പകർച്ചവ്യാധി: വില്ലൻ പരിസരമലിനീകരണം

നിപയെക്കുറിച്ച് ഭയമല്ല, ജാഗ്രതയാണാവശ്യം എന്ന് ആദ്യദിവസം മുതൽ നാം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാൽപോലും വലിയൊരു പങ്ക് ആളുകളും ആശങ്കയിലാണുള്ളത്. ഇക്കാര്യം ബോധ്യപ്പെടുത്തുന്നതിലുള്ള ഒരു പോരായ്മകൂടി സംഭവിക്കുന്നില്ലേ?

●പേരാമ്പ്രയിലെ ആരോഗ്യപ്രവർത്തകരുടെ അവസ്ഥയാണ് ഏറെ പരിതാപകരം. പ്രദേശത്ത് ആളുകൾ വീട്ടിൽനിന്ന് പുറത്തിറങ്ങാൻപോലും മടിക്കുന്നു. രോഗം നേരിട്ടുള്ള സമ്പർക്കത്തിലൂടെയെ പകരൂ എന്ന കാര്യം ഊന്നിയൂന്നി പറയുന്നുണ്ട്. രോഗിയുമായി അടുത്തിടപഴകിയാലേ, ശരീരസ്രവങ്ങളിലൂടെയും മറ്റും രോഗം പടരൂ. എങ്ങനെയാണ് രോഗം വരുന്നതെന്ന കൃത്യമായ ധാരണ കിട്ടിയാൽ പിന്നെ പരിഭ്രാന്തിപ്പെടേണ്ട കാര്യമില്ല. മാത്രമല്ല, ഒരാളിൽ രോഗം പടരുന്ന കാലയളവിൽ അയാളിൽനിന്ന് മറ്റൊരാളിലേക്ക് രോഗം പകരില്ല എന്നതും പ്രധാനമാണ്. അതായത്, പനി, ഛർദി, തലകറക്കം, കടുത്ത ക്ഷീണം, മാനസിക നിലയിലുള്ള വ്യതിയാനം പോലുള്ള ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയാൽ അയാളിൽ രോഗം സംശയിക്കേണ്ടിയിരിക്കുന്നു. ഇതി​​​​െൻറ അടിസ്ഥാനത്തിലാണ് സ്ഥിരീകരണം നടത്തുക. ഈ ലക്ഷണങ്ങൾ കാണിക്കുന്നയാളിൽനിന്നും രോഗം പടർന്നേക്കാം. മറ്റൊരു സാഹചര്യത്തിലും രോഗം പടരില്ല എന്ന തിരിച്ചറിവാണ് പ്രധാനം. 
രോഗം പടരുന്നതി​​​​െൻറ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് വിശദീകരിക്കാമോ

 
●വവ്വാലുകളാണ് നിപയുടെ പ്രധാന രോഗവാഹകർ എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. എന്നാൽ, പേരാ​മ്പ്രയിൽനിന്ന്​ ശേഖരിച്ച വവ്വാൽ സാമ്പിളുകളിൽ നിപ വൈറസ്​ സാന്നിധ്യം ഇല്ല എന്ന കണ്ടെത്തൽ പുതിയ അന്വേഷണം അനിവാര്യമാക്കുന്നു. വവ്വാലിൽനിന്ന് മനുഷ്യരിേലക്ക് രോഗം പടരുന്നതുതന്നെ അപൂർവമാണ്. വവ്വാലിൽ ഈ വൈറസ് ഉണ്ടെങ്കിൽ തന്നെയും ആ ജീവിക്ക് ഒരു പ്രശ്നവുമുണ്ടാവില്ല.

