ഉയർന്ന മാർക്ക് നേടി വിജയിച്ചിട്ടും ആയിരക്കണക്കിന് വിദ്യാർഥികൾ സീറ്റില്ലാതെ പുറത്തുനിൽക്കുന്ന നാട്ടിൽ മുന്നാക്ക സമുദായ സംവരണക്കാർക്ക് ആവശ്യത്തിലേറെ സീറ്റ്. പട്ടിണികിടക്കുന്നവർക്ക് അവകാശപ്പെട്ടത് തട്ടിയെടുത്തുള്ള 'പ്രിവിലേജു'കാരുടെ മൃഷ്ടാന്ന ഭോജനം! ഇതാണ് സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിൽ മുന്നാക്ക സംവരണത്തിലൂടെ സംഭവിച്ചത്. ആദ്യ അലോട്ട്മെൻറിലൂടെ തന്നെ ഇഷ്ടപ്പെട്ട വിഷയ കോംബിനേഷനും സ്കൂളും തെരഞ്ഞെടുക്കാൻ ഇത്തവണ കേരളത്തിൽ ഒരു വിഭാഗത്തിന് മാത്രമേ ഭാഗ്യം ലഭിച്ചിട്ടുള്ളൂ- മുന്നാക്ക സംവരണ വിഭാഗത്തിനു മാത്രം. എന്നിട്ടോ, നീക്കിവെച്ച സീറ്റുകളിൽ പകുതിയും ബാക്കി. സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് ക്ഷാമം തീർക്കാൻ മുന്നാക്കക്കാരുടെ അലോട്ട്മെൻറ് തീരുന്നതുവരെ കാത്തിരിക്കേണ്ടിവന്നു.
കേരളത്തിലെ 819 സർക്കാർ ഹയർസെക്കൻഡറികളിലെ 2824 ബാച്ചുകളിൽനിന്ന് പത്തു ശതമാനം എന്ന രീതിയിൽ ആറ് സീറ്റ് വീതമായി 16,711 മെറിറ്റ് സീറ്റാണ് മുന്നാക്ക സംവരണത്തിനായി തരംമാറ്റിയത്. അപേക്ഷകരായുണ്ടായത് 7744 പേർ. പ്രവേശനം നേടിയത് 6025. എന്നിട്ടും 10,686 സീറ്റ് ബാക്കി.
ആദ്യ അലോട്ട്മെൻറ് കഴിഞ്ഞപ്പോൾ ആകെയുള്ള 4,76,046 അപേക്ഷകരിൽ 2,53,524 വിദ്യാർഥികളും സീറ്റില്ലാതെ പുറത്തുനിന്നപ്പോൾ മുന്നാക്ക സംവരണക്കാരെല്ലാം അകത്ത്. നാല് അലോട്ട്മെൻറ് ഘട്ടം പിന്നിട്ടിട്ടും 20000ത്തിൽ പരം കുട്ടികൾക്ക് സീറ്റില്ലാതിരിക്കുന്ന മലപ്പുറം ജില്ലയിലാണ് മുന്നാക്ക സംവരണത്തിനായി കൂടുതൽ സീറ്റ് നീക്കിവെച്ചത്; 2712 എണ്ണം.
പ്രവേശനം നേടിയത് 259 പേർ. 2453 സീറ്റുകളും ബാക്കി. ഇതാണ് മുന്നാക്ക സംവരണത്തിലൂടെ ഇടതുസർക്കാർ നടപ്പാക്കി കാണിച്ച സാമൂഹിക നീതി!
മെഡിക്കൽ, എൻജിനീയറിങ് ഉൾപ്പെടെയുള്ള പ്രഫഷനൽ കോഴ്സുകളിൽ സംവരണ അട്ടിമറി അധിക സീറ്റിെൻറ മറവിലാണ് നടപ്പാക്കിയതെങ്കിൽ ഒരു സീറ്റും വർധിപ്പിക്കാതെ നിലവിലുള്ള മെറിറ്റ് സീറ്റെടുത്താണ് പ്ലസ് വൺ ഏകജാലക പ്രവേശനത്തിൽ അത് പൂർത്തിയാക്കിയത്. സർക്കാർ ഹയർസെക്കൻഡറികളിലെ സംവരണ സീറ്റുകൾ കഴിച്ചുള്ളതിെൻറ പത്തു ശതമാനം എന്നതിനു പകരം ആകെ സീറ്റുകളുടെ പത്തു ശതമാനം എന്ന തന്ത്രം തന്നെയാണ് പ്ലസ് വൺ പ്രവേശനത്തിലും നടപ്പാക്കിയത്.
