്ധം കഴിഞ്ഞിരിക്കുന്നു. അഫ്​ഗാനിസ്താനിൽനിന്ന് അമേരിക്കൻ ഭരണാധികാരികൾക്ക് നാണംകെടുംവിധം പിൻവാങ്ങേണ്ടിവന്നിരിക്കുന്നു.

സിറിയയിൽ റഷ്യക്കും അമേരിക്കക്കും എത്രകാലം ഇങ്ങനെ തുടരാൻ കഴിയുമെന്ന് ആർക്കുമറിയില്ല. സൗദി അറേബ്യയും യമനുമായുള്ള യുദ്ധത്തിന്റെ കെടുതികൾ അവിടത്തെ യുദ്ധത്തെ തണുപ്പിച്ചിരിക്കുന്നു. ഇനിയെവിടെ ആയുധം വിൽക്കുമെന്ന ആയുധ നിർമാണ വിപണന സമുച്ചയങ്ങളുടെ (military-industrial complex) ചോദ്യത്തിന്റെ ഉത്തരമാണ്‌ യുക്രെയ്​ൻ. രണ്ടാം ലോക യുദ്ധത്തിനുശേഷം യുദ്ധങ്ങൾ ഒഴിവാക്കാൻ രൂപംകൊണ്ട ഐക്യരാഷ്ട്രസഭ നോക്കുകുത്തിയായി ലോകത്തിലെ ജനങ്ങളെ പല്ലിളിച്ച് കാണിച്ചുകൊണ്ടേയിരിക്കുന്നു. ഈ യുദ്ധം ഒരു മൂന്നാം ലോക ന്യൂക്ലിയർ യുദ്ധമായി പരിണമിക്കാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാനേ ഏതൊരു ലോകപൗരനും നിർവാഹമുള്ളൂ.

● ഈ ലോകത്തിൽ ജീവിക്കാൻ അർഹതയുള്ള കഴുകൻ എന്ന ജീവിയോട് മാപ്പ്. ഞങ്ങൾ മനുഷ്യർ ഏതു ജീവിയെയും എങ്ങനേയും നിർവചിക്കും.

(അമേരിക്കയിൽ വിവരസാ​ങ്കേതിക രംഗത്ത് ജോലിചെയ്യുകയാണ് സാമൂഹിക നിരീക്ഷകനായ ലേഖകൻ)

Tags:    
News Summary - Eagles on the battlefield

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.