പേരാമ്പ്രയിൽ വവ്വാലുകളിൽനിന്നാണെങ്കിൽതന്നെ ഒറ്റത്തവണയേ രോഗം പകരാൻ സാധ്യതയുള്ളൂ.
എന്നാൽ, വവ്വാലുകളുടെ പേരിൽ പഴവിപണി ഒന്നാകെ തകർന്നുകൊണ്ടിരിക്കുന്ന സാഹചര്യം നിലവിലുണ്ട്. മാർക്കറ്റിൽ കിട്ടുന്ന പഴങ്ങളിൽ വൈറസ് ഉണ്ടാകുമെന്നത് തെറ്റിധാരണയാണ്. രോഗവാഹകനായ വവ്വാൽ കടിച്ചിട്ട ഒരു പഴമാണെങ്കിൽ പോലും, ആ വവ്വാലി​​​​െൻറ ഉമിനീർ ഉണങ്ങിക്കഴിഞ്ഞ് ഏതാനും മണിക്കൂറുക‍ൾക്കകം അതിലെ വൈറസ് നശിക്കും. മാർക്കറ്റിൽ വരുന്ന പഴങ്ങളെ പേടിച്ചിട്ട് കഴിക്കാതിരിക്കണ്ട. അത്ര നിർബന്ധമാണെങ്കിൽ കഴുകി ഉപയോഗിക്കാം. വവ്വാലുകൾ കണ്ടുവരുന്ന പ്രദേശത്ത് തൊടിയിൽ വീണു കിടക്കുന്ന പകുതി കടിച്ചിട്ട പഴങ്ങൾ കഴിക്കാതിരിക്കാൻ ജാഗ്രത വേണം. 
ആരോഗ്യവകുപ്പി​​​​െൻറ ഏറെ ഊർജിതമായ ഇടപെടലും നിതാന്ത ജാഗ്രതയും ഇക്കാര്യത്തിൽ എടുത്തുപറയേണ്ടതുണ്ട്. ഇവിടെ രോഗം കണ്ടെത്തിയതുതന്നെ ഏറെ ചുരുങ്ങിയ സമയം കൊണ്ടാണ്. ഇതൊരു വലിയ കാര്യമാണ്. ഇല്ലെങ്കിൽ ഇത് ഇവിടെയൊന്നും നിൽക്കില്ലായിരുന്നു. മലേഷ്യയിലെ കാര്യം നോക്കൂ. നിരവധി പേരാണ് മരിച്ചത്. രോഗം കണ്ടുപിടിക്കാൻതന്നെ ഏറെ സമയമെടുത്തു.
ചിലരെങ്കിലും ഇതരസംസ്ഥാന തൊഴിലാളികളെ സംശയിക്കുന്നുണ്ടല്ലോ?

●അത്തരത്തിൽ ഒരു സാധ്യതയുണ്ടെങ്കിൽ ഈ രോഗം വന്ന് ആദ്യം ഒരാൾ മരിക്കേണ്ടതില്ലേ. ഇത്തരത്തിൽ ഒരു രോഗമുള്ള ഒരാൾ ഇവിടെ വന്നോ, മറ്റേതെങ്കിലും തരത്തിലോ സമ്പർക്കത്തിലാവേണ്ടതില്ലേ. 
ഹെൽത്തി കാരിയർ (രോഗാണുവാഹകർ ആണെങ്കിലും ഇവരിൽ രോഗമോ ലക്ഷണമോ ഉണ്ടാവില്ല, എന്നാൽ ഇവരിൽ നിന്ന് രോഗം പടർന്നേക്കാം) എന്ന ഘടകവും നിപ വൈറസി​​​​െൻറ കാര്യത്തിൽ ഇതുവരെ തെളിയിച്ചിട്ടില്ല. രോഗലക്ഷണങ്ങൾ കാണിക്കാത്ത ഒരാളിൽനിന്ന് രോഗം ഒരിക്കലും പകരില്ല. രോഗലക്ഷണങ്ങളോടെ ചുമക്കുകയും മറ്റും ചെയ്താലേ രോഗം പകരുകയുള്ളൂ. രോഗമുള്ള ഘട്ടത്തിനുമുമ്പ് ഇതു പകരുമായിരുന്നെങ്കിൽ രോഗവ്യാപനം വെറും ക്ലോസ്ഡ് കോണ്ടാക്ടിൽ (നേരിട്ട് സമ്പർക്കത്തിലേർപ്പെട്ടവർ) മാത്രം ഒതുങ്ങില്ലായിരുന്നു. ക്ലോസ്ഡ് കോണ്ടാക്ടിൽ  മാത്രം ഒതുങ്ങിനിൽക്കുന്നതിനർഥം ഇത് രോഗിയിൽനിന്നേ പകരൂ എന്നതാണ്. ഇക്കാര്യത്തിൽ കുറേക്കൂടി കൃത്യവും വ്യക്തവുമായ അവബോധ പ്രവർത്തനങ്ങളും സന്ദേശ പ്രചാരണങ്ങളും നടക്കേണ്ടിയിരിക്കുന്നു. 
പേരാമ്പ്രയിൽ ബോധവത്കരണ ക്ലാസുകളെടുത്തപ്പോൾ ഏറ്റവുമധികം  ആളുകളുടെ സംശയവും രോഗം വരുന്നതിനു മുമ്പുള്ള ഘട്ടത്തിൽ പകരുമോ എന്നായിരുന്നു. ഇക്കാര്യം വ്യക്തമാക്കിയപ്പോൾതന്നെ പലർക്കും ആശ്വാസം തോന്നിയിട്ടുണ്ട്. 