ഗവ. ഹയർസെക്കൻഡറികളിൽ ആനുപാതിക സീറ്റ് വർധന ഉൾപ്പെടെ 1,62,815 സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇതിൽ നിന്ന് 48 ശതമാനം സംവരണ സീറ്റുകൾ കഴിച്ചാൽ അവശേഷിക്കുന്ന 52 ശതമാനം വരുന്ന മെറിറ്റ് സീറ്റുകൾ 84,664 എണ്ണമാണ്.
ഇൗ സീറ്റിെൻറ പത്തു ശതമാനം എന്ന നിലയിൽ 8466 സീറ്റുകളാണ് മുന്നാക്ക സംവരണത്തിനായി നീക്കി വെക്കേണ്ടിയിരുന്നത്. എന്നാൽ, സർക്കാർ വിട്ടുനൽകിയത് ഒാരോ ബാച്ചുകളിലും ആകെ സീറ്റിെൻറ പത്തു ശതമാനം എന്ന രീതിയിൽ 16,711 സീറ്റുകൾ.
അവിഹിതമായി നീക്കിവെച്ചത് 8245 പ്ലസ് വൺ സീറ്റുകൾ. ഇൗ സീറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് കൂടി അവകാശപ്പെട്ട മെറിറ്റിൽ നിന്ന് എടുത്തുനൽകിയതാണ്. മെറിറ്റിൽ പ്രവേശനം നേടേണ്ട സംവരണ വിഭാഗങ്ങൾ സീറ്റ് കുറഞ്ഞതോടെ ഒന്നടങ്കം സംവരണ സീറ്റിലേക്ക് ഒതുക്കപ്പെട്ടു. സംവരണ സീറ്റിൽ പ്രവേശനം ലഭിക്കുമായിരുന്ന പിന്നാക്ക വിഭാഗ വിദ്യാർഥികളിൽ ബഹുഭൂരിപക്ഷവും പടിക്ക് പുറത്തായി. ഇൗ നഷ്ടം മുഴുവൻ സംവരണ സമുദായങ്ങളുടേതുമാണ്.
കെടുതി അനുഭവിച്ചത് നാല് ജില്ലകളിലെ വിദ്യാർഥികൾ
മുന്നാക്ക സംവരണത്തിനായി മെറിറ്റ് സീറ്റുകൾ കൂട്ടത്തോടെ തരംമാറ്റിയതിെൻറ കെടുതി ഏറ്റവും കൂടുതൽ അനുഭവിച്ചത് സീറ്റ് ക്ഷാമം കൂടുതലുള്ള മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ്. ഇതിൽ മലപ്പുറം ജില്ലയിൽ രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറ് ഘട്ടമെത്തിയിട്ടും 20,825 വിദ്യാർഥികൾ സീറ്റില്ലാതെ പുറത്തുനിൽക്കുന്നു.
മുന്നാക്ക സംവരണത്തിനായി മലപ്പുറത്ത് 2712ഉം കോഴിക്കോട് 1560ഉം പാലക്കാട് 1548ഉം കണ്ണൂരിൽ 1746ഉം സീറ്റുകളാണ് മെറിറ്റിൽ നിന്ന് തരംമാറ്റിയത്. ഇതര വിദ്യാർഥികൾക്കുകൂടി അവകാശപ്പെട്ട സീറ്റ് തട്ടിയെടുത്ത് നൽകിയ സർക്കാർ മലപ്പുറത്ത് പ്ലസ് വൺ പ്രവേശനം ലഭിക്കാത്ത 20,825 കുട്ടികളുടെ കാര്യത്തിൽ എന്ത് തീർപ്പാണുണ്ടാക്കുക. അവർക്ക് പതിവുപോലെ ഒാപൺ സ്കൂൾ (സ്കോൾ കേരള) തന്നെ ശരണം.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.