പ്രാണപ്രതിഷ്ഠ ചടങ്ങും അനുബന്ധ സംഭവങ്ങളും റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങളുടെ രണ്ട് തരം സമീപനങ്ങൾ ചർച്ചയാകുന്നു. ദേശീയ മാധ്യമങ്ങൾ ഉന്മാദദേശീയത കത്തിക്കുമ്പോൾ, സംഘ്പരിവാർ അജണ്ടകളും ന്യൂനപക്ഷങ്ങളുടെ ആശങ്കകളും ചർച്ചയാക്കുകയാണ് അന്തർദേശീയ മാധ്യമങ്ങൾ
അയോധ്യയിലെ ബാബരി ഭൂമിയിൽ നിർമിച്ച രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠക്ക് ഒരു ദിവസം മാത്രം ശേഷിക്കവേ, ചടങ്ങിനെ ആഘോഷമാക്കി മാറ്റുകയാണ് ദേശീയ മാധ്യമങ്ങൾ. ‘ഇന്ത്യൻ എക്സ്പ്രസ്’ ആഴ്ചകൾക്കുമുമ്പേ ആഘോഷം തുടങ്ങി. ‘ദി ഇനോഗുറേഷൻ’ എന്ന പേരിൽ ഒരു പ്രത്യേക പേജ്തന്നെ രാമക്ഷേത്ര വർണനകൾക്കായി അവർ മാറ്റിവെച്ചു.
ക്ഷേത്രത്തിലേക്കുള്ള വിവിധ വഴികൾ, അയോധ്യയിലെ പുതിയ വികസന പ്രവൃത്തികൾ, ക്ഷേത്രത്തിന്റെയും നഗരത്തിന്റെയും ആർക്കിടെക്ടുമാരുടെ വിവരങ്ങളും അഭിമുഖങ്ങളും, പ്രാണപ്രതിഷ്ഠയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടങ്ങിയ ആഘോഷ പരിപാടികൾ തുടങ്ങിയവയൊക്കെയും ഇതിൽ വായിക്കാം.
‘ദ ഹിന്ദുസ്ഥാൻ ടൈംസും’ പ്രത്യേക പേജിൽ പ്രതിഷ്ഠാദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ‘സ്പോട്ട് ലൈറ്റ് അയോധ്യ’ എന്നാണ് പേര്. കഴിഞ്ഞദിവസം, പ്രാണപ്രതിഷ്ഠ ചടങ്ങിന്റെ ആചാരങ്ങളുടെയും മറ്റും വിവരങ്ങളാണ് വായനക്കാർക്ക് സ്പോട്ട് ലൈറ്റ് നൽകിയത്.
ദൃശ്യമാധ്യമങ്ങൾ അതിലുമപ്പുറമാണ്. റിപ്പബ്ലിക് ടി.വി പോലുള്ള വാർത്താ ചാനലുകൾ പ്രാണപ്രതിഷ്ഠയുടെ ഭാഗമായി ക്ഷേത്രത്തിന്റെ ഫ്രെയിമിൽ ഒരുക്കിയ സ്ക്രീനിലാണ് പ്രേക്ഷകരുമായി സംവദിക്കുന്നത്. ചില ഒ.ടി.ടി പ്ലാറ്റ് ഫോമുകൾ ഒരാഴ്ചയിലേറെയായി അയോധ്യയിൽനിന്നുള്ള ദൃശ്യങ്ങൾ 24 മണിക്കൂറും തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.
ഈ രീതിതന്നെയാണ് ഏറിയും കുറഞ്ഞും മലയാളമടക്കമുള്ള പ്രാദേശികഭാഷാ മാധ്യമങ്ങളും പകർത്തിക്കൊണ്ടിരിക്കുന്നത്. രാമക്ഷേത്രം സ്ഥാപിക്കപ്പെട്ടതിന്റെ ചരിത്ര-രാഷ്ട്രീയ പശ്ചാത്തലങ്ങളൊന്നും ഈ മാധ്യമങ്ങളിലില്ലെന്നതാണ് ശ്രദ്ധേയം. ബാബരി മസ്ജിദ് ധ്വംസനവും തുടർന്ന് സുപ്രീംകോടതി വിധി തുടങ്ങിയ കാര്യങ്ങളൊന്നും എവിടെയും പരാമർശിക്കുന്നില്ല.
ദേശീയ പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’ മുന്നണിയിൽ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ ഭിന്നതക്ക് അമിത പ്രാധാന്യം നൽകുന്ന ഈ മാധ്യമങ്ങൾ ശങ്കരാചാര്യന്മാർ ചടങ്ങിലെ ആചാര ലംഘനം ചൂണ്ടിക്കാണിച്ച് വിട്ടുനിൽക്കാൻ തീരുമാനിച്ചത് വിട്ടുകളയുകയും ചെയ്തു.
എന്നാൽ, ദേശീയ മാധ്യമങ്ങൾ അവഗണിച്ച ഈ ഭാഗം അന്താരാഷ്ട്ര മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെ അവതരിപ്പിച്ചു. ‘പ്രാണപ്രതിഷ്ഠയുടെ മുഖ്യ യജമാന സ്ഥാനത്ത് മോദി വരുന്നതോടെ അയോധ്യയിൽ നടക്കുന്നത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അനൗദ്യോഗിക വിളംബരമാണെ’ന്ന് എഴുതിയ ദ ഗാർഡിയൻ 80 ശതമാനത്തോളം വരുന്ന രാജ്യത്തെ ഹിന്ദു മതവിശ്വാസികളെ ലക്ഷ്യമിട്ടാണിതെന്നും ചൂണ്ടിക്കാട്ടുന്നു.
‘മതപരമായ ചടങ്ങ്’ എന്നതിനപ്പുറം മോദിയും പാർട്ടിയും ഇതിനെ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് നോക്കിക്കാണുന്നതെന്ന് ബി.ബി.സിയും നിരീക്ഷിക്കുന്നു. അന്താരാഷ്ട്ര വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ് (എ.പി) ഉദ്ഘാടന ചടങ്ങിലെ ആചാരലംഘനത്തെ മുൻനിർത്തി ഹിന്ദു സന്യാസിമാർ ഉയർത്തിയ വാദങ്ങൾ കാര്യമായി അവതരിപ്പിച്ചു.
മേയ് മാസത്തിനുമുമ്പായി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രചാരണമായിത്തന്നെയാണ് അൽ ജസീറ ലേഖകൻ സഞ്ജയ് കപൂറും സംഭവത്തെ കാണുന്നത്.
ക്ഷേത്ര നിർമാണം പൂർത്തിയാകാതെയാണ് ഉദ്ഘാടന മാമാങ്കമെന്നും അദ്ദേഹം എടുത്തുപറയുന്നുണ്ട്. സമാനമായ നിരീക്ഷണം ടി.ആർ.ടി വേൾഡ് ലേഖിക ശ്വേത ദേശായിയും പങ്കുവെക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ന്യൂനപക്ഷ മുസ്ലിംകളുടെ ഭാഗധേയത്തെക്കുറിച്ചും അന്താരാഷ്ട്ര മാധ്യമങ്ങൾ ഗൗരവമായ ചർച്ച തുറന്നുവിടുന്നുണ്ട്. പ്രാണപ്രതിഷ്ഠയിലൂടെ ശ്രീരാമനെയല്ല; മോദിയെ ഉയർത്തിക്കാട്ടാനാണ് സംഘ്പരിവാറും ദേശീയ മാധ്യമങ്ങളും ശ്രമിക്കുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് വിമർശനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.