പ്രതിരോധ-ബോധവത്കരണ പ്രവർത്തനങ്ങളെ ബാധിക്കുന്ന രീതിയിൽ വ്യാജപ്രചാരണങ്ങളും സജീവമാണല്ലോ?

●അതെ, വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിത്. അശാസ്ത്രീയമായ, ഒരു തരത്തിലും തെളിയിക്കപ്പെടാത്ത വ്യാജസന്ദേശങ്ങളാണ് വന്നു നിറയുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജിനു മുന്നിൽ നിപക്കെതിരെ ഹോമിയോ പ്രതിരോധ മരുന്ന് എന്ന പ്രചരണവുമായി ഒരു മരുന്ന് വിതരണം ചെയ്തിരുന്നു. ഹോമിയോ വകുപ്പ് അറിയിച്ചത് അത്തരത്തിലൊരു മരുന്നും തങ്ങളുടെ പക്കലില്ലെന്നാണ്. ശാസ്ത്ര സാഹിത്യ പരിഷത്ത് ഇതിനെതിരെ പരാതി നൽകിയിട്ടുണ്ട്. വാട്സ്​ആപ്പിലും ഫേസ്ബുക്കിലും വ്യാജപ്രചരണങ്ങൾ നടക്കുകയാണ്. യൂറോപ്യൻ രാജ്യങ്ങളിലാണ് ഇത്തരം തെറ്റായ പ്രചരണങ്ങൾ നടത്തുന്നതെങ്കിൽ കർശന നടപടികൾ നേരിടേണ്ടിവരും. ഇത്തരം പ്രവർത്തനങ്ങൾ പൊതുജനാരോഗ്യത്തിനുതന്നെ ഭീഷണിയുളവാക്കുന്നവയാണ്. എന്നാൽ, നമ്മുടെ നിയമങ്ങൾ ഇവർക്കെതിരെ നടപടിയെടുക്കാൻമാത്രം പര്യാപ്തമല്ല. 

കേരളം ആരോഗ്യമേഖലയിൽ ഇന്ത്യയുടെ മുകളിൽതന്നെ നിൽക്കുന്ന സംസ്ഥാനമാണ്. എന്നാൽ, ഈ നാടി​​​​െൻറ പേരിെന ബാധിക്കുന്ന തരത്തിൽ ഇടക്കിടെ  പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യമുണ്ട്?

●ആരോഗ്യരംഗത്ത് ശ്രദ്ധേയമായ ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും അതോടൊപ്പം ചില പോരായ്മകളും ഉണ്ട്. ഇതിൽ പ്രധാനം പരിസര ശുചിത്വമാണ്. വ്യക്തിശുചിത്വത്തിൽ നാമേറെ മുന്നിലാണ്. വീടുകളിലും ആശുപത്രികളിലുമെല്ലാം ശുചീകരണം ഭംഗിയായി നടക്കുന്നു. രോഗം വരുമ്പോൾ ഡോക്ടറെ സന്ദർശിക്കാനും ചികിത്സ തേടാനുമുള്ള ബോധവും വിവരവും നമ്മുടെ വിദ്യാഭ്യാസത്തിലൂടെ പകർന്നുകിട്ടിയിട്ടുണ്ട്. എന്നാൽ, പൊതുസ്ഥലങ്ങളിലെ ശുചിത്വത്തി​​​​െൻറ കാര്യത്തിൽ നാം ഏറെ പിറകിലാണ്. അതാണ് പലപ്പോഴും ഇത്തരം പകർച്ചവ്യാധികൾ അപകടകരമായ തോതിൽ പടർന്നുപിടിക്കാനിടയാക്കുന്നത്. മാലിന്യം അലക്ഷ്യമായി വലിച്ചെറിയൽ തന്നെ ഇതിൽ പ്രധാനം. എത്ര നിരുത്തരവാദപരമായിട്ടാണ് നാം പരിസരങ്ങളിലേക്ക് മാലിന്യങ്ങൾ തള്ളുന്നത്. ഇതിൽ പൊതുജനങ്ങളുടെ മനോഭാവവും വലിയ പ്രശ്നമാണ്.  ഒരു മാലിന്യ പ്ലാൻറ് വരുമ്പോഴേക്കും അതിനെതിരെ പ്രതിഷേധിക്കുന്നവരാണ് നമ്മളിലേറെപ്പേരും. എന്നാൽ, മാലിന്യമില്ലാത്ത വൃത്തിയായ പരിസരം കാണാൻ എല്ലാവരും ആഗ്രഹിക്കുന്നു. പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളുടെ ദൗർഭാഗ്യകരമായ ഒരു വശമാണിത്. എന്തുകാര്യത്തിലും എതിർപ്പ് പ്രകടിപ്പിക്കുന്ന ചിലരുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തി​​​​​െൻറ പേരിൽ ആർക്കും എന്തും െചയ്യാമെന്ന ഒരു തരം അനാർകിസത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. 
നിപ എന്ന പ്രത്യേക കേസിലല്ല, പൊതുവേയുള്ള നമ്മുടെ പകർച്ചവ്യാധികളുടെ ചരിത്രവും പരിസരശാസ്ത്രവും പരിശോധിക്കുമ്പോൾ വ്യക്തമാകുന്നതാണിത്. എലിപ്പനി, ഡെങ്കിപ്പനി പോലുള്ള രോഗങ്ങളുടെ കാര്യത്തിലെല്ലാം പരിസരശുചിത്വം തന്നെയാണ് വില്ലൻ. മലിനജലം കെട്ടിനിൽക്കുന്നതും മാലിന്യം കുന്നുകൂടിക്കിടക്കുന്നതുമെല്ലാം ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് സൃഷ്​ടിക്കുക. കെട്ടിടങ്ങളുടെ ബാഹുല്യം വർധിക്കുമ്പോൾ ഡ്രെയിനേജ് സംവിധാനങ്ങൾ പലപ്പോഴും അപര്യാപ്തമാവുന്നു. നഗരാസൂത്രണ സംവിധാനങ്ങളിൽ പലപ്പോഴും വലിയ വീഴ്ചയുണ്ടാവുന്നു. ഇവയെല്ലാം കുറെക്കൂടി, വ്യവസ്ഥാപിതമായും ചിട്ടയോടും കൂടി ആസൂത്രണം ചെയ്യുകയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്താൽ മാത്രമേ ഇക്കാര്യത്തിൽ മാറ്റമുണ്ടാവൂ. 
നാം അടിസ്ഥാന സൗകര്യ വികസനത്തിന് തീരെ പണം ചെലവഴിക്കുന്നില്ല. മറിച്ച് ബുള്ളറ്റ് ട്രെയിനിെനക്കുറിച്ചും ലൈറ്റ് മെട്രോയെക്കുറിച്ചുമാണ് സ്വപ്നം കാണുന്നത്. ഒരു നിശ്ചിത ജനസംഖ്യയുള്ള നഗരത്തിലെല്ലാം സ്വീവറേജുകൾ സ്ഥാപിക്കേണ്ടതുണ്ട്.

എത്രയധികം പ്രവർത്തനങ്ങൾ നടത്തിയാലും ഡെങ്കി, എലിപ്പനി, ഡിഫ്തീരിയ പോലുള്ള രോഗങ്ങൾ ഭീഷണിയായി നിലനിൽക്കുന്നുണ്ടല്ലോ?

●ഈ രോഗങ്ങൾ വരാനുള്ള സാഹചര്യങ്ങൾ അതുപോലെ നിലനിൽക്കുന്നു എന്നതാണ് ഇതിൽ പ്രധാനം. ഡെങ്കിപ്പനിയും ചികുൻ ഗുനിയയുമെല്ലാം ആവർത്തിക്കുന്നത് അതുകൊണ്ടാണ്. ഡെങ്കിപ്പനി പരത്തുന്ന ഏഡിസ് ഈജിപ്തി കൊതുകിനെ ഇല്ലാതാക്കാനായിട്ടില്ല. കൊതുകു നശീകരണം പ്രാദേശിക തലങ്ങളിൽ നടത്തിയാൽ മതിയാവില്ല. ഉത്പാദനശേഷി നശിപ്പിച്ച കൊതുകുകളെകൊണ്ട് രോഗം പരത്തുന്ന കൊതുകുകളെ ഇണചേർത്തിയാൽ അവയിൽ പ്രത്യുൽപാദനമുണ്ടാവില്ല. ഈ പ്രക്രിയയിലൂടെ കൊതുകുകളുടെ സാന്ദ്രത വലിയൊരളവിൽ കുറക്കാനാവും. 

Tags:    
News Summary - environmental pollution is the reason for epidemic-Opnion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.